2010, ജൂൺ 25, വെള്ളിയാഴ്‌ച

ഉത്തരാസ്വയംവരം പതിമൂന്നാം രംഗം

രംഗത്ത്-ബൃഹന്നള‍, ഉത്തരന്‍, ദുര്യോധനന്‍, കര്‍ണ്ണന്‍, ഭീഷ്മര്‍, കൃപര്‍

ശ്ലോകം‍-രാഗം:കേദാരഗൌഡം
“പ്രത്യുദ്യത്പ്രഥനോതടപ്രതിഭടപ്രാഗ്ഭാരഘോരാടവീ-
 സദ്യോഘസ്മരഹേതിരുല്‍ക്കടതരപ്രോദ്ദാമതേജോഭര:
 തത്രാസാദ്യ ധനഞ്ജയോപി ഘനവല്‍ താന്‍ ധാര്‍ത്തരാഷ്ട്രാന്‍ ജവാല്‍
 കുര്‍വ്വാണാശ്ശരവൃഷ്ടിസങ്കുലധിയ: പ്രോചേ ച ദുര്യോധനം”
{യുദ്ധത്തില്‍ ഭയങ്കരമായ ശത്രുസമൂഹമാകുന്ന കാടിനെ പെട്ടന്ന് നശിപ്പിക്കുന്ന ആയുദ്ധത്തോടു കൂടിയവനും വര്‍ദ്ധിച്ച തേജസ്സോടുകൂടിയവനുമായ ധനഞ്ജയന്‍ പെട്ടന്ന് ധാര്‍ത്തരഷ്ട്രന്മാര്‍ക്കുനേരെ കനത്ത ശരവര്‍ഷം നടത്തിക്കൊണ്ട് ദുര്യോധനനോട് പറഞ്ഞു.}

മുന്‍ രംഗാന്ത്യത്തിലേത് പോലെതന്നെ ദുര്യോധനനും കര്‍ണ്ണനും വലതുഭാഗത്തും ഭീഷ്മരും കൃപരും ഇടത്തുവശത്തും വില്ലുകുത്തിപ്പിടിച്ച് നില്‍ക്കുന്നു. രംഗമദ്ധ്യത്തിലൂടെ ഉത്തരനോടുകൂടി ഓടിപ്രവേശിക്കുന്ന ബൃഹന്നള, ഉത്തരനെ ഇടത്തുഭാഗത്തു നിര്‍ത്തിയിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ഭീഷ്മരെ കണ്ട് കെട്ടിച്ചാടി അസ്ത്രമയച്ച് വണങ്ങുന്നു. തന്റെ മുന്നില്‍ വന്നുവീണ അസ്ത്രം കണ്ട് സന്തോഷിച്ച് ഭീഷ്മര്‍ വലംകൈ മടക്കി മാറില്‍ചേര്‍ത്തുകൊണ്ട് വിജയന് വിജയം ആശംസിക്കുന്നു. ബൃഹന്നള വലതുഭാഗത്തായി കര്‍ണ്ണനെ കണ്ട് കുപിതനായിച്ചെന്ന് തിരക്കുന്നു. നിന്ദിച്ച് മാറുന്നതോടെ ഇടത്തുവശത്തായിരിക്കുന്ന കൃപരെ കണ്ട് ബൃഹന്നള കെട്ടിച്ചാടി അസ്ത്രമയച്ച് അദ്ദേഹത്തേയും വണങ്ങുന്നു. തന്റെ മുന്നില്‍ വന്നുവീഴുന്ന അസ്ത്രം കണ്ട് കൃപരും സസന്തോഷം കൈ മാറിലണച്ച് അര്‍ജ്ജുനന് വിജയം നേരുന്നു. തുടര്‍ന്ന് ദുര്യോധനനെ കാണുന്നതോടെ ഏറ്റവും കോപിഷ്ടനാകുന്ന ബൃഹന്നള ചെന്ന് തിരക്കുന്നു.
ബൃഹന്നള:(ദുര്യോധനന്നുമായി തിരക്കിയശേഷം നിന്ദിച്ച് മാറിയിട്ട്) ‘എടാ, നിങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുന്നുണ്ട്. കണ്ടുകൊള്‍ക’
ബൃഹന്നള നാലാമിരട്ടി കലാശം എടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

'ഉത്തരനോ(കോട്ട:ഹരികുമാര്‍)ടൊത്ത് ബൃഹന്നള(കോട്ട:കേശവന്‍) ദുര്യോധന(കോട്ട:സുധീര്‍)സമീപത്തേയ്ക്ക് എത്തുന്നു
യുദ്ധപ്പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
ബൃഹന്നള:
പല്ലവി:
“രേ രേ ഗോകുലചോര നേരെ നീ നില്ലെടാ”
ചരണം1:
“പോരില്‍ ഭീരുതകൊണ്ടോ ‍ചോരകര്‍മ്മം ചെയ്യുന്നു
 പൂരുവംശകലശാംബുരാശി ഭവ ഘോരകാളകൂട
 നീയുമോടും സേനയൊടുമിന്നു വിരവൊടു”
{എടാ, എടാ, ഗോകുലചോരാ, നീ നേരേ നില്‍ക്ക്. പോരില്‍ ഭയന്നിട്ടാണോ മോഷണം ചെയ്യുന്നത്? പൂരുവംശമാകുന്ന പാലാഴിയില്‍ നിന്നുണ്ടായ ഘോരമായ കാളകൂടവിഷമേ, നീ സേനയോടുകൂടി ഇപ്പോള്‍ തോറ്റോടും.}
 

ദുര്യോധനന്‍:
ചരണം2:
“കുന്തീനന്ദനാ വേഗം പിന്തിരിഞ്ഞു പോക നീ
 ഹന്ത കിം ഫലമഹന്തകൊണ്ടു പുനരന്തകന്റെ നഗരേ
 യാഹി സമരബാണനികരമേറ്റു സമ്പ്രതി‍”
പല്ലവി:
“പോടാരൂപ ദൂരത്തു പോടാ നീ ദുര്‍മ്മതേ”
{കുന്തീനന്ദനാ, നീ വേഗം പിന്തിരിഞ്ഞു പോവുക. കഷ്ടം! അഹന്ത കൊണ്ട് എന്തു ഫലം? അല്ലെങ്കില്‍ സമരത്തില്‍ ബാണങ്ങളേറ്റ് അന്തകന്റെ നഗരത്തിലേയ്ക്കു പോവുക. രണ്ടുംകെട്ട രൂപത്തിലുള്ളവനെ, ദുര്‍മ്മതേ, നീ ദൂരത്തു പോടാ.}

ബൃഹന്നള‍:
ചരണം3:
“പോരും പോരുമിന്നോരോ വീരവാദം ചൊന്നതു
 പോരില്‍ നിങ്ങടെ ശരീരചോരയുടെധാരകൊണ്ടുവേണം
 വീരപാണം മമ കൃപാണമിന്നു ചെയ്‌വതു”
{മതി, മതി, ഇന്നോരോ വീരവാദം പറഞ്ഞത്. പോരില്‍ നിങ്ങളുടെ ശരീരത്തിലെ ചോരയുടെ ധാരകൊണ്ടുവേണം എന്റെ വാളിന് ദാഹം തീര്‍ക്കാന്‍.}

ദുര്യോധനന്‍:
ചരണം4:
“പഞ്ചാനനങ്ങളുടെ സഞ്ചയം തന്നിലൊരു
 വഞ്ചുകം വരികിലഞ്ചുമോ പറക കിഞ്ചനാപി കുമതേ
 മോഹമിതു തേ ഹന്ത വെറുതേ എന്നതറിക നീ”
{സിംഹങ്ങളുടെ ഇടയില്‍ ഒരു കുറുക്കന്‍ വന്നാല്‍ രക്ഷപ്പെടുമോ? കുമതേ, പറയുക. കഷ്ടം! നിന്റെ ഈ മോഹം വെറുതേയാണന്ന് നീ അറിഞ്ഞാലും.}

ശേഷം യുദ്ധവട്ടം-
ദുര്യോധനനും ബൃഹന്നളയും ക്രമത്തില്‍ പോരുവിളിച്ച് അസ്ത്രങ്ങളുതിര്‍ത്ത് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ ബൃഹന്നളയുടെ മോഹനാസ്ത്രപ്രയോഗത്താല്‍ ദുര്യോധനന്‍ മോഹിച്ച് നിലം‌പതിക്കുന്നു. തുടര്‍ന്ന് ക്രമത്തില്‍ ബൃഹന്നളയുമായി യുദ്ധം ചെയ്യുന്ന ഭീഷ്മരും കര്‍ണ്ണനും കൃപരും മോഹനാസ്ത്രമേറ്റ് വീഴുന്നു.

‘കൃപര്‍(കോട്ട:ഹരിദാസ്) ബൃഹന്നളയോട്(കോട്ട:കേശവന്‍) യുദ്ധം ചെയ്യുന്നു
ബൃഹന്നള:(ഉത്തരനോടായി)‘ഇതാ എല്ലാവരും മോഹിച്ചു വീണുകഴിഞ്ഞു. ഇനി പശുവൃന്തത്തെ മോചിപ്പിച്ച് മടക്കിയയച്ചാലും‘
ഉത്തരന്‍ ഗോവൃന്തത്തെ പിന്നിലേയ്ക്ക് ആട്ടിത്തിരിച്ചുവിടുന്നു.
ബൃഹന്നള:‘പോരുന്ന സമയത്ത് സുന്ദരികള്‍ക്ക് കൊടുത്ത വാക്ക് ഓര്‍മ്മയില്ലെ? പട്ടുവസ്ത്രങ്ങള്‍!’
ഉത്തരന്‍:(ലജ്ജയോടെ)‘ഉം’
ബൃഹന്നള:‘യഥേഷ്ടം എടുത്തുകൊള്ളുക’
ഉത്തരന്‍ ദുര്യോധനന്‍, കര്‍ണ്ണന്‍ എന്നിവരുടെ ദേഹത്തുനിന്നും പട്ടുവസ്ത്രങ്ങള്‍ ശേഘരിച്ചശേഷം ഭീഷ്മകൃപാദികളുടെ വസ്ത്രമെടുക്കാന്‍ തുനിയുന്നു.
ബൃഹന്നള:(ഉത്തരനെ തടുത്തുകൊണ്ട്)‘അരുത്, ഏയ് അരുത്. ഇത് പിതാമഹനാണ്. ഇത് ഗുരുനാഥനും ഇവരെ വന്ദിച്ചാലും’
ഉത്തരന്‍ അവരെ വന്ദിക്കുന്നു.
ബൃഹന്നള‍:‘എല്ലാം ആയില്ലേ?’
ഉത്തരന്‍‍:‘ഉവ്വ്’
ബൃഹന്നള:‘എന്നാലിനി ഇവരുടെ മോഹം തീരുവാനുള്ള അസ്ത്രം പ്രയോഗിച്ചിട്ട് നമുക്ക് പോകാം. രഥം വഴിപോലെ തെളിച്ചാലും’
ബൃഹന്നള നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം നേരെ മുന്നിലേയ്ക്ക് അസ്ത്രമയച്ചിട്ട് തേരിലേയ്ക്ക് ചാടികയറുന്നു. ബൃഹന്നള ചാപബാണങ്ങള്‍ ധരിച്ച് ആഹ്ലാദത്തോടെയും ഉത്തരന്‍ ചമ്മട്ടിപിടിച്ച് തേര്‍തെളിക്കുന്ന ഭാവത്തിലും ഒരുമിച്ച് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

ക്രമേണ മോഹം തീര്‍ന്ന് എഴുന്നേല്‍ക്കുന്ന ദുര്യോധനാദികള്‍ അമ്പരപ്പോടെ ചുറ്റും നോക്കുന്നു. പരാജയം പിണഞ്ഞതുകൂടാതെ സ്വന്തം വസ്ത്രങ്ങളും നഷ്ടപ്പെട്ടതറിഞ്ഞ് ദുര്യോധനനും കര്‍ണ്ണനും ലജ്ജിച്ച് തലതാഴ്ത്തുന്നു. പൂര്‍വ്വാധികം ഉത്സാഹത്തോടെ കൃപാചാര്യര്‍ കര്‍ണ്ണനെ നോക്കി വായ്‌പൊത്തി ചിരിക്കുന്നു.
കൃപന്‍:(കര്‍ണ്ണനെ കൈകൊട്ടി വിളിച്ചിട്ട്)‘ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ? വങ്കാ, ഇപ്പോള്‍ എന്തായി?’
ദുര്യോധനന്‍:‘ആകട്ടെ നമുക്കിപ്പോള്‍ വേഗം മടങ്ങാം’
ഭീഷ്മര്‍:‘അങ്ങിനെ തന്നെ’
ഭീഷ്മരും കൃപരും ഒപ്പം ലജ്ജിച്ച് തലതാഴ്ത്തിക്കൊണ്ട് ദുര്യോധനനും കര്‍ണ്ണനും പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഇടശ്ലോകം-രാഗം:കേദാരഗൌഡം
“ഭീഷ്മദ്രോണപ്രധാനം കുരുവരപൃതനാംസ്വാപനാസ്ത്രേണ കൃത്വാ
 നിദ്രാണം താം കുരുണാം സചയചയമയം ഹാരയന്നുത്തരേണ
 പ്രത്യാഹൃത്യാസ്ത്രമസ്യാ: പിതൃവനവിടപിന്യസ്ത്രശസ്ത്ര: പുരേവ
 ക്ഷത്തൃത്വം പ്രാപ്യ പശ്ചാല്‍ ദ്രുതമഥവിജയോ മാത്സ്യഭൂമീം പ്രതസ്ഥേ”
{ഭീഷ്മദ്രോണാദി പ്രധാനികളുള്‍പ്പെട്ട കുരുവരക്കൂട്ടത്തെ സ്വാപനാസ്ത്രത്താല്‍ മോഹിച്ചു വീഴ്ത്തി പരാജയപ്പെടുത്തി ഗോക്കളെ വീണ്ടെടുത്തിട്ട് മോചനാസ്ത്രവും എയ്ത് അസ്ത്രശസ്ത്രങ്ങള്‍ വൃക്ഷത്തില്‍ മടക്കിവെച്ചശേഷം പെട്ടന്ന് വിജയന്‍ ഉത്തരന്റെ തേരാളിയായിത്തന്നെ മാത്സ്യരാജ്യത്ത് എത്തി.}

അഭിപ്രായങ്ങളൊന്നുമില്ല: