2010, ജൂൺ 23, ബുധനാഴ്‌ച

ഉത്തരാസ്വയംവരം പതിനെട്ടാം രംഗം (ഉത്തരാസ്വയംവരം)

രംഗത്ത്-ശ്രീകൃഷ്ണന്‍(കൃഷ്ണമുടിവെച്ച കുട്ടിത്തരം പച്ചവേഷം), വിരാടന്‍, ഉത്തര(കുട്ടിത്തരം സ്ത്രീവേഷം), അഭിമന്യൂ(കുട്ടിത്തരം പച്ചവേഷം), ധര്‍മ്മപുത്രന്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍, പാഞ്ചാലി.
.
ശ്ലോകങ്ങള്‍-രാഗം:ഇന്ദളം
1.
“ഭാസുരേഷു മണിമന്ദിരേഷു സമലംകൃതേഷു ച വിശേഷതോ
 യോഷിതാമപി ഗണേഷു തത്ര ധൃതഭൂഷണേഷു പരിതോഷിത:
 ഭൂസുരേഷു കുതുകാകുലേഷു പുനരുച്ചലത് പടഹനിസ്വനേ
 വാസുദേവമുഖയാദവാളി പരിമേദുരേ പുരവരോദരേ”
{മണിമന്ദിരങ്ങള്‍ വിശേഷവിധിയായ അലങ്കാരങ്ങളെക്കൊണ്ട് ശോഭിക്കുന്നവയായും സ്ത്രീഗണങ്ങള്‍ ആഭരണങ്ങളണിഞ്ഞ് സന്തോഷവതികളായും ബ്രാഹ്മണര്‍ കുതുകാകുലരായും കാണപ്പെട്ടു. പിന്നീട് നഗരം പടഹധ്വനിയാലും വാസുദേവാദികളായ യാദവശ്രേഷ്ഠന്മാരാലും നിറയപ്പെടുകയും ചെയ്തു.}
2.
“ദൂതഹൂതനഗരാഗതാവനിപലോലചാമരസമീരണൈ-
 ര്‍ദ്ധൂതപേശലപതാകികാശതവിരാജിതേ സ ധരണീപതി:
 ശ്വേതവാഹനഗിരാ പരാര്‍ദ്ധ്യമണിഭൂഷ്ണാം ശുഭകരേദിനേ
 ജാതമോദമഭിമന്യവേ ശുഭഗുണോത്തരാമദിശദുത്തരാം”
{ദൂതന്മാര്‍ മുഖേന ക്ഷണിക്കപ്പെട്ട് നഗരത്തിലെത്തിചേര്‍ന്ന രാജാക്കന്മാരുടെ ഇളകുന്ന ചാമരങ്ങളില്‍നിന്നും ഉയരുന്ന കാറ്റിനാല്‍ പാറിക്കളിക്കുന്ന അനേകം കൊടിക്കൂറകളെക്കൊണ്ട് ശോഭിക്കുന്ന ശ്രേഷ്ഠമായ ഭവനാന്തര്‍ഭാഗത്തില്‍ വെച്ച് അര്‍ജ്ജുനന്റെ വാക്കനുസ്സരിച്ച് വിരാടരാജാവ്, രത്നങ്ങളണിഞ്ഞവളും സല്‍ഗുണസമ്പന്നയുമായ ഉത്തരയെ ശുഭമുഹൂര്‍ത്തത്തില്‍ സസന്തോഷം അഭിമന്യുവിന് ദാനം ചെയ്തു.}


ശ്ലോകാന്ത്യത്തില്‍ മേലാപ്പുപിടിച്ച് വലന്തല-ശംഖനാദങ്ങള്‍ക്കൊപ്പം തിര പകുതി താഴ്ത്തുന്നു. ശ്രീകൃഷ്ണന്‍ വലതുവത്ത് പീഠത്തിലിരിക്കുന്നു. വലതുഭാഗത്തായി പാണ്ഡവരും പാഞ്ചാലിയും ഇടതുഭാഗത്തായി വിരാടരാജാവും നില്‍ക്കുന്നു. രംഗമദ്ധ്യത്തിലായി വില്ലുകുത്തിപ്പിടിചുകൊണ്ട് അഭിമന്യുവും(ആലവട്ടങ്ങളും പിടിച്ചിരിക്കും) അരികില്‍ ഇടത്തുവശത്തായി വരണമാല്യവുമേന്തി ലജ്ജാവനമ്രമുഖിയായി ഉത്തരയും നില്‍ക്കുന്നു. മേളം കൊട്ടിക്കൂര്‍പ്പിക്കുന്നതോടെ ഉത്തര അഭിമന്യുവിന്റെ കഴുത്തില്‍ വരണമാല്യമണിയിക്കുന്നു. അഭിമന്യൂ വലതുകരത്താല്‍ ഉത്തരയുടെ ഇടതുകരം ഗ്രഹിക്കുന്നു. ഏല്ലാവരും അഭിമന്യു-ഉത്തരമാരെ അനുഗ്രഹിക്കുന്നു.

'ഉത്തരാസ്വയംവരം’-കൃഷ്ണന്‍, അര്‍ജ്ജൂനന്‍(കോട്ട:കേശവന്‍ കുണ്ഡലായര്‍), അഭിമന്യൂ(കോട്ട:മനോജ്), ഉത്തര(കോട്ട:സി.എം.ഉണ്ണികൃഷ്ണന്‍), വിരാടന്‍(കോട്ട:ഹരികുമര്‍)
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: