2010, ഫെബ്രുവരി 24, ബുധനാഴ്‌ച

ദുര്യോധനവധം എട്ടാം രംഗം

രംഗത്ത്- ശ്രീകൃഷ്ണന്‍‍‍(ഇടത്തരം മുടിവെച്ച പച്ചവേഷം), ധര്‍മ്മപുത്രന്‍, പാഞ്ചാലി

ശ്ലോകം-രാഗം:മുഖാരി
“അത്രാന്തരേ സകലലോകഹിതാവതാരം
 സാരോക്തിനിര്‍ഗ്ഗമിതസഞ്ജയമഞ്ജസൈതേ
 ഭക്താര്‍ത്തിഭഞ്ജനപരം ഭഗവന്തമേവം
 ശ്രീവാസുദേവമവദന്നരദേവവീര‍”
{സകലലോകത്തിന്റേയും ഹിതത്തിനായി അവതരിച്ചവനും സാരോക്തികൊണ്ടു പുറപ്പെട്ട സഞ്ജയനോടു കൂടിയവനും ഭക്തരുടെ ദു:ഖത്തെ തീര്‍ക്കുന്നതില്‍ തല്പരനുമായ ശ്രീവാസുദേവ ഭഗവാനോട് വീരരായ പാണ്ഡവര്‍ ആ സമയത്ത് ഇപ്രകാരം പറഞ്ഞു.}

ഇടതുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ധര്‍മ്മപുത്രന്‍ വലതുവശത്ത് പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രന്റെ പദം-രാഗം:മുഖാരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“ജയജയ ജനാര്‍ദ്ദന ജലരുഹവിലോചന
 വയമയി വണങ്ങുന്നു വാസുദേവപ്രഭോ”     
ചരണം1:
“ദൈത്യകുലമഥന പര ദൈന്യഹര നിന്നൊടു
 കൃത്യമതുമൊന്നഹോ കൃഷ്ണ പറയുന്നു ഞാന്‍
 സത്യം നിനച്ചീടുകില്‍ സര്‍വ്വസമനെങ്കിലും
 നിത്യമപി ഭക്തരുടെ ഭൃത്യനല്ലോ ഭവാന്‍‍‍”    
ചരണം2:
“അത്യന്തഹാസ്യമെന്നാകിലും ഞങ്ങളുടെ
 ദൂത്യമതു കൈക്കൊണ്ടു ദുര്യോധനാന്തികേ
 പ്രീത്യാ ഗമിച്ചു നീ പാര്‍ത്ഥരുടെ സമയമതു
 സത്യം കഴിഞ്ഞെന്നു സത്വരം ചൊല്ലണം‍” 
ചരണം3:
“അര്‍ദ്ധാസ്മദീയമാമര്‍ദ്ധരാജ്യം തരാന്‍
 അദ്ധാര്‍ത്തരാഷ്ട്രനൊരനുവാദമില്ലെങ്കില്‍
 സിദ്ധാന്തമില്ലഞ്ചു ശുദ്ധദേശങ്ങളെ
 ശ്രദ്ധയോടു തന്നീടുകില്‍ യുദ്ധേച്ഛയില്ല മേ”
ചരണം4:
“ചഞ്ചലമതിന്നവനു നെഞ്ചകത്തെങ്കിലോ
 കിഞ്ചാപി ഞങ്ങള്‍ക്കു പഞ്ചാലയം മതി
 അഞ്ചുപേര്‍ക്കുംകൂടി അഞ്ചിതമൊരാലയം
 അഞ്ചാതെ കിട്ടുമെന്നാകിലും പോരും മേ”  
{ജനാര്‍ദ്ദനാ, താമരക്കണ്ണാ, ജയിച്ചാലും, ജയിച്ചാലും. വാസുദേവാ, പ്രഭോ, ആഗ്രഹത്തോടെ ഞാന്‍ വണങ്ങുന്നു. അസുരവംശ നാശനാ, മറ്റുള്ളവരുടെ ദൈന്യത്തെ നശിപ്പിക്കുന്നവനേ, കൃഷ്ണാ, നിന്നോട് ഞാന്‍ ഇപ്പോള്‍ ഒരു കൃത്യം പറയുന്നു. പരമാര്‍ത്ഥം വിചാരിച്ചാല്‍ സര്‍വ്വസമനാണേങ്കിലും ഭവാന്‍ നിത്യവും ഭക്തരുടെ ഭൃത്യനാണല്ലോ. ഏറ്റവും പരിഹാസ്യമാണേങ്കിലും ഞങ്ങളുടെ ദൂത്യം കൈക്കൊണ്ട് നീ പ്രീതിയോടെ പെട്ടന്ന് ദുര്യോധനസമീപം ചെന്ന് പാര്‍ത്ഥരുടെ സത്യസമയം കഴിഞ്ഞുവെന്ന് പറയണം. സത്യപ്രകാരം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതായ അര്‍ദ്ധരാജ്യം തരുവാന്‍ ആ ധാര്‍ത്തരാഷ്ട്രന് ഒരു സമ്മതവും ഇല്ലെങ്കില്‍ സ്വതന്ത്രമായി അഞ്ചുദേശങ്ങളെ സമ്മതത്തോടെ തന്നീടുകയാണെങ്കില്‍ എനിക്ക് യുദ്ധേച്ഛയില്ല. അവന്റെ മനസ്സില്‍ അതിനും വിഷമമാണേങ്കില്‍ അതുംവേണ്ട, ഞങ്ങള്‍ക്ക് അഞ്ച് ഭവനങ്ങള്‍ ദാനംതന്നാല്‍മതി. അഞ്ചുപേര്‍ക്കും കൂടി മനോഹരമായ ഒരു ഭവനം സ്വന്തമായി കിട്ടുന്നെന്നാലും മതി.‍}
“സത്യം നിനച്ചീടുകില്‍”(ശ്രീകൃഷ്ണന്‍‍-കോട്ട:കേശവന്‍ കുണ്ഡലായര്‍, ധര്‍മ്മ‍പുത്രന്‍-വാഴേങ്കിട വിജയന്‍)
ശ്രീകൃഷ്ണന്റെ മറുപടി പദം+-രാഗം:വേകട, താളം:ചെമ്പട
പല്ലവി:
“രാജന്‍ ധര്‍മ്മജ വാക്യം ശൃണു മേ
 രാജിത ശശിവദന‍”                            [കലാശം]
അനുപല്ലവി:
“കാംഷിതമിതു തവ സാധിതമാവാന്‍
 ക്ഷീണത ഹൃദി മമ തോന്നീടുന്നു”        [ഇരട്ടിക്കലാശം]
ചരണം1:
“എങ്കിലും ഇന്നിഹ നിന്‍ മതി പോലെ
 ശങ്ക വെടിഞ്ഞഹം അങ്ങു ഗമിക്കാം
 തല്‍ സഭ തന്നില്‍ ഇരുന്നുരചെയ്യാം
 നിന്‍ ഗുണവും രിപുദോഷവും എല്ലാം”  [ഇരട്ടിക്കലാശം]
{രാജാവേ, ധര്‍മ്മജാ,ചന്ദ്രനേപ്പോലെ ശോഭിക്കുന്ന വദനത്തോടു കൂടിയവനേ, എന്റെ വാക്കുകള്‍ കേട്ടാലും. നിന്റെ ആഗ്രഹം സാധിതമാവാന്‍ വൈഷമ്യമാണെന്ന് എന്റെ മനസ്സില്‍ തോന്നുന്നു. എങ്കിലും ഇന്ന് ശങ്കവെടിഞ്ഞ് നിന്റെ മനസ്സുപോലെ ഞാന്‍ ഇവിടെ നിന്നും അങ്ങോട്ട് പോകാം. നിന്റെ ഗുണവും ശത്രുക്കളുടെ ദോഷവും എല്ലാം ആ സഭയില്‍ ചെന്നിരുന്ന് പറയാം.}

[+ശ്രീകൃഷ്ണന്റെ ഈ മറുപടി പദം പ്രക്ഷിപ്തമാണ്. ‘ദൂതവാക്യം’ എന്ന ആട്ടകഥയിലേതാണ് ഈ പദം. ആ ആട്ടകഥയുടെ കര്‍ത്താവ് അജ്ഞാതമാണ്.]

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:‘എല്ലാം അവിടുത്തെ കൃപ തന്നെ’
ധര്‍മ്മപുത്രന്‍ വീണ്ടും കൃഷ്ണനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രനെ അനുഗ്രഹിച്ച് യാത്രയാക്കിയിട്ട് ശ്രീകൃഷ്ണന്‍ വീണ്ടും പീഠത്തില്‍ ഇരിക്കുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:നവരസം
“ക്ഷോണീപതേസ്സസഹജസ്യ മതം തദേവ-
 മേണീദൃശാം മണിരപി പ്രണിശമ്യ ഖിന്നാ
 വേണീം വിരോധിനികൃതാകുലിതാം വഹന്തീ
 വാണിമിതി ദ്രുപദജാപദദാര്‍ത്തബന്ധും”
{അപ്പോള്‍ സഹജന്മാരോടുകൂടിയ രാജാവിന്റെ ഇപ്രകാരമുള്ള മതത്തെ കേട്ടിട്ട് മറിമാന്‍‌കണ്ണിമാരില്‍ രത്നമായ ദ്രുപദരാജപുത്രി ഖേദിച്ച് ശത്രുവിന്റെ അപമാനത്താല്‍ കെട്ടഴിഞ്ഞ തലമുടിയും വഹിച്ചുകൊണ്ട് വന്ന് ആര്‍ത്തബന്ധുവായ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകാരംഭത്തോടെ ഇടത്തുഭാഗത്തുകൂടി ദു:ഖിതയായി പ്രവേശിക്കുന്ന പാഞ്ചാലി ‘ദൂതിനായി ഗമിക്കുന്ന ഭഗവാനോട് എന്റെ മതം കൂടി ധരിപ്പിക്കാം’ എന്നുകാട്ടി മുന്നോട്ടുവന്ന്, ശ്ലോകാവസാനത്തോടെ ശ്രീകൃഷ്ണസമീപം എത്തി നമിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുന്നു. പാഞ്ചാലി പദാഭിനയം ആരംഭിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:നവരസം, താളം:അടന്ത
പല്ലവി:
“പരിപാഹി മാം ഹരേ പത്മാലയാപതേ
 പരിപാഹി പരിപാഹി പാഹി മാം കൃഷ്ണാ”         [കലാശം]
അനുപല്ലവി:
“പരിതാപമകലുവാന്‍ പരമപുരുഷ തവ
 പദകമലം വന്ദേ മംഗളമൂര്‍ത്തേ”
ചരണം1:
“പരനോടു പറഞ്ഞീടാന്‍ പതികളുടെ വാക്യവും
 പരിചിനൊടു കേട്ടുടന്‍ പ്രസ്ഥാനമായിതോ
 പരിതാപമോടു ഞാന്‍ പറയുന്നതും ഹൃദി
 പരമകൃപയോടുനീ പരപുരുഷ കേള്‍ക്കേണം”  [ഇരട്ടിക്കലാശം]
ചരണം2:
“പൂര്‍വ്വമുരുപുരുഷപൂര്‍ണ്ണസഭയില്പരം
 ദുര്‍വ്വാക്യവാദിയാം ദുശ്ശാസനന്‍ തന്റെ
 ദുര്‍വൃത്തികൊണ്ടു ഞാന്‍ ദു:ഖിച്ച നേരവും
 സര്‍വ്വജ്ഞ നീതന്നെ സാദരം രക്ഷിച്ചു”            [ഇരട്ടിക്കലാശം]
ചരണം3:
“ദുർവ്വാരകോപനാം ദുർവ്വാസസം വനേ
 ദുർവ്വിനീതൻ വൈരി ദുർമ്മതിയയച്ചനാൾ
 ശർവ്വാംശജാതമുനി ശാപമരുളാഞ്ഞതും
 സ്ർവ്വേശ നിന്നുടയ സൽകൃപാവൈഭവം”        [ഇരട്ടിക്കലാശം]
ചരണം4:
“ക്ലേശഹര ഹേ ഹൃഷികേശ ലോകേശ ശൃണു
 ആശയമതില്‍ കൃപാലേശമില്ലാത്തൊരു
 ആശരസമാരിയാല്‍ അപകൃതനിബന്ധനം
 കേശമിതു കണ്ടു നീ കേശവ ഗമിക്കേണം”        [ഇരട്ടിക്കലാശം]
{പത്മാലയാപതേ, ഹരേ, എന്നെ കാത്തുരക്ഷിച്ചാലും. കൃഷ്ണാ, കാത്തുരക്ഷിച്ചാലും, കാത്തുരക്ഷിച്ചാലും, എന്നെ രക്ഷിച്ചാലും. മംഗളമൂര്‍ത്തേ, പരമപുരുഷാ, പരിതാപം അകലുവാനായി അങ്ങയുടെ പദകമലം വന്ദിക്കുന്നേന്‍. അന്യനോട് പറഞ്ഞീടാന്‍ പതികളുടെ വാക്ക്യങ്ങള്‍ വഴിപോലെ കേട്ടിട്ട് ഉടനെ പുറപ്പെടുകയായോ? പരിതാപത്തോടെ ഞാന്‍ പറയുന്നതും ഹൃദയത്തില്‍ ഏറ്റവും കൃപയോടുകൂടി പരമപുരുഷനായ അവിടുന്ന് കേള്‍ക്കണം. മുന്‍പ് പുരുഷന്മാര്‍ നിറഞ്ഞ പൂര്‍ണ്ണസഭയില്‍ ഏറ്റവും ദുര്‍വ്വാക്യവാദിയായ ദുശ്ശാസനന്റെ ദുര്‍വൃത്തികൊണ്ട് ഞാന്‍ ദു:ഖിച്ച നേരത്തും സര്‍വ്വജ്ഞനായ നീ തന്നെ സാദരം രക്ഷിച്ചു. തടുക്കാനാകാത്ത കോപത്തോടുകൂടിയ ദുർവ്വാസസ്സിനെ മര്യാദയില്ലാത്ത ശത്രുവായ ദുര്യോധനൻ വനത്തിലേയ്ക്ക് അയച്ചനാൾ, ശിവാംശനായ മുനി ശപിക്കാഞ്ഞതും സർവ്വേശ്വരാ, നിന്റെ സൽകൃപാവൈഭവം. ക്ലേശത്തെ നശിപ്പിക്കുന്നവനേ, ഹേ ഹൃഷികേശാ, കേട്ടാലും. മനസ്സില്‍ ലേശവും കൃപയില്ലാത്തൊരു അസുരസമാനനായ ശത്രുവിനാല്‍ കെട്ടഴിക്കപ്പെട്ട ഈ കേശം കണ്ടിട്ട് അങ്ങ് ഗമിച്ചാലും കേശവാ.‍}

ഈപദം കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയതിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം

“ആശരസമാരിയാല്‍ അപകൃതനിബന്ധനം”(പാഞ്ചാലി-കോട്ട:വാസുദേവന്‍ കുണ്ഡലായര്‍)
“കേശമിതു കണ്ടു നീ“(ശ്രീകൃഷ്ണന്‍-കലാ:ഷണ്മുഖദാസ്, പാഞ്ചാലി-കലാ:വിജയകുമാര്‍‍)
ശ്രീകൃഷ്ണന്റെ മറുപടി പദം+-രാഗം:കുറിഞ്ഞി, താളം:ചെമ്പട
പല്ലവി:
“പാര്‍ഷദി മമ സഖി മാകുരു ദേവിതം
 മാനിനിമാര്‍കുലമൌലിമണേ ശൃണു”                   [കലാശം]
ചരണം1:
“ദുര്‍ന്നയന്‍ ദുശ്ശാസനന്‍ ചെയ്തൊരു സാഹസം
 ദൈവകൃതമെന്നു കരുതുക സാമ്പ്രതം”                [ഇരട്ടിക്കലാശം]
ചരണം2:
“ധൂര്‍ത്തരതാകിയ ധാര്‍ത്തരാഷ്ട്രന്മാരെ
 ചീര്‍ത്തരണമതില്‍ ചേര്‍ക്കുവനുപയമം”             [ഇരട്ടിക്കലാശം]
ചരണം3:
“സര്‍വ്വചരാചരസാക്ഷിയതായീടും
 ഈശ്വരനേകന്‍ നിത്യനെന്നറിക നീ”                  [ഇരട്ടിക്കലാശം]
ചരണം4:
“നിങ്ങടെ മോഹവും ഈദൃശമെങ്കിലോ
 അങ്ങവന്‍ ഭാവവും അറിഞ്ഞു ഞാന്‍ വന്നീടുവന്‍”  [ഇരട്ടിക്കലാശം]
ചരണം5:
“കൈവരും കാമിതവും കാമിനീരത്നമേ
 കാലവിളംബനം പാര്‍ത്തു വസിക്കുക”                  [ഇരട്ടിക്കലാശം]
{പാര്‍ഷദീ, എന്റെ സഖീ, കരയരുത്. സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ഠയായുള്ളവളേ, കേട്ടാലും. ദുര്‍ന്നയനായ ദുശ്ശാസനന്‍ ചെയ്തൊരു സാഹസം ദൈവവിധിയാണന്നു കരുതി സമാധാനിക്കുക. ധൂര്‍ത്തരായ ധാര്‍ത്തരാഷ്ട്രന്മാരെ ഉപായത്തില്‍ ഘോരമായ രണത്തില്‍ ചേര്‍ക്കുന്നുണ്ട്. സര്‍വ്വചരാചരസാക്ഷിയായീടുന്ന ഈശ്വരന്‍ നിത്യനെന്ന് നീ അറിഞ്ഞാലും. നിങ്ങളുടെ മോഹം ഈ വിധമെങ്കില്‍ ഞാന്‍ അവന്റെ ഭാവവും അറിഞ്ഞ് വന്നീടാം. ആഗ്രഹം സാധിക്കും. സ്ത്രീരത്നമേ, അതിനുള്ള കാലതമസം പാര്‍ത്ത് വസിക്കുക.}

[+ഈ പദവും പ്രക്ഷിപ്തമാണ്. ഇതിന്റെ കര്‍ത്താവ് അജ്ഞാതമാണ്. ഗോപാലകൃഷ്ണഭാഗവതരാണ് ഇത് പ്രചാരത്തിലാക്കിയത്. പണ്ട് ദക്ഷിണകേരളത്തില്‍ ‘ഉത്തമരാജേന്ദ്രപുത്രീ’ എന്ന ഭൈരവിരാഗത്തിലുള്ള പദമാണ് ഇതിനുപകരമായി പാടിവന്നിരുന്നത്. പ്രക്ഷിപ്തം തന്നെയായ ഈ പദത്തിന്റേയും കര്‍ത്താവ് അജ്ഞാതമാണ്. ‘ഏവം നിങ്ങടെ മോഹമെങ്കിലതു’ എന്ന പദമാണ് ഈ സ്താനത്ത് ആട്ടകഥാകാരനാല്‍ വിരചിതമായിട്ടുള്ളത്.]

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് വീണ്ടും പീഠത്തിലിരിക്കുന്ന ശ്രീകൃഷ്ണനെ പാഞ്ചാലി വണങ്ങുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ച ശേഷം)‘മനുഷ്യനായി പിറന്നാല്‍ ഓരോരോ സമയത്ത് സുഖദു:ഖങ്ങള്‍ മാറിമാറി അനുഭവിക്കേണ്ടതായി വരും. അതിനാല്‍ നീ ഇനി കരയരുത്. നിന്റെ സത്യങ്ങളെല്ലാം ഭര്‍ത്താക്കന്മാര്‍ സാധിച്ചുതരും. അതുകൊണ്ട് നീ സമാധാനമായി ഇരുന്നാലും.’
പാഞ്ചാലി‍:‘എല്ലാം അവിടുത്തെ അനുഗ്രഹം പോലെ’
പാഞ്ചാലി വീണ്ടും ശ്രീകൃഷ്ണനെ വണങ്ങി അനുഗ്രഹം വാങ്ങി നിഷ്ക്രമിക്കുന്നു. ശ്രീകൃഷ്ണന്‍ പാഞ്ചാലിയെ അയയ്ച്ച് തിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
ശ്രീകൃഷ്ണന്‍‍:‘ഇനി വേഗം പാണ്ഡവദൂതനായി കൌരവസഭയിലേയ്ക്ക് പുറപ്പെടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ഇടതുഭാഗത്തായി കണ്ട്,അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സാത്യകി, വേഗം എന്റെ രഥം തയ്യാറാക്കി കൊണ്ടുവന്നാലും’ (സാത്യകിയെ അനുഗ്രഹിച്ചയച്ച് വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് വലതുവശത്തായി കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ യാദവശ്രേഷ്ഠരേ, ഞാന്‍ പാണ്ഡവദൂതനായി കൌരവസഭയിലേയ്ക്ക് പോവുകയാണ്. നിങ്ങള്‍ അനുഗമിക്കുകയല്ലേ?’ (സമ്മതം കേട്ടിട്ട്) ‘എന്നാല്‍ പുറപ്പെട്ടാലും’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ചു നിന്ന് ഇടതുഭാഗത്തായി കണ്ട്, അനുഗ്രഹിച്ചശേഷം) ‘കൊണ്ടുവന്നുവോ?’ (രഥം കണ്ട്, പിടിച്ചിളക്കി ബോദ്ധ്യപ്പെട്ടിട്ട്) ‘ഇനി വേഗം തേര് കൌരവരാജധാനിയിലേയ്ക്ക് വഴിപോലെ തെളിച്ചാലും’
അനന്തരം ശ്രീകൃഷ്ണന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ശംഖ് ധരിച്ചുകൊണ്ട് തേരിലേയ്ക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: