2010, ഫെബ്രുവരി 28, ഞായറാഴ്‌ച

ദുര്യോധനവധം 1,2 രംഗങ്ങള്‍

ഒന്നാം രംഗം

ഒന്നാം രംഗം ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

രണ്ടാം രംഗം (പാടിപ്പദം)

രംഗത്ത്- ദുര്യോധനന്‍‍(ഒന്നാംതരം കത്തിവേഷം)‍, ഭാനുമതി‍(ഇടത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
“ആനീതോത്ര പുരൈവ പാണ്ഡുജനുഷാ യാഗായ നാഗാഹ്വയാ-
 ദാനന്ദേന വസന്‍ സുമൃഷ്ടമണിസൌധാഗ്രേ ബുധാഗ്രേസര:
 പാടീരാഗമരുദ്ധുതാഗ്രവിലസജ്ജ്യോത്സ്നാര്‍ദ്രമാന്‍ സ്വര്‍ദ്രുമാ-
 നാലോക്യാത്മവധൂമഭാഷത മഹാവീര്യോഥ ദുര്യോധന:”
{യാഗത്തില്‍ പങ്കെടുക്കുവാനായി പാണ്ഡവരാല്‍ ക്ഷണിച്ചുവരുത്തപ്പെട്ട് ഹസ്തിനപുരത്തിലെത്തിയ ബുധാഗ്രേസരനായ നാഗകേതനന്‍ അവിടെ മണിമാളികയുടെ മുകളില്‍ ആനന്ദത്തോടെ സുഖമായി വസിക്കവേ, അവിടെ കാറ്റത്തിളകുന്ന വള്ളിത്തലപ്പുകള്‍ക്കിടയിലൂടെ പൂനിലാവ് പൊഴിയുന്ന കല്‍പ്പവൃക്ഷങ്ങളെ കണ്ടിട്ട് മഹാവീരനായ ദുര്യോധനന്‍ പ്രാണപ്രിയയോട് പറഞ്ഞു.}

ആലവട്ടമേലാപ്പുകളോടുകൂടി പതിഞ്ഞകാലത്തിലുള്ളതും ശൃഗാരപ്രധാനമായതുമായ ദുര്യോധനന്റെ തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോള്‍ ഭാനുമതിയെ ആലിംഗനം ചെതുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മിനൊപ്പം പ്രവേശിക്കുന്ന ദുര്യോധനന്‍ തുടര്‍ന്ന് ഭാനുമതിയെ ഇടതുഭാഗത്തുനിര്‍ത്തി, നോക്കിക്കാണലോടെ പദാഭിനയം ആരംഭിക്കുന്നു.

ദുര്യോധനന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പാര്‍വ്വണ ശശിവദനേ പാഥോജ ലോചനേ
 പാരിജാതാരാമം കാണ്‍ക പാര്‍ത്ഥസഭാങ്കണേ” [കലാശം]
ചരണം1:
“മന്ദവായുസഞ്ചലിത മന്ദാരവല്ലികള്‍
 തന്വംഗിമാരെന്നപോലെ താണ്ഡവം ചെയ്യുന്നു” [കലാശം]
ചരണം2:
“കേകികള്‍ നിന്നുടെ നല്ല കേശജാലം കണ്ടു
 കോകിലാലാപിനി മേഘകൌതുകാലാടുന്നു”      [കലാശം]
ചരണം3:
“യാമിനീശ ബിംബം കണ്ടാല്‍ കാമിനി തോന്നുന്നു
 കാമരസപാത്രമെന്നു കാന്തേ പുണര്‍ന്നാലും”      [ഇരട്ടിക്കലാശം]
{പൂര്‍ണ്ണചന്ദ്രവദനേ, താമരമിഴിയാളേ, പാര്‍ത്ഥരുടെ സഭാങ്കണത്തിലെ ആരാമം കണ്ടാലും. മന്ദവായുവിനാല്‍ ചലിക്കപ്പെടുന്ന മന്ദാരവല്ലികള്‍ സുന്ദരിമാര്‍ എന്നപോലെ താണ്ഡവം ചെയ്യുന്നു. മയിലുകള്‍ നിന്റെ കേശജാലം കണ്ട് കാര്‍മേഘമെന്ന് ധരിച്ച് സന്തോഷത്താല്‍ നൃത്തംവെയ്ക്കുന്നു. കാമിനീ, ചന്ദ്രബിംബം കണ്ടാല്‍ കാമരസപാത്രമാണെന്ന് തോന്നുന്നു. കാന്തേ, പുണര്‍ന്നാലും.‍}

ഭാനുമതിയുടെ മറുപടിപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“വല്ലഭ മുല്ലശരോപമ കേള്‍ക്ക നീ
 വചനമിദം മമ സുമതേ”            [കലാശം]
അനുപല്ലവി:
“ചൊല്ലിയതാദരിച്ചില്ലന്നയീ തവ
 തെല്ലും പരിഭവമരുതേ”              [ഇരട്ടിക്കലാശം]
ചരണം1:
“ദ്രൌപതിതന്നുടെ വൈഭവമോര്‍ത്തിഹ
 ഭൂപതിവര മമ പാരം
 കോപമോടീര്‍ഷ്യയപത്രപതാപവും
 കുരുവര നാ‍ന്യവിചാരം”             [ഇരട്ടിക്കലാശം]
{വല്ലഭാ, കാമോപമാ, സുമതേ, എന്റെ വചനങ്ങള്‍ അങ്ങ് കേട്ടാലും. പറഞ്ഞതിനെ ഞാന്‍ അനുസ്സരിച്ചില്ലാ എന്ന് അങ്ങേയ്ക്ക് ഒട്ടും പരിഭവം അരുതേ. രാജശ്രേഷ്ഠാ, ദ്രൌപദിയുടെ ഭാഗ്യം ഓര്‍ത്ത് എനിക്ക് വളരെ കോപവും, ഈര്‍ഷ്യയും, ലജ്ജയും, ദു:ഖവും തോന്നുന്നു. കൌരവശ്രേഷ്ഠാ, മറ്റൊരു വിചാരവും ഇവിടെ തോന്നുന്നില്ല.}
“കോപമോടീര്‍ഷ്യയപത്രപതാപവും”(ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടിനായര്‍, ഭാനുമതി-കലാ:ഷണ്മുഖന്‍)
ദുര്യോധനന്റെ മറുപടിപദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
അനുപല്ലവി:
[“ചിത്രതരമോര്‍ക്കുന്നേരം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“ചിത്രതരമോര്‍ക്കുന്നേരം
 അത്ര നിന്റെ ദുര്‍വ്വിചാരം” [തോങ്കാരം]
ചരണം1:
“നമ്മുടെയുപേക്ഷയാലെ
 നന്മയോടു വാഴുന്നിവര്‍”      [തോങ്കാരം]
പല്ലവി:
“എന്തഹോ കാന്തേ സന്താപം”
ചരണം2:
“അച്ഛനുമമ്മയുംകൂടി
 ഗച്ഛ മുന്നേ മന്ദിരേ നീ”       [തോങ്കാരം]
ചരണം3:(മൂന്നാം കാലം)
[“ഞാനവരെയവമാനിച്ചൂ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“ഞാനവരെയവമാനിച്ചൂ-
 നമെന്യേ വന്നീടുവന്‍‍”        [തോങ്കാരം]
{നിന്റെ ദുര്‍വ്വിചാരത്തെ ഓര്‍ക്കുമ്പോള്‍ ‍വിചിത്രം തന്നെ. നമ്മുടെ ഉപേക്ഷകൊണ്ടുമാത്രമാണ് ഇവര്‍ നന്മയോടെ കഴിയുന്നത്. ഹോ! കാന്തേ എന്തിനു സന്താപിക്കുന്നു? അച്ഛനമ്മമാരോടുകൂടി നീ മുന്‍പേ കൊട്ടാരത്തിലേയ്ക്ക് പോകൂ. ഞാന്‍ നിഷ്പ്രയാസം അവരെ അപമാനിച്ചിട്ട് വന്നിടാം.
“എന്തഹോ കാന്തേ സന്താപം”(ദുര്യോധനന്‍-കലാ:രാമന്‍‌കുട്ടിനായര്‍‍, ഭാനുമതി‍-കലാ:ഷണ്മുഖന്‍)
ശേഷം ആട്ടം-
ദുര്യോധനന്‍:‘നിസാരന്മാരായ പാണ്ഡവരെ ഞാന്‍ നിഷ്പ്രയാസം അപമാനിക്കുന്നുണ്ട്. ഇപ്പോള്‍ ഭവതിക്ക് സന്തോഷമായില്ലെ?’ (സന്തോഷത്തോടെ സമീപിക്കുന്ന ഭാനുമതിയെ പുണര്‍ന്ന് സുഖദൃഷ്ടിയില്‍ അല്പസമയം നിന്നശേഷം) ‘എന്നാല്‍ ഇനി നീ വേഗം അച്ഛനമ്മമാരോടൊപ്പം ഗമിച്ചാലും. ഞാന്‍ താമസിയാതെ വന്നുകൊള്ളാം.’
ഭാനുമതി അനുസ്സരിച്ച്, നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് ദുര്യോധനനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: