2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ദുര്യോധനവധം 6,7 രംഗങ്ങള്‍ (ചൂത്)

രംഗത്ത്- ധര്‍മ്മപുത്രന്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍, ദുര്യോധനന്‍, ശകുനി, ദുശ്ശാസനന്‍, പാഞ്ചാലി

ശ്ലോകം-രാഗം:ആഹരി
“സ മാതുലോക്തിം സരസം നിശമ്യ
‍ സമാനമാനാര്യ സഭാന്തരാളേ
 സമാശയം സമ്മളിതം സഗര്‍ഭ്യൈ-
 സ്സമാബഭാഷേ സമവര്‍ത്തിസൂനും”
{മാതുലന്റെ സരസമായ വാക്കുകള്‍ കേട്ടിട്ട് ദുര്യോധനന്‍ ശുദ്ധഹൃദയനായ ധര്‍മ്മപുത്രനെ സഹോദരരോടുകൂടി സഭയിലേയ്ക്ക് വരുത്തി അഭിമാനത്തോടുകൂടി പറഞ്ഞു.}

വലതുവശത്തായി ധര്‍മ്മപുത്രാദികളും ഇടതുഭാഗത്തായി ശകുനിയും പീഠങ്ങളില്‍ ഇരിക്കുന്നു. രംഗമദ്ധ്യത്തില്‍ നില്‍ക്കുന്ന ദുര്യോധനന്‍ പദാഭിനയം ആരംഭിക്കുന്നു.
കൌരവസഭ(ദുര്യോധനന്‍‍-കോട്ട:കേശവന്‍ കുണ്ഡലായര്‍‍)
ദുര്യോധനനന്റെ പദം-രാഗം:ആഹരി, താളം:ത്രിപുട
ചരണം1:
“ധര്‍മ്മനന്ദന വീര ധാത്രീപാലകന്മാര്‍ക്കു
 ശര്‍മ്മമുള്ളൊരുകാലേ നര്‍മ്മങ്ങള്‍ വേണമല്ലോ”‍‍‍  [കലാശം]
ചരണം2:
“മന്നവ നമ്മെപ്പോലെ ഉന്നതസുഖമുള്ളോര്‍
 മന്നിലിപ്പൊഴുതോര്‍ത്താല്‍ മറ്റാരുമില്ല നൂനം‍”    [കലാശം]
ചരണം3:
“ചാതുര്യമേറും ഭവാന്‍ മാതുലനോടും കൂടി
 ചൂതുകളിച്ചുകാണ്മാന്‍ കൌതുകം മമ പാരം”          [കലാശം]
ചരണം4:
“മാതുലന്‍ മടങ്ങുന്ന ചൂതിനു പണയവും
 ആതുരഭാവമെന്യേ ആശു ഞാന്‍ തന്നീടുവന്‍”        [കലാശം]
{ധര്‍മ്മനന്ദനാ, വീരാ, രാജാക്കന്മാര്‍ക്ക് ഐശ്വര്യമുള്ള കാലത്ത് നര്‍മ്മങ്ങള്‍ വേണമല്ലോ. രാജാവേ, ഓര്‍ത്തുനോക്കിയാല്‍ നമ്മെപ്പോലെ ഉന്നതസുഖമുള്ളവര്‍ ഇപ്പോള്‍ ഭൂമിയില്‍ ഉറപ്പായും മറ്റാരുമില്ല. ചാതുര്യമേറേയുള്ള ഭവാന്‍ മാതുലനോടും കൂടി ചൂതുകളിച്ചു കാണാന്‍ എനിക്ക് ഏറെ കൌതുകമുണ്ട്. മാതുലന്‍ മടങ്ങുന്ന ചൂതിന്റെ പണയം വിഷാദഭാവമില്ലാതെ പെട്ടന്ന് ഞാന്‍ തന്നീടാം.‍‍}

ധര്‍മ്മപുത്രന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട
ചരണം1:
“കലുഷകരം സുഖനാശനമെന്നും
 കലഹത്തിന്നൊരു കാരണമെന്നും
 കലയേ മാര്‍ഗ്ഗനിദര്‍ശകമെന്നും
 കലയേ ഞാനിഹ ദേവനകര്‍മ്മം‍”  [കലാശം-കൊട്ടുമാത്രം]
ചരണം2:
“എങ്കിലുമിന്നിഹ ഭൂപതിമാര്‍ക്കിഹ
 പങ്കജസംഭവകല്പിതമല്ലോ
 ശങ്കകളഞ്ഞു കളിച്ചീടുന്നേന്‍
 പങ്കജലോചനപാദം ശരണം”        [കലാശം-കൊട്ടുമാത്രം]
പല്ലവി:
“സഹജസുയോധന ശകുനേ മാതുല
 ചതിയിതിലരുതരുതേ”                  [കലാശം-കൊട്ടുമാത്രം]
{ചൂതുകളി കലുഷകരവും സുഖനാശകവുമാണെന്നും, കലഹത്തിന് ഒരു കാരണമാണെന്നും, കലിക്ക് മാര്‍ഗ്ഗം കാണിക്കുന്നതാണന്നും ഞാന്‍ ഇവിടെ കരുതുന്നു. എങ്കിലും ഇത് ഭൂപതിമാര്‍ക്ക് ബ്രഹ്മദേവകല്പിതമായുള്ളതാണല്ലോ. അതിനാല്‍ ശങ്കകളഞ്ഞ് കളിച്ചീടുന്നേന്‍. പങ്കജലോചനന്റെ പാദം ശരണം. സഹോദരനായ സുയോധനാ, മാതുലനായ ശകുനേ, ഇതില്‍ ചതി അരുതേ.}

ശകുനിയുടെ പദം-രാഗം:സുരുട്ടി, താളം:ചെമ്പട
ചരണം1:
“ചതികൊണ്ടെന്തൊരു ഫലമീ ചൂതില്‍
 ചപലതയിങ്ങിനെ ചൊല്ലീടരുതേ
 ക്ഷിതിവര ദൈവവിലാസം പോലെ
 ക്ഷതിയും ജയവും വന്നീടുമല്ലോ”
പല്ലവി:
“വരിക നീ ചൂതിനെടോ ഇരിക്കുക
 വിരവൊടു ധര്‍മ്മസുതാ”   [ഇരട്ടി]
{ചതികൊണ്ട് എന്തുഫലമാണ് ഈ ചൂതില്‍? ചപലത ഇങ്ങിനെ പറയരുതേ. രാജശ്രേഷ്ഠാ, ദൈവവിധിപോലെ ജയപരാജയങ്ങള്‍ വന്നീടുമല്ലോ. എടോ, ധര്‍മ്മസുതാ, വരിക. നീ വഴിപോലെ ചൂതിനിരിക്കുക.}
“വരിക നീ ചൂതിനെടോ”(ധര്‍മ്മപുത്രന്‍-വാഴേങ്കിട വിജയന്‍, ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടിനായര്‍‍)
വലതുഭാഗത്തായി ധര്‍മ്മപുത്രനും ഇടതുവശത്തായി ശകുനിയും നിലത്തിരുന്ന് പകിടയും ചൂതുപടവും ഒരുക്കി ചൂതുകളി ആരംഭിക്കുന്നു. ദുര്യോധന മദ്ധ്യത്തിപിന്നിലായി പീഠത്തി ഇരിക്കുന്നു. ഗായക ശ്ളോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:പന്തുവരാളി
“അഥ ശകുനിനാ പ്രാക്ഷപ്രക്ഷേ പണേ സുപണേ പണേ
 കപടപടിമപൌഢേനോഢേ വിധേയ വിധേവിധേ:
 വശമുപഗതം ജിത്വാ സ്മിത്വാ നയോ വിനയോനയോ
 നൃഗദദദൃശ: പുത്രസ്തത്രാ ഹിതം മഹിതം ഹിതം”
{അനന്തരം കപടാഗ്രേസരനായ ശകുനി വിധികല്പിതവും വലിയ പണയം വയ്ക്കുലോടുകൂടിയതുമായ ചൂതുകളിയ്ക്ക് കരുനീക്കം നടത്തിയപ്പോള്‍ അന്ധപുത്രനായ ദുര്യോധനന്‍ സര്‍വ്വരാലും പൂജിക്കപ്പെടുന്ന ധര്‍മ്മപുത്രനോട് പണയംവെച്ചതിനെപറ്റി നയവും വിനയവുമില്ലാതെ പറഞ്ഞു.}

ശ്ളോകാരംഭത്തോടെ ദുശ്ശാസന പ്രവേശിച്ച് ദുര്യോധനനേയും ശകുനിയേയും വണങ്ങിയിട്ട് പിന്നി നില്‍ക്കുന്നു. ശ്ളോകാവസാനത്തോടെ ധര്‍മ്മപുത്രരും തുടര്‍ന്ന് ശകുനിയും പകിടയെറിഞ്ഞ് കളിക്കുന്നു.
ശകുനി:ഇനി കളിക്കുന്നതിന് പണയം വേണം
ധര്‍മ്മപുത്ര:എന്റെ പണയം രാജഭണ്ഡാരമാണ്. നിങ്ങള്‍ക്കെന്താണ് പണയം?’
ദുര്യോധന:ഞങ്ങള്‍ക്കും അതുതന്നെ
വീണ്ടും ഇരുവരും കളിക്കുന്നു. ധര്‍മ്മപുത്ര പരാജയപ്പെട്ടതുകണ്ട് ദുര്യോധന പദാഭിനയം ചെയ്യുന്നു.

ചൂത് പദം-രാഗം:പന്തുവരാളി, താളം:ചെമ്പട
ദുര്യോധനന്‍:
ചരണം1:
“ദണ്ഡധരാത്മജ കേട്ടാലും നീ
 ഭണ്ഡാഗാരമെനിക്കായല്ലോ
 ശൌണ്ഡതയോടിഹ പൊരുമളവിനിമേല്‍
 പാണ്ഡവ കിം പണയം”
{ധര്‍മ്മപുത്രാ, നീ കേട്ടാലും. ഭണ്ഡാരമെനിക്കായല്ലോ. ഗൌരവത്തോടെ പൊരുതുന്ന സമയത്ത് പാണ്ഡവാ, ഇനി എന്താണ് പണയം?}

ധര്‍മ്മപുത്രന്‍:
ചരണം2:
“വ്യാജമതല്ല സുയോധന കേള്‍ നീ
 വാജികളാനകളായുധജാലം
 രാജന്‍ മമ വരസിചവന്മാരും
 രാജ്യമതും പണയം”
{വ്യാജമല്ല സുയോധനാ, നീ കേള്‍ക്കുക. രാജാവേ, വാജികള്‍, ആനകള്‍, ആയുധങ്ങള്‍, മന്ത്രിമാര്‍, രാജ്യംതന്നെയും പണയം.}
“വാജികളാനകളായുധജാലം”
വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു.

ദുര്യോധനന്‍:(ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട്)
ചരണം3:
“രാജ്യമശേഷമെനിക്കായെന്നാല്‍
 പ്രാജ്യത കിം പണയം”
{രാജ്യം മുഴുവന്‍ എനിക്കായി. എന്നാല്‍ കൂടുതലായി എന്തു പണയം?}

ധര്‍മ്മപുത്രന്‍:
ചരണം4:
“സഹജ സുയോധന സകലനയാംബുധി
 സഹദേവന്‍ പണയം‍”
{സോദരാ, സുയോധനാ‍, സകലനയാംബുധിയായുള്ള സഹദേവന്‍ പണയം}

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ സഹദേവനെ പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.

ദുര്യോധനന്‍:
ചരണം5:
“സഹജനിവന്‍ മമ സചിവനതായതി-
 സാഹസ കിം പണയം”
{സഹോദരനായ ഇവന്‍ എന്റെ ഭൃത്യനായി. വലിയ എടുത്തുചാട്ടക്കാരാ, ഇനി എന്തു പണയം?}

ധര്‍മ്മപുത്രന്‍:
“നകുലനിവന്‍ വിമതാഹികുലത്തിനു
 നകുലനയേ പണയം”
{ശത്രുക്കളാകുന്ന കീരിക്കൂട്ടത്തിന് സര്‍പ്പമായുള്ള ഈ നകുലനെതന്നെ പണയം.}

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ നകുലനെ പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.

ദുര്യോധനന്‍:
ചരണം7:
“അധുനാപി ജയം മമ ഖലു ധര്‍മ്മജ
 അധനിക കിം പണയം”
{ഇപ്പോഴും ജയം എന്റെയടുത്ത്. ധര്‍മ്മജാ, അധികമായി എന്തു പണയം?}

ധര്‍മ്മപുത്രന്‍:
ചരണം8:
“നിര്‍ജ്ജരവരജന്‍ നിര്‍ജ്ജിതവിമതന്‍
 അര്‍ജ്ജുനനും പണയം”
{ഇന്ദ്രപുത്രനും വിമതന്മാരാല്‍ ജയിക്കാന്‍ സാധിക്കാത്തവനുമായ അര്‍ജ്ജുനനും പണയം.}

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ അര്‍ജ്ജുനനേയും പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.

ദുര്യോധനന്‍:
ചരണം9:
“പരവശഭാവമിതെന്തു പൃഥാസുത
 പറയുക കിം പണയം”
{പരവശഭാവം എന്താണ് കുന്തീസുതാ? പറയുക എന്താണ് പണയം?}

ധര്‍മ്മപുത്രന്‍:
ചരണം10:
“ഭീമപരാക്രമനനിലജനനുജന്‍
 ഭീമനിവന്‍ പണയം”
{ഭീമപരാക്രമനും, വായുസുതനുമായ അനുജന്‍ ഈ ഭീമന്‍ പണയം}

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് ദുശാസനന്‍ ഭീമനേയും പിടിച്ച് ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു.

ദുര്യോധനന്‍:
ചരണം11:
“അനുജന്മാരിവരനുഗതരായ് മമ
 നനു വദ കിം പണയം”
{അനുജന്മാരായ ഇവര്‍ എന്റെ അനുയായികളായി. ഇനി പറയൂ, എന്താണ് പണയം?}

ധര്‍മ്മപുത്രന്‍:
ചരണം12:
“ഞാനും പത്നിയുമങ്ങിനെതന്നെ
 നൂനം തേ പണയം”
{ഞാനും പത്നിയും അങ്ങിനേതന്നെ തീര്‍ച്ചയായും നിനക്ക് പണയം}

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെടുന്നു. ധര്‍മ്മപുത്രനേയും ഇടതുവശത്തേയ്ക്ക് മാറ്റി നിര്‍ത്തുന്നു. ശകുനി എഴുന്നേറ്റ് വലതുവശത്തെ പീഠത്തില്‍ ഇരിക്കുന്നു. ദുര്യോധനന്‍ എഴുന്നേറ്റ് ദുശ്ശാസനനോട് ആജ്ഞാപിക്കുന്നു.

ദുര്യോധനന്‍:
ചരണം13:
[“ദാസരതാകിയ പാണ്ഡവരി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
“ദാസരതാകിയ പാണ്ഡവരിവരുടെ
 ദാരങ്ങളെയിഹ സപദിവരുത്തുക
 ദാസീകൃത്യമെടുപ്പാനവളെ
 ശാസിച്ചീടുക ദുശ്ശാസനാ നീ”         [കലാശം]
{ദാസരായിതീര്‍ന്ന ഈ പാണ്ഡവരുടെ പത്നിയെ പെട്ടന്ന് ഇവിടെ വരുത്തുക. ദുശ്ശാസനാ, നീ ദാസ്യവൃത്തിക്കായി അവളെ ശാസിച്ചാലും}

ദുശ്ശാസനന്‍ ദുര്യോധനനെ വണങ്ങി മുന്‍പോട്ട്(സദസ്സ്യര്‍ക്കിടയിലേയ്ക്ക്) ഇറങ്ങി വരുന്നു. ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:ഘണ്ടാരം
“ദുര്യോധനോദിത വചസ്യമിതാദരേണ
 ദുശ്ശാസനേന വസനാഹരണോത്സുകേന
 കൃഷ്ണേതി ഹന്ത രുദതീ സുദതീ സഭാം താം
 കൃഷ്ണാ പ്രസഹ്യ കില താവദനായി ദീനാ”
{ദുര്യോധനവാക്യത്തെ ആദരിച്ചുകൊണ്ട് വസ്ത്രാപഹരണത്തില്‍ ഉത്സുകനായ ദുശ്ശാസനന്‍ സുന്ദരിയും കൃഷ്ണനെ വിളിച്ച് കരയുന്നവളുമായ പാഞ്ചാലിയെ ബലാല്‍ക്കാരേണ സഭയിലേയ്ക്ക് ആനയിച്ചു.}

ശ്ലോകാന്ത്യത്തോടെ ദുശ്ശാസനന്‍ പാഞ്ചാലിയെ ബലാല്‍ക്കാരമായി പിടിച്ചുകൊണ്ട് സദസിനിടയിലൂടെ രംഗത്തേയ്ക്ക് എത്തിക്കുന്നു. ദുശ്ശാസനന്റെ താഡനമേറ്റ് പാഞ്ചാലി രംഗമദ്ധ്യത്തില്‍ വീഴുന്നു. ദുശ്ശാസനന്‍ ചിരിക്കുന്നു. ദുര്യോധനനും ശകുനിയും രസിക്കുന്നു. പാണ്ഡവര്‍ നിര്‍വ്വീര്യരായി തലകുമ്പിട്ട് നില്‍ക്കുന്നു. ഭര്‍ത്താക്കന്മാരേയും ഭീഷ്മാദി സഭാവാസികളേയും സമീപിച്ച് പാഞ്ചാലി തന്നെ രക്ഷിക്കുവാനായി അഭ്യര്‍ത്ഥിക്കുന്നു. ആരും ഒന്നും പറയാത്തതുകണ്ട് ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരയുന്നു(പദാഭിനയം).

പാഞ്ചാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ഹാ ഹാ കൃഷ്ണ കൃഷ്ണ ഹരേ
 ഹാ ഹാ കൃപാനിധേ ശൌരേ
 ഹാ ഹാ മുകുന്ദ മുരാരേ
 ഹാ ഹാ ദീനബന്ധോ പാഹി”       [കലാശം-കൊട്ടുമാത്രം]
ചരണം2:
“വല്ലഭന്മാര്‍ ദാസരായി
 വല്ലാതെ ഞാന്‍ ദുശ്ശാസന-
 മല്ലന്‍ കയ്യിലകപ്പെട്ടേന്‍
 വല്ലവീവല്ലഭ പാഹി”                      [കലാശം-കൊട്ടുമാത്രം]
ചരണം3:
“പറയാവതല്ലയ്യോ താപം
 പലരുള്ള സഭയിലായി
 അറിയാതെ നീയിരിക്കുമോ
 അഖിലലോകസാക്ഷിന്‍ പാഹി”    [കലാശം]
{ഹാ! ഹാ! കൃഷ്ണാ, കൃഷ്ണാ, ഹരേ. ഹാ! ഹാ! കൃപാനിധേ, ശൌരേ. ഹാ! ഹാ! മുകുന്ദാ, മുരാരേ. ഹാ! ഹാ! ദീനബന്ധോ, രക്ഷിച്ചാലും. വല്ലഭന്മാര്‍ ദാസരായി. വല്ലതെ ഞാന്‍ ദുശ്ശാസനമല്ലന്റെ കയ്യിലകപ്പെട്ടു. ഇടയസ്ത്രീയുടെ വല്ലഭാ, രക്ഷിച്ചാലും. അയ്യോ! ദു:ഖം പറയാവതല്ല. ഞാന്‍ പലരുള്ള സഭയിലായത് നീ അറിയാതെയിരിക്കുമോ? അഖിലലോകസാക്ഷിയായവനേ, രക്ഷിച്ചാലും.}
“ഹാ ഹാ കൃഷ്ണ കൃഷ്ണ ഹരേ”(പാഞ്ചാലി-മാര്‍ഗ്ഗി വിജയകുമാര്‍)
ദുശ്ശാസനന്റെ പദം-രാഗം:ഭൈരവി, താളം:ചെമ്പട
പല്ലവി:[രംഗത്ത് പതിവില്ല]
 [“മുഗ്ദ്ധമതേ കൃഷ്ണേ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
"മുഗ്ദ്ധമതേ കൃഷ്ണേ ചൊൽക
 ദുഗ്ദ്ധചോരൻ കൃഷ്ണനോ വി-
 ദഗ്ദ്ധനഹോ തവ പാലനേ
അനുപല്ലവി:[രംഗത്ത് പതിവില്ല]
"ഇദ്ധരാങ്കണം
 മുഗ്ദ്ധമായ് മാർജ്ജനം ചെയ്യേണം"
ചരണം1:[രംഗത്ത് പതിവില്ല]
[“സ്നിഗ്ദ്ധതയില്ല നമുക്കു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
“സ്നിഗ്ദ്ധതയില്ല നമുക്കു ധരിക്കെടീ
 ദഗ്ദ്ധയതാം നീയിതു ചെയ്യായ്കിൽ”           [തോങ്കാരം]
ചരണം2:
[“പാഞ്ചാലി കേള്‍ നിന്നുടെയ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
“പാഞ്ചാലി കേള്‍ നിന്നുടെയ
 പഞ്ചപ്രാണനാഥന്മാരും
 അഞ്ചാതെകണ്ടേവം നില്ക്കവേ ചഞ്ചലഹീനം
 പൂഞ്ചേലഞാനിന്നഴിക്കുവന്‍”
ചരണം3:
["വഞ്ചകവരനാം വസുദേവാത്മജൻ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
"വഞ്ചകവരനാം വസുദേവാത്മജ-
 വഞ്ചതിബലവും കാണണമിപ്പോള്‍”  [തോങ്കാരം]
{മന്തബുദ്ധീ, കൃഷ്ണേ, പറയൂ പാൽക്കള്ളനായ കൃഷ്ണനോ! ഹോ! നിന്റെ രക്ഷയിൽ വിദഗ്ദ്ധനോ? ഈ അങ്കണഭൂമി വൃത്തിയാക്കി മനോഹരമാക്കണം. ദുഷ്ടയായ നീയിതു ചെയ്തില്ലായെങ്കിൽ ദയവ് എനിക്കില്ലെന്ന് ധരിക്കടീ. പാഞ്ചാലീ, കേള്‍ക്ക്. നിന്റെ അഞ്ച് പ്രാണനാഥന്മാരും നാണമില്ലാതെ, ഇപ്രകാരം ഇളക്കമില്ലാതെ നില്ക്കവേ പൂഞ്ചേല ഞാനിന്ന് അഴിക്കുന്നുണ്ട്. വഞ്ചകശ്രേഷ്ഠനായ വസുദേവപുത്രന്റെ വന്‍ ചതിബലവും ഇപ്പോള്‍ കാണണം.}

പാഞ്ചാലി:
ചരണം4:[രംഗത്ത് പതിവില്ല]
"അപനയനാം ദുശ്ശാസനൻ
 അപഹരിച്ചീടുന്നു വസ്ത്രം
 കപടഗോപരൂപ ഗോപ-
 കമനീവസ്ത്രചോര പാഹി"[കലാശം-കൊട്ടുമാത്രം]
{ദുർന്നയനായ ദുശ്ശാസനൻ വസ്ത്രം അപഹരിക്കുന്നു. കപടഗോപരൂപാ, ഗോപികാവസ്ത്രചോരാ, രക്ഷിച്ചാലും.}

ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന് മുതിരുന്നു. ഓരോ വസ്ത്രം അഴിക്കുംതോറും ശ്രീകൃഷ്ണന്റെ ലീലാവിലാസത്താല്‍ ദ്രൌപദിയുടെ ദേഹത്ത് വീണ്ടും വസ്ത്രം കാണപ്പെടുന്നു. ഒടുവില്‍ ദുശ്ശാസനന്‍ തളര്‍ന്നു വീഴുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകമാലപിക്കുന്നു.

ശ്ലോകം-രാഗം:പുന്നാഗവരാളി
“ദുശ്ശാസനഹൃതമുഹു: പ്രവിരൂഢവസ്ത്രാ
 ശ്രീവാസുദേവകരുണാമൃതപാത്രിഭൂതാ
 സാ ദ്രൌപദീ സദസി തത്ര സഹാനുജം തം
 ദുര്യോധനം ശകുനി കര്‍ണ്ണയുതം ശശാപ”
{ശ്രീവാസുദേവന്റെ കരുണാമൃതത്തിന് പാത്രീഭൂതയായതിനാല്‍ ദുശ്ശാസനന്‍ അപഹരിച്ചിട്ടും വീണ്ടും വസ്ത്രത്തോടുകൂടിയവളായ ദൌപദി ആ സദസ്സില്‍ വെയ്ച്ച് അനുജനോടും ശകുനി, കര്‍ണ്ണന്‍, എന്നിവരോടും കൂടിയിരിക്കുന്ന ദുര്യോധനനെ ശപിച്ചു.}
ദുശ്ശാസനന്‍(കലാ:രാമചന്ദന്‍ ഉണ്ണിത്താന്‍) പാഞ്ചാലിയുടെ(കോട്ട:ശിവരാമന്‍) വസ്ത്രാക്ഷേപത്തിന് മുതിരുന്നു
തുടർന്ന് പാഞ്ചാലി പദം അഭിനയിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട(ചരണങ്ങളുടെ ആദ്യ ഈരടി രണ്ടാം കാലത്തിലും ശേഷം മൂന്നാം കാലത്തിലും)
ചരണം1:
“ബഹുചതിയാലേയീവണ്ണം ദ്യൂതേ
 ഇഹ മമ കാന്തന്മാരെയുമധുനാ
 സഹസാ‍ കിങ്കരരാക്കിയ ശകുനിയെ
 സഹദേവന്‍ സമരത്തില്‍ ഹനിക്ക”    [കലാശം]
{വളരെ ചതിചെയ്ത് ഈവണ്ണം ചൂതില്‍ എന്റെ കാന്തന്മാരെ ഇപ്പോള്‍ ഇവിടെ സാഹസത്തോടെ കിങ്കരന്മാരാക്കിയ ശകുനിയെ സഹദേവന്‍ യുദ്ധത്തില്‍ കൊല്ലുക.}
 പാഞ്ചാലി ശകുനിയെ ശപിക്കുന്നു. ശകുനി പാഞ്ചാലിയെ പുച്ഛിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു. പാഞ്ചാലി അടുത്ത ചരണം ആടുന്നു.

ചരണം2:[രംഗത്ത് പതിവില്ല]
"കണ്ണതുകാട്ടി ദുര്യോധനനെ
 കണ്ഡൂയനമതുകൊണ്ടു മയക്കി
 കർണ്ണത്തിൽ ചില കാര്യം പറയും
 കർണ്ണനെയർജ്ജുനവീരൻ കൊൽക" [കലാശം]
{കണ്ണുകാട്ടി ചൊറിച്ചിൽകൊണ്ട് ദുര്യോധനനെ മയക്കി ചെവിയിൽ സ്വകാര്യം പറയുന്ന കർണ്ണനെ വീരനായ അർജ്ജുനൻ കൊല്ലുക.}

ചരണം3:
“പാരവുമെന്നെയവമാനിച്ചൊരു
 ഘോരനതാകിയ ദുശ്ശാസനനാം
 ചോരന്തന്നുടെ മാറുപിളര്‍ന്നിഹ
 ചോര കുടിക്കുക മാരുതിശൂരന്‍”          [കലാശം]
{ഏറ്റവും എന്നെ അപമാനിച്ച ഘോരനായ ദുശ്ശാസനന്‍ എന്ന കള്ളന്റെ മാറുപിളര്‍ന്ന് ശൂരനായ ഭീമന്‍ ചോരകുടിക്കുക}

പാഞ്ചാലി ദുശ്ശാസനനെ ശപിക്കുന്നു. ദുശ്ശാസനന്‍ പാഞ്ചാലിയെ പുച്ഛിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു. പാഞ്ചാലി അടുത്ത ചരണം ആടുന്നു.
ചരണം4:
“ചാരവെ വന്നുടനൂരു ചൊറിഞ്ഞിഹ
 സ്വൈരമിരുന്നൊരു ധീര സുയോധന
 മാരുതിഘോരഗദാഹതിയാല്‍ നീ
 ഊരുഞെരിഞ്ഞു രണത്തില്‍ മരിക്ക”  [കലാശം]
{സമീപത്തുവന്ന് ഉടനെ ഊരുചൊറിഞ്ഞുകൊണ്ട് ഇവിടെ സ്വൈരമായി ഇരുന്ന ധീരനായ സുയോധനാ, യുദ്ധത്തില്‍ ഭീമന്റെ ഘോരമായ ഗദാപ്രഹരത്താല്‍ ഊരുഞെരിഞ്ഞ് നീ മരിക്കുക.}

പാഞ്ചാലി ദുര്യോധനനെ ശപിക്കുന്നു. ദുര്യോധനന്‍ പാഞ്ചാലീ ശാപം നിസ്സാരമായി കണക്കാക്കിക്കൊണ്ട് പാഞ്ചാലിയെ പുച്ഛിക്കുന്നു.
“മാരുതിഘോരഗദാഹതിയാല്‍ നീ”(ദുര്യോധനന്‍-കലാ:കൃഷ്ണകുമാര്‍, പാഞ്ചാലി-കലാ:വിജയകുമാര്‍)
ദുര്യോധനന്‍ എഴുന്നേറ്റ് പദം ആടുന്നു.^

[^ധൃതരാഷ്ട്രന്‍ പ്രവേശിക്കുകയും പദമാടുകയുമാണ് ഈ രംഗത്തില്‍ തുടര്‍ന്ന് ഉള്ളത്. എന്നല്‍ ധൃതരാഷ്ട്രന്‍ പാഞ്ചാലിയുടെ വാക്കുകള്‍ കേട്ട് പാണ്ഡവര്‍ക്ക് ചൂതില്‍ നഷ്ടപ്പെട്ടതെല്ലാം മടക്കിനല്‍കി അവരെ പറഞ്ഞയക്കുന്നതായ ഈ ഭാഗം ഇപ്പോള്‍ അവതരിപ്പിക്കാറില്ല. ഇവിടെ വെയ്ച്ച് ആറാം രംഗം ഏഴിലേയ്ക്ക് സങ്ക്രമിക്കുകയാണ് ഇപ്പോള്‍ പതിവ്. എന്നാല്‍ ഏഴാം രംഗത്തിലെ അനുദ്യൂതം നടക്കുന്ന ആദ്യഭാഗവും ഇപ്പോള്‍ പതിവില്ല. അനുദ്യൂതത്തില്‍ പരാജയപ്പെട്ട പാണ്ഡവരോട് ദുര്യോധനന്‍ പറയുന്നതായ പദമാണ് ഇവിടെ തുടര്‍ന്ന് അവതരിപ്പിക്കുക പതിവ്.]

ദുര്യോധനന്റെ പദം-രാഗം:സാരംഗം, താളം:ചെമ്പട
പല്ലവി:
[“യാഹി ജവേന വനേ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു] 
“യാഹി ജവേന വനേ യമാത്മജ
 യാഹി ജവേന വനേ”                       [കലാശം]
അനുപല്ലവി:[രംഗത്ത് പതിവില്ല]
“മോഹിജനങ്ങളില്‍ മുമ്പനതാം തവ
 മോഘമുപക്രമമഖിലവുമറിക”           [തോങ്കാരം]
ചരണം1:
“ദാരസഹോദരപരിവാരനതായ്
 ദാരുണമാകുമരണ്യതലത്തില്‍
 ഈരാറാണ്ടു വസിക്ക ജഗത്തുക-
 ളീരേഴിന്നും ഹാസാസ്പദമായ്”           [കലാശം]
ചരണം2:
“പിന്നയുമങ്ങൊരുവത്സരമൊരുപുരി-
 തന്നിലശേഷരുമൊന്നിച്ചങ്ങിനെ
 മന്നവകീട, വസിക്കണമെന്നതു
 മന്നിലൊരുത്തരുമറിയരുതേതും”     [കലാശം]
ചരണം3:
പല്ലവി:
[“അന്നറിവാന്‍ വഴി വന്നാല്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]  “അന്നറിവാന്‍ വഴി വന്നാല്‍ കൌതുക-
 മെന്നേ പറവതിനുള്ളു വിശേഷം
 ഖിന്നതയെന്നിയെ പിന്നെയുമീവിധ-
 മൊന്നൊഴിയാതാവര്‍ത്തിക്കേണം”  [തോങ്കാരം]
{പെട്ടന്ന് വനത്തിലേയ്ക്കു പോയാലും. ധര്‍മ്മപുത്രാ, പെട്ടന്ന് വനത്തിലെയ്ക്ക് പോ. മോഹികളില്‍ മുമ്പനായ നിനക്ക് വ്യധകള്‍ ആരംഭിക്കുകയായി. എല്ലാം അനുഭവിക്കുക. ഭാര്യയോടും സഹോദരരോടും പരിവാരങ്ങളോടും കൂടി ദാരുണമായ കാട്ടില്‍ പോയി, ഈരേഴുപാരിനും പരിഹാസത്തിന് ആസ്പദമായിക്കൊണ്ട് പന്ത്രണ്ടുവര്‍ഷം വസിക്കുക. രാജകീടമേ, പിന്നെ ഒരു വത്സരം ഒരു പുരിയില്‍ എല്ലാവരും ഒന്നിച്ച് വസിക്കണം. അത് ലോകത്തില്‍ ആരും അറിയരുത്. അന്ന് അറിയാനിടവന്നാല്‍ പിന്നത്തെ വിശേഷം കൌതകം എന്നേ പറയേണ്ടൂ. മടിയില്ലാതെ പിന്നെയും ഈ വിധം ഒന്നൊഴിയാതെ ആവര്‍ത്തിക്കണം.}
“യാഹി ജവേന വനേ”(ദുര്യോധനന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍, പാഞ്ചാലി-മാര്‍ഗ്ഗി വിജയകുമാര്‍, ധര്‍മ്മപുത്രന്‍-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
ദുര്യോധനന്റെ പദാഭിനയം കഴിയുന്നതോടെ ഗായകര്‍ ദണ്ഡകം ആരംഭിക്കുന്നു.

ദണ്ഡകം-
ചരണം1:
“ഇത്ഥം ശ്രവിച്ചു പരമാര്‍ത്ഥം നിനച്ചു പര-
 മര്‍ത്ഥം ത്യജിച്ചവരുറച്ചു
 പൃഥയൊടു കഥിച്ചു
 പ്രിയയൊടൊരുമിച്ചു
 കമലമകള്‍കമിതൃപദ-

 കമലമതു കരുതി ഹൃദി
 കാമ്യകവനംപ്രതി ഗമിച്ചു”
{ഇപ്രകാരം കേട്ട് സത്യത്തെ വിചാരിച്ച് സമ്പത്തുകള്‍ ത്യജിക്കാന്‍ അവര്‍ തീരുമാനിച്ചു. കുന്തീദേവിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ശ്രീകൃഷ്ണപദകമലങ്ങള്‍ ഹൃദയത്തില്‍ സ്മരിച്ചുകൊണ്ട് പ്രിയതമയോടൊരുമിച്ച് പാണ്ഡവര്‍ കാമ്യകവനത്തിലേയ്ക്ക് ഗമിച്ചു.}

ദുര്യോധനന്‍ പാണ്ഡവരോട് പോകാന്‍ പറയുന്നു. പാണ്ഡവരും പാഞ്ചാലിയും നിഷ്ക്രമിക്കുന്നു.


ദുര്യോധനന്‍:(പാണ്ഡവരെ ആട്ടിപ്പായിച്ചിട്ട് തിരിഞ്ഞു മുന്നോട്ടുവന്ന് 'അഡ്ഡിഡ്ഡിക്കിട' വെച്ചുനിന്ന്) ‘ഹാ! സന്തോഷമായി. ഇനി സുഖമായി രാജ്യം ഭരിച്ച് കഴിയുകതന്നെ’
 

ദുര്യോധനന്‍ നാലാമിരട്ടികലാശം എടുത്തുകലാശിപ്പിക്കുന്നതോടെ പിന്നിലേയ്ക്ക് കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഗായകര്‍ ദണ്ഡകം തുടര്‍ന്ന് ആലപിക്കുന്നു.


ചരണം2:
“മിത്രപസാദവര പാത്രം ലഭിച്ചു ഗുണ-
 പാത്രങ്ങള്‍ പാണ്ഡവര്‍ തപിച്ചു
 ദുരിതമകലിച്ചു
 ദുഷ്ടരെ ഹനിച്ചു
 മുദിതമുനിഗദിതനള|| രാമമുഖകഥകേട്ടു
 മുറ്റുമഴലൊട്ടഥ കുറച്ചു”
ചരണം3:
“ചന്ദ്രാവതംസവര സാന്ദ്രാത്മവീര്യനമ-
 രേന്ദ്രാത്മജന്‍ വിഗതശോകം
 വ്യധിതസുരലോകം
 വിധുതരിപുലോകം
 കുസുമഹൃതിവിഹൃതിയതി|| ലനിലസുതനഹരദിഹ
 ക്രോധവശനികരമവിവേകം”
ചരണം4:
“ആസാദിതാന്തവന വാസാസ്തതോവിദിത-
 വാസായ മാത്സ്യപുരി ചെന്നു
 മത്സരമകന്നു
 വത്സരമിരുന്നു
 അതുസമയമതിചപല|| കീചകനെ ഹതിചെയ്തൂ
 അറിവതിനു വന്നരിയെ വെന്നു”
ചരണം5:
“സാഹായകര്‍മ്മണി സമാഹൂയ ശൌരിമരി
 ഗേഹായ വിപ്രനെയയച്ചൂ
 കഥകള്‍ പറയിച്ചൂ
 കാര്യമറിയിച്ചൂ
 സഞ്ജയഗിരാന്ധനൃപ|| സമ്മതമറിഞ്ഞു ഹൃദി
 സന്നദ്ധരായവര്‍ വസിച്ചൂ”
{തപം ചെയ്ത പാണ്ഡവര്‍ക്ക് സൂര്യന്റെ വരപ്രസാദത്താല്‍ അക്ഷയപാത്രം ലഭിച്ചു. അങ്ങിനെ ദുരിതം അകന്നു. അവര്‍ കാട്ടിലുള്ള ദുഷ്ടരെ ഹനിച്ചു. മുദിതനായ മുനിയില്‍ നിന്നും നളന്റേയും രാമന്റേയും കഥകള്‍ കേട്ട് അവര്‍ തങ്ങളുടെ ദു:ഖം കുറച്ചു. ചന്ദ്രവംശശ്രേഷ്ടനും വീരനുമായ ഇന്ദ്രപുത്രന്‍ ക്ലേശമില്ലാതെ ദേവലോകത്തുപോയി, അവരുടെ ശത്രുക്കളെ നശിപ്പിച്ചു. ഭീമന്‍ പാഞ്ചാലിക്കായി സൌഗന്ധിക പുഷ്പങ്ങള്‍ തേടികണ്ടെത്തി എത്തിച്ചുകൊടുത്തു. വനവാസസമയം കഴിഞ്ഞപ്പോള്‍ അവര്‍ മാത്സ്യപുരിയില്‍ ചെന്ന് വസിച്ചു. അജ്ഞാതവാസക്കാലവും കഴിയവേ ഭീമന്‍ ചപലനായ കീചകനെ വധിച്ചു. അവരെ കണ്ടെത്താന്‍ ശ്രമിച്ച ശത്രുക്കളെ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ ജയിച്ചു. സത്യസമയം കഴിഞ്ഞപ്പോള്‍ അവരെ സഹായിക്കുവാനായി കൃഷ്ണന്‍ വന്നു. അവര്‍ ശത്രുക്കളുടെ അടുത്തേയ്ക്ക് ഒരു ബ്രാഹ്മണനെ അയച്ച് കഥകളും കാര്യങ്ങളും അറിയിച്ചു. സഞ്ജയന്റെ വാക്കുകളില്‍ നിന്നും ധൃതരാഷ്ട്രരുടെ സമ്മതം അറിഞ്ഞ അവര്‍ മന:സന്നദ്ധതയോടെ വസിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: