2010, ഫെബ്രുവരി 27, ശനിയാഴ്‌ച

ദുര്യോധനവധം മൂന്നാം രംഗം

രംഗത്ത്- ദുര്യോധനന്‍, ദുശ്ശാസനന്‍‍(രണ്ടാംതരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:ഘണ്ടാരം
“പ്രസ്ഥാപ്യാഥ സ രാജസൂയവിരതാവന്ത:പുരം തത്പുരം
 സ്വം പ്രത്യുത്ഭടരക്ഷിരക്ഷിജനനീ താതൌ ച ദുര്യോധന:
 അന്തസ്സംഭൃതമത്സരോ മയകൃതാം പാര്‍ത്ഥാഞ്ചിതാം താം സഭാ-
 മാരാദ്വീക്ഷ്യ ശംശസ സേര്‍ഷ്യമനുജാന്‍ ദുശ്ശാസനാദീനിദം”
{രാജസൂയം കഴിഞ്ഞ് അന്ത:പുരസ്ത്രീകളേയും അച്ഛനമ്മമാരേയും സ്വപുരിയിലേയ്ക്ക് അയച്ചിട്ട് ദുര്യോധനന്‍ പാര്‍ത്ഥരുടെ മയനിര്‍മ്മിതവും മനോഹരവുമായ സഭ കണ്ടിട്ട് അത്യന്തം അസൂയയോടും മാത്സര്യത്തോടും കൂടി ദുശ്ശാസനാദികളായ അനുജന്മാരോട് പറഞ്ഞു.}

ദുശ്ശാസനന്റെ തിരനോട്ടം-

വീണ്ടും തിരനീക്കുമ്പോള്‍ ദുശ്ശാസനന്‍ ഇടതുഭാഗത്തുനിന്നും എടുത്തുകലാശത്തോടെ പ്രവേശിച്ച് വശതുവശത്ത് പീഠത്തിലിരിക്കുന്ന ദുര്യോധനനെ കണ്ട്, കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

ദുര്യോധനന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത(രണ്ടാം കാലം)
ചരണം1:
“സോദരന്മാരെയിതു സാദരം കണ്ടിതോ
 മോദകരമരികളുടെ മോഹനസഭാഗൃഹം”  [വട്ടംവച്ചുകലാശം]
ചരണം2:
“മേദിനിയിലിതുപോലെ മേദുരഗുണസ്ഥലം
 പ്രാദുര്‍ഭവിച്ചീടാ വാദമിതിനില്ലഹോ”         [കലാശം]
ചരണം3:
“മരതകമണി കനക മാണിക്യഭിത്തികളു-
 മരരനികരം മുകുര പരികലിതമത്ഭുതം”      [കലാശം]
ചരണം4:[രംഗത്ത് പതിവില്ല]
“സുരുചിരവിഡൂരമണി വിരചിതമഹാസ്തംഭ-
 ഭരിതമതിഭാസുര സ്ഫടികഘടിതോത്തരം”  [കലാശം]
ചരണം5:[രംഗത്ത് പതിവില്ല]
“ചന്ദ്രികയണഞ്ഞു ബഹുചന്തമോടു വീഴുന്നു
 ചന്ദ്രകാന്താംബു പരിചാരകവൃന്തങ്ങളാം”    [കലാശം]
ചരണം6:[രംഗത്ത് പതിവില്ല]
“സാന്ദ്രമധുപുഷ്പഫലസന്താനകങ്ങളാൽ
 ഇന്ദ്രമണിചത്വരവുമിദമധികശോഭനം”      [കലാശം]
ചരണം7:
“കൃത്രിമമൃഗാങ്ക നക്ഷത്രങ്ങള്‍ കാണ്‍കിലോ
 ചിത്രമിതുസത്യമെന്നത്രേ നിനച്ചീടും”          [കലാശം]
ചരണം8:-താളം:മുറിയടന്ത
[“അത്രയുമതല്ല നിലം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകാലാശം എടുത്തിട്ട് ചരണമാടുന്നു]
“അത്രയുമതല്ല നിലമത്രയും രത്നമയ-
 മത്ര ഹരിമന്ദിരവുമഴകൊടു വണങ്ങണം”  [വട്ടംവച്ചുകലാശം]
{സോദരന്മാരേ, ശത്രുക്കളുടെ സന്തോഷകാരണമായ ഈ സുന്ദരസഭാഗൃഹം വഴിപോലെ കണ്ടുവോ? ഹോ! ഭൂമിയില്‍ ഇതുപോലെ ഏറ്റവും ഗുണസ്ഥലം ഉണ്ടാവുകയില്ല, ഇതിന് തര്‍ക്കമില്ല. മരതകരത്നം, സ്വര്‍ണ്ണം, മാണിക്യം ഇവകള്‍ പതിച്ച ഭിത്തികള്‍! കണ്ണാടികളാല്‍ ചുറ്റപ്പെട്ട പുരങ്ങളുടെ നിര! അത്ഭുതം തന്നെ! ദൈവീകമായ വൈഡൂര്യരത്നങ്ങളാൽ നിറഞ്ഞതും, സ്ഫടികങ്ങൾ ഘടിപ്പിച്ചു നിർമ്മിച്ചിരിക്കുന്നതുമായ മഹാസ്തംഭം! ചന്ദ്രികവന്നുവീഴുമ്പോൾ ഉരുകിവീഴുന്ന ചന്ദ്രകാന്തത്തുള്ളികളേപ്പോലെ പരിചാരകവൃന്ദങ്ങൾ! തേൻ നിറഞ്ഞപുഷ്പങ്ങളാലും ഫലങ്ങളാലും നിറഞ്ഞ ദിവ്യവൃക്ഷങ്ങളാൽ നിറഞ്ഞ അങ്കണം ഇന്ദ്രന്റെ മണിമിറ്റത്തേക്കാളുമധികം ശോഭനം. അത്ഭുതകരമായ കൃത്രിമചന്ദ്രനും നക്ഷത്രങ്ങളും കണ്ടാല്‍ ഇത് സത്യംതന്നെ എന്ന് വിചാരിക്കും. അത്രയും മാത്രമല്ല നിലം മുഴുവന്‍ രത്നമയം. ഇവിടെ ഇതിനെ ഹരിമന്ദിരവും സാദരം വണങ്ങണം.}
“സോദരന്മാരെയിതു സാദരം”(ദുര്യോധനന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍, ദുശ്ശാസനന്‍-കോട്ട:ദേവദാസ്)
ദുശ്ശാസനന്റെ മറുപടിപദം-രാഗം:കേദാരഗൌഢം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
[“അഗ്രജ കുരുദ്വഹ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“അഗ്രജ കുരുദ്വഹ സമഗ്രബല പോക നാം
 വ്യഗ്രത വെടിഞ്ഞതില്‍ ഉഗ്രതരപൌരുഷം” [കലാശം]
ചരണം1:
[“അത്ര ഖലു നമ്മുടയ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.] 
“അത്ര ഖലു നമ്മുടയ ശത്രു വാഴുന്നതും
 എത്രയുമയുക്തതരമത്രേ നിനക്കിലോ”          [കലാശം]
ചരണം2:
[“ഇത്ര ബഹുചിത്രമാം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]  “ഇത്ര ബഹുചിത്രമാം ഇസ്ഥലത്തില്‍ സിത-
 ച്ഛത്രമൊടിരിപ്പതിനു പാത്രം ഭവാന്തന്നെ”       [കലാശം]
ചരണം3:
[“ദുര്‍മ്മതികളായിടും" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“ദുര്‍മ്മതികളായിടും ധര്‍മ്മതനയാദികടെ
 ദുര്‍മ്മദമടക്കിയിഹ ശര്‍മ്മമൊടു വാഴണം”    [കലാശം]
{ജേഷ്ഠാ, കുരുശ്രേഷ്ഠാ, സമഗ്രബലാ, വ്യഗ്രത വെടിഞ്ഞ് പൌരുഷത്തോടുകൂടി അതിലേയ്ക്ക് നമുക്ക് പോകാം. അവിടെ നമ്മുടെ ശത്രുവാഴുന്നത് വിചാരിച്ചാല്‍ എത്രയും അയുക്തതരമാണന്ന് ഉറപ്പ്. ഇത്ര ബഹുചിത്രമായ ഈ സ്ഥലത്തില്‍ രാജ്യാധികാരത്തോടെ ഇരിക്കുവാന്‍ യോഗ്യന്‍ ഭവാന്‍ തന്നെ. ദുര്‍മനസ്സുകളായ ധര്‍മ്മപുത്രാദികളുടെ ദുര്‍മ്മദം അടക്കി ഇവിടെ സുഖത്തോടെ വാഴണം.}

ദുര്യോധനന്റെ മറുപടിപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
[“ഉചിതമഹോ മമ രുചിതം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ അടക്കവും വട്ടംവച്ചുകലാശവും എടുത്തിട്ട് പല്ലവി അഭിനയിക്കുന്നു.]
“ഉചിതമഹോ മമ രുചിതം നിങ്ങടെ
 വചനം സോദരരേ”
അനുപല്ലവി:
[“സചിവന്മാരൊടു നാമിഹ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ അടക്കവും വട്ടംവച്ചുകലാശവും എടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“സചിവന്മാരൊടു നാമിഹ സര്‍വ്വരു-
 മചിരാദത്രഗമിച്ചീടേണം”        [തോങ്കാരം]
ചരണം1:
“ശില്പിമയാസുര കല്പിതമത്ഭുത-
 ശില്പവിശേഷമനല്പമതില്പരം”   [തോങ്കാരം]
ചരണം2:
“കൌതുകമഖിലം കണ്ടു ഗമിച്ചഥ
 മാതുലനോടിദമാലോചിക്കാം” [തോങ്കാരം]
ചരണം3:
[“ആസ്ഥയൊടന്തകപുത്രനിരിക്കും" എന്ന് ചൊല്ലിവട്ടംതട്ടിയാൽ അടക്കവും വട്ടംവച്ചുകലാശവും എടുത്തിട്ട് ചരണമാടുന്നു.]
“ആസ്ഥയൊടന്തകപുത്രനിരിക്കുമൊ-
 രാസ്ഥാനത്തിലിരിക്കണമിനിമേല്‍”
{ഹോ! സോദരരേ, ഉചിതമായ നിങ്ങളുടെ വചനം എനിക്കിഷ്ടമായി. നമ്മളെല്ലാവരും മന്ത്രിമാരോടുംകൂടി വേഗത്തില്‍ അങ്ങോട്ട് പോകണം. ശില്പി മയാസുരനാല്‍ നിര്‍മ്മിക്കപ്പെട്ട അത്ഭുതകരമായ ശില്പവിശേഷങ്ങള്‍ അതില്‍ ധരാളമുണ്ട്. കൌതുകകരമായ അവയെല്ലാം കണ്ടുപോയിട്ട് പിന്നീട് ആദ്യമായി അമ്മാവനോട് ആലോചിക്കാം. ആദരവോടെ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ആസ്ഥാനത്തില്‍ ഇരിക്കണം ഇനി മേലില്‍.}
“മചിരാദത്രഗമിച്ചീടേണം”(ദുര്യോധനന്‍-ചെങ്ങന്നൂര്‍ രാമന്‍‌പിള്ള‍, ദുശ്ശാസനന്‍-കുറിച്ചി കൃഷ്ണപിള്ള)
ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ദുര്യോധനനെ ദുശ്ശാസനന്‍ കുമ്പിടുന്നു. ദുര്യോധനന്‍ അനുഗ്രഹിക്കുന്നു.
ദുശ്ശാസനന്‍:‘പാണ്ഡവസഭയിലേയ്ക്കുള്ള അങ്ങയുടെ എഴുന്നള്ളത്ത് വെറും നിസ്സാരമായ രീതിയില്‍ ആകരുത്. നമ്മളുടെ യോഗ്യതകള്‍ വെളിവാക്കുന്ന തരത്തില്‍ തന്നെ വേണം’
ദുര്യോധനന്‍:‘അതെങ്ങിനെ?’
തുടര്‍ന്ന് എഴുന്നള്ളത്തിന്റെ ഗാംഭീര്യത്തിനായി ആന,തേര്‍,കുതിര,കാലാള്‍ എന്നിങ്ങിനെയുള്ള ചതുരംഗസേനയുടേയും നനാതരം വദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടി വേണമെന്ന് ദുശ്ശാസനന്‍ അഭിപ്രായപ്പെടുന്നു. ഇത് ദുര്യോധനന്‍ അംഗീകരിക്കുന്നതോടെ ദുശ്ശാസനന്‍ എഴുന്നള്ളത്തിനുവേണ്ടതായ ഏര്‍പ്പാടുകള്‍ ചെയ്യുന്നു. അനന്തരം ദുര്യോധനാദികള്‍ മോടിയുള്ള വസ്ത്രങ്ങളും മറ്റും ധരിച്ച് തയ്യാറായി പാണ്ഡവസഭയിലേയ്ക്ക് പുറപ്പെടുന്നു. ഇന്ദ്രപ്രസ്ഥത്തിലെ പല കാഴ്ച്ചകളും കണ്ടുഗമിക്കുന്നതായി നടിച്ചുകൊണ്ട് ദുര്യോധനനും ദുശ്ശാസനനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: