2010, ഫെബ്രുവരി 3, ബുധനാഴ്‌ച

വടക്കന്‍ രാജസൂയം പുറപ്പാട്

രംഗത്ത്-ധര്‍മ്മപുത്രന്‍(കുട്ടിത്തരം പച്ചവേഷം), പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

വന്ദനശ്ലോകം-രാഗം:കേദാരഗൌള
“ലോകാനന്ദചിദംബരേശ കൃപയാ കീര്‍ത്തിം കലാകേളിഭി:
 പ്രാപ്തംതം ബഹുമാനിതം നൃപവരൈര്‍ നാമ്നാ ച ദാമോദരം
 പുഷ്പോദ്യാനഗൃഹസ്ഥഭൂസുരവരം ശിഷ്യൈസമസ്തൈര്‍വൃതം
 വന്ദേയോഗഗുരും സദാ മമ ഗുരും രംഗേ ജഗന്മോഹനം”
{ലോകാനന്ദസ്വരൂപനായ ചിദംബരേശന്റെ കാരുണ്യത്താൽ കലാവതരണംകൊണ്ടുള്ള യശസ്സിനെ നേടിയവനും രാജാക്കന്മാരാൽ ബഹുമാനിയ്ക്കപ്പെടുന്നവനും അനേകം ശിഷ്യന്മാരോടുകൂടിയവനും യോഗഗുരുവും അരങ്ങിൽ എല്ലാവരുടേയും മനസ്സു കവരുന്നവനും പൂന്തോട്ടത്തില്ലത്ത് വസിയ്ക്കുന്നവനും ബ്രാഹ്മണശ്രേഷ്ഠനും ദാമോദരൻ എന്നുപേരോടുകൂടിയവനുമായ എന്റെ ഗുരുവിനെ എപ്പോഴും ഞാൻ വന്ദിയ്ക്കുന്നു.}

പുറപ്പാട് ശ്ലോകം-രാഗം:ഭൈരവി
“സ്വര്‍ല്ലോകാധിപതുല്യനാം നൃപവരന്‍ ധര്‍മ്മാത്മജന്‍ സോദരൈ-
 ര്‍മ്മല്ലാരേശ്ചരണാബ്ജഭക്തിനിപുണന്‍ കല്യാണവാരാന്നിധി
 സല്ലീലം നിജഭാര്യയാ രുചിരയാ പാഞ്ചാലപുത്ര്യാ മുദാ
 സോല്ലാസം നിജമന്ദിരേ സ കുതുകം രേമേ സരാമോ യഥാ”
{ഇന്ദ്രതുല്യനും കൃഷ്ണഭക്തിയില്‍ നിപുണനും ആയ രാജശ്രേഷ്ഠന്‍ ധര്‍മ്മപുത്രന്‍ സോദരരോടും ഭാര്യയായ, ഇഷ്ടപ്രേയസിയായ പാഞ്ചാലപുത്രിയോടുമൊന്നിച്ച് സസന്തോഷം, സോല്ലാസം, സകൌതുകം അവരുടെ മന്ദിരത്തില്‍ വസിച്ചുവന്നു.}

പദം-രാഗം:ഭൈരവി, താളം:ചെമ്പട
ചരണം1:
“ഇന്ദുകലാബുനിധി ചന്ദ്രനാം ധര്‍മ്മജന്‍
 ഇന്ദ്രപ്രസ്ഥേ വാണീടിനാന്‍ ഇന്ദ്രനെന്നപോലെ
 വൃന്ദാരകതുല്യന്മാരാം സോദരന്മാരോടും
 സുന്ദരിയാം കൃഷ്ണയോടും ചേര്‍ന്നു ശോഭിക്കുന്നു”
ചരണം2:
“ദേവദേവനാം വാസുദേവനെ നിയതം
 സേവചെയ്തു ഭക്തിയോടെ മേവീടുന്നു നിത്യം
 മിത്രപൌത്രനാമജാതശത്രുതന്‍ഗുണാപ്തി
 മിത്രവര്‍ഗ്ഗത്തോടും ചേര്‍ന്നു ധാത്രിയില്‍ വിളങ്ങി”
{ചന്ദ്രവംശമാകുന്ന കടലിലെ ചന്ദ്രനായ ധര്‍മ്മജന്‍ ഇന്ദ്രനേപ്പോലെ ഇന്ദ്രപ്രസ്ഥത്തില്‍ വാഴുന്നു. സോദരന്മാരോടും സുന്ദരിയായ കൃഷ്ണയോടും കൂടി ശോഭിക്കുന്നു. ദേവദേവനായ വാസുദേവനെ നിത്യവും സേവചെയ്തു് ഭക്തിയോടെ വാഴുന്നു. സൂര്യപൌത്രനായ അര്‍ജ്ജുനനോടും മറ്റു മിത്രങ്ങളോടും കൂടി ഭൂമിയില്‍ വിളങ്ങി.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: