2010, ജൂൺ 26, ശനിയാഴ്‌ച

ഉത്തരാസ്വയംവരം പന്ത്രണ്ടാം രംഗം (രണ്ടാം സഭ)

രംഗത്ത്-ദുര്യോധനന്‍‍(ഇടത്തരം കത്തിവേഷം), കര്‍ണ്ണന്‍(ഇടത്തരം പച്ചവേഷം)‍, ഭീഷ്മര്‍‍(കുട്ടിത്തരം മിനുക്കുവേഷം)‍, കൃപര്‍‍(ഇടത്തരം മിനുക്കുവേഷം)

ശ്ലോകം‍-രാഗം:സാരംഗം
“പാണ്ഡവഭുജദണ്ഡാജ്വല
 ഗാണ്ഡീവകോദണ്ഡശിഞ്ജിനീനാദം
 ആകര്‍ണ്ണ്യ കര്‍ണ്ണമൂചേ
 വാചം ദുര്യോധനസ്സ ഭീഷ്മകൃപ:”
{പാണ്ഡവന്റെ ഇരുമ്പുലക്കപോലുള്ള ഭുജത്തില്‍ ശോഭിക്കുന്ന ഗാണ്ഡീവമെന്ന വില്ലിന്റെ ഞാണൊലി കേട്ടിട്ട് ഭീഷ്മകൃപന്മാരുടെ സന്നിധിയില്‍ വെച്ച് ദുര്യോധനന്‍ കര്‍ണ്ണനോട് പറഞ്ഞു.}

രണ്ടാം ദുര്യോധനന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന ദുര്യോധനന്‍ ഉത്തരീയം വീശി ഇരിക്കവെ പെട്ടന്ന് വലുതായ ഒരു ശബ്ദം കേട്ട് എഴുന്നേറ്റ് ശ്രദ്ധിക്കുന്നു.
ദുര്യോധനന്‍:‘എന്താണ് ഘോരതരമായ ഒരു ശബ്ദം കേള്‍ക്കുന്നത്?’ (ശ്രദ്ധിച്ച ശേഷം) ‘ഞാണൊലിയാണ്’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ആ, ഇത് അര്‍ജ്ജുനന്റെ ഗാണ്ഡീവധ്വനിയാണ്’ (പുളകിതനായിക്കൊണ്ട്) ‘അജ്ഞാതവാസകാലം തീരുന്നതിനുമുന്‍പ് അര്‍ജ്ജുനന്‍ വെളിച്ചത്തുവരുന്നു. എന്റെ ഭാഗ്യം തന്നെ. ഇനി കര്‍ണ്ണാദിസ്വജനങ്ങളോട് ആലോചിച്ച് വേണ്ടത് പ്രവര്‍ത്തിക്കുകതന്നെ’
ദുര്യോധനന്‍ നാലാമിരട്ടിചവുട്ടിയിട്ട് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോള്‍ ചാപബാണധാരിയായി കര്‍ണ്ണന്‍ വലതുഭാഗത്തു നില്‍ക്കുന്നു. ഇടത്തുവശത്ത് മുന്നിലായി ഭീഷ്മരും പിന്നിലായി കൃപരും വില്ലുകുത്തിപ്പിടിച്ച് പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്ന ദുര്യോധനന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ഭീഷ്മരേയും കൃപരേയും കണ്ട്, വന്ദിച്ചശേഷം കര്‍ണ്ണനെ കണ്ട്, ആലിംഗനം ചെയ്യുന്നു.
ദുര്യോധനന്‍:‘സഖേ, ഗാണ്ഡീവധ്വനി കേട്ടില്ലേ?’
കര്‍ണ്ണന്‍:(ഹര്‍ഷവും ഹാസ്യവും നടിച്ചിട്ട്)‘ഉവ്വ്, കേട്ടു, കേട്ടു’
ദുര്യോധനന്‍:‘അവന്‍ വന്നത് വിശേഷമായി. ഇനി ഞാന്‍ പറയുന്നത് ശ്രവിച്ചാലും’
ദുര്യോധനന്‍ നാലാമിരട്ടി കലാശം എടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:സാരംഗം, താളം:ചമ്പ(നാലാം കാലം)
ദുര്യോധനന്‍:
പല്ലവി:
“കര്‍ണ്ണ സുമതേ മമ സഖേ സാമ്പ്രത
 മാകര്‍ണ്ണയ ഗുണൌഘവസതേ”
അനുപല്ലവി:
“കര്‍ണ്ണകഠിനം വിജയഗാണ്ഡീവനിനാദം
 അര്‍ണ്ണവപരിതമഹിമണ്ഡലവുമിളകുന്നു”
ചരണം1:
“കുന്തീസുതനിന്നു സമരേ വരുമിവിടേ
 എന്തിഹ വിധേയമധുനാ
 അന്തകപുരത്തിലോ ഹന്തവിപിനത്തിലോ
 ചിന്തിച്ചുചൊല്ക പരിപന്ഥികളെയാക്കേണ്ടൂ”
{കര്‍ണ്ണാ, സുമതേ, എന്റെ സഖേ, ഗുണങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, ഇപ്പോള്‍ കേള്‍ക്കുക. വിജയന്റെ കര്‍ണ്ണകഠിനമായ ഗാന്ധീവനാദം. സമുദ്രത്താല്‍ ചുറ്റപ്പെട്ട ഭൂമണ്ഡലം പോലും ഇളകുന്നു. കുന്തീസുതന്‍ ഇന്ന് സമരത്തിനുവരും. ഇവിടെ നമ്മള്‍ ചെയ്യേണ്ടതെന്ത്? അന്തകപുരത്തിലേയ്ക്കോ കാട്ടിലേയ്ക്കോ നമ്മള്‍ അവനെ അയയ്ക്കേണ്ടത്? ചിന്തിച്ച് പറയുക.}

കര്‍ണ്ണന്‍:
ചരണം2:
“നിന്നുടയ മന്നിലവരെ വാഴിപ്പ-
 തിന്നുചിതമല്ല നിയതം
 നിന്ദ്യനാം ഫല്‍ഗുണന്‍ മുന്നില്‍ മമ വന്നാകില്‍
 കൊന്നുവരുവന്‍ അതിന്നു സന്ദേഹമില്ല മേ”‍
പല്ലവി:
“നൃപതികുലവന്ദ്യചരണ കുരുവീര
 നിശമയ മദീയവചനം”
{അങ്ങയുടെ രാജ്യത്ത് അവരെ വാഴിക്കുന്നത് തീര്‍ച്ചയായും ഉചിതമല്ല. നിന്ദ്യനായ ഫല്‍ഗുണന്‍ എന്റെ മുന്നില്‍ വന്നാല്‍ കൊന്നുകളയും. അതിന് എനിക്ക് സംശയമില്ല. രാജാക്കന്മാരാലും വന്ദ്യമായ ചരണത്തോടുകൂടിയവനെ, കുരുവീരാ, എന്റെ വചനം കേട്ടാലും.}

കൃപരുടെ പദം-രാഗം:വൃന്ദാവനസാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“കര്‍ണ്ണ പാര്‍ത്ഥസദൃശനാരിഹ കാര്‍മുകപാണികളില്‍”

“കര്‍ണ്ണ പാര്‍ത്ഥസദൃശനാരിഹ കാര്‍മുകപാണികളില്‍” (ദുര്യോധനന്‍-കോട്ട:സുധീര്‍, കര്‍ണ്ണന്‍-കോട്ട:ഹരീശ്വരന്‍, കൃപര്‍-കോട്ട:ഹരിദാസ്, ഭീഷ്മര്‍-കോട്ട:എ.ഉണികൃഷ്ണന്‍)
അനുപല്ലവി:
“നിര്‍ണ്ണയമതു വാക്കില്‍ മാത്രമല്ലോ
 നിന്റെ വീര്യമെല്ലാം മഹാജള”
(“കര്‍ണ്ണ പാര്‍ത്ഥസദൃശനാരിഹ കാര്‍മുകപാണികളില്‍”)
ചരണം1:
“അന്യരാലശക്യഭേദയന്ത്രമതാശു മുറിച്ചില്ലേ വിരവൊടു
 കന്യകാം നിങ്ങള്‍ കണ്ടിരിക്കവേ കൈക്കലാക്കിയില്ലേ
 ജനശൂരനുത്തരകുരുരാജ്യം ജവമൊടുവെന്നില്ലേ ശത-
 മന്യുതന്നെ സമരഭുവി മടക്കിയമാന്യവീരനല്ലേ കിരീടി”

"ശതമന്യുതന്നെ സമരഭുവി മടക്കിയ" (ദുര്യോധനൻ-ഫാക്റ്റ് ജയദേവവർമ്മ, കർണ്ണൻ-കലാ:ചിനോഷ് ബാലൻ, കൃപർ-മാത്തൂർ ഗോവിന്ദൻകുട്ടി, ഭീഷ്മർ-കലാനി:കരുണാകരക്കുറുപ്പ്)
ചരണം2:
“അഷ്ടമൂര്‍ത്തി പാര്‍ത്ഥവിക്രമങ്ങളെ
 അഴകൊടുകണ്ടില്ലേ പരി-
 ഹൃഷ്ടനായ്ക്കൊടുത്തു പാശുപതമതു
 ഹൃദി തവ നിനവില്ലേ
 വിഷ്ടപേഷു ഘോഷയാത്രയുടെ കഥ
 വിശ്രുതതരയല്ലേ ഹാ
 കഷ്ടമിന്നിതൊക്കെയും മറന്നു
 വികര്‍ത്ഥനങ്ങളെല്ലാം വൃഥൈവ”
(“കര്‍ണ്ണ പാര്‍ത്ഥസദൃശനാരിഹ കാര്‍മുകപാണികളില്‍”)
ചരണം3:
“വിജയനുടെകീര്‍ത്തി പാരിലാകവേ
 വിലസിടുന്നു സതതം യുധി-
 ഭുജബലേന നമ്മെ വെന്നു വിരവൊടു
 പോകുമവന്‍ നിയതം
 അജഗജങ്ങള്‍പോലെ നീയുമവനും^
 ഹന്ത സര്‍വ്വവിദിതം സം-
 ത്യജ നിജപ്രശംസകളറിവന്‍ ഞാന്‍
 ത്യക്തലജ്ജ ചരിതം ത്വദീയം”
(“കര്‍ണ്ണ പാര്‍ത്ഥസദൃശനാരിഹ കാര്‍മുകപാണികളില്‍”)
{കര്‍ണ്ണാ, വില്ലാളികളില്‍ പാര്‍ത്ഥസദൃശനായിട്ട് ഇവിടെ ആരുണ്ട്? മഹാജളാ, തീര്‍ച്ചയായും നിന്റെ വീര്യമെല്ലാം വാക്കില്‍ മാത്രമാണ്. അന്യരാല്‍ ഭേദിക്കുവാന്‍ സാധിക്കാത്ത യന്ത്രം പെട്ടന്ന് മുറിച്ചില്ലേ? നിങ്ങളൊക്കെ കണ്ടിരിക്കവെ രാജകന്യകയെ കൈക്കലാക്കിയില്ലേ? ആ യുദ്ധവീരന്‍ ഉത്തരകുരുരാജ്യം വേഗത്തില്‍ ജയിച്ചില്ലേ? ദേവേന്ദ്രനെത്തന്നെ സമരഭുമിയില്‍ നിന്ന് മടക്കിയ വീരനല്ലെ കിരീടി? ശ്രീപരമേശ്വരന്‍ പാര്‍ത്ഥന്റെ വിക്രമങ്ങളെ കൌതുകത്തോടെ കണ്ടിട്ടല്ലെ സംതുഷ്ടനായി പാശുപതാസ്ത്രം കൊടുത്തത്? അത് നിന്റെ മനസ്സില്‍ ഓര്‍മ്മയില്ലേ? ഘോഷയാത്രയുടെ കഥ പിന്നെ ലോകപ്രസിദ്ധമാണല്ലോ? കഷ്ടം! ഇന്ന് ഇതൊക്കെയും മറന്നുള്ള നിന്റെ ആത്മപ്രശംസകളെല്ലാം നിഷ്ഫലമാണ്. വിജയന്റെ കീര്‍ത്തി പാരിലാകവേ സദാ വിലസിടുന്നു. യുദ്ധത്തില്‍ ഭുജബലത്താല്‍ നമ്മേ നിഷ്പ്രയാസം ജയിച്ച് മടങ്ങിപോകുമവന്‍, തീര്‍ച്ച. ആടും ആനയും പോലെയാണ് നീയും അവനും. കഷ്ടം! ഇത് എല്ലാവര്‍ക്കും അറിയാം. ആത്മപ്രശംസ മതിയാക്കു. ലജ്ജയില്ലാത്തവനേ, എനിക്കറിയാം നിന്റെ ചരിത്രം.}

[^കൃപര്‍ “അജഗജങ്ങള്‍പോലെ നീയുമവനും” എന്നഭാഗം ആടുന്നതോടെ പൂര്‍ണ്ണക്രുദ്ധനായിത്തീരുന്ന കര്‍ണ്ണന്‍ ചെന്ന് കൃപരോട് എതിരിടുന്നു. ഇരുവരും വാശിയോടെ തിരക്കിനില്‍ക്കുമ്പോള്‍ ഭീഷ്മര്‍ അവര്‍ക്കിടയിലേയ്ക്ക് വന്ന് ഇരുവരേയും പിടിച്ചകറ്റുന്നു. കൃപര്‍ പദാഭിനയം തുടരുന്നു.]

കര്‍ണ്ണന്‍(കോട്ട:ഹരീശ്വരന്‍) കൃപരോട്(കോട്ട:ഹരിദാസ്) തിരക്കിനില്‍ക്കുമ്പോള്‍ ഭീഷ്മര്‍(കോട്ട:എ.ഉണ്ണികൃഷ്ണന്‍) ഇരുവരേയും പിടിച്ചകറ്റുന്നു
കര്‍ണ്ണന്റെ പദം-രാഗം:സാരംഗം, താളം:ചെമ്പ(നാലാം കാലം)
ചരണം1:
“ശത്രുപക്ഷപാതി നീയുമിഹ ശത്രുതാനെന്നു നിയതം
 നിസ്ത്രപ ദ്വിജഹതകശസ്ത്രവുമുപേക്ഷിച്ചു
 കുത്രാപി പിതൃസവനഭുക്തിക്കു പോകെടോ”
പല്ലവി:
“കിം കിമുരചെയ്തു കൃപനീ നിന്നുടയ ഹുംകൃതികള്‍ തീര്‍പ്പനധുനാ”
{ശത്രുപക്ഷപാതിയായ നീയും ഇപ്പോള്‍ ശത്രുതന്നെയാണന്ന് തീര്‍ച്ച. നിര്‍ല്ലജ്ജാ, ബ്രാഹ്മണാധമാ, ശസ്ത്രമുപേക്ഷിച്ച് എവിടെയെങ്കിലും ശ്രാദ്ധമുണ്ണാന്‍ പോകെടോ. കൃപാ, താങ്കള്‍ എന്തുപറഞ്ഞു? താങ്കളുടെ അഹങ്കാരം ഞാനിപ്പോള്‍ തീര്‍ക്കുന്നുണ്ട്.}

ഭീഷ്മരുടെ പദം-രാഗം:അസാവേരി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“വത്സരാധേയ കര്‍ണ്ണ ശൃണു കൃപ മാന്യശീല സുമതേ
 സംവത്സരം പതിമൂന്നു തികഞ്ഞിതു വന്നുവൈരിസവിധേ
 മത്സരങ്ങള്‍ നിങ്ങള്‍ തമ്മിലിങ്ങനെ മനസിപോലുമരുതേ ഹാ
 സത്സമാജനിന്ദ്യമിതു രണത്തിനുസപദി പോകവെറുതേ വിളംബം”
പല്ലവി:
“ഭോ ഭോ നിങ്ങളുടെയ ശൌര്യം പോരില്‍ വേണമഖിലം”
{വത്സാ, രാധേയനായ കര്‍ണ്ണാ, മാന്യശീലനായ കൃപാ, സുമനസ്സേ, കേള്‍ക്കുവിന്‍. സംവത്സരം പതിമൂന്ന് തികഞ്ഞുകഴിഞ്ഞു. ശത്രുവും മുന്നിലെത്തി. ഇപ്പോള്‍ നിങ്ങള്‍ തമ്മിലിങ്ങനെ മനസാ പോലും മത്സരങ്ങള്‍ അരുതേ. കഷ്ടം! സജ്ജനങ്ങളുടെ നിന്ദയ്ക്ക് കാരണമാണിത്. ഉടനെ രണത്തിനു പോവുക. എന്തിന് വെറുതേ താമസം? ഹേ! ഹേ! നിങ്ങളുടെ ശൌര്യമെല്ലാം പോരില്‍ വേണം.}


മത്സരങ്ങള്‍ നിങ്ങള്‍ തമ്മിലിങ്ങനെ മനസിപോലുമരുതേ’ (ദുര്യോധനന്‍-കോട്ട:സുധീര്‍, കര്‍ണ്ണന്‍-ഹരീശ്വരന്‍, ഭീഷ്മര്‍-കോട്ട:എ.ഉണ്ണികൃഷ്ണന്‍, കൃപര്‍-കോട്ട:ഹരികുമാര്‍)
ശേഷം ആട്ടം-
ദുര്യോധനന്‍:‘പിതാമഹന്‍ പറഞ്ഞത് ഏറ്റവും ഉചിതമാണ്’ (പെട്ടന്ന് മുന്നിലേയ്ക്ക് നോക്കിയിട്ട്) ‘അതാ അര്‍ജ്ജുനന്‍ സമീപത്ത് എത്തിക്കഴിഞ്ഞു. എല്ലാവരും യുദ്ധത്തിനു തയ്യാറായി നില്‍ക്കുവിന്‍’
ദുര്യോധനന്‍ നാലാമിരട്ടി എടുത്തിട്ട് വലതുഭാഗത്ത് പീഠത്തില്‍ കാല്‍‌വെച്ചുകൊണ്ട് വില്ലുകുത്തിപ്പിടിച്ച് നില്‍ക്കുന്നു. കര്‍ണ്ണന്‍ തൊട്ടുപുറകിലായി വില്ലുധരിച്ച് നില്‍ക്കുന്നു. ഭീഷ്മരും കൃപരും വില്ലുകുത്തിപ്പിടിച്ചുകൊണ്ട് ഇടതുഭാഗത്ത് പീഠങ്ങളില്‍ ഇരിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

VAIDYANATHAN, Chennai പറഞ്ഞു...

ഹായ്.........മനോഹരം.........