2010, മാർച്ച് 18, വ്യാഴാഴ്‌ച

കീചകവധം പതിനലാം രംഗം

രംഗത്ത്-കീചകന്‍, വലലന്‍

ശ്ലോകം-രാഗം:ഭൈരവി
“ഇത്ഥം വാതത്മജാതസ്സദയമനുനയന്നാത്മകാന്താം നിശാന്താം
 നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേഷ്യാധ്യാവാത്സീല്‍
 നൃത്താഗാരം മൃഗാരിര്‍ദ്വിപമിവ നിഭൃതം സൂതസൂനുര്‍ന്നിദേശാത്
 കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ‍”
{ഇപ്രകാരം ഭീമനാല്‍ പ്രാണപ്രിയയെ സദയം അനുനയിപ്പിച്ചിട്ട് രാത്രി കഴിച്ചുകൂട്ടി, പിറ്റേന്ന് സന്ധ്യയ്ക്ക് ഇരുട്ടില്‍ ആരും കാണാതെ നൃത്തശാലയില്‍ കടന്ന് സിംഹം ആനയെ എന്നപോലെ ശത്രുവിനെ പ്രതീക്ഷിച്ച് വസിച്ചു. അപ്പോള്‍ പാഞ്ചാലി,കാമന്‍, അന്തകന്‍ എന്നിവരുടെ പ്രേരണയാല്‍ കീചകന്‍ അവിടെയെത്തി സന്തോഷത്തോടുകൂടി പറഞ്ഞു.}

തിരതാഴ്ത്തുന്നതോടെ(രംഗമദ്ധ്യത്തിലായി ശയിക്കുന്ന വലലനെ തിരശ്ശീലയാല്‍ പുതപ്പിക്കുന്നു) ഗായകര്‍ പദം ആലപിക്കുന്നു. തുടര്‍ന്ന് കീചകന്‍ പ്രവേശിച്ച് ഇരുട്ടില്‍ മാലിനിയെ തിരയുന്നതായി നടിച്ചുകൊണ്ട് പതുക്കെ മുന്നോട്ടുവന്ന് പുതച്ചുകിടക്കുന്ന വലലനെ കണ്ട് മാലിനിയാണെന്നു ധരിച്ച് പദാഭിനയം ചെയ്യുന്നു.
കീചകന്‍(കോട്ട:ചന്ദ്രശേഘരവാര്യര്‍) പ്രവേശിച്ച് ഇരുട്ടില്‍ മാലിനിയെ തിരയുന്നു
കീചകന്റെ പദം-രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“കണ്ടിവാര്‍ കുഴലിയെന്നെ കണ്ടീലയോ ബാലേ
മിണ്ടീടാഞ്ഞതെന്തേ നിദ്രപൂണ്ടീടുകകൊണ്ടോ”
ചരണം2:
“പ്രേമകോപം പൂണ്ടു മയി കാമിനി വാഴുകയോ
കാമകേളി ചെയ്‌വതിന്നു താമസിച്ചീടൊല്ല”
ചരണം3:
“വല്ലാതെ ഞാന്‍ ചെയ്ത പിഴയെല്ലാം സഹിക്ക നീ
സല്ലാപം ചെയ്തീടുകെന്നോടുല്ലാസേന സുദതി”
ചരണം4:
“പല്ലവകോമളതനു തല്ലജമെന്തഹോ
കല്ലിനോടു തുല്യം നീ താനല്ലല്ലീ മാലിനി”
{കരിഞ്ചണ്ടി പോലെയുള്ള തലമുടിയോടുകൂടിയവളേ, പെണ്‍കിടാവേ, എന്നെ കണ്ടില്ലേ? മിണ്ടീടാഞ്ഞതെന്തേ? ഉറങ്ങിയതുകൊണ്ടാണോ? കാമിനീ, എന്നോട് പ്രണയകലഹിതയായി ഇരിക്കുകയാണോ? കാമകേളി ചെയ്യുവാന്‍ താമസിക്കരുതേ. അസഹ്യമായ രീതിയില്‍ ഞാന്‍ ചെയ്ത പിഴയെല്ലാം നീ സഹിക്കുക. ഭാഗ്യവതീ, എന്നോട് ഉല്ലാസത്തോടെ സല്ലപിച്ചാലും. ഹോ! തളിരുപോലെ കോമളവും ഉത്കൃഷ്ടവുമായ ശരീരം എന്താണ് കല്ലിനു തുല്യമായിരിക്കുന്നത്? നീതന്നെയല്ലേ മാലിനീ?}
“കല്ലിനോടു തുല്യം നീ താനല്ലല്ലീ മാലിനി”(കീചകന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
പദാഭിനയശേഷം കീചകന്‍ കാമപാരവശ്യത്തോടെ പുതപ്പ്(തിരശ്ശീല) അല്പം ഉയര്‍ത്തി ഉള്ളിലേയ്ക്ക് ശയിക്കാന്‍ ഒരുങ്ങുന്നു. വലലന്‍ കീചകനെ കടന്നുപിടിക്കുന്നു. തിരശ്ശീല ഉയര്‍ത്തുന്നു. അനന്തരം തിരശ്ശീല നീക്കുമ്പോള്‍ വലലന്‍ കീചകന്റെ ദേഹത്തില്‍ മുറുകെ പിടിച്ച നിലയില്‍ ഇരുവരും വട്ടം തിരിയുന്നു. വലലന്റെ പിടിയില്‍നിന്നും കുതറിമാറാനുള്ള കീചകന്റെ ശ്രമം വിഭലമാകുന്നു. വലലന്‍ പിടി മുറുക്കി കീചകനെ നിലത്തിരുത്തുകയും മാറില്‍ പ്രഹരിക്കുകയും ചെയ്യുന്നു. കീചകന്‍ അന്ത്യശ്വാസം വലിക്കുന്നു.
-----(തിരശ്ശീല)-----
വലലന്‍:(തിരശ്ശീലയ്ക്കുമുന്നിലേയ്ക്കു വന്ന്)‘ഇനി വേഗം പാചകശാലയിലേയ്ക്ക് പോവുകതന്നെ’
വലലന്‍ നാലാമിരട്ടി കലാശിച്ച് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

കഥകളി കാണാൻ പോകുന്നവർ മണിയുടെ ബ്ളോഗുകൾ വായിച്ചു പോവുക നല്ലത്.