2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച

വടക്കന്‍ രാജസൂയം

ഒരേ പുരാണകഥയെ അടിസ്ഥാനമാക്കിത്തന്നെ പലരും 
ആട്ടക്കഥകൾ രചിക്കുക ഉണ്ടായിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് പ്രചാരം സിദ്ധിക്കുക ഇതിൽ ഒരു ആട്ടക്കഥയ്ക്ക് മാത്രമാവും. ഒരേ പേരിൽ രചിക്കപ്പെട്ടതും ഇന്നും അവതരിപ്പിക്കപ്പെട്ടുവരുന്നതുമായ ഒരു ആട്ടക്കഥയാണ് രാജസൂയം. ദക്ഷിണകേരളത്തിൽ പ്രചാരമുള്ളതും 'തെക്കൻ രാജസൂയം' എന്ന് പറയപ്പെടുന്നതുമായ ആട്ടകഥ കാർത്തികതിരുനാൾ മഹാരാജവുകൊണ്ട് കൽപ്പിച്ചുണ്ടാക്കിയതാണ്. ഉത്തരകേരളത്തിൽ പ്രചാരത്തിൽവന്നതും 'വടക്കൻ രാജസൂയം' എന്ന് അറിയപ്പെടുന്നതുമായ ആട്ടക്കഥ  എളയിടത്തു നമ്പൂതിരിയാൽ രചിക്കപ്പെട്ടതും.

കഥാസംഗ്രഹം
പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ സ്വൈരമായി
വസിക്കുന്നകാലത്ത് ഒരിക്കല്‍ ധര്‍മ്മപുത്രന്‍ തന്റെ ധര്‍മ്മപത്നിയായ പാഞ്ചാലിയോട് സംഭാഷണം ചെയ്യുന്നതാണ് ആദ്യരംഗം. ധര്‍മ്മപുത്രന്‍, അര്‍ജ്ജുനന്റെ ബലവീര്യത്താല്‍ തങ്ങള്‍ക്കു ലഭ്യമായ ആ വിശ്വോത്തരമായ കൊട്ടാരത്തിന്റെ വിശേഷങ്ങളെ പ്രശംസിക്കുന്നു. രണ്ടാം രംഗത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലെത്തുന്ന നാരദമഹര്‍ഷിയെ സല്‍ക്കരിച്ചിരുത്തി ധര്‍മ്മപുത്രന്‍ ആഗമനോദ്ദേശം ആരായുന്നു. നാരദന്‍ പാണ്ഡു പറഞ്ഞയച്ചതുപ്രകാരം ധര്‍മ്മസുതനോട് രാജസൂയയാഗം അനുഷ്ടിക്കുവാന്‍ ആവശ്യപ്പെടുന്നു. ധര്‍മ്മപുത്രന്‍ ഈ കാര്യത്തില്‍ കൃഷ്ണന്റെ അഭിപ്രായം അറിയുവാന്‍ ആഗ്രഹിക്കുന്നു. താമസിയാതെ തന്നെ കൃഷ്ണനെ കൂട്ടിക്കൊണ്ടുവരാം എന്നു പറഞ്ഞ് നാരദര്‍ ദ്വാരകയിലേയ്ക്ക് യാത്രയാകുന്നു. ഇക്കാലത്ത് ഒരിക്കല്‍ ബലഭദ്രന്‍ പ്രണയിനിമാരുമായി രൈകതപര്‍വ്വതത്തില്‍ മധുപാനരസത്തില്‍ ലോലുപനായി വിഹരിക്കുന്നു രംഗം മൂന്നില്‍. നാലാം രംഗത്തില്‍, മിത്രമായിരുന്ന നരകാസുരനെ വധിച്ചതില്‍ ശ്രീകൃഷ്ണനോടുള്ള പകപോക്കുവാന്‍ തക്കം പാര്‍ത്തിരുന്ന വിവിദന്‍ എന്ന വാനരശ്രേഷ്ഠന്‍ രൈകതത്തിലെത്തി ബലഭദ്രനെ കാണുന്നു. അനന്തരം ബലദേവന്‍ മധുപാനം ചെയ്ത് മയങ്ങികിടക്കവെ വിവിദന്‍ ബലദേവപത്നിമാരെ അപഹരിക്കുവാന്‍ ശ്രമിക്കുന്നു രംഗം അഞ്ചില്‍. പെട്ടന്ന് ഉണരുന്ന ബലഭദ്രര്‍ യുദ്ധത്തില്‍ വിവിദനെ വധിക്കുന്നു. ആറാം രംഗത്തില്‍ നാരദന്‍ ദ്വാരകയിലെത്തി ശ്രീകൃഷ്ണനെ കാണുകയും, ധര്‍മ്മപുത്രന്റെ യാഗോദ്ദേശ്യത്തെ അറിയിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്‍ സസന്തോഷാദരം അതിനെ അഭിനന്ദിക്കുകയും ഉടന്‍ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോകാന്‍ ഉറപ്പിച്ചുകൊണ്ട് നാരദരെ യാത്രയാക്കുകയും ചെയ്യുന്നു. തത്സമയം ജരാസന്ധനാല്‍ പീഡിതരായ 228 രാജാക്കന്മാരുടെ സന്ദേശവാഹകനായ ഒരു ബ്രാഹ്മണന്‍ വന്ന്, ജരാസന്ധനെ വധിച്ച് രാജാക്കന്മാരെ രക്ഷിക്കണമെന്ന് ശ്രീകൃഷ്ണനോട് അപേക്ഷിക്കുന്നു രംഗം ഏഴില്‍. അങ്ങിനെ ചെയ്തുകൊള്ളാം എന്ന് സത്യംചെയ്ത് ശ്രീകൃഷ്ണന്‍ ബ്രാഹ്മണനെ സന്തോഷിപ്പിച്ച് യാത്രയാക്കുന്നു. തുടര്‍ന്ന് രാജസൂയമോ ജരാസന്ധവധമോ ആദ്യം വേണ്ടത് എന്ന് ശ്രീകൃഷ്ണന്‍ തന്റെ വിശ്വസ്തമന്ത്രിവര്യനായ ഉദ്ധവനുമായി ആലോചിക്കുന്നു. രാജസൂയത്തിന് സകലരാജാക്കന്മാരേയും ജയിക്കേണ്ടതാകയാല്‍ ഈ രണ്ടു കാര്യങ്ങളും ഒന്നിച്ചുതന്നെ നടത്താമെന്നുള്ള ഉദ്ധവോക്തി സ്വീകരിച്ച് ഭഗവാന്‍ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെടുന്നു. എട്ടാം രംഗത്തില്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി ധര്‍മ്മപുത്രനുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിച്ചശേഷം ശ്രീകൃഷ്ണന്‍ ജരാസന്ധവധത്തിനായി ഭീമാര്‍ജ്ജുനന്മാരേയും കൂട്ടി മഗധത്തിലേയ്ക്ക് ഗമിക്കുന്നു. ഒന്‍പതാം‌രംഗത്തില്‍ ശ്രീകൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ബ്രാഹ്മണവേഷത്തില്‍ ജരാസന്ധനെ സമീപിക്കുന്നു. ബ്രാഹ്മണരെ സ്വീകരിച്ചിരുത്തുന്ന ജരാസന്ധനെകൊണ്ട് ശ്രീകൃഷണന്‍ തങ്ങള്‍ ആവശ്യപ്പെടുന്നത് നല്‍കിക്കൊള്ളാം എന്ന് സത്യം ചെയ്യിക്കുന്നു. തുടര്‍ന്ന് കൃഷ്ണന്‍ ജരാസന്ധനോട് ദ്വന്ദയുദ്ധം ആവശ്യപ്പെടുകയും തങ്ങള്‍ ആരുക്കെയാണെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ആശ്ചര്യസ്തബ്ധനാകുന്ന ജരാസന്ധന്‍ അവരെ പരിഹസിക്കുകയും ഭീമനുമായി യുദ്ധം ചെയ്യാനുറയ്ക്കുകയും ചെയ്യുന്നു. 15ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ കൃഷ്ണനിദ്ദേശാനുസ്സരണം ഭീമന്‍ ജരാസന്ധനെ രണ്ടായി കീറി കടതലകള്‍ വിപരീതമായി ഇട്ട് വധിക്കുന്നു. അനന്തരം ജരാസന്ധപുത്രനായ സഹദേവനെ മഗധാരാജാവായി വാഴിക്കുകയും, കാരഗ്രഹത്തില്‍ കിടന്ന 228 രാജാക്കന്മാരേയും മോചിപ്പിക്കുകയും ചെയ്തിട്ട് കൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങുന്നു. പത്താം രംഗത്തില്‍ ഇന്ദ്രപ്രസ്ഥത്തില്‍ മടങ്ങിയെത്തുന്ന അര്‍ജ്ജുനന്‍ ധര്‍മ്മപുത്രരെ വിവരങ്ങളെല്ലാം ധരിപ്പിക്കുന്നു. സമ്പ്രീതനായ ധര്‍മ്മസുതന്‍ ശ്രീകൃഷ്ണനെ പ്രശംസിച്ച് ദ്വാരകയിലേയ്ക്ക് യാത്രയാക്കുന്നു. തുടര്‍ന്ന് പാണ്ഡവര്‍ ദിഗ്വിജയം നടത്തുന്നു. ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ മടങ്ങിയെത്തി തന്റെ സ്വല്പദിവസത്തെ വിരഹത്താല്‍ പരവശകളായ പ്രിയതമമാരെ സ്വാന്തനിപ്പിച്ച് താമസിയാതെ സ്വജനപരിവാര സമേതം രാജസൂയത്തിനായി വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെടുന്നു രംഗം 11ല്‍. പന്ത്രണ്ടാം രംഗത്തില്‍ തന്റെ ഉറ്റമിത്രമായ ജരാസന്ധന്റെ വധത്തില്‍ അമര്‍ഷം‌പൂണ്ട ശിശുപാലന്‍ പ്രതികാരം ചെയ്യേണ്ടതെങ്ങിനെ എന്ന് അനുജനും കാരുഷരാജാവുമായ ദന്ദവക്ത്രനുമായി ആലോചിക്കുന്നു. രാജസൂയത്തില്‍ വെച്ചുതന്നെ പകരംവീട്ടാന്‍ അവസരം ലഭ്യമാകും എന്ന ദന്ദവക്ത്രന്റെ അഭിപ്രായം മാനിച്ച് ഇരുവരും പരിവാരസമേതം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെടുന്നു. രംഗം 13ല്‍ രാജസൂയ യാഗശാലയിലെത്തുന്ന ശിശുപാലന്‍ അവിടെ ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണന് അഗ്രപൂജ നല്‍കുന്നതുകണ്ട് അസൂയാഹങ്കാരോന്മത്തനായി പാണ്ഡവാദികളേയും ശ്രീകൃഷ്ണനേയും അതികഠിനമായി അധിക്ഷേപിക്കുന്നു. അതുകേട്ട് പൊറുക്കാനാവാതെ അര്‍ജ്ജുനന്‍ ശിശുപാലനോട് യുദ്ധം ചെയ്യുന്നു. യുദ്ധമദ്ധ്യേ ശ്രീകൃഷ്ണന്‍ വിശ്വരൂപം ധരിച്ച് സുദര്‍ശ്ശനചക്രത്താല്‍ ശിശുപാലന്റെ കണ്ഠം ഛേദിച്ച് മോക്ഷം നല്‍കുന്നു. അനന്തരം നിര്‍വ്വിഘ്നമാംവണ്ണം രാജസൂയയാഗം പൂര്‍ത്തീകരിച്ച ധര്‍മ്മപുത്രരെ ശ്രീകൃഷ്ണന്‍ ആശംസിക്കുന്നതോടുകൂടി ആട്ടകഥ പൂര്‍ണ്ണമാകുന്നു.
മൂലകഥയില്‍ നിന്നുള്ള വെതിയാനങ്ങള്‍
മഹാഭാരതം ‘സഭാപര്‍വ്വം’ പൂര്‍വ്വഭാഗത്തിലും, മഹാഭാഗവതം
ഉത്തരാര്‍ദ്ധത്തിലുമായി(അദ്ധ്യായം67 മുതല്‍ 74വരെ) വരുന്ന കഥയാണ് രാജസൂയം. എഴുത്തച്ഛന്റെ കിളിപ്പാട്ടുഭാരതത്തിനെ ആധാരമാക്കിയാണ് ആട്ടകഥ രചിച്ചിരിക്കുന്നതെന്ന് ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷമാക്കുന്നു.

1.വിവിദവധം ഭാരതത്തില്‍ പ്രസ്ഥാപിക്കുന്നില്ല. ഇത് ഭാഗവതത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

2.മൂലകഥയില്‍ ജരാസന്ധനെകൊണ്ട് ബ്രാഹ്മണര്‍ സത്യംചെയ്യിക്കുന്നതായി ഇല്ല.

3.അഗ്രപൂജ ചെയ്യുന്നത് സഹദേവനാണെന്നാണ് മൂലത്തില്‍. ആട്ടകഥയില്‍ ധര്‍മ്മപുത്രര്‍ ബ്രാഹ്മണരെക്കൊണ്ട് പൂജിക്കുന്നതായാണ് പറയുന്നത്.

തെക്കൻ രാജസൂയം ആട്ടകഥയുമാള്ള പ്രധാന വെത്യാസങ്ങൾ
1.നാരദൻ ധർമ്മപുത്രനെ സന്ദർശ്ശിക്കുന്നതും, ബലരാമൻ വിവിദനെ വധിക്കുന്നതുമായ കഥാഭാഗങ്ങളും(ആദ്യത്തെ 6രംഗങ്ങൾ), ജരാന്ധവധാനന്തരം ശ്രീകൃഷ്ണൻ ദ്വാരകയിൽ മടങ്ങിയെത്തി പത്നിമാരെ സാന്ത്വനിപ്പിക്കുന്ന ഭാഗവും(രംഗം12), ശിശുപാലൻ അനുജനായ ദന്തവക്ത്രനുമായി കൂടിയാലോചിക്കുന്ന ഭാഗവും(രംഗം13), വടക്കൻ രാജസൂയത്തിൽ മാത്രമെ ഉള്ളു, തെക്കനിൽ ഇല്ല.
2.ധർമ്മപുത്രനും പാഞ്ചാലിയുമായുള്ള രംഗത്തോടെ വടക്കൻ രാജസൂയം ആരംഭിക്കുമ്പോൾ ശ്രീകൃഷ്ണനും പത്നിമാരുമായുള്ള രംഗത്തോടെയാണ് തെക്കൻ രാജസൂയം ആരംഭിക്കുന്നത്.

3.നാരദൻ ആദ്യവും തുടർന്ന് രാജാക്കന്മാരുടെ ദൂതനും യാദവസഭയിലെത്തുന്നതായാണ് വടക്കൻ രാജസൂയം ആട്ടക്കഥയിൽ. എന്നാൽ മറിച്ചാണ് തെക്കനിലുള്ളത്. തെക്കൻ രാജസൂയത്തിൽ രാജദൂതനാണ് ശ്രീകൃഷ്ണസമീപം വരുന്നത്. വടക്കനിൽ രാജാക്കന്മാരുടെ ദൂതനായി എത്തുന്നത് ഒരു ബ്രാഹ്മണനാണ്.

4.വടക്കൻ രാജസൂയത്തിൽ ജരാസന്ധൻ ചുവന്നതാടി വേഷമാണ്. എന്നാൽ തെക്കനിൽ ജരാസന്ധൻ കത്തിവേഷമാണ്.

5.ജരാസന്ധന്റെ ബന്ധനത്തിൽ നിന്നും മോചിതരാക്കപ്പെടുന്ന രാജാക്കന്മാർ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതായ രംഗം(ആറാം രംഗം) തെക്കൻ രാജസൂയത്തിൽ മാത്രമെ ഉള്ളു. വടക്കനിൽ ഇല്ല.

6.വടക്കൻ രാജസൂയത്തിൽ ശിശുപാലൻ കത്തിവേഷമാണ്. എന്നാൽ തെക്കനിൽ ശിശുപാലൻ ചുവന്നതാടി വേഷമാണ്.

7.ശിശുപാലവധാനന്തരം ഭംഗിയായി രാജസൂയയാഗം പൂർത്തീകരിച്ച് ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതോടുകൂടി വടക്കൻ രാജസൂയം പൂർണ്ണമാകുന്നു. എന്നാൽ ശിശുപാലന്റെ വധമറിഞ്ഞ് യുദ്ധത്തിനെത്തുന്ന സുഹൃത്തായ വേണൂദാരിയേയും കിങ്കരരേയും ബലരാമൻ വധിക്കുന്നതോടെയാണ് തെക്കൻ രാജസൂയം ആട്ടകഥ അവസാനിക്കുന്നത്.
രംഗാവതരണത്തിലെ പ്രത്യേകതകള്‍
ഈ ആട്ടകഥയ്ക്ക് കാവ്യഗുണം കുറയുമെങ്കിലും
കഥകളിസമ്പ്രദായത്തില്‍, അതിന്റെ എല്ലാ വ്യവസ്ഥകളോടും കൂടി, ഭംഗിയായി അവതരിപ്പിക്കുവാന്‍ പാകത്തിനുള്ളതാണ് ഇതിലെ പദങ്ങളെല്ലാംതന്നെ.ഒന്നാംതരം കത്തിക്കും(ശിശുപാലന്‍), ഒന്നാംതരം താടിക്കും(ജരാസന്ധന്‍), ഇടത്തരക്കാര്‍ക്കും(ബലഭദ്രന്‍, ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍) ഒന്നാംതരം കുട്ടിത്തരത്തിനും(കൃഷ്ണന്‍) നല്ല സാധ്യതകളുള്ളതാണ് ഈ ആട്ടകഥ. ബ്രാഹ്മണപ്രിയനും മഗധരാജനും അഭിമാനിയും ബലവാനുമായ ജരാസന്ധനെ ആ നിലയ്ക്കനുസ്സരിച്ച് അവതരിപ്പിക്കേണ്ടുന്ന സവിശേഷമായ ഒരു ചുവന്നതാടി വേഷമാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
ഈ ആട്ടകഥയിലെ 10,14 രംഗങ്ങള്‍ മാത്രമാണ് ഇന്ന്
സാധാരണയായി അവതരിപ്പിക്കപ്പെട്ടുവരുന്നത്. ഇതില്‍ തന്നെ പതിനാലാം രംഗം ശിശുപാലവധത്തോടെ അവസാനിപ്പിക്കുകയാണ് പതിവ്.

അഭിപ്രായങ്ങളൊന്നുമില്ല: