2010, ഫെബ്രുവരി 3, ബുധനാഴ്‌ച

വടക്കന്‍ രാജസൂയം 1മുതല്‍ 9വരെ രംഗങ്ങള്‍

1മുതല്‍ 8വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

ഒന്‍പതാം രംഗം

രംഗത്ത്-ജരാസന്ധന്‍‍(ഒന്നാംതരം ചുവന്നതാടിവേഷം), 3ബ്രാഹ്മണര്‍‍(ഇടത്തരം മിനുക്ക് വേഷങ്ങള്‍), ശ്രീകൃഷ്ണന്‍‍(കുട്ടിത്തരം മുടിവെച്ച പച്ചവേഷം), ഭീമന്‍‍(ഇടത്തരം പച്ചവേഷം), അര്‍ജ്ജുനന്‍‍(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:സാരംഗം
“സാക്ഷാദ്വൈകുണ്ഡവാസീ പവനജവിജയാഭ്യാം സമം യാത്രയുംവീ-
 ണ്ടക്കാലം വിപ്രവേഷത്തൊടു മഗധപുരം പുക്കുതാന്‍ തല്‍ക്ഷണേന
 ധിക്കാരത്തോടുമേവും നരവരകുലകാലന്‍ ജരാസന്ധവീരന്‍
 സല്‍ക്കാരം ചെയ്തു മായാമയധരണിസുരന്മാരൊടിത്ഥം ബഭാഷേ”
{സാക്ഷാല്‍ വൈകുണ്ഡവാസിയായ ശ്രീകൃഷ്ണന്‍ വായുപുത്രനോടും വിജയനോടും കൂടി വിപ്രവേഷത്തില്‍ വേഗം പുറപ്പെട്ട് മഗധപുരത്തില്‍ എത്തി. അപ്പോള്‍ ധിക്കാരിയും രാജകുലത്തിന്റെ കാലനുമായ ജരാസന്ധവീരന്‍ കപടബ്രാഹ്മണരായ അവരെ കണ്ട്, സല്‍ക്കരിച്ചിട്ട് ഇപ്രകാരം പറഞ്ഞു.}

ജരാസന്ധന്റെ വീരരസപ്രധാനമായ തിരനോട്ടം-
ജരാസന്ധന്റെ തന്റേടാട്ടം-
തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തുമ്പോള്‍ ജരാസന്ധന്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ ഉത്തരീയം വീശി ഇരിക്കുന്നു.
ജരാസന്ധന്‍:(എഴുന്നേറ്റ് സഭാവന്ദനം ചെയ്ത്, ആത്മഗതമായി) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിന് കാരണമെന്ത്?’ (ആലോചിച്ച് മനസ്സിലാക്കിയിട്ട്) ‘എനിക്ക് തുല്യം ബലവീര്യപരാക്രമിയായി ഇന്ന് ലോകത്തില്‍ ആരാണുള്ളത്? ഒരുത്തരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു. എന്നാല്‍ ഞാന്‍ ഇത്ര പരാക്രമിയാവാന്‍ കാരണം എന്ത്?’ (ഓര്‍ത്തിട്ട്) ‘അതെ, ത്രൈലോക്യനാഥനായുള്ള മഹേശ്വരന്റെ അനുഗ്രഹം തന്നെ കാരണം. അതുകൊണ്ട് ഞാനാകട്ടെ നമ്മുടെ ശത്രുക്കളായുള്ള സകല രാജാക്കന്മാരേയും യുദ്ധത്തില്‍ ജയിച്ച് ഇവിടെ കാരാഗ്രഹത്തില്‍ കെട്ടിയിട്ടു കഴിഞ്ഞു. എന്നെ ഭയന്ന് യാദവന്മാര്‍ ഓടിപ്പോയി. എന്റെ ഭുജബലത്തോട് എതിരിടുവാന്‍ മായാവിയായ കൃഷ്ണനും സാധിച്ചില്ല. ഇങ്ങിനെ സര്‍വ്വ രാജാക്കന്മാരുടേയും നാഥനായി ഞാന്‍ ഭൂമിയെ മുഴുവന്‍ അധീനമാക്കി’+ (വീണ്ടും പീഠത്തിലിരുന്ന് ഉത്തരീയം വീശവേ വലുതായ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റിട്ട്) ‘എന്താണ് വലുതായ ശബ്ദം കേട്ടത്? എന്റെ ഗോപുരദ്വാരിയില്‍ സ്ഥാപിച്ചിരിക്കുന്ന പെരുമ്പറകള്‍ ആരോ അടിച്ച് പൊട്ടിച്ചതാണോ? അവ പൊട്ടുന്ന ദിവസം അനിക്കൊത്ത എതിരാളി വരുമെന്ന് പണ്ട് പിതാവ് അരുളിയിട്ടുണ്ട്. + ആരാണ് അവ തകര്‍ത്തത്?’ (പിന്മാറി തിരിഞ്ഞ് മുമ്പിലേയ്ക്ക് വന്ന് സൂക്ഷിച്ച് നോക്കിയിട്ട്) ‘ആരാണ് ദൂരെനിന്നും എന്റെ നേരേ വരുന്നത്? മൂന്ന് ബ്രാഹ്മണരാണോ? അതെ, പൂണൂല്‍ ഉണ്ട്. എന്നാല്‍ ബ്രാഹ്മണര്‍ ഇത്തരത്തിലുള്ള വസ്ത്രാഭരണങ്ങള്‍ അണിയുന്നത് മുന്‍പ് കണ്ടിട്ടില്ല. തന്നെയുമല്ല ഇവരെ കണ്ടാല്‍ ക്ഷാത്രവീര്യം മൂര്‍ത്തീ‍കരിച്ച് പ്രത്യേക്ഷമായതാണോ എന്നുതോന്നുകയും ചെയ്യുന്നു. എങ്കിലും ഇവര്‍ ബ്രാഹ്മണര്‍ തന്നെ. ഇതാ അവര്‍ എന്റെ സമീപത്തേയ്ക്കു വരുന്നു. ഇനി അവരെ സല്‍ക്കരിച്ച് വന്നകാര്യം ചോദിച്ചറിയുക തന്നെ.’
ജരാസന്ധന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ തിര ഉയര്‍ത്തുന്നു.

[+ ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ഇവിടെ നടന്മാര്‍ മനോധര്‍മ്മാ‍നുശ്രുതമായി(സമയ സാഹചര്യങ്ങള്‍ക്കനുസ്സരിച്ച്) ജരാസന്ധന്റെ ഉല്‍പ്പത്തി കഥ ആടാറുണ്ട്.
ജരാസന്ധന്റെ ഉല്‍പ്പത്തി-
മഗധരാജാവായ ബൃഹദ്രഥന് കാശീരാജാവിന്റെ പുത്രിമാരായ രണ്ട് പത്നിമാരുണ്ടായിരുന്നു. ഇദ്ദേഹം സന്തതിയില്ലായ്കയാല്‍ വംശനാശം ഭയന്ന് വളരെ ദു:ഖിതനായി കഴിഞ്ഞുവന്നു. ഒരിക്കല്‍ ചണ്ഡകൌശികന്‍ എന്ന ഒരു മഹര്‍ഷിയെ കാണാനിടയായപ്പോള്‍ ബൃഹദ്രഥന്‍ തന്റെ സങ്കടം അദ്ദേഹത്തോട് ഉണര്‍ത്തിച്ചു. രാജാവിന് ആ താപസന്‍ ഒരു മാമ്പഴം നല്‍കുകയും, ‘ഈ ദിവ്യഫലം പത്നിക്കു നല്‍കുക,നിന്റെ അഭീഷ്ടം സിദ്ധിക്കും’ എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. മഗധാധിപന്‍ ആ പഴം രണ്ടാക്കി ഭാഗിച്ച് തന്റെ രണ്ടു ഭാര്യമാര്‍ക്കും നല്‍കി. അതു ഭക്ഷിച്ച രാജപത്നിമാര്‍ രണ്ടുപേരും മഹര്‍ഷിയുടെ അനുഗ്രഹഭലമായി താമസിയാതെതന്നെ ഗര്‍ഭം ധരിച്ചു. എന്നാല്‍ ഗര്‍ഭപൂര്‍ത്തിയായപ്പോള്‍ ഇരുവരും പ്രസവിച്ചത് ഒരു ശിശുവിന്റെ പകുതി ദേഹം വീതമായിരുന്നു. രാജാവും പത്നിമാരും പൂര്‍വ്വാധികം ദു:ഖിതരായിതീര്‍ന്നു. രാജനിദ്ദേശാനുസ്സരണം കിങ്കരന്മാര്‍ ശിശുദേഹങ്ങള്‍ സ്മശാനത്തില്‍ നിക്ഷേപിച്ചു. ഈ സമയത്ത് ശവംതിന്നു നടന്നിരുന്ന ജര എന്നൊരു വൃദ്ധരാക്ഷസി ഈ മാംസപിണ്ഡങ്ങള്‍ കാണാനിടയായി. അവള്‍ ഇവ ഒരുമിച്ച് കൈയ്യിലെടുത്ത് ഭക്ഷിക്കാനൊരുങ്ങവെ ആ അര്‍ദ്ധദേഹങ്ങള്‍ കൂടിച്ചേരുകയും ജീവചൈതന്യം ഉണ്ടാവുകയും ചെയ്തു. സംഗതികള്‍ മനസ്സിലാക്കിയ ജര സുന്ദരീവേഷം ധരിച്ച് ശിശുവിനെ രാജാവിന് കാഴ്ച്ചവെയ്ച്ചു. ആനന്ദഭരിതനായ മഗധാധീശനും പത്നിമാരും ബാലനെ സംരക്ഷിച്ച് വളര്‍ത്തി. ഇപ്രകാരം ജരയാല്‍ സന്ധിപ്പിക്കപ്പെട്ടവനാകയാല്‍ ബാലന് ‘ജരാസന്ധന്‍’ എന്ന് പേര്‍ സിദ്ധിച്ചു.]

[+ജരാസന്ധന്റെ തന്റേടാട്ടത്തില്‍ ഇവിടെ നടന്മാര്‍ മനോധര്‍മ്മാ‍നുശ്രുതമായി പെരുമ്പറകളുടെ ഉത്ഭവകഥയും ആടാറുണ്ട്.
പെറുമ്പറകളുടെ ഉത്ഭവകഥ-
ജരാസന്ധന്‍ പ്രായപൂര്‍ത്തിയായതോടെ പിതാവായ ബൃഹദ്രഥന്‍ രാജ്യഭാരം പുത്രനുനല്‍കി പത്നിമാരോടൊനിച്ച് വാനപ്രസ്ഥത്തിനായി ഗമിച്ചു. അദ്ദേഹം ഇങ്ങിനെ ചണ്ഡകൌശികന്റെ ആശ്രമത്തില്‍ കഴിയുന്നകാലത്ത് ഒരിക്കല്‍ ഗജരൂപത്തിലെത്തിയ ഋഷഭന്‍ എന്നു പേരായ ഒരു അസുരനുമായി ഏറ്റുമുട്ടാനിടയായി. ഋഷഭനെ വധിച്ച ബൃഹദ്രഥന്‍ അവന്റെ ചര്‍മ്മം ഉപയോഗിച്ച് മൂന്ന് വലിയ പെരുമ്പറകള്‍ നിര്‍മ്മിച്ച് തന്റെ നഗരിയുടെ കവാടത്തില്‍ സ്ഥാപിച്ചു. ഈ പെരുമ്പറയില്‍ ഒന്ന് മുട്ടിയാല്‍ അതിന്റെ മുഴക്കം ഏതാണ്ട് ഒരുമാസം വരേയ്ക്കും നീണ്ടുനില്‍ക്കുമത്രേ!]

വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ ബ്രാഹ്മണര്‍ മൂവരും ഇടതുവശത്ത് നില്‍ക്കുന്നു. വലതുഭാഗത്തുകൂടി ജരാസന്ധന്‍ ഏടുത്തുകലാശത്തോടെ പ്രവേശിക്കുന്നു. ജരാസന്ധന്‍ ബ്രാഹ്മണരെ കണ്ട്, മൂവരേയും പ്രത്യേകം വന്ദിക്കുന്നു.
ജരാസന്ധന്‍:‘ഇരിയ്ക്കിന്‍, ഇരിയ്ക്കിന്‍’
കൃഷ്ണബ്രാഹ്മണന്‍:‘ഏയ് വേണ്ടാ, ഇവിടെ നിന്നുകൊള്ളാം’
ജരാസന്ധന്‍:‘നില്‍ക്കുകയോ? പാടില്ല, ഇരിക്കണം’(ബ്രാഹ്മണരെ നിര്‍ബന്ധിച്ച് പീഠങ്ങളില്‍ ഇരുത്തിയശേഷം) ‘നിങ്ങള്‍ക്ക് സൌഖ്യമല്ലെ?’
കൃഷ്ണബ്രാഹ്മണന്‍:‘അതെ, സൌഖ്യം തന്നെ’
ജരാസന്ധന്‍:‘നിങ്ങളെ കണ്ടതിനാല്‍ ബഹുസന്തോഷമായി. ഇനി ഞാന്‍ പറയുന്നത് വഴിപോലെ ശ്രവിച്ചാലും’
ജരാസന്ധന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം അഭിനയിക്കുന്നു.

ജരാസന്ധന്റെ പദം-രാഗം:സാരംഗം, താളം:ചെമ്പ
പല്ലവി:
“ഭൂസുരശിരോമണികളാം നിങ്ങളുടെ ഭാസുരപദങ്ങള്‍ കലയേ”
അനുപല്ലവി:
“ഏതൊരു പ്രദേശമി തലംകൃതം നിങ്ങളാല്‍
 മോദേനചൊല്‍വിന്‍ അഭിവാഞ്ഛിതമതൊക്കെയും
(“ഭൂസുരശിരോമണികളാം നിങ്ങളുടെ ഭാസുരപദങ്ങള്‍ കലയേ”)
ചരണം1:
“ദിക്കുകളൊക്കെയധുനാ നമ്മുടയ ശക്തിപുകഴ്ത്തുന്നില്ലേ
 മല്‍ക്കരബലത്തോടെതൃ നില്പതിന്നു പാര്‍ക്കിലോ
 ശക്തി നഹി ശക്രനു മതോര്‍ക്ക മമ വിക്രമം”
(“ഭൂസുരശിരോമണികളാം നിങ്ങളുടെ ഭാസുരപദങ്ങള്‍ കലയേ”)
{ബ്രാഹ്മണശ്രേഷ്ഠരായ നിങ്ങളുടെ ശോഭായമാനങ്ങളായ പാദങ്ങളെ വന്ദിക്കുന്നേന്‍. നിങ്ങള്‍ ഏതൊരു പ്രദേശമാണ് അലങ്കരിക്കുന്നത്? സന്തോഷത്തോടുകൂടി ആഗ്രഹങ്ങളൊക്കെയും ചൊല്ലിയാലും. ദിക്കുകളിലൊക്കെ നമ്മുടെ ശക്തിയെ പുകഴ്ത്തുന്നില്ലെ? ഓര്‍ത്താല്‍ എന്റെ കരബലത്തോട് എതിര്‍ത്തു നില്‍ക്കാന്‍ ഇന്ദ്രനും ശക്തിയില്ല. എന്റെ വിക്രമം അത്രയ്ക്കുണ്ടെന്ന് വിചാരിച്ചാലും.}

ബ്രാഹ്മണരുടെ പദം-രാഗം:മാരധനാശി, താളം:ത്രിപുട
കൃഷ്ണബ്രാഹ്മണന്‍:
ചരണം1:
“മാഗധേശ്വര കേള്‍ക്കെടോ ഞങ്ങളുടെ
 ഭാഷിതമെല്ലാമെ സാമ്പ്രതം
 ഭാഗധേയം തവ പാര്‍ക്കിലഹോ പാരം
 ഭാതിജഗത്രയേ രാജന്ദ്രവീരാ ഹേ”
{മഗധരാജാവേ, ഞങ്ങളുടെ വാക്കുകളെല്ലാം വഴിപോലെ കേള്‍ക്കുക. ഹേ, രാജേന്ദ്രാ, വീരാ, ഓര്‍ത്താല്‍ ഹോ! അങ്ങയുടെ ഭാഗ്യം ജഗത്രയത്തിലും ഏറ്റവും ശോഭിക്കുന്നു.}
“മാഗധേശ്വര കേള്‍ക്കെടോ“ (ജരാസന്ധന്‍-കോട്ട:ദേവദാസ്, കൃഷ്ണബ്രാഹ്മണന്‍-കോട്ട:സുധീര്‍
ഭീമബ്രാഹ്മണന്‍:
ചരണം2:
“ഭൂദേവന്മാര്‍ യാചിച്ചതൊക്കെയും
 ഭൂമിപ നീ കൊടുത്തീടും പോല്‍
 കാമിതം ഞങ്ങള്‍ക്കും സാധിയ്ക്കുമെന്നുള്ള-
 തുള്ളിലുദിക്കുന്നു രാജേന്ദ്രവീരാ ഹേ”
{ഭൂദേവന്മാര്‍ യാചിച്ചതൊക്കെയും ഭൂമിപനായ നീ കൊടുത്തീടുമല്ലൊ. ഹേ, രാജേന്ദ്രാ, വീരാ, അതുപോലെ ഞങ്ങള്‍ക്കും ആഗ്രഹം സാധിക്കുമെന്ന് മനസ്സില്‍ തോന്നുന്നു.}

ജരാസന്ധന്‍:
ചരണം2:
“ഉള്ളിലതിഗര്‍വ്വമിയലും നിങ്ങളാര്‍
 ഉള്ളതുരചെയ്ക തരസാ
 കള്ളമൊഴി ഭൂസുരര്‍ ചൊല്ലുകയുമില്ലല്ലോ
 ചൊല്ലിയതബദ്ധമഹ മില്ലതിനുസംശയം”
(“ഭൂസുരശിരോമണികളാം നിങ്ങളുടെ ഭാസുരപദങ്ങള്‍ കലയേ”)
{ഉള്ളില്‍ അതിയായ ഗര്‍വ്വമിയലുന്ന നിങ്ങളാരെന്നുള്ളത് പെട്ടന്ന് പറഞ്ഞാലും. ഭൂസുരര്‍ കള്ളം ചൊല്ലുകയില്ലല്ലോ. ഞാന്‍ പറഞ്ഞത് അബദ്ധം, അതിനു സംശയമില്ല.}

അര്‍ജ്ജുനബ്രാഹ്മണന്‍:
ചരണം3:
“എന്തുവാഞ്ഛിതം ഞങ്ങള്‍ക്കെന്നുള്ളതും
 ചൊല്‍‌വാന്‍ കിഞ്ചന വൈഷമ്യം
 എന്തെന്നാലും തരാമെന്നു സത്യം ചെയ്കില്‍
 ചൊല്ലാം പരമാ‍ര്‍ത്ഥം രാജേന്ദ്രവീരാ ഹേ”
{എന്താഗ്രഹമാണ് ഞങ്ങള്‍ക്കുള്ളതെന്ന് പറയാന്‍ കുറച്ചു വൈഷമ്യമുണ്ട്. ഹേ, രാജേന്ദ്രാ, വീരാ, എന്തായാലും അത് തരാമെന്ന് സത്യം ചെയ്യാമെങ്കില്‍ പരമാര്‍ത്ഥം ചൊല്ലാം.}

ജരാസന്ധന്‍:
ചരണം3:
“കഷ്ടമിതു ഭൂമിസുരരേ നിങ്ങളുടെ
 ധാര്‍ഷ്ട്യമതിവിസ്മയമഹോ
 പെട്ടന്നു ചൊല്‍‌വിനഭിവാഞ്ഛിതമൊക്കെയും
 തുഷ്ട്യാ ദദാമി ഖലു സത്യം വദാമ്യഹം”
(“ഭൂസുരശിരോമണികളാം നിങ്ങളുടെ ഭാസുരപദങ്ങള്‍ കലയേ”)
{ഇതു കഷ്ടം! ഹോ! ഭൂമിസുരരേ, നിങ്ങളുടെ ഈ ധാര്‍ഷ്ട്യം ഏറ്റവും വിസ്മയം തന്നെ. ആഗ്രഹങ്ങളൊക്കെയും പെട്ടന്ന് പറഞ്ഞാലും. തുഷ്ടനായി ഞാന്‍ തരുന്നുണ്ട് എന്ന് സത്യം വരിക്കുന്നു.}

കൃഷ്ണബ്രാഹ്മണന്‍:
ചരണം4:
“എന്നാലിഹ മോദേന ഞങ്ങള്‍ക്കു
 ദ്വന്ദയുദ്ധം ദേഹി ഭൂപതേ
(താളം:മുറിയടന്ത)
 ഇന്ദുകുലമൌലി ^ഭീമനിവന്‍ പാര്‍ത്ഥ-
 നന്യന്‍ മുകുന്ദന്‍ ഞാന്‍ രാജേന്ദ്രവീരാ ഹേ”
{എന്നാല്‍ ഇവിടെ സന്തോഷത്തോടെ ഞങ്ങള്‍ക്ക് ദ്വന്ദയുദ്ധം നല്‍കിയാലും ഭൂപതേ. ഹേ, രാജേന്ദ്രാ, വീരാ, ചന്ദ്രവംശതിലകനായ ഭീമനാണിവന്‍. പാര്‍ത്ഥനാണ് മറ്റയാള്‍. ഞാന്‍ മുകുന്ദനും.}

[^‘ഇന്ദുകുലമൌലി’ എന്ന് തുടങ്ങുന്നതോടെ ക്രമത്തില്‍ ബ്രാഹ്മണര്‍ നിഷ്ക്രമിക്കുകയും ഭീമാര്‍ജ്ജുനകൃഷ്ണന്മാര്‍ പ്രവേശിക്കുകയും കൃഷ്ണന്‍ തുടര്‍ന്ന് പദം ആടുകയും ചെയ്യുന്നു.]

ജരാസന്ധന്‍ ക്രോധഹാസ്യങ്ങള്‍ മാറിമാറി നടിച്ച് യുദ്ധപദം ആടുന്നു.

യുദ്ധപദം-രാഗം:പന്തുവരാളി, താളം:ചെമ്പട
ജരാസന്ധന്‍:
പല്ലവി:
“ചിത്രമഹോചരിതം ഭവതാമതി ചിത്രമഹോ ചരിതം”
“ചിത്രമഹോചരിതം“ (ജരാസന്ധന്‍-കോട്ട:ദേവദാസ്, കൃഷ്ണന്‍-ആര്‍.എല്‍.വി. പള്ളിപ്പുറം സുനില്‍, ഭീമന്‍-കലാ:പ്രശാന്ത്)
ചരണം1:
“പാര്‍ത്ഥിവകുലഹതരാകും നിങ്ങള്‍
 പൃഥ്വീസുരവരവേഷത്തോടെ
 ഭീത്യാ നമ്മുടെ സവിധേ വന്നിഹ
 യുദ്ധമിരന്നതു പാര്‍ക്കിലിദാനിം”
(“ചിത്രമഹോചരിതം ഭവതാമതി ചിത്രമഹോ ചരിതം”)
ചരണം2:
“എത്രയുമധികമശക്തന്‍ കൃഷ്ണന്‍
 പാര്‍ത്ഥനിവന്‍ മൃദുകോമളഗാത്രന്‍
 മല്‍ക്കരതാഡനമൊന്നു തടുപ്പാന്‍
 പക്ഷേ പവനജനോര്‍ക്കില്‍ വിവാദം”
(“ചിത്രമഹോചരിതം ഭവതാമതി ചിത്രമഹോ ചരിതം”)
{ഹോ! വിചിത്രം തന്നെ നിങ്ങളുടെ കഥ. രാജവംശത്തില്‍ പിറന്ന നീചന്മാരായ നിങ്ങള്‍ ഇപ്പോള്‍ ബ്രാഹ്മണവേഷത്തില്‍ ഭയത്തോടെ നമ്മുടെ സവിധത്തില്‍ വന്ന് യുദ്ധം യാചിച്ചത് ഓര്‍ത്താല്‍ ഹോ! എത്രയും വിചിത്രംതന്നെ. എത്രയും അധികം അശക്തനാണ് കൃഷ്ണന്‍. മൃദുകോമളശരീരിയാണ് പാര്‍ത്ഥന്‍. എന്റെ കൈകൊണ്ടുള്ള അടി ഒന്ന് തടുക്കാന്‍ ഒരുപക്ഷെ ഭീമന് സാധിക്കുമോ എന്ന് ചിന്തിച്ചാല്‍ സംശയം.}
“പാര്‍ത്ഥിവകുലഹതരാകും നിങ്ങള്‍“ (ജരാസന്ധന്‍-കോട്ട:ദേവദാസ്, കൃഷ്ണന്‍-കോട്ട:മനോജ്, അര്‍ജ്ജുനന്‍-കോട്ട:രാജുനാരായണന്‍, ഭീമന്‍-കോട്ട:എ.ഉണ്ണികൃഷ്ണന്‍‍)
ഭീമന്‍:
ചരണം3:
“ഹന്ത വിവാദം തീര്‍പ്പാന്‍ നിന്നുടെ
 അന്തകനാകിയ ഭീമനെടാ ഞാന്‍
 അന്തരമില്ലിഹ നമ്മൊടെതിര്‍ത്താല്‍
 അന്തകസീമനി തവ ഖലുവാസം”
പല്ലവി:
“കഷ്ടമഹോ ചരിതം കുമതേ തവ
 കഷ്ടമഹോ ചരിതം”
ചരണം4:
“ശക്തിപെരുത്ത ഹിഡിംബനെയും യുധി
 തത്സമനാം ബകരാക്ഷസനേയും
 ബദ്ധരുഷാ കൊലചെയ്തേന്‍ ഞാന്‍ പുന-
 രത്രഭവാനോടെന്തിഹ ദണ്ഡം?”
(“കഷ്ടമഹോ ചരിതം കുമതേ തവ കഷ്ടമഹോ ചരിതം”)
{നിന്റെ സംശയം തീര്‍ക്കുവാന്‍ വന്ന നിന്റെ അന്തകനായ ഭീമനാണെടാ ഞാന്‍. എന്നോടെതിര്‍ത്താല്‍ പിന്നെ അന്തകന്റെ അടുത്തായിരിക്കും നിന്റെ വാസം. ഇതിന് മാറ്റമില്ല. ഹോ! കഷ്ടം തന്നെ ചരിതം. ദുഷ്ടമനസ്സായവനേ, നിന്റെ ചരിതം ഹോ! കഷ്ടം തന്നെ. ശക്തിപെരുത്ത ഹിഡിംബനേയും അവനു സമനായ ബകരാക്ഷസനേയും യുദ്ധത്തില്‍ നേരിട്ട് ക്രൂരമായി കൊലചെയ്തു ഞാന്‍. പിന്നെ ഇപ്പോളിവിടെ ഭവാനോട് യുദ്ധം ചെയ്യാന്‍ എന്ത് പ്രയാസം?}

ജരാസന്ധന്‍:
ചരണം5:
“മതി മതി നിന്നുടെ പൌരുഷവചനം
 കൊതി തവ രണമതിലുണ്ടെന്നാകില്‍
 ഗദയുടുനമ്പൊടെടുത്തു തടുത്തതി-
 മദമൊടു രണഭുവി വരിക ദുരാത്മന്‍”
{മതി, മതി, നിന്റെ പൌരുഷമായ വാക്കുകള്‍. ദുരാത്മാവേ, നിനക്ക് രണത്തില്‍ കൊതിയുണ്ടെങ്കില്‍ ഉടനെ ഗദയെടുത്ത് തടുത്തുകൊണ്ട് ഏറ്റവും മദത്തോടെ രണഭൂമിയിലേയ്ക്ക് വരിക.}

ജരാസന്ധന്‍ രണ്ടു ഗദകള്‍ വരുത്തി ഭീമനോട് ഇഷ്ടമുള്ളത് എടുത്തുകൊള്ളുവാന്‍ നിര്‍ദ്ദേശിക്കുന്നു. ഭീമന്‍ ഗദകള്‍ പരിശോധിച്ച് ഒന്ന് കരസ്തമാക്കുന്നു. മറ്റേഗദ ജരാസന്ധനും കൈയ്യിലെടുക്കുന്നു. കൃഷ്ണാര്‍ജ്ജുനന്മാര്‍ നിഷ്ക്രമിക്കുന്നു.
ഭീമ(കോട്ട:എ.ഉണ്ണികൃഷ്ണന്‍)ജരാസന്ധ(കോട്ട:ദേവദാസ്)യുദ്ധം
ശേഷം യുദ്ധവട്ടം-
ജരാസന്ധനും ഭീമനും ക്രമത്തില്‍ പോരുവിളിച്ച് ഗദായുദ്ധം ചെയ്യുന്നു. തുടര്‍ന്ന് ഇരുവരും മല്ലയുദ്ധത്തിലേയ്ക്ക് കടക്കുന്നു. ഭീമന്‍ ജരാസന്ധനെ നിലത്തടിച്ച് ഒരു കാലില്‍ പിടിച്ച് കീറി ശരീരം പിളര്‍ന്ന് രണ്ടാക്കിയിടുന്നു. എന്നാല്‍ അര്‍ദ്ധശരീരങ്ങള്‍ താനേകൂടിച്ചേരുകയും ജരാസന്ധന്‍ എഴുന്നേറ്റ് വീണ്ടും യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. വീണ്ടും ഒരിക്കല്‍ കൂടി ഇത് ആവര്‍ത്തിക്കുന്നു. ഭീമന്‍ തളര്‍ച്ചയോടെ യുദ്ധം തുടരുന്നു. മേളം കൊട്ടികലാശിക്കുന്നതോടെ ഗായകര്‍ ശ്ലോകം ചൊല്ലുന്നു.
ഭീമന്‍(കലാ:പ്രശാന്ത്) ജരാസന്ധനെ(കോട്ട:ദേവദാസ്) നിലത്തടിച്ച് ഒരു കാലില്‍ പിടിച്ച് കീറുന്നു.
ശ്ലോകം-^രാഗം:കേദാരഗൌളം
“വീരന്മാര്‍ തമ്മിലേവം കഠിനതരമുടന്‍ ദ്വന്ദയുദ്ധം തുടങ്ങീ
 പാരം ഭീമന്‍ തളര്‍ന്നു തദനു വിജയനാല്‍ തദ്വധോപായസാരം
 സാരജ്ഞന്‍ കണ്ടു ഭീമന്‍ ഝടുതി മഗധനെ തള്ളിയിട്ടാശു ദേഹം
 നേരേ കീറികളഞ്ഞപ്പവനജനവനെ കാലഗേഹത്തിലാക്കി”
{ഉടനെ വീരന്മാര്‍ തമ്മില്‍ ഇപ്രകാരം കഠിനതരമായ ദ്വന്ദയുദ്ധം തുടങ്ങി. ഭീമന്‍ ഏറ്റവും തളര്‍ന്നു. അപ്പോള്‍ കൃഷ്ണനിദ്ദേശാനുസ്സരണം വിജയന്‍ ഭീമന് ഉപായം കാട്ടിക്കൊടുത്തു. അതുകണ്ട ഭീമന്‍ പെട്ടന്ന് മഗധനെ തള്ളിയിട്ടിട്ട് ഉടനെ ദേഹം കീറി തരിച്ചിട്ടു. അങ്ങിനെ അവനെ ആ വായുപുത്രന്‍ കാലപുരിയിലാക്കി.}

[^ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്‍ പ്രവേശിച്ച് വലതുവശത്തെ പീഠത്തില്‍ കയറിനിന്നുകൊണ്ട് ഒരു ഇല ചീന്തി കടയും തലയും ഇരുവശമാക്കി എറിഞ്ഞുകാട്ടുന്നു. ഇതുകണ്ട് കാര്യം മനസ്സിലാക്കുന്ന ഭീമന്‍ ജരാസന്ധനെ നിലത്തുകിടത്തി അപ്രകാരം കീറി എറിഞ്ഞ് വധിക്കുന്നു. കൃഷ്ണനിര്‍ദ്ദേശാനുസ്സരണം അര്‍ജ്ജുനന്‍ ഭീമന് ഉപായം കാട്ടികൊടുത്തു എന്നാണ് ശ്ലോകത്തില്‍ ഉള്ളതെങ്കിലും ശ്രീകൃഷ്ണന്‍ തന്നെ ഉപായം കാട്ടിക്കൊടുക്കുന്നതായാണ് അരങ്ങുവഴക്കം.‍]
‘തദ്വധോപായസാരം’(കൃഷ്ണന്‍-ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്, ഭീമന്‍-കലാ:പ്രശാന്ത്, ജരാസന്ധന്‍-കോട്ട:ദേവദാസ്‍)
-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോള്‍ ഭീമന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ട് വരുന്നു. കൃഷ്ണനും അര്‍ജ്ജുനനും പ്രവേശിക്കുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ജരാസന്ധനാല്‍ തടവിലാക്കപ്പെട്ട രാജാക്കന്മാരെയെല്ലാം മോചിപ്പിക്കുകയും ജരാസന്ധപുത്രനായ സഹദേവനെ മഗധരാജാവായി അഭിഷേകം ചെയ്ത് വാഴിക്കുകയും ചെയ്യുന്നു.
ശ്രീകൃഷ്ണന്‍:‘ഇനി രാജസൂയത്തിന് ഉത്സാഹിക്കുകയല്ലെ?’
ഭീമാര്‍ജ്ജുനന്മാര്‍:‘അപ്രകാരം തന്നെ’
ശ്രീകൃഷ്ണന്‍:‘എന്നാല്‍ ഇനി നമുക്ക് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോയി യുധിഷ്ഠിരനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിട്ട് രാജസൂയത്തിനായി ഉത്സാഹിക്കാം.’
മൂവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: