2010, മാർച്ച് 23, ചൊവ്വാഴ്ച

കീചകവധം പതിനൊന്നാം രംഗം

 രംഗത്ത്-മദോത്ക്കടൻ‍‍(കരിയുടെ മുടിയും ചുട്ടിയും ചുവന്നതാടിയുടെ വേഷവും)‍, കീചകന്‍, സൈരന്ധ്രി

ശ്ലോകം-രാഗം:സാരംഗം
“ധരാധരാധിപാകൃതിര്‍ഘനാഘനൌഘഗര്‍ജ്ജിത-
 സ്തദാ നിദാഘദീധീതിപ്രചോദിതോ മദോത്ക്കട:
 പൃഥാവധൂപരോധിനം രണോത്ഭടസ്സ കീചകം
 ക്രുധാ സമേത്യ സത്വരം രുരോധ കോപിരാക്ഷസ:‍”
{അപ്പോള്‍ പര്‍വ്വതാകാരനും ഇടിനാദം പോലെ ഗര്‍ജ്ജിക്കുന്നവനും സൂര്യനാല്‍ നിയോഗിക്കപ്പെട്ടവനുമായ മദോത്ക്കടനെന്ന രാക്ഷസന്‍ ക്രുദ്ധനായി പെട്ടന്നുവന്ന് കുന്തിയുടെ വധുവിനെ ഉപരോധിക്കുന്നവനായ കീചകനെ എതിരിട്ടു.}

മദോത്ക്കടന്റെ ചുവന്നതാടിയുടെ സമ്പൃദായത്തില്‍ ചുരുക്കത്തിലുള്ള തിരനോട്ടം-
തിരനോട്ടശേഷം വലത്തുകോണില്‍ പീഠത്തില്‍ നിന്നുകുണ്ട് വീണ്ടും തിരതാഴ്ത്തുന്ന മദോത്ക്കടന്‍ വീരഭാവത്തില്‍ ഇരുവശങ്ങളിലേയ്ക്കും വീക്ഷിക്കുന്നു.
മദോത്ക്കടന്‍:(ആത്മഗതം) ‘ദുഷ്ടനായ കീചകന്‍ മൂലം ദു:ഖിക്കുന്ന പാഞ്ചാലിയെ രക്ഷിക്കുവാന്‍ ആദിത്യദേവന്‍ എന്നോട് കല്പിച്ചിരിക്കുന്നു. അതിനാല്‍ വേഗം പോവുകതന്നെ’
മദോത്ക്കടന്‍ കീചകനെ തിരയുന്നു. ഈസമയത്ത് ഇടതുവശത്തുകൂടി വിലപിച്ചുകൊണ്ട് സൈരന്ധ്രിയും തൊട്ടുപുറകെ അവളെ പ്രഹരിച്ചുകൊണ്ട് കീചകനും പ്രവേശിച്ച് വലതുവശത്തേയ്ക്കുനീങ്ങുന്നു. പെട്ടന്ന് മദോത്ക്കടന്‍ അവര്‍ക്കിടയിലേയ്ക്ക് ചാടിവന്ന് കീചകനെ തള്ളിമാറ്റുന്നു. ആ തക്കത്തിന് സൈരന്ധ്രി രക്ഷപ്പെട്ട് ഓടി നിഷ്ക്രമിക്കുന്നു. കാമാന്ധനായ കീചകന്‍ മാലിനിയെന്നുകരുതി മദോത്ക്കടനെ പുണരുന്നു. പെട്ടന്ന് ആളുമാറിയതറിഞ്ഞ് കീചകന്‍ പിടിവിട്ട് ജാള്യതനടിക്കുന്നു.
മദോത്ക്കടന്‍:(കോപത്തോടെ) ‘ദുഷ്ടാ, നിന്റെ ബലം ഉത്തമസ്ത്രീകളോടല്ല കാട്ടേണ്ടത്. നോക്കിക്കോ’
മദോത്ക്കടന്‍ നാലാമിരട്ടിയിടുത്തുകലാശിപ്പിച്ചിട്ട് യുദ്ധപദമാടുന്നു.

യുദ്ധപദം-രാഗം:സാരംഗം, താളം:മുറിയടന്ത(ദ്രുതകാലം)
മദോത്ക്കടന്‍:
 പല്ലവി:
“നീച കീചക രേ നരാധമ നീച”
അനുപല്ലവി:
“ആചാരമില്ലാത്ത കൃത്യങ്ങള്‍ കണ്ടാല്‍
 വിരോചനന്റെ നിദേശകാരി
 നിശാചരേന്ദ്രനടങ്ങുമോ ബത”
ചരണം1:
“കഷ്ടമിത്തരുണിയെ വിടുന്നതി-
 നൊട്ടുമേ മടിക്കൊല്ലാ‍
 പുഷ്ടഗര്‍വ്വമിതു ചെയ്തിടായ്കിലോ നീ
‍ ദുഷ്ട നിഷ്ടുര മുഷ്ടിഘട്ടന-
 നഷ്ടചേഷ്ടനായ്‌വരും ശഠ!”
(“നീച കീചക രേ നരാധമ നീച”)
{എടാ, നീചനായ കീചകാ, നരാധമാ, നീചാ, ഹോ! അനാചാരമായ കൃത്യങ്ങള്‍ കണ്ടാല്‍ ആദിത്യന്റെ ആജ്ഞാനുവര്‍ത്തിയായ ഈ രാക്ഷസേന്ദ്രന്‍ പൊറുക്കുമോ? കഷ്ടം! ഈ സ്ത്രീയെ വിടുന്നതിന് ഒട്ടും മടിക്കേണ്ട. അധികമായ ഗര്‍വ്വം മൂലം നീ അതുചെയ്തില്ലെങ്കില്‍ ഏടാ, ദുഷ്ടാ, എന്റെ കടുത്ത മുഷ്ടിപ്രഹരമേറ്റ് നിന്റെ ചലനശേഷി നഷ്ടപ്പെടും.}

കീചകന്‍:
ചരണം2:
“യാതുധാനകീടക ഭയമെനി-
 ക്കേതുമുള്ളിലില്ലെടാ
 വീതശങ്കമിഹ പോരിലിന്നു നിന്നെ
 പ്രേതനാഥനികേതനത്തിനു
 ദൂതനാക്കുവാനില്ല സംശയം”
പല്ലവി:
“ഏഹി മൂഢമതേ വീരനെങ്കിലേഹി മൂഢമതേ”
{രാക്ഷസകീടമേ, എനിക്ക് ഉള്ളില്‍ ഒട്ടും ഭയമില്ലടാ. ശങ്കയില്ലാതെ ഇവിടെ പോരില്‍ നിന്നെ ഞാനിന്ന് യമപുരിയിലേയ്ക്ക് ദൂതനാക്കുന്നുണ്ട്, സംശയമില്ല. മൂഢബുദ്ധീ, വാ, മൂഢമതേ, വീരനെങ്കില്‍ വാ.}

ശേഷം യുദ്ധവട്ടം-
ഇരുവരും പരസ്പരം പോരിനുവിളിച്ച് മുറയ്ക്ക് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ മദോത്ക്കടന്‍ കീചകനെ കടന്നുപിടിച്ച് ഇടതുവശത്തേയ്ക്ക് ആഞ്ഞ് എറിയുന്നു. കീചകന്‍ ചുറ്റികറങ്ങി കറങ്ങി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു.
മദോത്ക്കടന്‍:(കീചകന്‍ കറങ്ങി ദൂരെ പോയി വീഴുന്നതുകണ്ടിട്ട്) ‘ആ, അങ്ങിനെ തന്നെ.’ (കൃതാര്‍ത്ഥതയോടെ) ‘ഇനി വേഗം ചെന്ന് സ്വാമിയെ കണ്ട് വിവരം അറിയിക്കുകതന്നെ’
മദോത്ക്കടന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: