2010, ഫെബ്രുവരി 14, ഞായറാഴ്‌ച

ദുര്യോധനവധം 14മുതല്‍ 17വരെ രംഗങ്ങള്‍

പതിനാലാം രംഗം

ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

പതിനഞ്ചാം രംഗം

രംഗത്ത്-ദുശ്ശാസനന്‍(ഒന്നാംതരം ചുവന്നതാടിവേഷം), രൌദ്രഭീമൻ(പ്രിത്യേകമായ മുഖത്തുതേപ്പോടുകൂടിയ ഒന്നാംതരം പച്ചവേഷം), ദുര്യോധനന്‍,ശ്രീകൃഷ്ണന്‍, പാഞ്ചാലി

ശ്ലോകം-രാഗം:ഘണ്ടാരം
“ന്യസ്താസ്ത്രേ സുരസിന്ധുജേ സുതഹതിം ശ്രുത്വാ നിരസ്തായുധേ
 ദ്രോണേസൈന്യപതൌ ച പാര്‍ഷതഹതേ കര്‍ണ്ണേഥ സൈന്യേശ്വര
 സ്മാരം സ്മാരമപി സ്വദാരവസനാക്ഷേപം തദാക്ഷേപവാക്-
 ക്രോധോക്ഷിപ്തഗദോത്ഥിതേന ജഗൃഹേ ഭീമേന ദുശ്ശാസന:“
{ഗംഗാപുത്രന്‍ വില്ലുവെയ്ച്ചപ്പോള്‍ സൈന്യാധിപനായിതീര്‍ന്ന ദ്രോണര്‍ സുതന്‍ വീണതറിഞ്ഞ് ആയുധം ഉപേക്ഷിക്കുകയും പിന്നെ സൈന്യേശ്വരനായ കര്‍ണ്ണന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ സ്വഭാര്യയുടെ വസ്ത്രാക്ഷേപത്തെ ഓര്‍ത്തും അവന്റെ അധിക്ഷേപവാക്കുളെ ഓര്‍ത്തും ക്രുദ്ധിച്ച് ഗദ ചുഴറ്റി എഴുന്നേറ്റ ഭീമസേനനാല്‍ ദുശ്ശാസനന്‍ പിടിക്കപ്പെട്ടു.}

രണ്ടാം ദുശ്ശാസന്റെ തിരനോട്ടം-
ദുശ്ശാസനന്റെ ആട്ടം-
തിരനോട്ടത്തിനു ശേഷം വീണ്ടും തിരമാറ്റുമ്പോള്‍ ദുശ്ശാസനന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’വെയ്ച്ച് മുന്നോട്ടുവന്ന് അടര്‍ക്കളത്തിലെ കാഴ്ച്ചകള്‍ കണ്ട് വെറുപ്പുനടിക്കുന്നു. യോദ്ധാക്കളുടേയും ആന, കുതിര എന്നിവയുടേയും ശവക്കുന്നുകള്‍, നദിപോലെ ഒഴുകുന്ന രക്തച്ചാല്‍, തകര്‍ന്ന രഥഭാഗങ്ങള്‍, ഇവയ്ക്കിടയില്‍ മരണാസന്നരായി ശ്വാസംവലിച്ചു കിടക്കുന്നവര്‍ എന്നിങ്ങിനെയുള്ള കാഴ്ച്ചകള്‍ കണ്ട് മുന്നേറുന്ന ദുശ്ശാസനന്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹനേയും കാണുന്നു. ഇതെല്ലാം കണ്ട് ക്രുദ്ധനായിതീരുന്ന ദുശ്ശാസനന്‍ പാണ്ഡവരോട് പകവീട്ടാന്‍ തീരുമാനിക്കവേ ദൂരത്തായി ഗദയും ചുഴറ്റി വരുന്ന ഭീമനെ കാണുന്നു.
ദുശ്ശാസനന്‍:‘ഇനി ശത്രുവായ ആ ഭീമനെ എതിര്‍ത്ത് തോല്‍പ്പിക്കുകതന്നെ’
ദുശ്ശാസനന്‍ നാലാമിരട്ടികലാശം എടുത്തിട്ട് ഗദാധാരിയായി പിന്നോട്ട് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
തുടര്‍ന്ന് രംഗമദ്ധ്യത്തില്‍ പിന്നിലായി പീഠത്തില്‍ ഗദാധാരിയായി നിന്നുകൊണ്ട് രൌദ്രഭീമന്‍ തിരതാഴ്ത്തുന്നു. സ്വപത്നിക്കുവന്ന അപമാനത്തേയും, കൌരവരുടെ ദുഷ്പ്രവൃര്‍ത്തികളേയും, കുത്തുവാക്കുകളേയും ഓര്‍ത്തോര്‍ത്ത് വളര്‍ന്ന ക്രോധത്തോടെ രണാങ്കണത്തില്‍ ശത്രുവിനെ തേടി അലയുന്ന ഭീമന്‍ ദൂരത്തായി ദുശ്ശാസനെ കാണുന്നതോടെ അവനെ പോരിനു വിളിക്കുന്നു. പോരുവിളികേട്ട് ക്രുദ്ധനായ ദുശ്ശാസനന്‍ തിരിച്ചു പോരുവിളിച്ചുകൊണ്ട് സദസ്യര്‍ക്കിടയിലൂടെ രംഗത്തേക്ക് കയറുന്നു. ഭീമന്‍ പീഠത്തില്‍ നിന്നും ചാടിയിറങ്ങി ഓടിച്ചെന്ന് ദുശ്ശാസനനെ എതിരിടുന്നു. ഇരുവരും തിരക്കി നിന്നശേഷം ഭീമന്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ച് പദം ആടുന്നു.

യുദ്ധപദം-രാഗം:ഘണ്ടാരം, താളം:മുറിയടന്ത(മുറുകിയ കാലം)
ഭീമന്‍:
ചരണം1:
“നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ
 വല്ലഭതന്നുടെ വസ്ത്രം പറിച്ചതും
 വല്ലാത്തനുദ്യൂതമുണ്ടാക്കിവെച്ചതും
 എല്ലാം നിനച്ചിന്നു കൊല്ലാതയച്ചിടാ”
{നില്ലെടാ, നില്ലെടാ, നീയല്ലേ പണ്ട് എന്റെ വല്ലഭയുടെ വസ്ത്രം പറിച്ചതും വല്ലാത്ത അനുദ്യൂതം ഉണ്ടാക്കിവച്ചതും? എല്ലാം വിചാരിച്ച് നിന്നെ ഇന്ന് കൊല്ലാതെ അയക്കുമോ?}
“നില്ലെടാ നില്ലെടാ നീയല്ലോ പണ്ടെന്റെ“ (ഭീമൻ-കലാ:ഗോപി, ദുശ്ശാസനൻ-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍)
ദുശ്ശാസനന്‍:
ചരണം2:
[“വീരവാദങ്ങളീവണ്ണം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ഇരുവരും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി, ഭീമൻ ഇടത്തുഭാഗത്തേയ്ക്കുമാറവെ വലത്തുഭാഗത്തേയ്ക്കുവന്ന് വട്ടംവച്ച്കലാശം എടുത്തിട്ട് ദുശ്ശാസനൻ ചരണമാടുന്നു.]
“വീരവാദങ്ങളീവണ്ണം വൃകോദര
 പോരും പറഞ്ഞതു പണ്ടടാ നിന്നുടെ
 ദാരങ്ങളെയങ്ങുമിങ്ങുമിഴച്ചോരു
 നേരം ഭവാനുടെ ശൌര്യമതെങ്ങുപോയ്”
{വൃകോദര, ഇപ്രകാരം വീരവാദങ്ങള്‍ പറഞ്ഞതു മതി. എടാ, പണ്ട് നിന്റെ ഭാര്യയെ ഞാന്‍ അങ്ങുമിങ്ങും വലിച്ചിഴച്ച നേരത്ത് ഭവാന്റെ ശൌര്യം എവിടെ പോയിരുന്നു?}

“വീരവാദങ്ങളീവണ്ണം വൃകോദര“ ഭീമൻ-സദനം കൃഷ്ണന്‍‌കുട്ടി, ദുശ്ശാസനൻ-കോട്ട:ദേവദാസ്)
ഭീമന്‍:
ചരണം3:
[“പാരം പിഴച്ചു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ഇരുവരും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി, ദുശ്ശാസനൻ  ഇടത്തുഭാഗത്തേയ്ക്കുമാറവെ വലത്തുഭാഗത്തേയ്ക്കുവന്ന് വട്ടംവച്ച്കലാശം എടുത്തിട്ട് ഭീമൻ ചരണമാടുന്നു.] 
“പാരം പിഴച്ചു പറയുന്ന വാക്കിനു
 നേരെനിന്നുത്തരം ചൊല്‍ക കഴിയുമോ
 പാരിലുള്ള മഹാഭൂതാവലിക്കു ഞാന്‍
ചോര നിന്‍ചോരയാല്‍ തൃപ്തിവരുത്തുവന്‍”
{ഏറ്റവും കുറ്റപ്പെടുത്തി പറയുന്ന വാക്കിന് നേരേനിന്ന് ഉത്തരം പറയുക. കഴിയുമോ? കള്ളാ, പാരിലുള്ള വലിയ ഭൂതകൂട്ടത്തിന് നിന്റെ ചോരയാല്‍ തൃപ്തിവരുത്തുന്നുണ്ട് ഞാന്‍.}

ദുശ്ശാസനന്‍:
ചരണം4:
[“അന്നു കൊല്ലാതെയയച്ചതു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ഇരുവരും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി, ഭീമൻ  ഇടത്തുഭാഗത്തേയ്ക്കുമാറവെ വലത്തുഭാഗത്തേയ്ക്കുവന്ന് വട്ടംവച്ച്കലാശം എടുത്തിട്ട് ദുശ്ശാസനൻ ചരണമാടുന്നു.]  
“അന്നു കൊല്ലാതെയയച്ചതുകൊണ്ടല്ലൊ
 ഇന്നു വന്നാക്ഷേപമോതുന്നതിങ്ങിനെ
 എന്നുമിനി വരാതുള്ളൊരു മാര്‍ഗ്ഗത്തെ
 ഇന്നുതന്നെ അയച്ചീടുന്നതുണ്ടു ഞാന്‍”
{അന്ന് കൊല്ലാതെ അയച്ചതുകൊണ്ടല്ലെ ഇന്നുവന്ന് ഇങ്ങിനെ ആക്ഷേപം പറയുന്നത്? ഇനി ഒരിക്കലും മടങ്ങിവരാത്ത വഴിക്ക് ഇന്നുതന്നെ അയക്കുന്നുണ്ട് ഞാന്‍.}

ഭീമന്‍:
ചരണം5:
[“അന്ധമതേ തിഷ്ഠ " എന്ന് ചൊല്ലിവട്ടംതട്ടിയാൽ ഇരുവരും 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി, ദുശ്ശാസനൻ  ഇടത്തുഭാഗത്തേയ്ക്കുമാറവെ വലത്തുഭാഗത്തേയ്ക്കുവന്ന് വട്ടംവച്ച്കലാശം എടുത്തിട്ട് ഭീമൻ ചരണമാടുന്നു.]  
“അന്ധമതേ തിഷ്ഠ കിംധാവതി ഭവാ-
 നന്ധാത്മജാ നിന്റെ രക്തം കുടിച്ചുടന്‍
 ബന്ധുരഗാത്രി പാഞ്ചാലിതന്‍ വേണിയേ
 ബന്ധിപ്പനെന്നുള്ള സത്യം കഴിക്കുവന്‍”
{ബുദ്ധിയില്ലാത്തവനേ, നില്‍ക്ക്. നീ എവിടേയ്ക്ക് ഓടുന്നു? അന്ധന്റെ പുത്രാ, നിന്റെ രക്തം കുടിച്ചേ സുന്ദരിയായ പാഞ്ചാലിയുടെ മുടികെട്ടു എന്നുള്ള സത്യം ഉടനെ നടപ്പാക്കുന്നുണ്ട്.}

ശേഷം യുദ്ധവട്ടം-

ഭീമനും ദുശ്ശാസനനും ക്രമത്തില്‍ പോരുവിളിച്ച് ഗദായുദ്ധവും തുടര്‍ന്ന് മുഷ്ടിയുദ്ധവും ചെയ്യുന്നു. അനന്തരം ഭീമന്‍ വലതുഭാഗത്തായി ഇരുന്ന് നരസിംഹധ്യാനം ചെയ്യുന്നു. നരസിംഹാവേശിതനും രൌദ്രമൂര്‍ത്തിയുമായി മാറുന്ന ഭീമസേനന്‍ ദുശ്ശാസനനെ അടിച്ചുവീഴ്ത്തി മാറുപിളര്‍ന്ന് രക്തം കുടിക്കുകയും കുടല്‍മാല വലിച്ചെടുത്ത് മൃഗീയമായി കടിച്ചുവലിക്കുകയും ചെയ്യുന്നു.
-----(തിരശ്ശീല)-----
ദുശ്ശാസനനെ(കലാ:ഹരി.ആര്‍.നായര്‍) വധിച്ച് കുടല്‍മാല കടിച്ചുനില്‍ക്കുന്ന രൌദ്രഭീമന്‍(കലാ:ബാലസുബ്രഹ്മണ്യന്‍)
ദുശ്ശാസനനെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) വധിച്ച് കുടല്‍മാല കടിച്ചുനില്‍ക്കുന്ന രൌദ്രഭീമന്‍(കലാ:ഗോപി)
വീണ്ടും തിരനീക്കുമ്പോള്‍ ഇടതുവശത്ത് പാഞ്ചാലിയും വലതുവശത്ത് ഭീമനും നില്‍ക്കുന്നു. ഭീമന്‍ പാഞ്ചാലിയെ മാടിവിളിക്കുന്നു. പാഞ്ചാലി ഭയാത്ഭുതങ്ങളോടെ ഭീമനെ സമീപിക്കുന്നു. ഭീമന്‍ ദുശാസനന്റെ രക്തം പുരട്ടി പാഞ്ചാലിയുടെ മുടികെട്ടിക്കൊടുക്കുന്നു.
ഭീമന്‍:‘ഞാന്‍ സത്യം പാലിച്ചിരിക്കുന്നു’
പാഞ്ചാലി നിഷ്ക്രമിക്കുന്നു.

ഭീമന്‍(സദനം കൃഷ്ണന്‍‌കുട്ടി) പാഞ്ചാലിയെ(മാര്‍ഗ്ഗി വിജയകുമാര്‍) മാടിവിളിക്കുന്നു
ഭീമന്‍(കലാ:ഗോപി) ദുശാസനന്റെ രക്തം പുരട്ടി പാഞ്ചാലിയുടെ(കോട്ട:ശിവരാമന്‍) മുടികെട്ടിക്കൊടുക്കുന്നു
ഭീമന്‍:(പാഞ്ചാലിയെ അയച്ചശേഷം തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പോര്‍ക്കളത്തിലെത്തിയിട്ട്) ‘ഇനി ദുര്യോധനനെ വധിക്കുവാന്‍ താമസം വേണ്ട. എവിടെ അവന്‍?‘ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി തിരഞ്ഞശേഷം) ‘എന്ത്? യുദ്ധത്തില്‍ സഹായികളെല്ലാം വീണപ്പോള്‍ ആ ദുര്യോധനന്‍ ഭയന്ന് ഗംഗയില്‍ മുങ്ങിയിരിപ്പായി എന്നോ? എന്നാല്‍ ഇനി ഗംഗാതീരത്തുചെന്ന് അവനെ പേരിനു വിളിക്കുകതന്നെ‘

ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പോരുവിളിപദം ആടുന്നു+.

[+ഈ രംഗത്തിലെ ഭീമന്റെ പോരുവിളിയും തുടര്‍ന്നുള്ള ഭീമ-ദുര്യോധനയുദ്ധവും അപൂര്‍വ്വമായി മാത്രമെ രംഗത്ത് അവതരിപ്പിക്കാറുള്ളു. സാധാരണയായി ഭീമന്‍ ഇളകിയാട്ടത്തിലൂടെ ഈ ഭാഗം അവതരിപ്പിക്കുകയെ പതിവുള്ളു.]

പോരുവിളിപദം-രാഗം:കേതാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദുഷ്ട വരിക നേരെ ദുര്യോധന രേ”                          [വട്ടംവച്ചുകലാശം]
ചരണം1:
“ഇഷ്ടാനുലാഭത്തിനായ് ദിഷ്ടാവമാനം ചെയ്തു
 ധൃഷ്ട മാമറിക രുഷ്ടാ നിന്‍ഭുജഗദഷ്ടമേകശിഷ്ട
 അധികശിഷ്ട അവിതകഷ്ട മലിന ചേഷ്ട”               [തോങ്കാരം]
ചരണം2:
[“അന്നന്നു ഗുണദോഷം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ച്കലാശം എടുത്തിട്ട് ചരണമാടുന്നു.]  
“അന്നന്നു ഗുണദോഷം ചൊന്നോരു കര്‍ണ്ണനാകും
 മന്നനെങ്ങു വദ നിന്നുടെയനുജരിന്നു പോയതെവിടെ
 ശകുനിയെവിടെ സചിവരെവിടെ സപദി നികടെ”  [തോങ്കാരം]
ചരണം3:
[“സംഗരം ചെയ്തീടുവാന്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ച്കലാശം എടുത്തിട്ട് ചരണമാടുന്നു.] 
“സംഗരം ചെയ്തീടുവാന്‍ സംഗതഭീതിയായി
 ഗംഗയില്‍ സപദി മുങ്ങിയോരധികതുംഗവീര്യരാശേ
 സമരദേശേ സജദീശേ മമ സകാശേ”                   [തോങ്കാരം]
{ദുഷ്ടാ, ദുര്യോധനാ, എടാ, നേരെ വരിക. ഇഷ്ടാനുലാഭത്തിനായി കണ്ട അപമാനങ്ങളെല്ലാം ചെയ്ത ചതിയാ, നീയാകുന്ന സര്‍പ്പത്തിനാല്‍ കടിയേറ്റ ഞാന്‍ കോപിഷ്ടനാണന്ന് അറിഞ്ഞാലും. ഒറ്റയ്ക്ക് അവശേഷിക്കുന്നവനേ, അധികമായി ശാസിക്കുന്നവനേ, രക്ഷിക്കാന്‍ പ്രയാസമുള്ളവനേ, ദുഷ്ടകൃത്യങ്ങള്‍ ചെയ്യുന്നവനേ, അന്നന്ന് ഗുണദോഷം പറഞ്ഞിരുന്ന കര്‍ണ്ണനാകുന്ന രാജന്‍ എവിടെ? പറയൂ, നിന്റെ അനുജര്‍ പോയതെവിടെ? ശകുനി എവിടെ? മന്ത്രിമാരെവിടെ? ഉടനെ അടുത്തുവരിക. യുദ്ധം ചെയ്യുവാന്‍ ഏറ്റവും പേടിച്ച് ഉടനെ ഗംഗയില്‍ മുങ്ങിയ ഏറ്റവും ശ്രേഷ്ഠനായ വീര്യസമുദ്രമേ, യുദ്ധഭൂമിയില്‍ ജഗദീശ്വരന്‍ എന്റെ കൂടെയാണ്.}

ഭീമന്റെ പദാഭിനയം കഴിയുന്നതോടെ ഇടത്തുഭാഗത്തുകൂടി ദുര്യോധനന്‍ ഓടി പ്രവേശിക്കുന്നു. ഇരുവരും തിരക്കി നിന്നശേഷം ദുര്യോധനന്‍ പദമാടുന്നു.

ദുര്യോധനന്റെ പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“മൂഢവൃകോദര മുതിരുകപോരിനു മോടികള്‍ കൂട്ടീടുക” [വട്ടംവച്ചുകലാശം]
അനുപല്ലവി:
“പ്രൌഢതയധികമുരച്ചൊരു നിന്നുടെ
 രൂഢമദം ദൃഢമിന്നു ശമിക്കും”                                   [തോങ്കാരം]
ചരണം1:
[“ഒരുത്തനിവനെന്നോര്‍ത്തു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ച്കലാശം എടുത്തിട്ട് ചരണമാടുന്നു.]   
“ഒരുത്തനിവനെന്നോര്‍ത്തു ഉരത്തുവന്നുരപ്പതു
 നിരര്‍ത്ഥമാകുമെന്നതു നിരൂപിക്കേണം
 മരത്തിനെ മറിക്കുന്ന മരുത്തിന്റെ മഹത്താകും
 കരുത്തു ഫലിക്കുമോ ധരിത്രീധരേ”                             [തോങ്കാരം]
ചരണം2:
[“കുരയ്ക്കുന്ന കുറുക്കനോടു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ച്കലാശം എടുത്തിട്ട് ചരണമാടുന്നു.]   
“കുരയ്ക്കുന്ന കുറുക്കനോടുരയ്ക്കുമാറുണ്ടോ സിംഹം
 ഇരിക്കുവാന്‍ കൊതിയെങ്കില്‍ തിരിക്ക വേഗം
 മരിക്കുവാന്‍ മനസ്സുണ്ടെന്നിരിക്കിലോ മഹാഗദ
 ധരിക്ക വന്നെതിര്‍ക്ക സംഹരിക്കുവന്‍ ഞാന്‍”            [തോങ്കാരം]
{മൂഢനായ വൃകോദരാ, തുടങ്ങുക. പോരിന് മോടികൂട്ടുക. യോഗ്യത അധികമായി സംസാരിച്ച നിന്റെ കട്ടിയായ അഹങ്കാരം ഉറപ്പായി ഇന്ന് തീരും. ഇവന്‍ ഒറ്റയ്ക്കാണെന്ന് വിചാരിച്ച് പൌരുഷത്തോടെ പറഞ്ഞത് നിരര്‍ത്ഥമാകും എന്ന് മനസ്സിലാക്കുക. മരത്തിനെ മറിക്കുന്ന കാറ്റിന്റെ മഹത്തായ കരുത്ത് ഭൂതലത്തില്‍ ഫലിക്കുമോ? കുരയ്ക്കുന്ന കുറുക്കനോട് സിംഹം എന്തെങ്കിലും പറയാറുണ്ടോ? ജീവിച്ചിരിക്കാന്‍ കൊതിയുണ്ടേങ്കില്‍ വേഗം തിരിച്ച് പോവുക. മരിക്കുവാന്‍ മനസ്സുണ്ടെങ്കില്‍ മഹാഗദ ധരിക്കുക, വന്ന് എതിര്‍ക്കുക. ഞാന്‍ സംഹരിക്കുന്നുണ്ട്.}

ശേഷം യുദ്ധവട്ടം-
ഭീമനും ദുര്യോധനനും ക്രമത്തില്‍ പോരുവിളിച്ച് ഗദായുദ്ധം ആരംഭിക്കുന്നു. യുദ്ധം തുടരവേ ഭീമന്‍ തളര്‍ച്ചനേരിടുന്നു. മേളം കൊട്ടികലാശിക്കുന്നതോടെ ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം^-
“കൊല്ലുന്നതിന്നു ഹരിദര്‍ശിതകൌശലത്താല്‍
 തല്ലൊന്നുതന്നെടെ ശിരസ്സതിലേറ്റു ധീമാന്‍
 നില്ലെന്നടുത്തു തുടയില്‍ പ്രഹരിച്ചനേരം
 മല്ലന്‍ കുരുപ്രഭു പതിച്ചു കഥിച്ചു ഭീമന്‍”
{ശ്രീകൃഷ്ണന്‍ കാട്ടിക്കൊടുത്ത കൌശലം ബുദ്ധിയില്‍ പതിച്ചതോടെ ‘നില്‍ക്ക്’ എന്നുപറഞ്ഞ് അടുത്തു ധീരനായ ഭീമന്റെ പ്രഹരം തുടയിലേറ്റനേരം മല്ലനായ കൌരവപ്രഭു നിലമ്പതിച്ചു. ഭീമന്‍ പറഞ്ഞു.}

[^ശോകാരംഭത്തോടെ ശ്രീകൃഷ്ണന്‍ പ്രവേശിച്ച് വലതുഭാഗത്തായുള്ള പീഠത്തില്‍ കയറിനില്‍ക്കുകയും, ഭീമന്‍ കാണാനായി തുടയില്‍ തട്ടി കാണിക്കുകയും, തുടര്‍ന്ന് നിഷ്ക്രമിക്കുകയും ചെയ്യുന്നു. ഇതു കണ്ട് കാര്യംഗ്രഹിക്കുന്ന ഭീമന്‍ ‘തുടയില്‍ പ്രഹരിച്ചനേരം‘ എന്നാലപിക്കുന്നതിനൊപ്പം ദുര്യോധനന്റെ തുടയില്‍ ഗദകൊണ്ട് അടിക്കുന്നു. ‘കുരുപ്രഭു പതിച്ചു’ എന്നതോടെ ദുര്യോധനന്‍ അസഹ്യമായ വേദനയോടെ നിലമ്പതിക്കുന്നു.]

ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദാഭിനയം ചെയ്യുന്നു. പദാഭിനയത്തിനിടെ ഒരോ ചരണാന്ത്യത്തിലെ കലാശങ്ങൾക്കുമൊപ്പം ഭീമന്‍ വീണുകിടക്കുന്ന ദുര്യോധനന്റെ മാറില്‍ ഗദയാല്‍ പ്രഹരിക്കുന്നു.

ഭീമന്റെ പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“കരുത്തരാം നിങ്ങള്‍ പണ്ടു കരുണകൂടാതെകണ്ടു
 കരപാദമെന്നുടയ കയറാല്‍ കെട്ടി
 കരയില്ലാത്തൊരു ഗംഗാകയത്തിലിട്ടതില്ലയോ
 അരേ ഭവാനതിന്‍ ഫലമനുഭവിക്ക”              [കലാശം]
ചരണം2:
“ഒരിക്കലല്ല നിങ്ങള്‍ വിതരിച്ചു മേ വിഷോദനം
 അരക്കില്ലമതിലാക്കി കരിച്ചു പിന്നെ
 തിരിച്ചുതന്നു രാജ്യവും ചതിച്ചു ചൂതിലതും
 ഹരിച്ചതിന്‍ ഫലമിപ്പോളനുഭവിക്ക”         [കലാശം]
ചരണം3:
“ദ്രുപദരാജപുത്രിയെ ദ്രുതതരം കബരിയില്‍
 സപദിപോയ് പിടിപെട്ടു സഭയിലാക്കി
 അപവാദം പറഞ്ഞുകൊണ്ടപകൃതമവള്‍ വസ്ത്രം
 അപഹരിച്ചതിന്‍ ഫലമനുഭവിക്ക”               [കലാശം]
{കരുത്തരായ നിങ്ങള്‍ പണ്ട് കരുണകൂടാത്തേകണ്ട് എന്റെ കൈകാലുകള്‍ കയറാല്‍ കെട്ടി ഗംഗയുടെ കരയില്ലാകയത്തില്‍ ഇട്ടില്ലെ? എടാ, നീ അതിന്റെ ഫലം അനുഭവിക്കുക. ഒരിക്കലല്ല നിങ്ങള്‍ എനിക്ക് വിഷച്ചോറ് തന്നിട്ടുള്ളത്. അരക്കില്ലത്തിലാക്കി കരിച്ചു. പിന്നെ രാജ്യം തിരിച്ചുതന്നു. ചൂതില്‍ ചതിച്ച് അത് പിന്നെയും അപഹരിച്ചു. അതിന്റെയേല്ലാം ഫലം ഇപ്പോള്‍ അനുഭവിക്കുക. വേഗത്തില്‍ ദ്രൌപദിയുടെ മുടിക്കുത്തില്‍ പിടിച്ചിട്ട് ഉടനെ സഭയില്‍ കൊണ്ടുവന്നു. അപവാദം പറഞ്ഞുകൊണ്ട് ഉപദ്രവിക്കുകയും അവളുടെ വസ്ത്രം അപഹരികുകയും ചെയ്തു. അതിന്റെ ഫലം അനുഭവിക്കുക.}

-----(തിരശ്ശീല)-----

തുടര്‍ന്ന് തിരനീക്കുമ്പോള്‍ വലതുവശത്ത് പീഠത്തില്‍ ശ്രീകൃഷ്ണന്‍ ഇരിക്കുന്നു. ഭീമന്‍ ക്രോധാധിക്യത്താല്‍ ഉന്മാദാവസ്ഥയെ പ്രാപിച്ചവനായി ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്നു. ശ്രീകൃഷ്ണനെ മുന്നില്‍ കാണുന്നതോടെ ഭീമന്‍ സ്തബ്ധനായി നില്‍ക്കുന്നു. തുടര്‍ന്ന് വീണുനമസ്ക്കരിക്കുന്ന ഭീമനെ കൃഷ്ണന്‍ അനുഗ്രഹിച്ച് പിടിച്ച് എഴുനേല്‍പ്പിച്ച് ആശീര്‍വദിക്കുന്നു.
ശ്രീകൃഷ്ണനെ(കോട്ട:കേശവന്‍) മുന്നില്‍ കാണുന്നതോടെ ഭീമന്‍(കലാ:ഗോപി) സ്തബ്ദനായി നില്‍ക്കുന്നു
ഭീമന്‍:‘കഷ്ടം! ഞാന്‍ എന്റെ ബന്ധുജനങ്ങളെ എല്ലാം വധിച്ചുവല്ലോ?’
ശ്രീകൃഷ്ണന്‍:‘നീ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല. നീ ചെയ്തത് രാജാക്കന്മാര്‍ക്ക് ധര്‍മ്മമായിട്ടുള്ളതാണ്. ഉചിതമാണ്. അതിനാല്‍ വൈഷമ്യങ്ങള്‍ അകറ്റുക’
ശ്രീകൃഷ്ണന്‍ ഗദയെടുത്ത് ഭീമന്റെ കയ്യില്‍ നല്‍കുന്നു. അതോടെ ഭീമന് മനശക്തികൈവരുന്നു.
ഭീമന്‍:‘എല്ലാം അവിടുന്നുതന്നെ ചെയ്യുന്നു. ഞാന്‍ വെറും നിസാരന്‍ മാത്രം. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അരുളിയാലും’
ശ്രീകൃഷ്ണന്‍:‘അഗ്രജനോടും അനുജരോടും കൂടി പുണ്യതീര്‍ത്ഥത്തില്‍ സ്നാനവും ശ്രാദ്ധാദികളും ചെയ്തശേഷം ദൃതരാഷ്ട്രമഹാരാജാവിനെ ചെന്ന് കാണുക. ഞാനും ഒപ്പം വരാം.
ഭീമന്‍:(ശ്രീകൃഷ്ണന്റെ പാദധൂളികള്‍ ശിരസ്സില്‍ ധരിച്ച്, വണങ്ങിയശേഷം) ‘ഞങ്ങളില്‍ അങ്ങയുടെ അനുഗ്രഹത്തിന് ഒട്ടും കുറവുവരുത്തരുതേ’
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചുകൊണ്ട്) ‘ഇല്ല, ഒരുകാലത്തും കുറവുവരുത്തുകയില്ല’
ഭീമന്‍ നിഷ്ക്രമിക്കുന്നു. ഭീമനെ അയച്ചുകൊണ്ട് ശ്രീകൃഷ്ണനും നിഷ്ക്രമിക്കുന്നു.

-----(ധനാശി)-----

ധനാശിശ്ലോകം-

“ധര്‍മ്മാത്മാധര്‍മ്മസൂനുന്ന്യപതിരിതി യുതസ്തൈശ്ചതുര്‍ഭിസ്സഗര്‍ഭ്യൈര്‍-
 ദ്ധര്‍മ്മസ്സാക്ഷാച്ചുതഷ്പാദിവ ധരണിതലേ യേന വാ സ്ഥാപിതോഭൂത്
 ദേയാത്സോയം ദയാംഭോനിധിരഖിലപതി: ശ്രീപതിര്‍വ്വോ വിരാജ-
 ത്തേജം മോക്ഷൈകദായീ കലികലുഷഹരോ മംഗളാനന്ദസൊഖ്യം”

16,17 രംഗങ്ങൾ
ഈ രംഗങ്ങളും ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: