2010, ജൂൺ 24, വ്യാഴാഴ്‌ച

ഉത്തരാസ്വയംവരം പതിനാലാം രംഗം

രംഗത്ത്-വിരാടന്‍, കങ്കന്‍(കാഷായവസ്ത്രം ധരിച്ച ഇടത്തരം മിനുക്കുവേഷം), ദൂതന്‍‍(കുട്ടിത്തരം മിനുക്കുവേഷം), സൈരന്ധ്രി

ശ്ലോകം‍-രാഗം:മുഖാരി(ഊശാനിയിലും നാഗവരാളിയിലും പതിവുണ്ട്)
“കാലേ തസ്മിന്മണിഗൃഹേ
 ലീലാലാലസമാനസൌ
 മാത്സ്യകങ്കൌ മിഥ: സ്വൈര-
 മക്ഷക്രീഡാം വിതേനതു:”
{ആ സമയത്ത് രത്നനിര്‍മ്മിതമായ ഗൃഹത്തില്‍ കൃഡാലോലസമാനസരായി വിരാടനും കങ്കനും ചൂതുകളിച്ചുകൊണ്ടിരിക്കുന്നു.}

ഇടതുവശത്തായി കങ്കനും വലതുഭാഗത്തായി വിരാടനും നിലത്തിരിക്കുന്നു. ചൂതും പടവും ഒരുക്കിവെയ്ച്ച ശേഷം വിരാടന്‍ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:മുഖാരി(ഊശാനിയിലും നാഗവരാളിയിലും പതിവുണ്ട്), താളം:ചെമ്പട(മൂന്നാം കാലം)
വിരാടന്‍:
ചരണം1:
“ചൂതുകളിച്ചീടേണമിന്നഹോ നാം അതി-
 നേതും മുഷിച്ചിലില്ല യോഗിവീര
 ചേതസി കൌതുകം വളര്‍ന്നീടുന്നു മമ
 സാദരം കളിക്കുന്നേന്‍ കാണ്‍ക തായം”
{ഹേ യോഗിവീരാ, നമുക്കിപ്പോള്‍ ചൂതുകളിക്കാം. അതിന് ഒട്ടും മുഷിച്ചിലില്ല. കളിക്കുവാനായി എന്റെ മനസ്സില്‍ കൌതുകം വളരുന്നു. വഴിപോലെ തായം കണ്ടോളൂ.}
“ചൂതുകളിച്ചീടേണമിന്നഹോ" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)
 കങ്കന്‍:
ചരണം2:
“ചൂതിന്നനര്‍ത്ഥമുണ്ടാം ഭൂമിനാഥ ധര്‍മ്മ-
 ജാതചരിതമെല്ലാം കേട്ടിട്ടില്ലേ
 നീതിജലധേ പുനരെങ്കിലും ഞാന്‍ നിന്റെ
 പ്രീതിയ്ക്കായിക്കളിക്കുന്നേന്‍ കാണ്‍ക തായം‍”
{രാജാവേ, ചൂതുകൊണ്ട് അനര്‍ത്ഥമുണ്ടാകും. ധര്‍മ്മപുത്രന്റെ ചരിതമെല്ലാം കേട്ടിട്ടില്ലെ? നീതിസമുദ്രമേ, എങ്കിലും ഞാന്‍ അങ്ങയുടെ പ്രീതിയ്ക്കായി കളിക്കാം. ഇതാ തായം കണ്ടോളൂ.}
"ജാതചരിതമെല്ലാം കേട്ടിട്ടില്ലേ" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)
 അഭിവാദ്യം ചെയ്തശേഷം ആദ്യം വിരാടനും തുടര്‍ന്ന് കങ്കനും ഓരോതവണ കളിക്കുന്നു. കങ്കന്‍ ജയിക്കുന്നു. വിരാടന്‍ തടഞ്ഞുകൊണ്ട് പറയുന്നു.

വിരാടന്‍:
ചരണം3:
“എന്നും പകിട പന്തിരണ്ടു വീഴും നമു-
 ക്കെന്നു നിനച്ചീടേണ്ട യോഗി വീരാ
 ഒന്നുകൂടി കളിച്ചെങ്കിലോ ഞാനിപ്പോള്‍
 വെന്നീടുമെന്നു നൂനം കാണ്‍ക തായം”
{‘എന്നും പകിട പന്ത്രണ്ടുവീഴും നമുക്ക്’ എന്ന് വിചാരിക്കണ്ടാ യോഗിവിരാ. ഒന്നുകൂടി കളിച്ചാല്‍ ഞാനിപ്പോള്‍ തീര്‍ച്ചയായും ജയിക്കും. തായം കണ്ടോളൂ.}

കങ്കന്‍:
ചരണം4:
“എല്ലാ കര്‍മ്മങ്ങളിലുമെല്ലാപേരും ലോകേ
 മല്ലാരിതന്റെ നാമം ചൊല്ലീടേണം
 അല്ലലൊഴിഞ്ഞു സൌഖ്യം വന്നു കൂടും അതി-
 നില്ല സംശയമേതും കാണ്‍ക തായം”
{ലോകത്തില്‍ എല്ലാവരും എല്ലാകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ശ്രീകൃഷ്ണന്റെ നാമം ചൊല്ലീടേണം. എന്നാല്‍ ദു:ഖമൊഴിഞ്ഞ് സൌഖ്യം വന്നുചേരും. അതിന് ഒരു സംശയവുമില്ല. തായം കണ്ടോളൂ.}

ഇരുവരും ഓരോതവണ കളിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ചൊല്ലുന്നു.
ശ്ലോകം^-രാഗം:സുരുട്ടി(കാപ്പിയിലും പതിവുണ്ട്)
“ചൂതുംകളിച്ചങ്ങനെ ചൊല്ലിയോരോ-
 ന്നാതങ്കമെന്യേ മരുവും ദശായാം
 ജാതപ്രമോദം സമുപേത്യ താവത്
 ദൂത: പ്രണമ്യൈവമുവാച മാത്സ്യം”
{ചൂതുകളിച്ചും ഇങ്ങിനെ ഓരോന്നു ചൊല്ലിക്കൊണ്ടും സുഖമായി ഇരിക്കുന്ന നേരത്ത് ഒരു ദൂതന്‍ സന്തോഷത്തോടുകൂടി വന്ന് വിരാടനെ പ്രണമിച്ചിട്ട് ഇങ്ങിനെ പറഞ്ഞു.}

[^ശ്ലോകം ചൊല്ലുന്ന സമയത്ത് വിരാടന്‍ ‘എന്റെ പുത്രന്‍ വരാത്തത് എന്താണാവോ?’ എന്ന് ആലോചിക്കുകയും, ‘ഒട്ടും പേടിക്കേണ്ട, ഉടനെ വരും’ എന്ന് കങ്കന്‍ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.]

ശ്ലോകം ചൊല്ലികഴിയുന്നതോടെ രംഗമദ്ധ്യത്തിലൂടെ സന്തോഷഭാവത്തില്‍ ‘കിടതധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ദൂതന്‍ വിരാടനെ കെട്ടിച്ചാടി കുമ്പിടുന്നു.
വിരാടന്‍:(അനുഗ്രഹിച്ചശേഷം)‘എന്താണ്?’
ദൂതന്‍‍:‘സാദരം പറയാം’
തുടര്‍ന്ന് ദൂതന്‍ പദം അഭിനയിക്കുന്നു.

പദം-രാഗം:സുരുട്ടി(കാപ്പിയിലും പതിവുണ്ട്), താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ധരണീവല്ലഭ ശൃണു വചനം വന്ദേ
 താവക ചരണപല്ലവയുഗളമഹം”
അനുപല്ലവി:
“വീരാപത്യന്മാര്‍ ചൂടും ഹീരരത്നമല്ലോ നീ
 പാരില്‍ നിന്‍ കീര്‍ത്തികളിന്നു ശോഭിച്ചീടുന്നു”
(“ധരണീവല്ലഭ ശൃണു .................ചരണപല്ലവയുഗളമഹം”)
ചരണം1:
“നിന്നുടയ നന്ദനന്‍ ചെന്നു കൌരവന്മാരെ
 വെന്നു ഗോക്കളെ വീണ്ടുപോല്‍ ഇന്നു വരുമ്പോല്‍”
(“ധരണീവല്ലഭ ശൃണു .................ചരണപല്ലവയുഗളമഹം”)
{മഹാരാജാവേ, അവിടുത്തെ ചരണപല്ലവങ്ങള്‍ ഞാന്‍ വന്ദിക്കുന്നേന്‍. എന്റെ വാക്കുകള്‍ കേട്ടാലും. വീരപുത്രന്മാരുള്ളവര്‍ മുടിയില്‍ ചൂടുന്ന വൈരക്കല്ലാണല്ലോ അങ്ങ്. അവിടുത്തെ കീര്‍ത്തികള്‍ ഇന്ന് പാരിലെല്ലാം ശോഭിച്ചീടുന്നു. ഇവിടുത്തെ പുത്രന്‍ ചെന്ന് കൌരവന്മാരെ ജയിച്ച് ഗോക്കളെ വീണ്ടെടുത്തുവത്രെ. ഇന്ന് മടങ്ങിവരുമത്രെ.}
"താവക ചരണപല്ലവയുഗളമഹം” (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, ദൂതൻ-കലാനി:വിനോദ്, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)
 പദാഭിനയം കഴിഞ്ഞ് ദൂതന്‍ വീണ്ടും വിരാടനെ കുമ്പിടുന്നു. വിരാടന്‍ സസന്തോഷം അനുഗ്രഹിച്ച് അയയ്ക്കുന്നു. ദൂതന്‍ നിഷ്ക്രമിക്കുന്നു. ശേഷം കങ്കന്‍ പദാഭിനയം ചെയ്യുന്നു.

കങ്കന്‍:
ചരണം2:
“ഉത്തരനല്ല ജയം ക്ഷത്താവാം ബൃഹന്നള
 സത്വരം വൈരിസഞ്ചയം വെന്നു നിര്‍ണ്ണയം”
പല്ലവി:
“ധരണീവല്ലഭാ ശൃണു വചനം എന്നുടെ പക്ഷം
 ചാരിതാര്‍ത്ഥമായിവരുമധുനാ”
{ഉത്തരനല്ല ജയിച്ചത്. തീര്‍ച്ചയായും തേരാളിയായ ബൃഹന്നളയാണ് ശത്രുക്കളെ നിഷ്പ്രയാസം ജയിച്ചത്. രാജാവേ, കേട്ടാലും എന്റെ അഭിപ്രായം. ഇപ്പോള്‍ത്തന്നെ അത് അങ്ങേയ്ക്ക് ബോധ്യപ്പെടും.}

വിരാടന്‍:
ചരണം3:-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
“ധിക്കാരിയായ നീയും സല്‍ക്കാരയോഗ്യനല്ല
 മസ്കരികുലഹതക നീ കണ്ടുകൊള്‍ക”
പല്ലവി:
“കുമതേ നിന്നലെന്തുദിതം ഇന്നു നിന്നുടെ
 കുടിലത്വം സാധുമയാവിദിതം”
{ധിക്കാരിയായ നീ സല്‍ക്കാരയോഗ്യനല്ല. സന്യാസികുലാധമാ, നീ കണ്ടുകൊള്‍ക. ദുര്‍ബുദ്ധേ, നീ എന്തു പറഞ്ഞു? നിന്റെ നീചത്വം ഇന്ന് എനിക്ക് നല്ലതുപോലെ മനസ്സിലായി.}
“കുമതേ നിന്നലെന്തുദിതം" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)


തുടര്‍ന്ന് ഗായകര്‍ ശ്ലോകമാലപിക്കുന്നു.
ശ്ലോകം^-രാഗം:കേദാരഗൌഡം
“അക്ഷംകൊണ്ടൊന്നെറിഞ്ഞാന്‍ നൃപതി കുപിതനായ് തത്ക്ഷണേ ധൂര്‍മ്മസൂനു
 കഷ്ടം സന്യാസിരക്തം വിഴുകിലശുഭമെന്നാശുചൊല്ലിത്തദാനീം
 നെറ്റീന്നിറ്റിറ്റുവീഴും രുധിരമതുജവാലുത്തരീയത്തിലേറ്റാള്‍
 കറ്റക്കാര്‍കൂന്തലാള്‍ ചൂടിന മകുടമഹാരത്നമാം യാജ്ഞസേനീ”
{ഉടനെതന്നെ രാജാവ് കോപിച്ച് പകിടകൊണ്ട് ധര്‍മ്മപുത്രനെ എറിഞ്ഞു. ‘കഷ്ടം! സന്യാസിയുടെ രക്തം നിലത്തുവീഴുന്നത് അശുഭമാണ്’ എന്നു പറഞ്ഞുകൊണ്ട് നെറ്റിയില്‍നിന്നും ഇറ്റിറ്റുവീഴുന്ന രക്തം, മനോഹരമായ മുടിയുള്ളവര്‍ മകുടത്തില്‍ ചൂടുന്ന മഹാരത്നമായ യാജ്ഞസേനി തന്റെ ഉത്തരീയത്തില്‍ ഏറ്റുവാങ്ങി.}
“അക്ഷംകൊണ്ടൊന്നെറിഞ്ഞാന്‍ നൃപതി കുപിതനായ് തത്ക്ഷണേ ധൂര്‍മ്മസൂനു" (വിരാടൻ-കലാനി:കരുണാകരക്കുറുപ്പ്, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)
 [^കുപിതനായ വിരാടന്‍ ശ്ലോകത്തില്‍ ‘എറിഞ്ഞാന്‍’ എന്നാലപിക്കുന്നതിനൊപ്പം പകിടക്കുരുവാല്‍ കങ്കനെ എറിയുകയും തുടര്‍ന്ന് വലതുഭാഗത്തുകൂടി നിഷ്ക്രമിക്കുകയും ചെയ്യുന്നു. കങ്കന്‍ നെറ്റിയില്‍ പകിടകൊണ്ടഭാഗത്ത് കൈയ്യമര്‍ത്തിക്കൊണ്ട് ഇടതുവശത്തെ പീഠത്തിലേയ്ക്ക് ചാരിക്കിടക്കുന്നു. പിന്നില്‍ വലതുഭാഗത്തുകൂടി പെട്ടന്ന് പ്രവേശിക്കുന്ന സൈരന്ധ്രി ഇതുകണ്ട് പരിഭ്രമിച്ച് ‘കഷ്ടം! സന്യാസിയുടെ രക്തം ഭൂമിയില്‍ പതിക്കുന്നത് ദോഷമാണല്ലോ’ എന്നു കാട്ടിയശേഷം ഓടി കങ്കന്റെ സമീപം ചെന്നിരുന്ന് ‘ഉത്തരീയത്തിലേറ്റള്‍’ എന്നതിനൊപ്പം കങ്കന്റെ നെറ്റിയില്‍നിന്നും ഒഴുകുന്ന രക്തം തന്റെ ഉത്തരീയത്താല്‍ തുടച്ചെടുക്കുന്നു.]
"നെറ്റീന്നിറ്റിറ്റുവീഴും രുധിരമതുജവാലുത്തരീയത്തിലേറ്റാള്‍" (സൈരന്ധ്രി-കലാ:ചെമ്പക്കര വിജയൻ, കങ്കൻ-മാത്തൂർ ഗോവിന്ദൻകുട്ടി)
 കങ്കന്‍ ക്ഷീണിതനായി പീഠത്തില്‍ തലചായ്ച്ച് കിടക്കുന്നു. സൈരന്ധ്രി ദു:ഖത്തോടെ പരിചരിച്ചുകൊണ്ട് സമീപം ഇരിക്കുന്നു.
-----(തിരശ്ശീല)-----

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

മിസ്ടര്‍ . മണി ,
കഥ അറിഞ്ഞു ആട്ടം കാണൂ. താങ്കളുടെ ഈ ബ്ലോഗ്‌ എന്നെ പോലെയുള്ള സാധാരണ കഥകളി ആസ്വാദകര്‍ക്ക് വളരെ ഗുണം ചെയ്യും. താങ്കളുടെ പ്രയത്നങ്ങള്‍ കഥകളിക്കു ഗുണകരമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു.