2010, മാർച്ച് 25, വ്യാഴാഴ്‌ച

കീചകവധം ഒന്‍പതാം രംഗം

രംഗത്ത്-സുദേഷ്ണ‍, സൈരന്ധ്രി

ശ്ലോകം-രാഗം:ഊശാനി
“അഭ്യര്‍ത്ഥിതാ തേന മുഹുസ്സുദേഷ്ണാ
 കൃഷ്ണാം കദാചിന്മധുയാചനാര്‍ത്ഥം
 സമീപമാത്മീയസഹോദരസ്യ
 നിനീഷുരേഷാ മധുരം ബഭാഷേ”
{കീചകനാല്‍ വീണ്ടും വീണ്ടും അഭ്യര്‍ദ്ധിക്കപ്പെട്ടതിനാല്‍ സുദേഷ്ണ ഒരിക്കല്‍ മധു ആവശ്യപ്പെടുവാന്‍ തന്റെ സഹോദരന്റെ സമീപത്തേയ്ക്ക് പാഞ്ചാലിയെ അയയ്ക്കുവാനാഗ്രഹിച്ചുകൊണ്ട് അവളോട് മധുരമായി പറഞ്ഞു.}

വലത്തുഭാഗത്ത് പീഠത്തില്‍ സുദേഷ്ണ ഇരിക്കുന്നു. ഇടതുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന സൈരന്ധ്രി സുദേഷ്ണയെ കണ്ട്, വണങ്ങി, സമീപം നില്‍ക്കുന്നു. സുദേഷ്ണ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

സുദേഷ്ണയുടെ പദം-രാഗം:ഊശാനി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ”
അനുപല്ലവി:
“ആനനനിന്ദിതചന്ദ്രേ അയിസഖി നീ ശൃണുവചനം”
(“മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ”)
ചരണം1:
“പരിചൊടു  നീ മമ സവിധേ പകലിരവും വാഴുകയാല്‍
 ഒരു ദിവസം ക്ഷണമതുപോല്‍ ഉരുസുഖമേ തീര്‍ന്നിതു മേ”
(“മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ”)
ചരണം2:
“ഇന്നിഹ ഞാനൊരു കാര്യം ഹിതമൊടു ചൊല്ലീടുന്നേന്‍
 ഖിന്നതയിങ്ങതിനേതും കിളിമൊഴി നീ കരുതരുതേ”
(“മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ”)
ചരണം3:
“സോദരമന്ദിരമതില്‍ നീ സുഭഗതരേ ചെന്നധുനാ
 ഓദനവും മധുവുംകൊണ്ടു ഉദിതമുദാ വരിക ജവാല്‍”
(“മാനിനിമാര്‍ മൌലിമണേ മാലിനീ നീ വരികരികേ”)
{സുന്ദരിമാര്‍ ശിരസ്സിലണിയുന്ന രത്നമേ, മാലിനീ, നീ അരികില്‍ വരിക. ചന്ദ്രനെകൂടി നിന്ദിക്കതക്ക മുഖകാന്തിയുള്ളവളേ, എടോ സഖീ, നീ, പറയുന്നത് ശ്രവിച്ചാലും. നീ എന്റെ സവിധത്തില്‍ രാപ്പകല്‍ വാഴുന്നതിനാല്‍ പരമസുഖത്തോടെ എനിക്ക് ഒരോ ദിവസവും ഒരു നിമിഷത്തിനു തുല്യമായിതീരുന്നു. ഇന്ന് ഇവിടെ ഞാന്‍ ഹിതമായൊരു കാര്യം പറയുന്നു. കിളിമൊഴി, ഇതിന് ഒട്ടും വൈഷമ്യം വിചാരിക്കരുത്. ഏറ്റവും സൌന്ദര്യമുള്ളവളേ, നീ സോദരന്റെ മന്ദിരത്തില്‍ ചെന്ന് അവിടെനിന്നും ചോറും മദ്യവും വാങ്ങിക്കൊണ്ട് സസന്തോഷം വേഗം വന്നാലും.}

ഈ പദം(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ചത്) ഇവിടെ ശ്രവിക്കാം.
“മാലിനീ നീ വരികരികേ” (സുദേഷ്ണ‍-കലാ:മുകുന്ദന്‍‍, സൈരന്ധ്രി-കോട്ട:ശിവരാമന്‍‍)
സുദേഷ്ണയുടെ നിര്‍ദ്ദേശം കേട്ട് സൈരന്ധ്രി ഞെട്ടുകയും സങ്കടപ്പെടുകയും ചെയ്യുന്നു. ഗായകർ തുടർന്ന് ദണ്ഡകം ആലപിക്കുന്നു.

ദണ്ഡകം-^
ചരണം1:
“ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
 രേണീവിലോചന നടുങ്ങി
 മിഴിയിണകലങ്ങീ- വിവശതയില്‍ മുങ്ങീ
 പലതടവുമതിനു പുനരവളൊടു പറഞ്ഞളവു
 പരുഷമൊഴി കേട്ടുടനടങ്ങീ-”
ചരണം2:
“ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-
 മാസ്യം നമിച്ചു പുനരേഷാ
 വിജിതസുരയോഷാ- വിഗതപരിതോഷാ
 ശ്രമസലില ബഹുലതര നയനജലമതിലുടനെ
 മുഴുകിബത മലിനതരവേഷാ-“
ചരണം3:
“ഗാത്രം വിറച്ചതതിമാത്രം കരത്തിലഥ
 പാത്രം ധരിച്ചവിടെ നിന്നൂ
 പരിചൊടു നടന്നൂ- പഥി കിമപി നിന്നൂ
 ഹരിണരിപുവരസഹിത ദരിയിലിഹ പോകുമൊരു
 ഹരിണിയിയുടെ വിവശത കലര്‍ന്നൂ”
ചരണം4:
“നിശ്വസ്യ ദീര്‍ഘമഥ വിശ്വസ്യനാഥമപി
 വിശ്വസ്യ ചേതസി സുജാതാ
 ധൃതിരഹിതചേതാ- ധൃതപുളകജാതാ
 സൂതസുതനുടെ മണിനികേതമതിലവള്‍ ചെന്നു
 ഭീതിപരിതാപപരിഭൂതാ”
{രാജപത്നിയുടെ വാക്കുകള്‍ കേട്ട് പേടമാന്‍ മിഴിയാള്‍ നടുങ്ങി, കണ്ണുകള്‍ കലങ്ങി, വിവശതയില്‍ മുങ്ങി, പിന്നെ അതിന് പല തടസ്സങ്ങളും അവളോട് പറഞ്ഞുനോക്കി. അപ്പോള്‍ പരുഷമായ വാക്കുകേട്ട് പെട്ടന്ന് അടങ്ങി. ദേവസ്ത്രീകളെ വെല്ലുന്നവളും സന്തോഷം നശിച്ചവളുമായ അവള്‍ സകലജനങ്ങള്‍ക്കും പരിഹാസ്യമാണല്ലോ ദാസ്യവേല എന്നോര്‍ത്ത്  മുഖം കുനിച്ചു. വിയര്‍പ്പിലും, അധികതരമായ കണ്ണുനീരിലും മുഴുകി രൂപം മലിനതരമായിത്തീര്‍ന്നു, ദേഹം വല്ലാതെ വിറച്ചു, പാത്രം എടുത്തുകൊണ്ട് അവിടെ നിന്നു, പതുക്കെ നടന്നു, വഴിയില്‍ സ്തംഭിച്ചുനിന്നു. സിംഹശ്രേഷ്ഠന്റെ ഗുഹയിലേയ്ക്ക് പോകുന്നൊരു മാന്‍പേടയേപ്പോലെ വിവശയായി, മനോധൈര്യമില്ലാത്തവളായി നെടുവീര്‍പ്പിട്ട്, മനസ്സില്‍ ലോകനാഥനെ വിശ്വസിച്ച് രോമാഞ്ചം കൊണ്ടു, ഭീതിപരിതാപങ്ങള്‍ വര്‍ദ്ധിച്ചവളായിക്കൊണ്ട് സൂതസുതന്റെ മണിമന്ദിരത്തിലേയ്ക്ക് ചെന്നു.}

[^സുദേഷ്ണയുടെ ആജ്ഞ കേള്‍ക്കുന്നതുമുതല്‍ കീചകസന്നിധിയില്‍ എത്തുന്നതുവരേയുള്ള മാലിനിയുടെ വിചാരചേഷ്ടകളെയാണ് ഈ ദണ്ഡകത്തിലൂടെ അവതരിപ്പിക്കുന്നത്. ദണ്ഡകത്തില്‍ ‘നടുങ്ങി’ എന്നാലപിക്കുന്നതിനൊപ്പം മാലിനി ഞെട്ടുകയും വിലപിക്കുകയും, തുടര്‍ന്ന് ആലസ്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ‘പലതടവുമതിനു പുനരവളൊടു പറഞ്ഞളവു‘ എന്നതിതോടെ മാലിനി സുദേഷ്ണയുടെ കാല്‍ക്കല്‍ മുട്ടുകുത്തി ‘അയ്യോ! എന്നെ അങ്ങോട്ട് അയയ്ക്കരുതേ’ എന്ന് അപേക്ഷിക്കുന്നു. ‘പരുഷമൊഴികേട്ടുടനടങ്ങീ’ എന്നാലപിക്കുന്നതോടെ സുദേഷ്ണ ഗൌരവത്തില്‍ ‘നീതന്നെ പോകണം‘ എന്ന് ആജ്ഞാപിച്ചിട്ട് പെട്ടന്നെഴുന്നേറ്റ് നിഷ്ക്രമിക്കുന്നു. മാലിനി ദു:ഖം കടിച്ചമര്‍ത്തുന്നു. ‘സമസ്തജനഹാസ്യം’ എന്നതോടെ മാലിനി ദാസ്യവേലയുടെ പരിഹാസ്യതയോര്‍ത്ത് വ്രീളയോടെ മുഖം കുനിക്കുന്നു. ‘വിഗതപരിതോഷാ’ എന്നതിനൊപ്പം പൊട്ടികരയുന്നു. തേങ്ങികരഞ്ഞുകൊണ്ടിരിക്കുന്ന മാലിനി ‘മലിനതരവേഷാ’ എന്നതോടെ ഉറുമാലുകൊണ്ട് കണ്ണീരൊപ്പുന്നു. ‘ഗാത്രം വിറച്ചതതിമാത്രം’ എന്നതിനൊപ്പം ദേഹം വിറയ്ക്കുന്നു. ‘പാത്രം ധരിച്ചവിടെ നിന്നൂ’ എന്നതിനൊപ്പം മാലിനി പാത്രമെടുത്ത് ഇടത്തുകയ്യില്‍ പിടിച്ച് നില്‍ക്കുന്നു. ‘പരിചൊടു നടന്നു’ എന്നതോടെ സൈരന്ധ്രി മുന്നോട്ട് പതുക്കെ നടക്കുകയും ‘കിമപിനിന്നു’ എന്നതിനൊപ്പം സ്തംഭിച്ച് നില്‍ക്കുകയും ചെയ്യുന്നു. ‘വിവശത കലര്‍ന്നു’ എന്നാലപിക്കുന്നതോടെ ഭയപ്പെട്ട് കരയുന്ന മാലിനി ക്ഷീണിതയാകുന്നു. ‘നിശ്വസ്യ ദീര്‍ഘമഥ’ എന്നതിനൊപ്പം നെടുവീര്‍പ്പിടുകയും, മാലിനി മുകളിലേയ്ക്കു നോക്കി ‘അല്ലയോ നാഥാ, എന്നെ കാക്കേണമേ’ എന്ന് പ്രാര്‍ത്ഥിക്കുകയും, ‘ധൃതപുളകജാതാ’ എന്നതിനൊപ്പം രോമാഞ്ജം കൊള്ളുകയും ചെയ്യുന്നു.]ഈ ദണ്ഡകം(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ചത്) ഇവിടെ ശ്രവിക്കാം.
ദണ്ഡകാവസാനത്തില്‍ സൈരന്ധ്രി ഭയ-സങ്കടങ്ങളോടെ കീചകമന്ദിരത്തിലേയ്ക്ക് ചെല്ലുന്ന ഭാവത്തില്‍ പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: