2010, മാർച്ച് 26, വെള്ളിയാഴ്‌ച

കീചകവധം എട്ടാം രംഗം

രംഗത്ത്-സുദേഷ്ണ‍, കീചകന്‍

ശ്ലോകം-രാഗം:മാരധനാശി
“കൃശോദരീം താമിതി ഭാഷമാണാം
 സ്വസോദരീ ശാസനതോ വിധേയാം
 വിധാതു കാമോ വിഗതത്രപോസൌ
 ജഗാദ താം സൂതസുത: സുദേഷ്ണാം”
{ഇപ്രകാരം പറയുന്ന ആ സുന്ദരിയെ തന്റെ സോദരിയുടെ ശാസനകൊണ്ട് വിധേയയാക്കാം എന്നാഗ്രഹിച്ച് സൂതപുത്രന്‍ ലജ്ജകൈവിട്ട് സുദേഷ്ണയോട് പറഞ്ഞു.}

വലത്തുഭാഗത്ത് പീഠത്തില്‍ സുദേഷ്ണ ഇരിക്കുന്നു. ഇടതുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന കാമപീഡിതനായ കീചകന്‍ സുദേഷ്ണയെ കണ്ട്, വണങ്ങി, ഓച്ഛാനിച്ച് നില്‍ക്കുന്നു. തുടര്‍ന്ന് വിചാരിച്ച് ലജ്ജിച്ചശേഷം കീചകന്‍ പദാഭിനയം ആരംഭിക്കുന്നു.

കീചകന്റെ പദം-രാഗം:മാരധനാശി, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“സോദരി രാജ്ഞീമൌലിമാലികേ താവകം
 പാദപങ്കജമിതാ വണങ്ങുന്നേന്‍”
ചരണം2:
“സുന്ദരിമണിയാകും മാലിനീമൂലമായി
 കന്ദര്‍പ്പനാലേ ഞാനോ ജിതനായി”
ചരണം3:
“പലനാളുമഭിലാഷം പറഞ്ഞിട്ടുമവള്‍ മനം
 ശിലപോലെ മഹാരൂക്ഷം ശിവശിവ‍”
{സോദരീ, രാജ്ഞിമാരില്‍ ശ്രേഷ്ഠയായുള്ളവളേ, അവിടത്തെ പാദപങ്കജം ഇതാ വണങ്ങുന്നു. സുന്ദരീരത്നമായ മാലിനിമൂലം കാമദേവന്‍ എന്നെ ജയിച്ചിരിക്കുന്നു. പലനാളായി അഭിലാഷം പറഞ്ഞിട്ടും, ശിവ!, ശിവ!, അവളുടെ മനസ്സ് ശിലപോലെ ഏറെ കഠിനം.}

സുദേഷ്ണയുടെ പദം-രാഗം:എരിക്കലകാമോദരി, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“സോദര ശൃണു മമ വചനം
 മേദുരഗുണനയവേദികളുടെ മൌലേ”
ചരണം2:
“നല്ലതിനല്ല നീ താന്‍ തുടങ്ങുന്നു ധരിച്ചാലും
 നിര്‍ല്ലജ്ജനായിട്ടേവം ചൊല്ലായ്ക മഹാമതേ“
ചരണം3:
“ഗന്ധര്‍വ്വന്മാരഞ്ചുപേര്‍ അവളുടെ രമണന്മാര്‍
 അന്ധത്വംകൊണ്ടു നീയും അനര്‍ത്ഥങ്ങള്‍ വരുത്തൊല്ലാ‍”
{സോദരാ, വിശിഷ്ഠമായ ഗുണങ്ങളും നയങ്ങളുമുള്ളവരില്‍ അഗ്രഗണ്യനായവനേ, എന്റെ വാക്കുകള്‍ കേള്‍ക്കുക. നല്ലതിനല്ല നീ തുടങ്ങുന്നത് എന്നറിഞ്ഞാലും. മഹാമതേ, നിര്‍ലജ്ജനായിട്ട് ഇങ്ങിനെ പറയരുത്. ഗന്ധര്‍വ്വന്മാര്‍ അഞ്ചുപേരാണ് അവളുടെ ഭര്‍ത്താക്കന്മാര്‍. മൂഢതകൊണ്ട് നീ അനര്‍ത്ഥങ്ങള്‍ വരുത്തരുത്.}

കീചകന്‍:
ചരണം4:
“അഞ്ചുഗന്ധര്‍വ്വന്മാരെ ജയിപ്പാന്‍ പോരുമേകന്‍ ഞാന്‍
 പഞ്ചബാണനെ വെല്‍‌വാനെളുതല്ലേ”
{അഞ്ച് ഗന്ധര്‍വ്വന്മാരെ ജയിക്കുവാന്‍ ഞാനൊരാള്‍ മതി. എന്നാല്‍ പഞ്ചബാണനെ ജയിക്കുവാനാകുന്നില്ല.}
“പഞ്ചബാണനെ വെല്‍‌വാനെളുതല്ലേ” (സുദേഷ്ണ-‍‍സുദേഷ്ണ-കോട്ട:ഹരികുമാര്‍, കീചകന്‍-മടവൂര്‍ വാസുദേവന്‍ നായര്‍)
സുദേഷ്ണ:
ചരണം4:
“എന്നാല്‍ ഞാനൊരുദിനമവളെ വല്ലവിധവും
 നിന്നുടെ പുരത്തിലയച്ചീടാം ഗമിച്ചാലും”
{എന്നാല്‍ ഞാന്‍ ഒരു ദിനം അവളെ വല്ലവിധവും നിന്റെ പുരത്തിലേയ്ക്ക് അയക്കാം, പോയാലും}
“എന്നാല്‍ ഞാനൊരുദിനമവളെ” (കലാ:കുമുന്ദന്‍‍, കീചകന്‍-കലാ:രാമന്‍‌കുട്ടി നായര്‍)
ശേഷം ആട്ടം-
കീചകന്‍ സുദേഷ്ണയെ നമസ്ക്കരിച്ചിട്ട് തൊഴുത് ഓച്ഛാനിച്ച് നില്‍ക്കുന്നു.
കീചകന്‍:‘എന്നാല്‍ ഞാന്‍ പോകട്ടെയോ?അവളെ അയയ്ക്കുമല്ലോ?’
സുദേഷ്ണ:‘സമാധാനത്തോടെ പോയാലും’
കീചകന്‍ സന്തോഷിച്ച് വീണ്ടും ബഹുമാനത്തോടെ തൊഴുത്  പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുന്നു*.
-----(തിരശ്ശീല)-----

എട്ടാം രംഗത്തില്‍ തെക്കന്‍ സമ്പ്രദായത്തിലുള്ള പ്രധാന വത്യാസം

*തെക്കന്‍ സമ്പ്രദായത്തില്‍ ആട്ടശേഷം കീചകനല്ല, അനുഗ്രഹിച്ചുകൊണ്ട് സുദേഷ്ണയാണ് നിഷ്ക്രമിക്കുന്നത്. സുദേഷ്ണയെ അയച്ച് തിരിഞ്ഞ് രംഗത്തേയ്ക്കുവരുന്ന കീചകന്‍ ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് സ്വഗൃഹത്തിലെത്തുന്നു. അവിടെ മഞ്ചവും മറ്റും ഒരുക്കി, സ്വയം ചമഞ്ഞൊരുങ്ങി, ലേശം മദ്യസേവയും നടത്തി കീചകന്‍ മാലിനിയെ പ്രതീക്ഷിച്ച് ഇരിക്കുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: