2010, മാർച്ച് 11, വ്യാഴാഴ്‌ച

കീചകവധം പതിനഞ്ചാം രംഗം

രംഗത്ത്-ഉപകീചകൻ‍‍(ഇടത്തരം ചുവന്നതാടിവേഷം), രംഗപാലകൻ‍‍(ഭീരുവേഷം)

ശ്ലോകം-രാഗം:ആഹരി
“വാതജാതമഥിതം നിരീക്ഷ്യ തം
 സൂതജാതമഥ രംഗപാലക:
 ജാതശോകഭയവിസ്മയാകുലോ
 വ്യാജഹാര തരസോപകീചകാന്‍”
{ഇപ്രകാരം ഭീമനാല്‍ ചതയ്ക്കപ്പെട്ട ആ കീചകനെ കണ്ടിട്ടുണ്ടായ ദു:ഖം, ഭയം, അത്ഭുതം ഇവകളാല്‍ പരവശനായ രംഗപാലകന്‍ വേഗത്തില്‍ ചെന്ന് ഉപകീചകന്മാരോട് പറഞ്ഞു.}

ഉപകീചകന്റെ തിരനോട്ടം-
രംഗപാലകന്റെ തിരനോട്ടം-
ഉപകീചകന്റെ തന്റേടാട്ടം-

രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തുന്ന ഉപകീചകന്‍ ഉത്തരീയം വീശി ഞെളിഞ്ഞിരിക്കുന്നു. അനന്തരം എഴുന്നേറ്റ് രംഗവന്ദനം ചെയ്തിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.
ഉപകീചകന്‍:‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനു കാരണമെന്ത്?’(വിചാരിച്ചിട്ട്) ‘മനസ്സിലായി, എന്റെ ജേഷ്ഠത്തി രാജപത്നിയാണ്. മഹാബലവാനായ ജേഷ്ഠന്‍ കീചകനാകട്ടെ സൈന്യാധിപനും. പതിനായിരം ആനകളുടെ ബലമുള്ള കീചകനെ ജയിക്കുവാന്‍ ഇന്ന് ലോകത്തില്‍ ആരുണ്ട്? ആരും ഇല്ല. അങ്ങിനെയുള്ള ജേഷ്ഠന്റെ സ്നേഹം കൊണ്ട് എനിക്കും സുഖം ഭവിച്ചു‘ (വീണ്ടും പീഠത്തിലിരുന്ന് മീശപിരിച്ചിട്ട് ഉത്തരീയം വീശവേ ദൂരെ കണ്ട്, പെട്ടെന്ന് എഴുന്നേറ്റ് പിഠത്തില്‍ കാല്‍ വെച്ചുകൊണ്ട് നിന്ന് വീക്ഷിച്ചശേഷം) ‘മാറത്തടിച്ചുനിലവിളിച്ചുകൊണ്ട് നേരേ വരുന്നതാര്? ഒരു രംഗപാലകന്‍ ആണെന്നു തോന്നുന്നു. എന്നാലിനി അവന്റെ ദു:ഖകാരണം അറിയുകതന്നെ’
ഈ സമയം രംഗപാലകന്‍ മാറത്തടിച്ച് കരഞ്ഞുകൊണ്ടും വിവിധ ഗോഷ്ടികള്‍ കാട്ടിക്കൊണ്ടും സദസ്യര്‍ക്കിടയിലൂടെ വന്ന് രംഗത്തേയ്ക്ക് വരുന്നു. ഉപകീചകന്‍ മുന്നിലേയ്ക്ക് ഓടിവന്ന് രംഗപാലകനെ മാടിവിളിച്ച് വരുത്തുന്നു. രംഗപാലകന്‍ രംഗത്തേയ്ക്കുപ്രവേശിച്ച് ഉപകീചകന്റെ കാല്‍ക്കല്‍ വീഴുന്നു.
ഉപകീചകന്‍:(അനുഗ്രഹിച്ച് രംഗപാലകനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട്) ‘നീ ഇങ്ങിനെ ഭയപ്പെട്ട് കരയുവാനുള്ള കാരണമെന്ത്?’
രംഗപാലകന്‍:‘പറയാം’
രംഗപാലകന്‍ വികൃതമായ രീതിയില്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം ആടുന്നു.

രംഗപാലകന്റെ പദം-രാഗം:ആഹരി, താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
“കഷ്ടം ചിത്രമയ്യോ ഇതെത്രയും കഷ്ടം”
ചരണം1:
“വിഷ്ടപവിശ്രുതനാകിയ വീരന്റെ
 കഷ്ടദശകളെ ഏതുമറിയാതെ
 പുഷ്ടഗര്‍വ്വം വസിച്ചീടുന്ന നിങ്ങളും
 മട്ടോലുംവാണികളും ഭേദമില്ല ഹാ”
ചരണം2:
“മത്തേഭഗാമിനിമാരൊടുമൊന്നിച്ചു
 മത്തന്മാരായി നിങ്ങളെന്തിനിരിക്കുന്നു
 നൃത്തരംഗത്തിലീരാത്രിയിലുണ്ടായ
 വൃത്താന്തമേതുമറിഞ്ഞീലയോ ഹാ”
ചരണം3:
“ചണ്ടപരാക്രമനാകിയ കീചകന്‍
 പിണ്ഡിതഗാത്രനായ്ത്തീര്‍ന്നു വീരന്മാരേ
 അര്‍‌ണ്ണോജലോചന മാലിനി നര്‍ത്തന-
 മണ്ഡപംതന്നിലിരുന്നു കേഴുന്നു ഹാ”
ചരണം4:
“ഭീതിവെടിഞ്ഞിതു ചെയ്തതു സമ്പ്രതി
 ഭൂതമോ ഗന്ധര്‍വ്വനോ മറ്റാരാനുമോ
 ഏതുമറിഞ്ഞീല ഞാനോ പരമാര്‍ത്ഥം
 സാദരമിക്കഥ ചൊല്ലുവാന്‍ വന്നു ഹാ”
{കഷ്ടം! കഷ്ടം! അയ്യോ ഇത് എത്രയും വിചിത്രം! ലോകപ്രസിദ്ധനായ വീരന്റെ കഷ്ടദശകളെ ഒട്ടുമറിയാതെ ഏറ്റവും ഗര്‍വ്വത്തോടെ വസിക്കുന്ന നിങ്ങളും സ്ത്രീകളുമായി ഭേദമില്ല. നിങ്ങളിങ്ങിനെ സുന്ദരികളോടുചേര്‍ന്ന് മത്തന്മാരായി എന്തിന് ജീവിക്കുന്നു? നൃത്തരംഗത്തില്‍ ഈ രാത്രിയിലുണ്ടായ സംഭവമൊന്നും അറിഞ്ഞില്ലെ? വീരന്മാരേ, ഉഗ്രപരാക്രമനായ കീചകന്റെ ശരീരം മാംസപിണ്ഡമായി തീര്‍ന്നു. താമരകണ്ണിയായ മാലിനി നൃത്തമണ്ഡപത്തിലിരുന്ന് കരയുന്നു. ഭയമില്ലാതെ ഇതുചെയ്തത് ഭൂതമോ? ഗന്ധര്‍വ്വനോ? മറ്റാരെങ്കിലുമോ ആണോ? ഞാന്‍ പരമാര്‍ത്ഥമൊന്നും അറിഞ്ഞില്ല. ഈ കഥ സാദരം അറിയിക്കുവാന്‍ വന്നതാണ്.}
രംഗപാലകന്‍-ഭീരു(കോട്ട:മനോജ്)
ഉപകീചകന്റെ പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“സങ്കടമരുതരുതേ ബത കിങ്കര
 സങ്കടമരുതരുതേ”
അനുപല്ലവി:
“ശങ്കവെടിഞ്ഞതിനുള്ളൊരു നിഷ്കൃതി
 സമ്പ്രതി ചെയ്യുമഹോ”
ചരണം1:
“പത്തുസഹസ്രമുരത്തഗജത്തിനൊ-
 ടൊത്തവനെ കൊലചെയ്‌വാനിഹ
 ശക്തനൊരുത്തനുദിച്ചതുപാര്‍ത്താ-
 ലെത്ര വിചിത്രമഹോ”‍
ചരണം2:
“ഞങ്ങളൊരഞ്ചുമൊരമ്പതുമമ്പതു-
 മിങ്ങു വസിച്ചീടുന്നേരം
 തിങ്ങിന ഗര്‍വ്വമൊടിങ്ങിനെ ചെയ്തവ-
 നെങ്ങു പറഞ്ഞീടുക‍”
ചരണം3:
“ശക്രമുഖാമര ചക്രമിതെങ്കിലു-
 മഗ്രജനുടെ ഹതി ചെയ്തിടുകില്‍
 വിക്രമവഹ്നിയിലാഹുതമായ്‌വരു-
 മക്രമകാരി ദൃഢം”
{കഷ്ടം! സങ്കടം അരുതരുതേ. കിങ്കരാ, സങ്കടം അരുതരുതേ. ശങ്കവെടിഞ്ഞ് ഇപ്പോള്‍തന്നെ ഇതിനുള്ള പ്രതികാരം ഞാന്‍ ചെയ്യുന്നുണ്ട്. പതിനായിരം ആനയുടെ ബലമുള്ളവനെ കൊലചെയ്യാന്‍ ഇവിടെ ഒരു ശക്തനുണ്ടായ്‌വന്നത് വിചാരിച്ചാല്‍ എത്ര വിചിത്രം! ഹോ! ഞങ്ങള്‍ നൂറ്റിയഞ്ചുപേര്‍ ഇവിടെ വസിക്കുമ്പോള്‍ നിറഞ്ഞ ഗര്‍വ്വത്തോടിങ്ങിനെ ചെയ്തവന്‍ എവിടെ? പറഞ്ഞീടുക. ദേവേന്ദ്രന്റെ ചക്രമായാലും ജേഷ്ഠന്റെ വധം ചെയ്തീടുകില്‍ ഉറപ്പായും ആ അക്രമകാരി വിക്രമാഗ്നിയില്‍ ദഹിക്കും.}

ശേഷം ആട്ടം-
ഉപകീചകന്‍:‘ജേഷ്ഠനെ വധിച്ചത് ആരായാലും അവനെ ഉടനെ കണ്ടുപിടിച്ച് നശിപ്പിക്കണം. അവളേയും കൊല്ലണം. വാ, വേഗം നൃത്തശാലയിലേയ്ക്ക് പോകാം’
ഉപകീചകന്‍ നാലാമിരട്ടി കലാശിച്ച് രംഗപാലകനേയും കൂട്ടി ധൃതിയില്‍ പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: