2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ദുര്യോധനവധം 11,12,13 രംഗങ്ങള്‍

11,12,രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

പതിമൂന്നാം രംഗം (ഗീതോപദേശം)+

രംഗത്ത്-അര്‍ജ്ജുനന്‍,ശ്രീകൃഷ്ണന്‍

ശ്ലോകങ്ങള്‍
1.
“പ്രേതനാഥസുതനങ്ങുറച്ചുസമരത്തിനെന്ന കഥയും തഥാ
 ശ്വേതവാഹനനു സൂതനായഖിലനാഥനെന്നൊരു വിശേഷവും
 ഭൂതലേ ബത പരന്ന നേരമഥ ലോകരൊക്കവെ നിരക്കവേ
 ജാതകൌതുകമജാതശത്രുനൃപസന്നിധൌ സപദി പൂകിനാര്‍”
{ധര്‍മ്മപുത്രന്‍ സമരത്തിന് ഉറച്ച കഥയും അര്‍ജ്ജുനന് സൂതനായി ലോകനാഥനാണെന്നുള്ള വിശേഷവും ഭൂമിയിലൊക്കെ നേരത്ത് കൌതുകത്തോടെ ലോകരൊക്കെ യുദ്ധഭൂമിയില്‍ അര്‍ജ്ജുനന്റെ സമീപത്തില്‍ നിരന്നു.}

2.
“ഭീമസേനബലമിങ്ങുകാണണമെനിക്കു ഫല്‍ഗുണ പരാക്രമം
 ഭീമമായ യുധി ധര്‍മ്മപുത്രരുടെ ധര്‍മ്മ സംഗരമെനിക്കഹോ
 ശ്യാമളാതസിന്ധുകോമളം സകലകാമദം ഹരിമുദീക്ഷിതും
 കാമമുണ്ടു ഹൃദി മാമകേ തദിഹ ദുര്‍ല്ലഭം സുലഭമല്ലയോ”
{ഭീമസേനന്റെ ബലം ഇവിടെ കാണണം, എനിക്ക് ഫല്‍ഗുനപരാക്രമം കാണണം, ഭീമമായ യുദ്ധഭൂമിയില്‍ ധര്‍മ്മപുത്രരുടെ ധര്‍മ്മയുദ്ധം എനിക്ക് കാണണം, വിസ്മയകരവും ശ്യാമകോമളവും സകലകാമദവുമായ ഹരിയെ സസന്തോഷം കാണണം, അതിന് എന്റെ മനസ്സില്‍ ആഗ്രഹമുണ്ട്, ദുര്‍ലഭമായ ഇതൊക്കെ ഇവിടെ സുലഭമാണല്ലോ.}

3.
“ഏവമാദിനിജഭാവമമ്പൊടു പറഞ്ഞുകൊണ്ടഖിലലോകരും
 താവദേവ രണഭൂമിയില്‍ സ്ഥലമുറച്ചു നിന്നു ബഹുകൌതുകാല്‍
 ദേവരാജനപി ദേവകിം പുരുഷദേവതാപസസമേതനായ്
 സാവരോധജനനായിവന്നു ദിവി മേവിനാന്‍ രണദിദൃക്ഷയാ”
{ഇപ്രകാരമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അഖിലലോകരും ദേവരും രണഭൂമിയില്‍ ബഹുകൌതുകത്തോടെ സ്ഥലം‌പിടിച്ചു നിന്നു. ദേവന്മാര്‍, കിം‌പുരുഷന്മാര്‍, ദേവര്‍ഷിമാര്‍ തുടങ്ങിവരോടും പരിവാരങ്ങളോടും കൂടി ദേവേന്ദ്രന്‍ രണം കാണുന്നതിനായി ആകാശത്തിങ്കല്‍ വന്നുവസിച്ചു.}

4.
“എട്ടുദിക്കുകള്‍ മുഴങ്ങുമാറു പറകൊട്ടി ഭൂപരു വിളിക്കയും
 കേട്ടുഫല്‍ഗുനരഥദ്ധ്വജേ ഹനുമദട്ടഹാസമതിഭീഷണം
 പൊട്ടുമാറരികള്‍ ഞെട്ടുമാറഖിലവിഷ്ടപേശദരഘോഷവും
 കൂട്ടമോടഥ കുലുങ്ങി ലോകമുടനേ കലങ്ങി ജലരാശിയും”
{എട്ടുദിക്കുകളും മുഴങ്ങുമാറ് പറകൊട്ടി രാജാക്കന്മാര്‍ പോരുവിളിക്കുകയും, ഫല്‍ഗുനരഥത്തിന്റെ കൊടിയില്‍ വിളങ്ങുന്ന ഹനുമാന്റെ അതിഭയങ്കരമായ അട്ടഹാസവും, ശത്രുക്കള്‍ പൊട്ടുമാറും അഖിലലോകവും ഞെട്ടുമാറുമുള്ള സുന്ദരമായ ശംഖഘോഷവും കേട്ട് ലോകം മൊത്തത്തില്‍ കുലുങ്ങി, സമുദ്രം കലങ്ങി.}

രംഗമദ്ധ്യത്തിലെ പീഠത്തില്‍(രഥത്തില്‍) ചാപബാണധാരിയായി അര്‍ജ്ജുനന്‍ നില്‍ക്കുന്നു. താഴെയായി ചമ്മട്ടി ധരിച്ചുകൊണ്ട് തേരോടിക്കുന്ന നാട്ട്യത്തില്‍ ശ്രീകൃഷ്ണനും നില്‍ക്കുന്നു. തുടര്‍ന്ന് അര്‍ജ്ജുനന്‍ പദം അഭിനയിക്കുന്നു.

അര്‍ജ്ജുനന്റെ പദം-
പല്ലവി:
“നിര്‍ത്തേണമച്ചുതാ നീ രഥം
 നിര്‍ത്തേണമച്ചുതാ നീ”                 [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“നിമിഷനേരം ഇരുസേനകള്‍ നടുവില്‍
 നിര്‍ത്തേണമച്ചുതാ നീ”                 [കലാശം-കൊട്ടുമാത്രം]
{അച്ചുതാ, നീ രഥം നിര്‍ത്തണം, ഇരുസേനകള്‍ക്കും നടുവിലായി രഥം നിമിഷനേരമൊന്ന് നിര്‍ത്തണം.}

ശ്രീകൃഷ്ണന്‍ രഥം തെളിച്ച് സേനകള്‍ക്കു മദ്ധ്യത്തിലായി നിര്‍ത്തുന്നു. അര്‍ജ്ജുനന്‍ പീഠത്തില്‍ നിന്നും ഇറങ്ങി ഇടതുഭാഗത്തേയ്ക്കുവന്ന് സേനകളെ വീക്ഷിക്കുന്നു. അനന്തരം പദാഭിനയം തുടരുന്നു.

ചരണം1:
“ഇവരെ വധിച്ചു രാജ്യഭരണമെന്തിനു കൃഷ്ണ
 തിരിക്കതേരിവിടന്നു ഗമിക്കാം നമുക്കുവേഗം
 തളരുന്നു മമ ദേഹം ഇളകുന്നീലാ ഗാണ്ഡീവം
 വളരുന്നു ഭയം കനിഞ്ഞരുളേണം കരണീയം‍”    [കലാശം]
{ഇവരെ ‍വധിച്ചിട്ട് രാജ്യഭരണം എന്തിനാണ് കൃഷ്ണാ? ഇവിടന്ന് തേര്‍ തിരിക്കുക. നമുക്കു വേഗം പോകാം. എന്റെ ദേഹം തളരുന്നു. ഗാണ്ഡീവം ഇളകുന്നില്ല. ഭയം വളരുന്നു. എന്താണ് ചെയ്യുക എന്ന് ദയവായി പറയേണം.}

അര്‍ജ്ജുനന്‍ തളര്‍ന്ന് നിലത്തിരിക്കുന്നു. കൃഷ്ണന്‍ പിടിച്ചേഴുന്നേല്‍പ്പിച്ചിട്ട് പദം ആടുന്നു.

ശ്രീകൃഷ്ണന്റെ മറുപടിപദം-
ചരണം1:
“പാര്‍ത്ഥാ പാര്‍ക്കുകില്‍ അപമാനമിതു
 ആര്‍ക്കുചേര്‍ന്നതു വിവശത വേടിയുക
 കൊല്‍വതെവനെവരെ എവനിഹ മൃതിഭുവി
 ചൊല്‍ക പരമചേതന അവിനാശിനി‍”                 [കലാശം]
{പാര്‍ത്ഥാ, വിചാരിച്ചാല്‍ അപമാനമാണിത്‍. ആര്‍ക്കുചേര്‍ന്നതാണിത്? വിവശത വെടിയുക. ആര് ആരേയാണ് കൊല്ലുന്നത്? എവനാണിവിടെ മരിക്കുന്നത്? പറയുക. പരമാത്മാവ് ലോകത്തില്‍ നാശമില്ലാത്തതാകുന്നു.}

അര്‍ജ്ജുനന്‍:
ചരണം2:-രാഗം:ദേവഗാന്ധാരം
“വിജയമെന്തിനു കൃഷ്ണാ
 സ്വജനഹനനം ചെയ്തു
 നിജനില അറിയാതെ
 വിജയനുള്‍പതറുന്നു‍”                                            [കലാശം]
{സ്വജനഹത്യചെയ്തിട്ട് വിജയം എന്തിനാണ്? കൃഷ്ണാ, സത്യമറിയാതെ എന്റെ മനസ്സ് പതറുന്നു.}

ശ്രീകൃഷ്ണന്‍:
ശ്ലോകം-(ഭഗവത് ഗീതയില്‍ നിന്ന്)
“യദാ യദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
 അഭ്യുദ്ധാനം അഥര്‍മ്മസ്യ തദാത്മാനം സ്വജാമ്യഹം
 പരിത്രാണായസാധൂനാം വിനാശായച ദുഷ്കൃതാം
 ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ”
{രാജാവേ, ഏതുസമയത്താണോ ധര്‍മ്മത്തിന് ച്യുതി വരുന്നത്, അഥര്‍മ്മം വര്‍ദ്ധിക്കുന്നത്, അപ്പോള്‍ സാധുക്കളെ രക്ഷിക്കുവാനും ദുഷ്ടരെ നശിപ്പിക്കുവാനും ആയി ഞാന്‍ അവതരിക്കുന്നു. ഇത് ഓരോരോ യുഗത്തിലും സംഭവിക്കുന്നതാണ്.}

ശ്രീകൃഷ്ണന്‍ ‘കണ്ടുകൊള്‍ക’ എന്നുകാട്ടിയിട്ട് നാലാമിരട്ടിമേളത്തോടെ ശംഖുചക്രധാരിയായി പീഠത്തില്‍ കയറി നില്‍ക്കുന്നു(വിശ്വരൂപം ദര്‍ശ്ശിപ്പിക്കുന്നു).
അര്‍ജ്ജുനന്‍ വിശ്വരൂപം ദര്‍ശ്ശിച്ച് അത്ഭുതാദരങ്ങളോടെ ശ്രീകൃഷ്ണനെ നമസ്കരിക്കുന്നു. ശ്രീകൃഷ്ണന്‍ വിശ്വരൂപം മറച്ച് താഴെയിറങ്ങി വിജയനെ പിടിച്ചെഴുന്നേല്‍പ്പിച്ച് അനുഗ്രഹിച്ച് ആശീര്‍വദിക്കുന്നു.
ശ്രീകൃഷ്ണന്‍(കോട്ട:കേശവന്‍ കുണ്ഡലായര്‍) അര്‍ജ്ജുനന് വിശ്വരൂപം കാട്ടികൊടുക്കുന്നു
ശേഷം ആട്ടം-
ശ്രീകൃഷ്ണ:സത്യം മനസ്സിലാക്കിയപ്പോ മനോബലം കൈവന്നുവോ?’
അര്‍ജ്ജുന:എല്ലാം അവിടുത്തെ കൃപകൊണ്ട് തന്നെ
ശ്രീകൃഷ്ണ:എന്നാ ഇനി വേഗം യുദ്ധത്തിനായി ശ്രമിക്കുകയല്ലെ?’
അര്‍ജ്ജുന:എല്ലാം അവിടുത്തെ കല്പനപോലെ തന്നെ

അർജ്ജുനൻ അമ്പും വില്ലും ധരിച്ച് കൃഷ്ണനെ കുമ്പിട്ടിട്ട്, നാലാമിരട്ടിയെടുത്ത് രഥത്തിലേയ്ക്ക് കയ്യറുന്നു.
തേരോടിച്ച് പോകുന്നതായി നടിക്കുച്ചുകൊണ്ട് ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

[+പതിമൂന്നാമതായി വരുന്ന ഈ രംഗവും ഇതിലെ പദങ്ങളും പ്രക്ഷിപ്തങ്ങളാണ്. ആട്ടകഥാകാരന്‍ ഈ ഭാഗം ഒരു ശ്ലോകരൂപത്തില്‍ മാത്രമാണ് എഴുതിയിട്ടുള്ളത്.
ശ്ലോകം 5-
“പാതകം ഗുരുവധം നിനച്ചു സുരനാഥജേ തു ബഹുമോഹിതേ
 ഗീതയായൊരു സുധാം തളിച്ചുടനുണർത്തിയർജ്ജുനനെ മാധവൻ
 വാതുചൊല്ലി ജയവാഞ്ച്ഛയോടു കുരുവീര സേനകളെതിർത്തു തൽ-
 കൗതുകേന മുനിനാരദൻ വിയതി വീണവായന തുടങ്ങിനാൻ”]

1 അഭിപ്രായം:

nair പറഞ്ഞു...

താങ്കളുടെ ബ്ളോഗുകളിൽ കൂടി കഥകളി ആസ്വാദകരെ സൃഷ്ടിക്കാനായാൽ സന്തോഷം.