2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ദുര്യോധനവധം 9,10, രംഗങ്ങള്‍ (ദൂത്)

ഒന്‍പതാം രംഗം
രംഗത്ത്-ദുര്യോധനന്‍‍(ഇടത്തരം കത്തിവേഷം), ദുശ്ശാസനന്‍, ധൃതരാഷ്ടന്‍‍‍(കുട്ടിത്തരം മിനുക്കുവേഷം--താടികെട്ടിയ പച്ചവേഷമായും പതിവുണ്ട്), ഭീഷ്മദ്രോണാദി സഭാവാസികള്‍‍(കുട്ടിത്തരം മിനുക്കുവേഷങ്ങള്‍), ശ്രീകൃഷ്ണന്‍, മുമുക്ഷു(കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം-രാഗം:ഘണ്ടാരം
“ഇത്യുക്ത്വാ ദ്രുപദാത്മജാം പ്രരുദതീമാശാസ്യ വിശ്വംഭര:
 സാത്യക്യുദ്ധവ മുഖ്യയാദവവരൈസ്സാര്‍ദ്ധം തഥാ താപസൈ:
 ഗത്വാ പ്രേക്ഷ്യ സുയോധനഞ്ച സകലം ശ്വ:പ്രാതരിത്യാലപന്‍
 ഭോക്തും ക്ഷത്തൃപുരം യയാവഥ നൃപാന്‍ ദുര്യോധന:പര്യാശാത് ‍“
{കരയുന്ന ദ്രുപദപുത്രിയെ ഇങ്ങിനെ പറഞ്ഞ് ആശ്വസിപ്പിച്ചിട്ട് സാത്യകി, ഉദ്ദവന്‍ തുടങ്ങിയ യാദവശ്രേഷ്ഠരോടും താപസരോടും കൂടി ശ്രീകൃഷ്ണന്‍ ചെന്ന് സുയോധനനെ കണ്ടിട്ട് എല്ലാം നാളെ എന്നുപറഞ്ഞ് ഭക്ഷണത്തിനായി വിദുരഗൃഹത്തിലേയ്ക്ക് പോയി. അപ്പോള്‍ ദുര്യോധനന്‍ രാജാക്കന്മാരോട് കല്പിച്ചു.}

രണ്ടാം ദുര്യോധനന്റെ വീരരസപ്രധാനമായ തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോള്‍ വലതുഭാഗത്തായി ധൃതരാഷ്ട്രരും ഇടതുഭാഗത്തായി ഭീഷ്മാദി സഭാവാസികളും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ പിന്നില്‍നിന്നും എടുത്തുകലാശത്തോടെ ദുര്യോധനന്‍ പ്രവേശിക്കുന്നു. മുന്നോട്ടുവരുന്ന ദുര്യോധനന്‍ സഭാവാസികളെ എല്ലാം വീക്ഷിക്കുന്നു.
ദുര്യോധനന്‍:‘അല്ലയോ സഭാവാസികളേ, എന്റെ വാക്കുകള്‍ സാദരം ശ്രവിച്ചാലും’
ദുര്യോധനന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദം അഭിനയിക്കുന്നു.
ദുര്യോധനന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത
പല്ലവി:
“പാര്‍ത്ഥിവവീരരെ പാര്‍ത്ഥന്മാര്‍ ചൂതില്‍
 വ്യര്‍ത്ഥബലരായി പോയഹോ”
അനുപല്ലവി:
[“തീര്‍ത്ഥമാടി വന്നു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“തീര്‍ത്ഥമാടി വന്നു രാജ്യാര്‍ത്ഥമതും
 പ്രാര്‍ത്ഥിച്ചുപായങ്ങള്‍ നോക്കുന്നു”

ചരണം1:[]രംഗത്ത് പതിവില്ല]
[“പാഞ്ചാലഭൂപ പുരോഹിതന്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
“പാഞ്ചാലഭൂപ പുരോഹിതന്‍ തന്നെ
 അഞ്ചാതയച്ച തിലിങ്ങേതും
 ചാഞ്ചല്യമില്ലെ ന്നറിഞ്ഞവരുള്ളില്‍
 കിഞ്ചില്‍ വിചാരം കലര്‍ന്നുപോല്‍‍”

ചരണം2:-താളം-മുറിയടന്ത
[“പാപമായാവിയാം കൃഷ്ണനും" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
“പാപമായാവിയാം കൃഷ്ണനുമിപ്പോള്‍
 പാണ്ഡവദൂതനായ്‌വന്നീടും
 ഗോപകുമാരന്‍ വരുന്നേരം ഒരു
 ഭൂ‍പനുമുത്ഥാനം ചെയ്കൊല്ലാ‍”
ചരണം3:
[“യാദവനെ ബഹുമാനിപ്പോർ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
“യാദവനെ ബഹുമാനിപ്പോരിഹ
 ആദരേണ മമ നല്‍കണം
 ദ്വാദശഭാരം സുവര്‍ണ്ണത്തെയതു
 മേദിനിപാലര്‍ ധരിക്കണം‍”
{ക്ഷത്രിയവീരരേ, ഹോ! ചൂതില്‍ ശക്തി പ്രയോജനമില്ലാത്തവരായി പോയി തീര്‍ത്ഥമാടി നടന്ന പാര്‍ത്ഥന്മാര്‍ ഇപ്പോള്‍ തിരികെവന്ന് അര്‍ത്ഥരാജ്യം കൊതിച്ച് അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു‍‍. പാഞ്ചാലഭൂപന്റെ പുരോഹിതനെ അയച്ചതുവഴി നമുക്ക് അതില്‍ ഒട്ടും മാറ്റമില്ല എന്ന് അറിഞ്ഞ അവര്‍ അത് യാചിക്കുവാന്‍ ഉള്ളില്‍ വിചാരിക്കുന്നുപോല്‍. പാപിയും മായാവിയുമായ കൃഷ്ണന്‍ ഇപ്പോള്‍ പാണ്ഡവദൂതനായി വന്നീടും. ഗോപകുമാരന്‍ വരുംനേരം ഒരു ഭൂപനും എഴുന്നേല്‍ക്കരുത്. യാദവനെ ബഹുമാനിക്കുന്നവര്‍ പന്ത്രണ്ട് ഭാരം സ്വര്‍ണ്ണം സാദരം എനിയ്ക്ക് നല്‍കേണ്ടിവരും എന്ന് രാജാക്കന്മാര്‍ ധരിച്ചുകൊള്‍ക.}
“പാര്‍ത്ഥിവവീരരെ”(ദുര്യോധനന്‍-കോട്ട:കേശവന്‍ കുണ്ഡലായര്‍)
ശേഷം ആട്ടം-
ദുര്യോധനന്‍:‘ഇനി ആ ഗോപകുമാരന്‍ വരുന്നത് കാത്തിരിക്കുക തന്നെ’
ദുര്യോധനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ വലതുഭാഗത്ത് ധൃതരാഷ്ട്രര്‍ക്കു പിന്നിലായി ഇരിക്കുന്നു.
-----(തിരശ്ശീല)-----+
[+ഇവിടെ പലപ്പോഴും തിരശ്ശീല പിടിക്കാതെതന്നെ ഗായകര്‍ പത്താം രംഗത്തിന്റെ ശ്ലോകം ചൊല്ലുകയും രംഗം ഒന്‍പതില്‍ നിന്നും പത്തിലേയ്ക്ക് സംങ്ക്രമിക്കുകയും ചെയ്യാറുണ്ട്.]

പത്താം രംഗം


ശ്ലോകം^-രാഗം:മദ്ധ്യമാവതി
“ഗാംഗേയാദാന മിത്യര്‍ച്ചിത ഹരിനൃപത: പ്രാതരാദിശ്യ ഹൃഷ്യത്-
 ഗാംഗേയദ്രോണമുഖ്യപ്രവിലസിതസദസ്യാസ്ഥിതേ ധാര്‍ത്തരാഷ്ട്രേ
 കര്‍ണ്ണാനന്ദായമാനദ്ധ്വനി ദുരിതഹരം പൂരയന്‍ പാഞ്ചജന്യം
 കര്‍ണ്ണാശ്ലിഷ്ടാങ്ഗമുഹ്യത്പതിതകുരുവരാം താം സഭാമാപശൌരി:”
{പ്രഭാതത്തില്‍ ഭീഷ്മദ്രോണാദി പ്രമുഖന്മാരാല്‍ ശോഭിക്കുന്ന സദസ്സില്‍ കൃഷ്ണനെ ബഹുമാനിക്കുന്നവരില്‍ നിന്നും സ്വര്‍ണ്ണം ഈടാക്കും എന്നു് പറഞ്ഞ് ദുര്യോധനന്‍ ഇരിക്കവേ കര്‍ണ്ണാനന്ദകരവും ദുരിതഹരവുമായ പാഞ്ചജന്യം മുഴക്കിക്കൊണ്ട് ശ്രീകൃഷ്ണന്‍ ആ സഭയിലേയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ മോഹാലസ്യപ്പെട്ടു വീണ ദുര്യോധനനെ കര്‍ണ്ണന്‍ താങ്ങിനിര്‍ത്തി.}

[^‘കര്‍ണ്ണാനന്ദായമാനദ്ധ്വനി’ എന്നാലപിക്കുന്നതോടെ ശംഖും വലന്തലയും മുഴക്കുന്നു. ഇതുകേട്ട് അസഹ്യത നടിക്കുന്ന ദുര്യോധനന്‍ ആരും എഴുന്നേല്‍ക്കരുത് എന്ന് സഭാവാസികളോട് വീണ്ടും കല്‍പ്പിക്കുന്നു.]

ശ്ലോകം അവസാനിക്കുന്നതോടെ ശ്രീകൃഷ്ണന്‍ ശംഖുധരിച്ച് ആഡംബരപൂര്‍വ്വം രംഗത്തേയ്ക്ക് എഴുന്നള്ളുന്നു.
(വലന്തലയില്‍ തൃപുടമേളം)
ശ്രീകൃഷ്ണന്റെ വരവു കണ്ട സഭാവാസികള്‍ എഴുന്നേറ്റ് കൃഷ്ണസമീപം വന്ന് ആദരിച്ച് സഭയിലേയ്ക്ക് ആനയിക്കുന്നു. ശ്രീകൃഷ്ണന്‍ രംഗത്തേയ്ക്ക് പ്രവേശിക്കുന്നതോടെ ദുര്യോധനന്‍ മോഹാലസ്യപ്പെട്ട് നിലമ്പതിക്കുന്നു. ഭീഷ്മാദികള്‍ ശ്രീകൃഷ്ണനെ പൂജിച്ച് ഇരുത്തുന്നു. ദുര്യോധനന്‍ എഴുന്നേറ്റ് നിഷ്ക്രമിക്കുന്നു. തുടർന്ന് ഗായകർ അടുത്ത ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:മദ്ധ്യമാവതി
“സഭ്യൈസ്സമോദൈസകലെസ്തദാനീ
 മഭ്യര്‍ച്ചിതോ ഭീഷ്മമുഖൈര്‍മുകുന്ദ:
 സംഭാവ്യ താന്‍ സാദരമാത്മദൃഷ്ടീം
 സമ്പ്രേക്ഷ്യ ചൈവം ധൃതരാഷ്ട്രമൂചേ”
{അപ്പോള്‍ സന്തോഷപൂര്‍വ്വം ഭീഷ്മര്‍ തുടങ്ങിയ സകലസഭാവാസികളാലും പൂജിക്കപ്പെട്ട ശ്രീകൃഷ്ണന്‍ സാദരം അവരെ ബഹുമാനിച്ചിട്ട് അകക്കണ്ണ് മാത്രമുള്ള ധൃതരാഷ്ട്രനെ നോക്കി ഇപ്രകാരം പറഞ്ഞു.}

ശ്രീകൃഷ്ണന്‍ എഴുന്നേറ്റ് പദാ‍ഭിനയം ആരംഭിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചമ്പ
പല്ലവി:
“പാര്‍ത്ഥിവപതേ കേള്‍ക്ക ഇന്നു ഞാനും
 പാര്‍ത്ഥരുടെ ദൂതന്‍ ആകുന്നു കൃഷ്ണന്‍”    [കലാശം]
അനുപല്ലവി:
“അര്‍ത്ഥമവരുടെ വിരവില്‍
 അത്ര പറയുന്നു”                                     [കലാശം]
ചരണം1:
“നിന്നുടെയ പുത്രര്‍ അന്നന്നു ചെയ്ത
 ദുര്‍ന്നയമതൊക്കവെ മറന്നു മനസി
 തന്നുടയ ഭാഗമവര്‍ വന്നിരക്കുന്നു”          [കലാശം]
ചരണം2:
“അര്‍ത്ഥവുമതിന്നുടെ യെടുത്തു അവരെ
 അത്രൈവ സമ്പ്രതി വരുത്തുക വേഗം
 അര്‍ദ്ധരാജ്യത്തെ കൊടുത്തിങ്ങിരുത്തു”  [കലാശം]
ചരണം3:
[“അല്ലെങ്കിലില്ല സന്ദേഹം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
“അല്ലെങ്കിലില്ല സന്ദേഹം പാര്‍ത്ഥന്‍
 കൊല്ലുമേ ഭവത്സുത സമൂഹം പിന്നെ
 അല്ലല്‍ വേണ്ടയിതി നാശ്രയമവര്‍ക്കഹം”
{രാജരാജാ, കേള്‍ക്കുക. ഇന്ന് ഞാന്‍ പാര്‍ത്ഥരുടെ ദൂതനാണ്, കൃഷ്ണന്‍. അവര്‍ക്കുവേണ്ടി വഴിപോലെ ഇവിടെ പറയുന്നു. നിന്റെ പുത്രന്മാര്‍ അന്നന്നു ചെയ്ത ദുര്‍വൃത്തികളൊക്കെ മനസ്സില്‍ മറന്നുകൊണ്ട് തങ്ങളുടെ ഭാഗത്തെ അവര്‍ വന്ന് ഇരക്കുന്നു. അതിന്റെ കാര്യം മനസ്സിലാക്കി വേഗം അവരെ വഴിപോലെ ഇവിടെ വരുത്തുക. എന്നിട്ട് അര്‍ദ്ധരാജ്യത്തെ കൊടുത്ത് ഇവിടെ ഇരുത്തുക. അല്ലെങ്കില്‍ സംശയമില്ല അങ്ങയുടെ മക്കളുടെ കൂട്ടത്തെ പാണ്ഡവര്‍ കൊല്ലും. പിന്നെ അതിന് ദു:ഖം വേണ്ടാ. അവര്‍ക്ക് അതിന് ആശ്രയം ഞാനാണ്.}
“നിന്നുടെയ പുത്രര്‍“(കൃഷ്ണന്‍-കോട്ട:കേശവന്‍ കുണ്ഡലായര്‍)
ധൃതരാഷ്ട്രരുടെ പദം-രാഗം:നീലാബരി, താളം:ചെമ്പ
പല്ലവി:
“വൃഷ്ണികുലതിലക ജയ വിഷ്ണോ ദേവാ‍”        [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“കൃഷ്ണ കൃപചെയ്ക രിപു ജിഷ്ണോ സ്വാമിന്‍
 ജിഷ്ണുസഖ ജിതദനുജ പദപതിതജിഷ്ണോ”  [കലാശം-കൊട്ടുമാത്രം]
ചരണം1:
“ഭൂഭാരഹതിയതിനു താനേ വന്നു
 ശോഭയോടുദിച്ചോരു ഭഗവാനെ വാഴ്ത്താൻ
 കോ ഭവതി ശക്തനിഹ ഭാർഗ്ഗവീജാനേ”          [കലാശം-കൊട്ടുമാത്രം]
ചരണം2:
“നല്ലമൊഴി ചൊല്ലി മമ സുതനെ നാഥ
 നല്ലവഴി കാട്ടിടേണ മുടനെ മമ
 നീയല്ലാതെയാശ്രയ മാരുള്ളു ഭുവനേ”             [കലാശം-കൊട്ടുമാത്രം]
ചരണം2:
“ഉള്ളില്‍ കിടക്കുന്നോ രതിയാം നിന്റെ
 കള്ളങ്ങളാര്‍ക്കു പര മറിയാം ഏവ-
 മുള്ളതു തഥാപി ഞാന്‍ ഉണ്ണിയോടു പറയാം”   [കലാശം-കൊട്ടുമാത്രം]
{വൃഷ്ണികുലത്തിനു തിലകമായുള്ളവനേ, ജയിച്ചാലും. വിഷ്ണുദേവാ, കൃഷ്ണാ, ശത്രുക്കളെ ജയിക്കുന്നവനേ, സ്വാമിന്‍, കൃപ ചെയ്താലും. അര്‍ജ്ജുനന്റെ സഖാവേ, രാക്ഷസരെ ജയിച്ചവനേ, ഇന്ദ്രനാലും പാദസേവ ചെയ്യപ്പെടുന്നവനേ, ലക്ഷ്മീനാഥാ, ഭൂഭാരനാശത്തിനായി താനേവന്നവതരിച്ച ഭഗവാനേ വാഴ്ത്താനിവിടെ ആർ ശക്തനായിഭവിക്കുന്നു? നാഥാ, നല്ലവാക്കു പറഞ്ഞ് ഉടനെ എന്റെ സുതന് നല്ലവഴി കാട്ടിടേണമേ. എനിക്ക് ലോകത്തില്‍ നീയല്ലാതെ ആരാണ് ആശ്രയമായുള്ളത്. നിന്റെ ഉള്ളിലുള്ള അതിയായ കള്ളങ്ങള്‍ മറ്റാര്‍ക്ക് അറിയാം? ഇപ്രകാരമുള്ള കാര്യങ്ങള്‍ ഞാന്‍ ഉണ്ണിയോട് പറയാം.}

ധൃതരാഷ്ട്രരുടെ വചനങ്ങള്‍ കേട്ട് ശ്രീകൃഷ്ണന്‍ നിഷ്ക്രമിക്കുന്നു. മറ്റു സഭാവാസികളും നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ പ്രവേശിച്ച് ധൃതരാഷ്ട്രസമീപം വന്ന് നില്‍ക്കുന്നു. ധൃതരാഷ്ട്രര്‍ ദുര്യോധനനോടായി പദാഭിനയം തുടരുന്നു.
“കള്ളങ്ങളാര്‍ക്കു പര|| മറിയാം“(കൃഷ്ണന്‍-കോട്ട:നന്ദകുമാര്‍)
ചരണം3:-രാഗം:മലഹരി(കല്യാണിയിലും പാടാറുണ്ട്)
“ഉണ്ണിയെവിടെ മമ സമീപേ വരിക
 പണ്ഡിതമതേ ദുരിത കൂപേ ധര്‍മ്മ-
 ക്കണ്ണതുമടച്ചു വീഴൊല്ലാ ബഹുതാപേ”            [കലാശം-കൊട്ടുമാത്രം]
ചരണം4:
“വാചികമിദം ധര്‍മ്മ പുഷ്ടം സവ്യ-
 സാചിസഖമുഖ ഗളിതം ഇഷ്ടം കേള്‍പ്പാന്‍
 യാചിച്ചീടുന്നേന്‍ ഭവാനോടിഹ കഷ്ടം”            [കലാശം-കൊട്ടുമാത്രം]
{ഉണ്ണി എവിടെ? എന്റെ സമീപം വരിക. ബുദ്ധിപാണ്ഡിത്യമുള്ളവനേ, ധര്‍മ്മക്കണ്ണുമടച്ച് നീ ദുരിതക്കുഴിയില്‍ വലിയ ദു:ഖത്തോടെ വീഴരുത്, കഷ്ടം! അര്‍ജ്ജുനസഖാവിന്റെ ഇപ്രകാരമുള്ള ധര്‍മ്മപുഷ്ടമായ വാക്കുകള്‍, ഇഷ്ടത്തോടെ കേള്‍ക്കുവാന്‍ ഭവാനോട് യാചിക്കുന്നു.}

ദുര്യോധനന്‍:‘ഇനി എല്ലാം ഞാന്‍ വേണ്ടതുപോലെ ചെയ്തുകൊള്ളാം’
ദുര്യോധനന്‍ ധൃതരാഷ്ട്രരെ കൈപിടിച്ച് അയയ്ക്കുന്നു. ധൃതരാഷ്ട്രന്‍ നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ വലതുഭാഗത്ത് പീഠത്തിലിരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ചില അവസരങ്ങളില്‍ ഇവിടെ തിരശ്ശീല പിടിച്ചുകൊണ്ടും ശ്ലോകം ചൊല്ലാറുണ്ട്.

ശ്ലോകം-രാഗം:ചെഞ്ചുരുട്ടി
“ധൃതരാഷ്ട്രഗിരം നിരസ്യ കുന്തീ-
 സുതരാഷ്ട്രം വിസ്യജാമി നൈവചൈവം
 ധൃതനിശ്ചയമേഷ നാഗകേതും
 സ്മിതപൂര്‍വ്വം സ്മ തമാഹ വാസുദേവ:“
{ധൃതരാഷ്ട്രന്റെ വാക്കുകള്‍ നിരസിച്ചുകൊണ്ട് കുന്തീസുതരുടെ രാജ്യം ഞാന്‍ വിട്ടുകൊടുക്കുകയില്ല എന്ന് നിശ്ചയിച്ച ദുര്യോധനനോട് വാസുദേവന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു}

ശ്രീകൃഷ്ണന്‍ ഇടത്തുഭാഗത്തുകൂടി പ്രവേശിച്ച് ദുര്യോധനനെ സമീപിക്കുന്നു.
 ദുര്യോധനൻ:(കൃഷ്ണനെ കണ്ടിട്ട്) 'സുഖം തന്നെയല്ലെ? ഇന്നലെ ആഹാരവും ഉറക്കവുമൊക്കെ സുഖമായിരുന്നില്ലെ?'
ശ്രീകൃഷ്ണൻ:'ഒക്കെ സുഖമായിരുന്നു'
ദുര്യോധനന്‍ ശ്രീകൃഷ്ണനോട് ഉപവിഷ്ടനാകാന്‍ നിര്‍ദ്ദേശിക്കുന്നു. ശ്രീകൃഷ്ണന്‍ ഇടതുവശത്ത് പീഠത്തില്‍ ഇരിന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ദൂത് പദം-രാഗം:ചെഞ്ചുരുട്ടി
ശ്രീകൃഷ്ണന്‍:-താളം:ത്രിപുട
ചരണം1:
“ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
 പാതിരാജ്യമതിന്നു നീ നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം”  [കലാശം-കൊട്ടുമാത്രം]
{ബന്ധുവത്സലാ, വളരെ ഭൂസ്വത്തുള്ളവനേ, ക്ഷത്രിയവീരാ, മഹാമനസ്സേ, രാജാവേ, ഇന്ന് നീ പാതിരാജ്യം പാണ്ഡവര്‍ക്കു കൊടുക്കണം}
“ജ്ഞാതിവത്സല ഭൂരിഭൂതിത“(ദുര്യോധനന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍, കൃഷ്ണന്‍-മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി)
ദുര്യോധനന്‍:താളം:മുറിയടന്ത
ചരണം2:
“ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ
 പാതിരാജ്യമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ”         [കലാശം-കൊട്ടുമാത്രം]
{ഹോ! ധര്‍മ്മപുത്രന്‍ നമുക്ക് ബന്ധുവല്ല എന്ന് നീ മനസ്സിലാക്കുക. യാദവാ, ഇന്ന് പാതിരാജ്യം പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല}

ശ്രീകൃഷ്ണന്‍:
ചരണം3:
“ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
 പഞ്ചദേശമതെങ്കിലും നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം”    [കലാശം-കൊട്ടുമാത്രം]
{എന്റെ സുയോധനാ, അതിന് ഇപ്പോള്‍ മനസ്ചാഞ്ചല്യമാണേങ്കില്‍ രാജാവേ, അഞ്ച് ദേശങ്ങളെങ്കിലും പാണ്ഡവര്‍ക്ക് കൊടുക്കണം}

ദുര്യോധനന്‍:
ചരണം4:
“ചഞ്ചലത്വമതില്ല മാമകനെഞ്ചകത്തയി മാധവ
 പഞ്ചദേശമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ”       [കലാശം-കൊട്ടുമാത്രം]
{മാധവാ, എന്റെ മനസ്സില്‍ ചാഞ്ചല്യം ഇല്ല. യാദവാ, പഞ്ചദേശവും ഇന്ന് പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല.}

ശ്രീകൃഷ്ണന്‍:രാഗം:നാഥനാമക്രിയ
ചരണം5:
“അഞ്ചുദേശമതങ്ങു നല്‍കുവതിന്നു സംശയമെങ്കിലോ
 പഞ്ചഗേഹമതെങ്കിലും നൃപ പാണ്ഡവര്‍ക്കു കൊടുക്കണം”   [കലാശം-കൊട്ടുമാത്രം]
{അഞ്ചുദേശങ്ങള്‍ നല്‍കുന്നതിനും സംശയമെങ്കില്‍ രാജാവേ, അഞ്ച് ഗൃഹമെങ്കിലും പാണ്ഡവര്‍ക്ക് കൊടുക്കണം}

ദുര്യോധനന്‍:
ചരണം6:
“കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
 പഞ്ചഗേഹമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ”     [കലാശം-കൊട്ടുമാത്രം]
{ഭിക്ഷ നല്‍കാനുള്ള ഉദ്ദേശവും ഇല്ല. വെറുതെ പോ കേശവാ. യാദവാ, പഞ്ചഗേഹവും ഇന്ന് പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല}

"ഗച്ഛ കേശവ" എന്നുകേട്ടതോടെ എഴുന്നേറ്റ് പിന്മാറിയ ശ്രീകൃഷ്ണൻ ആലോചിച്ചിട്ട് പതുക്കെ മടങ്ങിവന്ന് ചരണമാടുന്നു.

ശ്രീകൃഷ്ണന്‍:
ചരണം7:
“ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവര്‍ക്കു കൊടുക്കണം”   [കലാശം-കൊട്ടുമാത്രം]
{പരാക്രമസമുദ്രമേ, ബഹുസാരമാനസാ, നൃപാ, നിന്റെ ദേശത്ത് ഒരു മന്ദിരം ഇന്ന് പാണ്ഡവര്‍ക്ക് കൊടുക്കണം}

ദുര്യോധനന്‍:
ചരണം8:
“സൂചികുത്തുവതിന്നുമിന്നിവകാശമിദ്ധരണീതലേ
 വാശിയോടു വസിച്ചിടുന്നൊരു പാണ്ഡവര്‍ക്കു കൊടുത്തിടാ”  [കലാശം-കൊട്ടുമാത്രം]
{ഈ ഭൂമിയില്‍ സൂചികുത്തുന്നതിനുപോലും അവകാശം ഇന്ന് വാശിയോടെ വസിക്കുന്ന പാണ്ഡവര്‍ക്ക് കൊടുക്കുകയില്ല}

ശ്രീകൃഷ്ണന്‍:രാഗം:ഭൂപാളം
ചരണം9:
“ഭീമജിഷ്ണുയമൈരമൈവ സ കോപമേഷ്യതി ധര്‍മ്മജന്‍
 ഭൂമിപാലക ഭാഗമുള്ളതു പാണ്ഡവര്‍ക്കു കൊടുക്കണം”            [കലാശം]
{ഭീമന്‍, അര്‍ജ്ജുനന്‍, നകുലസഹദേഹന്മാര്‍, എന്നീ അനുജന്മാരോടുകൂടി വസിക്കുന്ന ധര്‍മ്മജന്‍ കോപിക്കും. രാജാവേ, പാണ്ഡവര്‍ക്കുള്ള ഭാഗം കൊടുക്കണം}

ദുര്യോധനന്‍:രാഗം:ഘണ്ടാരം
ചരണം10:(മുറുകിയകാലം)
[“പാണ്ഡുനന്ദനരല്ല വൈരികള്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“പാണ്ഡുനന്ദനരല്ല വൈരികള്‍ അന്യജാതരതല്ലയോ
 ഖണ്ഡിതം ക്ഷിതിമണ്ഡലം പരപാണ്ഡവര്‍ക്കു കൊടുത്തിടാ”
{പാണ്ഡുനന്ദനരല്ലല്ലോ ശത്രുക്കള്‍, അന്യജാതരല്ലയോ? ഭൂമിയുടെ മുറിതുണ്ടുപോലും അന്യരായ പാണ്ഡവര്‍ക്കു കൊടുക്കുകയില്ല}

ശ്രീകൃഷ്ണന്‍:രാഗം:ഘണ്ടാരം
ചരണം11:(മുറുകിയകാലം)
[“ചിത്രമത്ര വിചിത്രവീര്യജനല്ല" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.] 
“ചിത്രമത്ര വിചിത്രവീര്യജനല്ല നിന്നുടെ താതനും
 അത്ര നീ വിധവാത്മജന്നുടെ പുത്രനെന്നു ധരിക്കണം”
{ഏറ്റവും വിചിത്രം! വിചിത്രവീര്യന്റെ പുത്രനല്ല നിന്റെ അച്ഛനും. ഇവിടെ നീ വിധവാത്മജന്റെ പുത്രനാണന്ന് മനസ്സിലാക്കുക}


ദുര്യോധനന്‍:
ചരണം12:
[“പാശമമ്പൊടു കൊണ്ടുവാ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ദുശ്ശാസനന്‍ പ്രവേശിച്ച് ദുര്യോധനനെ വണങ്ങുന്നു. ദുര്യോധനന്‍ വട്ടംവച്ചുകലാശം എടുത്തിട്ട് ദുശ്ശാസനനോടായി ചരണമാടുന്നു.] 
“പാശമമ്പൊടു കൊണ്ടുവാ യദുപാശനെയിഹ കെട്ടുവാന്‍
 നാശമങ്ങിതറിഞ്ഞു പാണ്ഡവരാശു വന്നിതഴിക്കണം”
{ഈ യാദവനെ കെട്ടുവാന്‍ പെട്ടന്ന് കയര്‍ കൊണ്ടുവാ. നാശമറിഞ്ഞ് പാണ്ഡവര്‍ പെട്ടന്നിവിടെവന്ന് ഇത് അഴിക്കണം}
“പാശമമ്പൊടു കൊണ്ടുവാ”(ദുശ്ശാസനന്‍-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, ദുര്യോധനന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍, കൃഷ്ണന്‍-കോട്ട:കേശവന്‍ കുണ്ഡലായര്‍)
ദുര്യോധനാജ്ഞകേട്ട് ദുശ്ശാസനന്‍ കയര്‍ കൊണ്ടുവരാന്‍ പോകുന്നു. ശ്രീകൃഷ്ണന്‍ അടുത്ത ചരണമാടുന്നു.

ശ്രീകൃഷ്ണന്‍:
ചരണം13:
[“അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]  
“അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു താമസേ
 ബന്ധമെന്തിതു ചൊല്ക പാണ്ഡവബന്ധു ഞാനിതു കാണ്‍ക നീ”
{അന്ധന്റെ പുത്രാ, കൊള്ളാം. നമ്മുടെ ബന്ധനത്തിന് കാരണമെന്തെന്ന് ചൊല്ലുക. ഞാന്‍ പാണ്ഡവബന്ധുവാണ്. നീയിത് കാണുക}

ദുശ്ശാസനന്‍ കൊണ്ടുവരുന്ന കയറുകൊണ്ട് ദുര്യോധനദുശ്ശാസനന്മാര്‍ കൃഷ്ണനെ ബന്ധിക്കുവാന്‍ ശ്രമിക്കുന്നു. കൃഷ്ണന്‍ ഒഴിഞ്ഞുമാറുന്നു. ഗായകര്‍ ശോകം ആലപിക്കുന്നു.

ശ്ലോകം-
“സന്ധാനാത്ഥര്‍മിതി ബ്രവന്തമജിതം ത്വന്ധാത്മജോയം ജഗത്-
 ബന്ധും തം ഭവബന്ധനച്ഛിദമഹോ ബന്ധും യദാരബ്ധവാന്‍
 ശര്‍വ്വഹ്മമുഖാമരസുരനരക്ഷോണീസമുദ്രാദികം
 വിശ്വം സ്വത്മനി ദര്‍ശ്ശയന്‍ സ ഭഗവാന്‍ വിശ്വാകൃതിസ്സന്‍ ബഭൌ”
{സന്ധിക്കായി ഇപ്രകാരം പറയുന്നവനും ആരാലും അജയ്യനും ജഗത്ബന്ധുവും സംസാരബന്ധത്തെ ഛേദിക്കുന്നവനുമായ അവനെ ബന്ധിക്കുവാനായി എപ്പോള്‍ പുറപ്പെട്ടുവോ അപ്പോള്‍ ആ ഭഗവാന്‍ ശിവന്‍, ബഹ്മാവ് തുടങ്ങിയ ദേവന്മാരും അസുരര്‍, മാനുഷര്‍, ഭൂമി, സമുദ്രം മുതലായതെല്ലാം അടങ്ങിയതായ വിശ്വം തന്നില്‍ ദര്‍ശ്ശിപ്പിക്കുന്നവനായിട്ട്, വിശ്വാകൃതിയായി മാറി}



ശ്ളോകാവസാനത്തോടെ ശ്രീകൃഷ്ണ വിശ്വരൂപം കൈക്കോള്ളുന്നു(കൈകളി ശംഖചക്രങ്ങധരിച്ചുകൊണ്ട്, ശംഖധ്വനിയുടേയും വലന്തലമേളത്തിന്റേയും അകമ്പടിയോടെ, ഇടത്തുഭാഗത്ത് പീഠത്തി കയറി നില്‍ക്കുന്നു). ഈ സമയത്ത് ദുര്യോധനന്നും ദുശ്ശാസനനും വലതുഭാഗത്തായി മോഹാലസ്യപ്പെട്ട് വീഴുന്നു. മുമുക്ഷു പ്രവേശിച്ച് ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട് വണങ്ങിയിട്ട്, സ്തുതിക്കുന്നു.


സ്തുതി ശ്ലോകം-രാഗം:ഭൂപാളം
“ജയ ജയ നരകാരേ ബാഹുസംശോഭിതാരേ
 ദുരിതസലിലപൂരേ ദു:ഖയാദോഗഭീരേ
 ജനനിമമപസാരേ മോഹസിന്ധാവപാരേ
 ഭ്രമയ ന ബഹുഘോരേ തേ നമോ ദേവ ശൌരേ”
{നരകാരേ ജയിച്ചാലും. നിറയെ കൈകളോടുകൂടി ശോഭിക്കുന്നവനേ ജയിച്ചാലും. ദുരിതകടലില്‍ വീണ് ഭീമമായി ദു:ഖിക്കുന്ന, മോഹക്കടലില്‍ പെട്ട് ബഹുഘോരമായി കറങ്ങിക്കൊണ്ടിരിക്കുന്ന എന്റെ ജന്മത്തെ ഇതില്‍നിന്നും കരകയറ്റേണമേ. ശൌരീ, ദേവാ, ഞാനങ്ങയെ നമസ്ക്കരിക്കുന്നു.}
“ജയ ജയ നരകാരേ”
മുമുക്ഷു ശ്രീകൃഷ്ണനെ നമസ്ക്കരിക്കുന്നു. ശ്രീകൃഷ്ണന്‍ അപ്രത്യക്ഷനാകുന്നു(ചാടിപ്പുറകോട്ട് നിഷ്ക്രമിക്കുന്നു). മുമുക്ഷു ദുര്യോധനനോടായി പദമാടുന്നു.

മുമുക്ഷുവിന്റെ പദം-രാഗം:മോഹനം, താളം:മുറിയടന്ത
പല്ലവി:
“കൃഷ്ണനരുള്‍ചെയ്തതൊക്കെയും മാനിച്ചു
 കേള്‍ക്ക നിനക്കു നല്ലൂ ബഹുമാനിച്ചു”        [കലാശം]
അനുപല്ലവി:
“വൃഷ്ണിവംശത്തിലവതാരം ചെയ്തൊരു
 വിഷ്ണുഭഗവാനിവനെന്നറിക നീ”                 [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
“പോതനായങ്ങു കിടക്കുന്ന നാളല്ലോ
 പൂതനയെക്കൊന്നതും ഇവന്‍
 വാതശകടാദിദൈതേയരെക്കൊന്ന
 ചാതുര്യമെത്ര വിശേഷം നിനയ്ക്ക നീ”          [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ഭൂതലമൊക്കെ മുടിപ്പാൻ മുതിർന്നോരു
 മാതുലനെ കൊന്നിവൻ പിന്നെ
 പ്രേതനാഥനെയും വെന്നു ഗുരുവിനെ
 പ്രീതനാക്കീലേ സുതനെക്കൊടുത്തിവൻ" [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
“ദുഷ്ടരെയേറ്റവും നിഗ്രഹിച്ചന്വഹം
 ശിഷ്ടരെ രക്ഷിച്ചീടും സ്വാമി
 കഷ്ടം ഭവാനോടു സന്ധിപറഞ്ഞീടാന്‍
 വിഷ്ടപേശന്‍ കൃപയോടെഴുന്നള്ളി”           [കലാശം]
ചരണം4:
“പുണ്യപുമാനുടെ വിശ്വരൂപമിതും
 പൊണ്ണാ നീ കണ്ടില്ലല്ലോ ഇനി
 പാണ്ഡവര്‍ക്കുള്ളൊരു ഭാഗം കൊടുക്കായ്കില്‍
 ചണ്ഡശീല ഭവാന്‍ തന്നെ നശിച്ചീടും”       [കലാശം]
(“കൃഷ്ണനരുള്‍ചെയ്തതൊക്കെയും........... ബഹുമാനിച്ചു”)
{കൃഷ്ണന്‍ അരുള്‍ചെയ്തതൊക്കെയും ബഹുമാനിച്ച് കേള്‍ക്കുകയാണ് നിനക്ക് നല്ലത്. വൃഷ്ണിവംശത്തില്‍ അവതാരംചെയ്ത വിഷ്ണുഭഗവാനാണിവന്‍ എന്ന് നീ അറിയുക. ശിശുവായി കിടക്കുന്ന കാലത്താണല്ലോ പൂതനയെ ഇവന്‍ കൊന്നത്. വാതന്‍, ശകടന്‍ ആദിയായ അസുരരെ കൊന്ന ഇവന്റെ ചാതുര്യം എത്ര സവിശേഷമാണന്ന് നീ ആലോചിച്ചുനോക്കു. ഭൂമിയെ മുടിക്കാൻ മുതിർന്ന അമ്മാവനെ കൊന്നു ഇവൻ. പിന്നെ യമനേയും ജയിച്ച് സുതനെ വാങ്ങിക്കൊടുത്ത് ഗുരുനാഥനേയും പ്രീതനാക്കി. ദിവസംതോറും ദുഷ്ടരേയെല്ലാം നിഗ്രഹിച്ച് സ്വാമി സജ്ജനങ്ങളെ രക്ഷിക്കും. കഷ്ടം! ഭവാനോട് സന്ധിപറയുവാനായി വിഷ്ണുഭഗവാന്‍തന്നെ കൃപയോടെ എഴുന്നള്ളി. ആ പുണ്യപുരുഷന്റെ വിശ്വരൂപമാണിത്. പൊണ്ണനായ നീയിത് കണ്ടില്ലല്ലോ. ഇനി പാണ്ഡവര്‍ക്കുള്ള ഭാഗം കൊടുത്തില്ലെങ്കില്‍ ക്രൂരനായ ഭവാന്‍ നശിക്കും}

പദാഭിനയം കഴിഞ്ഞ് മുമുക്ഷു നിഷ്ക്രമിക്കുന്നു.
ശേഷം ആട്ടം-
പെട്ടന്ന് ബോധം തെളിയുന്ന ദുര്യോധനനും ദുശ്ശാസനനും ചാടിയെഴുന്നേറ്റ് പാശവുമായി മുന്നോട്ട് നീങ്ങുന്നു. കൃഷ്ണനെ അവിടെയെങ്ങും കാണാഞ്ഞ് അന്ധാളിക്കുന്നു.
ദുര്യോധനന്‍:‘ആ ചതിയന്‍ മായയാല്‍ മറഞ്ഞുപോയി. ഇനി പാര്‍ത്ഥന്മാര്‍ ഉടനെ യുദ്ധത്തിനായി എത്തും. അതിനാല്‍ നമുക്കും യുദ്ധത്തിനായി തയ്യാറാവാം. ഇനി നീ വേഗം പോയി ഒരുങ്ങിയാലും.’
ദുര്യോധനന്‍ ഗദയെടുത്ത് ദുശ്ശാസനനു നല്‍കി വിജയത്തിനായി അനുഗ്രഹിക്കുന്നു. ദുശ്ശാസനന്‍ ഗദവാങ്ങി കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ദുര്യോധനന്‍ ദുശ്ശാസനനെ അയച്ച്തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്കുരുന്നു.
തുടര്‍ന്ന് ദുര്യോധനന്റെ പടപ്പുറപ്പാട്-
ദുര്യോധനന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
ദുര്യോധനന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി പയറ്റിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം ദുര്യോധനന്‍ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
ദുര്യോധനന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
ദുര്യോധനന്‍‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി കുരുക്ഷേത്രയുദ്ധഭൂമിയിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’(വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം കുരുക്ഷേത്രയുദ്ധഭൂമിയിലേയ്ക്ക് പോവുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ദുര്യോധനന്‍ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
പത്താം രംഗത്തിലെ പദങ്ങള്‍ കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയിരിക്കുന്നത് ഇവിടെ ശ്രവിക്കാം ആദ്യഭാഗം

അഭിപ്രായങ്ങളൊന്നുമില്ല: