2010, മാർച്ച് 11, വ്യാഴാഴ്‌ച

കീചകവധം 16, 17 രംഗങ്ങള്‍

പതിനാറാം രംഗം

രംഗത്ത്-സൈരന്ധ്രി, ഉപകീചകന്‍, രംഗപാലകന്‍, വലലന്‍

ശ്ലോകം-രാഗം:ആഹരി
“ഉക്ത്വവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂര്‍ണ്ണദ്‌ദ്ദൃശ:
 സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതര:
 ദ്ദൃഷ്ട്വാ പിണ്ഡിതമഗ്രജം നിരവധിക്രോധാതിബാധാകുലാ:
 കൃഷ്ണാ ഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ”
{മാംസപിണ്ഡമാക്കപ്പെട്ട ജേഷ്ഠനെ കണ്ടിട്ട് കീചകന്റെ അനുജന്മാര്‍ ഏറ്റവും ക്രോധാകുലരായി കണ്ണുകള്‍ ചുഴറ്റിക്കൊണ്ടും ദംഷ്ട്രങ്ങള്‍ കാട്ടിക്കൊണ്ടും അട്ടഹാസത്താല്‍ ലോകം കുലുക്കിക്കൊണ്ടും, അതിനുകാരണക്കാരി കൃഷ്ണയാണന്ന് വിശ്വസിച്ച് അവളെ ബന്ധിച്ച്, കൊല്ലുവാന്‍ ഉദ്യമിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.}

ഇടതുവശത്തുകിടക്കുന്ന മാംസപിണ്ഡസമാനമായ കീചകശരീരത്തിനരികില്‍ തലയ്ക്ക് കൈകൊടുത്ത് കപടദു:ഖം നടിച്ച് മാലിനി ഇരിക്കുന്നു. ഉപകീചകന്‍ രംഗപാലകനോടൊപ്പം ഓടി പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ട് വരുന്നു.
ഉപകീചകന്‍:(മൃതശരീരം കണ്ട് അത്ഭുതപെട്ട് ആത്മഗതമായി) ‘കഷ്ടം! ജേഷ്ഠന്റെ തലയിലെഴുത്ത് ഇങ്ങിനെയായല്ലോ?’
രംഗപാലകന്‍:(മാലിനിയെ കാട്ടിക്കൊണ്ട്) ‘ഇതിനെല്ലാം കാരണം ഇവളാണ്’
ഉപകീചകന്‍ വൈരാഗ്യത്തോടെ നോക്കിയിട്ട്, പെട്ടന്ന് ഓടിചെന്ന് മാലിനിയെ ഇടിക്കുന്നു. മാലിനി ഒഴിഞ്ഞുമാറുന്നു. ഉപകീചകന്‍ വീണ്ടും വീണ്ടും പ്രഹരിക്കുന്നു. മാലിനി വിലപിക്കുന്നു.
ഉപകീചകന്‍:‘എടീ, നിന്നെ ജേഷ്ഠന്റെ ദേഹത്തിനൊപ്പം ഉടനെ തീയിലെരിക്കുന്നുണ്ട്. നോക്കിക്കോ’
ഉപകീചകന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം ആടുന്നു.

ഉപകീചകന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“ഉഗ്രവീര്യനായീടുന്നോരഗ്രജന്‍ തന്റെ നിശി
 നിഗ്രഹകാരണം പാര്‍ത്താല്‍ നീചേ നീ തന്നെ”
ചരണം2:
“കഷ്ടമതികഷ്ടമിതു നീചേ നിന്മനം അതി-
 നിഷ്ഠുരമില്ല സംശയമൊട്ടുമേ മൂഢേ”
ചരണം3:
“ദക്ഷരായീടുന്ന ഞങ്ങള്‍ രൂക്ഷയാം നിന്നെയാശു-
 ശുക്ഷണിയിലിട്ടീടുന്നുണ്ടിക്ഷണന്തന്നെ”
ചരണം4:
“മന്നില്‍ നിന്നിലാശ പൂണ്ടിരുന്നോരഗ്രജന്‍ സുര-
 മന്ദിരത്തില്‍ നിന്നോടിന്നു ചേര്‍ന്നു വാഴേണം”
{ഉഗ്രവീര്യനായ ജേഷ്ഠന്‍ രാത്രിയില്‍ വധിക്കപ്പെട്ടത് ഓര്‍ത്താല്‍ കാരണം നീചേ, നീ തന്നെ. കഷ്ടം! ഇത് ഏറ്റവും കഷ്ടം! നീചേ, നിന്റെ മനം അതികഠിനം തന്നെ. മൂഢേ, ഒട്ടും സംശയമില്ല. സമര്‍ഥരായ ഞങ്ങള്‍ പരുഷയായ നിന്നെ ഈ ക്ഷണം തന്നെ പെട്ടന്ന് തീയിലിടുന്നുണ്ട്. ഭൂമിയില്‍ നിന്നില്‍ ആശയോടെയിരുന്ന ജേഷ്ഠന്‍ സ്വര്‍ഗ്ഗത്തില്‍ ഇന്ന് നിന്നോട് ചേര്‍ന്ന് വാഴണം.}

ഉപകീചകന്‍:‘ഇവളെ ഈ മൃതദേഹത്തോടൊപ്പം കൂട്ടികെട്ടി കൊണ്ടുപോയി തീയിലിട്ട് ദഹിപ്പിക്കണം. വേഗം കയര്‍ കൊണ്ടുവാ’
ഉപകീചകന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ വലതുഭാഗത്തുകൂടി കൈയ്യില്‍ മരച്ചില്ലയുമേന്തിക്കൊണ്ട് പ്രവേശിക്കുന്ന വലലന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന്, ഉപകീചകന്‍ മാലിനിയെ ബന്ധിക്കുന്നതുകണ്ട് ക്രുദ്ധനായി ഓടിചെന്ന് ബലാല്‍ക്കാരേണ മാലിനിയെ മോചിപ്പിച്ച് വലതുവശത്തേയ്ക്ക് അയയ്ക്കുന്നു. മാലിനി നിഷ്ക്രമിക്കുന്നു.
വലലന്‍:(കോപാവേശത്തോടെ) ‘എടാ, ദുഷ്ടാ, നിങ്ങള്‍ എല്ലാത്തിനേയും ഞാന്‍ ഇന്ന് അടിച്ചുകൊല്ലുന്നുണ്ട്. നോക്കിക്കോ’
വലലന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദാഭിനയം ചെയ്യുന്നു.

യുദ്ധപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
ഭീമന്‍:
ചരണം1:
“ആടലകന്നു വിരാടമഹീപതിനാടതിലാരധുനാ
 ഹൃദി മുഴുത്തമദമൊടകൃത്യകാരികള്‍ കുമര്‍ത്ത്യരേ വരുവിന്‍”
ചരണം2:
“ഇക്കാമിനിയെ വധിക്കാമെന്നൊരു ധിക്കാരം ഹൃദയേ ഭുവിനി-
 നയ്ക്കിലേവര്‍ക്കു ജനിക്കുമിതു ബത സഹിക്കയില്ലൊരുവന്‍”
{വിരാടരാജാവിന്റെ നാട്ടില്‍ ഹൃദയത്തില്‍ മുഴുത്ത മദത്തോടെ നിസംശയം നീചകര്‍മ്മം ചെയ്യുന്നതാര്? ദുഷ്ടമനുഷ്യരേ, വരുവിന്‍. ഈ സുന്ദരിയെ വധിക്കാം എന്നൊരു ധിക്കാരം മനസ്സില്‍ നിനച്ചാല്‍, ഹോ! ഭൂമിയില്‍ സഹിക്കയില്ല ഒരുവനും.}

ഉപകീചകന്‍:
ചരണം3:
“നാരിനിമിത്തം പോരിനുവന്നവനാരിഹ നീ സഹസാ
 യുധി ധരിക്ക പൃഷള്‍ക്കനിരയ്ക്കു ലാക്കായ് ഭവിക്കുമിന്നു ദൃഢം”
{നാരി നിമിത്തം സാഹസത്തോടെ പോരിനുവന്ന നീ ആര്? തീര്‍ച്ചയായും യുദ്ധത്തില്‍ ശരാവലിക്ക് ലക്ഷ്യമായി ഭവിക്കും നീ എന്ന് ധരിക്കുക}

വലലന്‍:
ചരണം4:
“ഇത്ഥമനേകവികത്ഥനമിന്നു നിരര്‍ത്ഥകമെന്നറിവിന്‍
 യദിപടുത്വമടുത്തുതടുത്തുകൊള്ളുക കടുത്തമല്പ്രഹരം“
{ഇപ്രകാരം അനേകം ആത്മപ്രശംസകള്‍ ഇന്ന് നിരര്‍ത്ഥകമാണന്ന് അറിയുക. അല്ലാ സാമര്‍ദ്ധ്യമുണ്ടെങ്കില്‍ അടുത്തുവന്ന് എന്റെ കടുത്ത പ്രഹരം തടുത്തുകൊള്ളുക.}

ശേഷം യുദ്ധവട്ടം-
വലലനും ഉപകീചകനും ക്രമത്തില്‍ പോരിനുവിളിച്ച് മുഷ്ടിയുദ്ധം ചെയ്യുന്നു. അതിനിടയ്ക്ക് വലലന്റെ നേരെ ചെല്ലുന്ന രംഗപാലകനെ വലലന്‍ അടിച്ചോടിക്കുന്നു. രംഗപാലന്‍ ഓടി നിഷ്ക്രമിക്കുന്നു. വലലനും ഉപകീചകനും യുദ്ധം തുടരുന്നു. യുദ്ധാവസാനത്തില്‍ വലലന്‍ മരംകൊണ്ട് അടിച്ച് ഉപകീചകനെ വധിക്കുന്നു.
വലലന്‍ മരംകൊണ്ട് അടിച്ച് ഉപകീചകനെ വധിക്കുന്നു
വലലന്‍:‘ഇനി ചെന്ന് പ്രേയസിയെ സമാധാനിപ്പിക്കുകതന്നെ’
വലലന്‍ നാലാമിരട്ടി കലാശിച്ച് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.


-----(ധനാശി)-----

പതിനേഴാം രംഗം

അന്ത്യരംഗം സാധാരണയായി പതിവില്ല.
 

അഭിപ്രായങ്ങളൊന്നുമില്ല: