2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

കീചകവധം 1മുതല്‍ 4വരെ രംഗങ്ങള്‍

1മുതല്‍ 3വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

നാലാം രംഗം

രംഗത്ത്-സുദേഷ്ണ(ഇടത്തരം സ്ത്രീവേഷം)‍, സൈരന്ധ്രി(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി
“ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു
 ക്ഷിതിരമണനിയുക്തസ്ഥാനധൂര്യേഷു തേഷു
 ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം
 സ്വപുരമുപഗതാന്താമേവമൂചേ സുദേഷ്ണ‍”
{ഇങ്ങിനെ വേഷാന്തരം പ്രാപിച്ച പാണ്ഡവര്‍ വിരാടരാജാവ് നിയോഗിച്ച സ്ഥാനങ്ങള്‍ വഹിച്ചിരിക്കെ സൈരന്ധ്രിരൂപം ധരിച്ച് സ്വഗൃഹത്തിലെത്തിയ ദ്രൌപദിയോട് സുദേഷ്ണ ഇപ്രകാരം പറഞ്ഞു.}

സുദേഷ്ണ വലതുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു.സൈരന്ധ്രി ഇടതുവശത്തുകൂടി ‘കിടതകധിം,താ’മിനൊപ്പം പ്രവേശിക്കുന്നു. അന്യോന്യം കാണുമ്പോള്‍ സൈരന്ധ്രി സുദേഷ്ണയെ വന്ദിക്കുന്നു. സുദേഷ്ണ അനുഗ്രഹിച്ചശേഷം എഴുന്നേറ്റ് സൈരന്ധ്രിയെ നന്നായി നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

സുദേഷ്ണയുടെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത
പല്ലവി:
“ശശിമുഖി വരിക സുശീലേ മമ നിശമയ ഗിരമയിബാലേ”
അനുപല്ലവി:
“ഗജഗമനേ പികലാപേ കചവിജിതകലാപികലാപേ”
ചരണം1:
“ആരഹോ നീ സുകപോലേ സാക്ഷാത്ചാരുത വിലസുകപോലെ
 ഇന്നിഹ നിന്നുടെ വേഷം കണ്ടു വന്നിതു ഹൃദി മമതോഷം”
 ചരണം2:
“ഇന്ദിരയോ രതിതാനോ സുരസുന്ദരികളിലാരാനോ
 കനിവിനോടു വദ പരമാര്‍ത്ഥം മമ മനമിഹ കലയ കൃതാര്‍ത്ഥം”
{ചന്ദ്രമുഖീ, വരൂ. സുശീലേ, എന്റെ വാക്കുകള്‍ കേള്‍ക്കടോ കുട്ടി. മയില്‍പ്പീലിയെവെല്ലുന്ന തലമുടിയോടുകൂടിയവളേ, സുന്ദരമായ കവിള്‍തടത്തോടു കൂടിയവളേ, ഹോ! സൌന്ദര്യം സ്വയം വിളങ്ങുന്നതുപോലെയുള്ള നീ ആരാണ്? ഇന്ന് ഇവിടെ നിന്നെ കണ്ടതിനാല്‍ എന്റെ മനസ്സില്‍ സന്തോഷം വന്നു. ലക്ഷ്മിയാണോ? രതീദേവി തന്നെയോ? സുരസുന്ദരികളില്‍ ആരെങ്കിലുമാണോ? ദയവായി പരമാര്‍ത്ഥം പറയൂ., എന്റെ മനസ്സിനെ കൃതാര്‍ത്ഥമാക്കു.}

സൈരന്ധ്രിയുടെ പദം-രാഗം:മുഖാരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കേകയഭൂപതി കന്യേ കേള്‍ക്ക മേ ഗിരം”
അനുപല്ലവി:
“നാകനിതംബിനീകുല നന്ദനീയതരരൂപേ”
ചരണം1:
“പ്രാജ്ഞമാര്‍മൌലിമാലികേ രാജ്ഞി ഞാനിന്ദ്രപ്രസ്ഥത്തില്‍
 യാജ്ഞസേനിതന്നുടയ ആജ്ഞാകാരിണി സൈരന്ധ്രി”
ചരണം2:
“നീലവേണി എനിക്കിന്നു മാലിനിയെന്നല്ലോ നാമം
 കാലഭേദം കൊണ്ടിവിടെ ചാലവെ വന്നിതു ഞാനും”
ചരണം3:
“ചിത്രതരമായീടുന്ന പത്രലേഖാദികളില്‍ഞാ-
 നെത്രയും നിപുണ നിന്നോടത്രകൂടി വാണീടുവന്‍”
{കേകയരാജപുത്രീ, എന്റെ വാക്കുകള്‍ കേട്ടാലും. ദേവസ്ത്രീള്‍കൂടി വന്ദിക്കുന്നതായ രൂപഗുണത്തോടുകൂടിയവളേ, ബുദ്ധിമതികള്‍ ശിരസ്സിലണിയുന്ന മാലയായിട്ടുള്ളവളേ, രാജ്ഞീ, ഇന്ദ്രപ്രസ്ഥത്തില്‍ യാജ്ഞസേനിയുടെ ദാസിയായ സൈരന്ധ്രിയാണ് ഞാന്‍. നീലവേണിയാളേ, എനിക്കിന്ന് മാലിനിയെന്നാണ് നാമം. കാലഭേദം കൊണ്ട് വഴിപോലെ ഞാനിവിടെ വന്നുചേര്‍ന്നു. ഏറ്റവും മനോഹരമായ പത്രലേഖാദികളില്‍ ഞാന്‍ എത്രയും നിപുണയാണ്. അവിടത്തോടുകൂടി ഇവിടെ വസിച്ചുകൊള്ളട്ടെ?}
“കേകയഭൂപതി കന്യേ” (സുദേഷ്ണ-കലാ:മുകുന്ദന്‍, സൈരന്ധ്രി-കോട്ട:ശിവരാമന്‍)
സുദേഷ്ണ:
ചരണം3:
“ആയതെനിക്കനുവാദം അതിനായാതമിഴി ന വിവാദം”
{ആയതിന് എനിക്ക് സമ്മതം തന്നെ. നീണ്ടകണ്ണുള്ളവളേ, അതിന് ഒട്ടും തടസമില്ല.}

ശേഷം ആട്ടം-
അനുവാദം എന്നുകേട്ട് സന്തോഷിച്ച് മാലിനി സുദേഷ്ണയെ മുട്ടുകുത്തി വന്ദിക്കുന്നു.
സുദേഷ്ണ:(അനുഗ്രഹിച്ചശേഷം) ‘ഇനി നീ ഇവിടെ സുഖമായി വസിച്ചാലും’
സൈരന്ധ്രി:‘എന്നാല്‍ ഒരു കാര്യമുണ്ട്’
സുദേഷ്ണ:‘പറഞ്ഞുകൊള്ളൂ’
സൈരന്ധ്രി:‘അഞ്ചുഗന്ധര്‍വ്വന്മാരുടെ പതിവൃതയായ പത്നിയായ ഞാന്‍ ഒരിക്കലും അന്യരുടെ എച്ചിലെടുക്കുകയോ പാദം കഴുകുകയോ ചെയ്യുകയില്ല’
സുദേഷണ:‘അപ്രകാരം ആയിക്കൊള്ളട്ടെ. നീ ഒരിക്കലും അവയൊന്നും ചെയ്യണ്ടാ’
സൈരന്ധ്രി വീണ്ടും വണങ്ങി സുദേഷ്ണയുടെ അരികില്‍ നില്‍ക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: