2010, മാർച്ച് 21, ഞായറാഴ്‌ച

കീചകവധം 12, 13 രംഗങ്ങള്‍

പന്ത്രണ്ടാം രംഗം

ഈ രംഗം ഇപ്പോള്‍ നടപ്പിലില്ല.

പതിമൂന്നാം രംഗം

രംഗത്ത്-സൈരന്ധ്രി‍, വലലന്‍

ശ്ലോകം-രാഗം:ദ്വിജാവന്തി
“ഇത്ഥന്തേനാനുനീതാ മുഹുരപി കുഹനാമസ്കരീന്ദ്രേണ ഭര്‍ത്ത്രാ
 ചിത്തേ പാദപ്രഹാരം കദനകലുഷിതേ സൂതസൂനോ:സ്മരന്തീ
 പാകസ്ഥാനേ ശയാനം പവനസുതമുപേത്യഥ ദീനാ നിശായാം
 ശോകോദ്യത് ബാഷ്പപൂരസ്നപിതതനുലതാ പാര്‍ഷതീ സാ രുരോദ‍”
{ഇപ്രകാരം കപടസന്യാസിയായ ഭര്‍ത്താവിനാല്‍ വീണ്ടും വീണ്ടും ആശ്വസിപ്പിക്കപ്പെട്ടവളായ പാഞ്ചാലി ദു:ഖത്താല്‍ കലങ്ങിയ ചിത്തത്തില്‍ സൂതസുതന്റെ പാദപ്രഹാരങ്ങളെ ഓര്‍ത്ത് ദീനയായിക്കൊണ്ട് രാത്രിയില്‍ പാചകശാലയില്‍ ശയിക്കുന്ന വായുസുതനെ സമീപിച്ച് കണ്ണുനീരില്‍ മുഴുകിക്കൊണ്ട് പറഞ്ഞു.}

വലലന്‍ വലത്തുഭാഗത്ത് പീഠത്തില്‍ ചാരിക്കിടന്ന് ഉറങ്ങുന്നു. ഇടതുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന സൈരന്ധ്രി തലയിലും മാറിലും അടിച്ച് പാരവശ്യത്തോടെ വീഴുന്നു. വീണ്ടും എഴുന്നേറ്റ് വലലനെ തിരഞ്ഞ് കണ്ടെത്തി, ഓടിവന്ന് വലലനെ പുണരുന്നു. വലലന്‍ ഉണര്‍ന്ന് പരിഭ്രമത്തോടെ മാലിനിയെകണ്ട്, സ്നേഹത്തോടെ അവളെ എഴുന്നേല്‍പ്പിച്ചുകൊണ്ട് എഴുന്നേല്‍ക്കുന്നു.
വലലന്‍:‘എന്താണ്? നീ കരയുവാനുള്ള കാരണം എന്ത്? വേഗം പറയുക’
സൈരന്ധ്രി പദാഭിനയം ആരംഭിക്കുന്നു. വലലന്‍ വലതുകാല്‍ പീഠത്തില്‍‌ വെച്ചുകൊണ്ട് ഉത്കണ്ഠയോടെ നില്‍ക്കുന്നു.

സൈരന്ധ്രിയുടെ പദം-രാഗം:ദ്വിജാവന്തി, താളം:മുറിയടന്ത
പല്ലവി:
“കാന്താ കൃപാലോ കാത്തുകൊള്‍കെന്നെ
 കാന്താ കൃപാലോ”
“കാന്താ കൃപാലോ കാത്തുകൊള്‍കെന്നെ”‍ (സൈരന്ധ്രി-കോട്ട:ശിവരാമന്‍‍)
ചരണം1:
“ദുഷ്ടനായൊരു കീചകനീചന്റെ
 ഇഷ്ടപൂര്‍ത്തിവരുത്തായ്കകൊണ്ടെന്നെ
 മുഷ്ടിപാദങ്ങള്‍കൊണ്ടു താഡിച്ചവന്‍
 വിട്ടു വിധിബലത്താല്‍”
“ദുഷ്ടനായൊരു കീചകനീചന്റെ”‍ (സൈരന്ധ്രി-കലാ:രാജശേഘരന്‍‍)
ചരണം2:
“പ്രാണനായകവീരവര ജഗല്‍-
 പ്രാണനന്ദന നീയവനെയിനി
 പ്രാണശാലിവര ഹനിച്ചീടുവന്‍
 കാണിയും വൈകീടൊല്ല”
{കാന്താ, കൃപാലോ, എന്നെ കാത്തുകൊള്ളുക. ദുഷ്ടനായ കീചകന്റെ ഇഷ്ടപൂര്‍ത്തി വരുത്താത്തുകൊണ്ട് എന്നെ അവന്‍ മുഷ്ടിപാദങ്ങള്‍കൊണ്ട് താഡിച്ചു. വിധിബലത്താല്‍ വിട്ടു. പ്രാണനായകാ, വീരവരാ, വായുപുത്രാ, ശക്തിശാലികളില്‍ ശ്രേഷ്ഠാ, ഭവാന്‍ അവനെ കൊല്ലുവാന്‍ ഒട്ടും വൈകരുതേ.}

വലലന്റെ പദം-രാഗം:ബിലഹരി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“മതിമതി മതിമുഖി പരിതാപം”
ചരണം1:
“മതിയതിലതിധൃതി ചേര്‍ക്ക നീയവനുടെ
 ഹതി ബത വിരവൊടു ചെയ്തീടുന്നേന്‍
 ഘോരജടാസുരനാദിയെ വെന്നൊരു
 മാരുതസുതനിതിനെന്തൊരു വിഷമം‍”
(“മതിമതി മതിമുഖി പരിതാപം”)
ചരണം2:
“സാലനിപാതം ചെയ്യും പവനനു
 തൂലനിരാകരണം ദുഷ്ക്കരമോ
 എങ്കിലുമിന്നിഹ ധര്‍മ്മജവചനം
 ലംഘനമതു ചെയ്യരുതല്ലോ മേ”
(“മതിമതി മതിമുഖി പരിതാപം”)
ചരണം3:
“ഉണ്ടോരുപായമിതിന്നുരചെയ്യാം
 വണ്ടാര്‍കുഴലികളണിമൌക്തികമേ
 സങ്കേതം കില നൃത്തനികേതം
 ശങ്കേതരമവനൊടു വദ ദയിതേ”
(“മതിമതി മതിമുഖി പരിതാപം”)
{ചന്ദ്രമുഖീ, മതി, മതി, സങ്കടപ്പെട്ടത്. നീ നന്നായി ധൈര്യപ്പെട്ടുകൊള്ളുക. അവനെ ഞാന്‍ വഴിപോലെ ഹനിക്കുന്നുണ്ട്. ഘോരന്മാരായ ജടാസുരാദികളെ വെന്ന വായുസുതന് ഇതിനെന്തു വിഷമം? വൃക്ഷങ്ങളെ അടിച്ചുവീഴ്ത്തുന്ന കാറ്റിന് പഞ്ഞി പറപ്പിക്കുന്നത് ദുഷ്ക്കരമോ? എങ്കിലും ഇന്നിവിടെ ധര്‍മ്മപുത്രരുടെ വാക്കുകളെ ഞാന്‍ ലംഘിക്കരുതല്ലോ. സുന്ദരമായ തലമുടിയുള്ളവരില്‍ ശ്രേഷ്ഠേ, അതിനൊരു ഉപായമുണ്ട്, പറയാം. ദയിതേ, നൃത്തശാലയില്‍ സന്ധിക്കാമെന്ന് സംശയരഹിതമായി അവനോട് പറയുക.}
“ഹതി ബത വിരവൊടു ചെയ്തീടുന്നേന്‍”(സൈരന്ധ്രി‍-കോട്ട:ശിവരാമന്‍‌‍)
ഈ രംഗത്തിലെ പദങ്ങള്‍(കലാ:നീലകണ്ഠന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് പാടിയത്) ഇവിടെ ശ്രവിക്കാം.

ശേഷം ആട്ടം-
വലലന്‍:‘പ്രിയേ, നൃത്തശാലയില്‍ രാത്രി ആരും ഉണ്ടാവുകയില്ലല്ലോ. അതിനാല്‍ ഭവതി നാളെത്തന്നെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ചെന്ന് രാത്രിയില്‍ അവിടെ വരുവാനായി അവനോട് പറഞ്ഞാലും. പിന്നെ എല്ലാം ഞാന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളാം. മറ്റന്നാള്‍ സൂര്യനുദിക്കുന്നത് അവന്‍ കാണുകയില്ല. എന്താ പോരയോ?’
സൈരന്ധ്രി:‘മതി, മതി’
വലലന്‍:‘എന്നാല്‍ സമാധാനത്തോടെ ഇപ്പോള്‍ പോയാലും. നാം തമ്മില്‍ കണ്ടവിവരം ആരും അറിയരുത്’
വലലന്‍ സൈരന്ധ്രിയെ ആലിംഗനംചെയ്ത് അയയ്ക്കുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: