2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

കീചകവധം പുറപ്പാട്

രംഗത്ത്-വിരാടന്‍(കുട്ടിത്തരം പച്ചവേഷം)‍, സുദേഷ്ണ(കിട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ആസീദസീമഗുണവാരിനിധിര്യശോഭി-
 രാശാവകാശമനിശം വിശദം വിതന്വന്‍
 ബാഹാബലാനലഹുതാഹിത ഭുമിപാലോ
 രാജാ വിരാട ഇതി വിശ്രുതനാമധേയ‍”
{സീമയില്ലാത്ത ഗുണസമുദ്രമായുള്ളവനും കീര്‍ത്തിധവളിമയാല്‍ ദിക്കുകളെ സര്‍വ്വദാ ശോഭിപ്പിക്കുന്നവനും ശത്രുരാജാക്കന്മാരെ തന്റെ ബാഹുബലമാകുന്ന അഗ്നിയില്‍ ആഹൂതിചെയ്യുന്നവനും വിരാടന്‍ എന്ന് പേരുകേട്ടവനുമായ ഒരു രാജാവുണ്ടായിരുന്നു.}

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
“ഭൂമിപാല ശിഖാമണി ഭൂമിധരവീരന്‍
 ശ്രീമാന്‍ മാത്സ്യമഹീപതി ധീമാന്‍ ധര്‍മ്മശീലന്‍
 ശൌര്യശാലികളാം മന്ത്രിവര്യരോടും കൂടി
 കാര്യചിന്തനവും ചെയ്തു വീര്യവാരാനിധി
 പ്രാജ്യവിഭവങ്ങള്‍ തന്നാല്‍ രാജമാനമാകും
 രാജ്യപാലനവും ചെയ്തു പൂജ്യപൂജാപരന്‍
 മല്ലമിഴിമാരാം നിജ വല്ലഭമാരോടും
 മുല്ലബാണരൂപന്‍ പുരേ ഉല്ലാസേനവാണു”
{രാജാക്കന്മാരില്‍ അഗ്രഗണ്യനും പര്‍വ്വതതുല്യവീരനും ശ്രീമാനും ധീമാനും ധര്‍മ്മശീലനും വീരസമുദ്രവും സജ്ജനസേവാതല്പരനും കാമസദൃശനുമായ മാത്സ്യരാജാവ് ശൌര്യശാലികളായ മന്ത്രിശ്രേഷ്ഠരോടും കൂടി കാര്യാലോചനചെയ്ത് വിഭവസ്മൃദ്ധമായ രാജ്യം തന്നാലാകുംവിധം പ്രജാക്ഷേമകരമായി പരിപാലിച്ചുകൊണ്ട് സുന്ദരിമാരായ സ്വന്തം വല്ലഭമാരോടുകൂടി രാജധാനിയില്‍ ഉല്ലാസത്തോടെ വാണു.}

-----(തിരശ്ശീല)-----

4 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

വിരാടൻ കുട്ടിത്തരം വേഷമാണ്. കഥാപാത്രമോ വൃദ്ധവിരാടനുമാണ്. കുട്ടിത്തരം പച്ച വേഷം വിരാടൻ എന്ന കഥാപാത്രത്തിന് ഇണങ്ങുമോ സുഹൃത്തേ ? കഥകളിയിൽ കാണുന്ന മറ്റൊരു അപാകത സഭയിലെ കർണ്ണനെത്തന്നെ വിരാടനായി രംഗത്തേയ്ക്കയക്കുന്നതാണ്. വൃദ്ധവിരാടൻ എന്ന കഥാപാത്രത്തിന് ഇണങ്ങുന്ന വേഷമായി മാറ്റിക്കാണാൻ ആഗ്രഹിക്കുന്നു.

AMBUJAKSHAN NAIR പറഞ്ഞു...

വൃദ്ധ വിരാടന് ശൃംഗാരത്തിനും വകയുണ്ട്. അതും കുട്ടിത്തരം വേഷക്കാരൻ ചെയ്യണമോ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

വിരാടന്‍ വന്ധ്യവയോധികനാണന്ന് എനിക്ക് തോന്നുന്നില്ല. ശൃംഗാരം മാത്രമല്ല; ത്രിഗര്‍ത്തനമായി യുദ്ധവും ചെയ്യുന്നുണ്ടല്ലൊ വിരാടന്‍.’വൃദ്ധ വിരാടന്‍’ എന്ന പ്രയോഗം ദുര്യോധനാദികളാണല്ലൊ ചെയ്യുന്നത്. അവര്‍ കളിയാക്കലായി ആണ് അത് പ്രയോഗിക്കുന്നത് എന്ന് തോന്നുന്നു. ഇവിടെ പുറപ്പാട് വേഷത്തിന്റെ കാര്യമാണല്ലൊ പറഞ്ഞിരിക്കുന്നത്. അത് കുട്ടിത്തരം തന്നെയാണ്. വിരാടന്റെ പതിഞ്ഞപദം എടുക്കുന്നുണ്ടെങ്കിലും പുറപ്പാട് മറ്റൊരു കുട്ടിത്തരക്കാരനായിരിക്കും എടുക്കുക.

കര്‍ണ്ണന്‍ തന്നെ വിരാടനായും, ദൂതന്‍ തന്നെ വലലനായും, ഉത്തരപത്നിതന്നെ ഉത്തരയായുമ്മൊക്കെ വരാറുണ്ട്. അധികം ആടാനില്ലാത്തതോ നിസ്സാരസമയം മാത്രം അരങ്ങത്തുവരുന്നതോ ആയ വേഷങ്ങള്‍ അതിനുപല ഇരട്ടി സമയംകൊണ്ട് ഒരുങ്ങിവരേണ്ട പ്രായോഗിക ബുദ്ധിമുട്ടുമാത്രമല്ല, നടത്തിപ്പുകാരുടെ സാമ്പത്തിക പ്രശനവും ഇതിനൊക്കെ കാരണമാണ്. പിന്നെ ഇങ്ങിനെ വരുമ്പോള്‍ കലാകാരന്മാര്‍ അതാതു കഥാപാത്രത്തിനോട് നീതിപുലര്‍ത്തി അഭിനയിക്കുകയാണെന്നിരിക്കില്‍ നമ്മള്‍ കാഴ്ച്ചകാര്‍ക്ക് എന്ത് വേറേ പ്രശനം?

AMBUJAKSHAN NAIR പറഞ്ഞു...

ദുര്യോധനൻ മാത്രമല്ല ത്രിഗർത്തനോട് യുദ്ധത്തിന് വിരാടൻ തയ്യാറാകുമ്പോൾ അവിടെയും വിരാടനെ കിഴവൻ എന്ന് ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. ഉത്തര രാജകുമാരനും വിരാടരാജവിനെയും ഒന്നുപോലെ കുട്ടിത്തരം കഥാപാത്രമാക്കുക ശരിയാണോ എന്നേ സംശയമുള്ളൂ.