2010, ഫെബ്രുവരി 3, ബുധനാഴ്‌ച

വടക്കന്‍ രാജസൂയം 10മുതല്‍ 13വരെ രംഗങ്ങള്‍

11,12 രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

പതിമൂന്നാം രംഗം

രംഗത്ത്-ശിശുപാലന്‍(ഒന്നാംതരം കത്തിവേഷം), ശ്രീകൃഷ്ണന്‍, ധര്‍മ്മപുത്രന്‍‍(ഇടത്തരം പച്ചവേഷം), അര്‍ജ്ജുനന്‍, പൂജാബ്രാഹ്മണര്‍‍(കുട്ടിത്തരം മിനുക്കുവേഷങ്ങള്‍), നാരദന്‍‍(കുട്ടിത്തരം മിനുക്കുവേഷം)

ശ്ലോകം^-രാഗം:ഘണ്ടാരം
“ശിഷ്ടന്മാരഥ രാജവൃന്ദമഖിലം വിപ്രാദിനാനാജനൈ
തുഷ്ട്യാപാണ്ഡവമന്ദിരത്തിലഴകോടെത്തീടിനാര്‍ സര്‍വ്വരും

 പെട്ടന്നകഥകേട്ടു ചേദിനൃപതി രൂക്ഷാകൃതിസ്തല്‍ക്ഷണേ
 രുഷ്ടോ സൌ ശിശുപാലനട്ടഹസിതൈരിത്ഥം ബഭാഷേനുജം”
{സജ്ജനങ്ങളായ എല്ലാ രാജാക്കന്മാരും, ബ്രാഹ്മണാദി നാനാജനങ്ങളും ഉത്സാഹത്തോടെ പാണ്ഡവരുടെ മന്ദിരത്തില്‍ എത്തിചേര്‍ന്നു. ആ കഥകേട്ട് ചേദിരാജാവ് പെട്ടന്ന് ക്രുദ്ധനായി. ഭയങ്കരസ്വരൂപനായി അട്ടഹസിച്ചുകൊണ്ട് ആ ശിശുപാലന്‍ അപ്പോള്‍ അനുജനോട് ഇപ്രകാരം പറഞ്ഞു.}

[^ഇത് പന്ത്രണ്ടാം രംഗത്തിന്റെ അവതരണശ്ലോകമാണ്. ശിശുപാലന്റെ തിരനോക്കിനായാണ് ഇത് ഇവിടെ ചൊല്ലുന്നത്.]

ആലവട്ട മേലാപ്പുകളോടുകൂടിയുള്ള ശിശുപാലന്റെ തിരനോട്ടം-
ശിശുപാലന്റെ ഇരുന്നാട്ടം-
തിരനോട്ടശേഷം ശിശുപാലന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തിയിട്ട് ഉത്തരീയം വീശുന്നു.
ശിശുപാലന്‍:(ചിന്തയില്‍ അമര്‍ഷം വര്‍ദ്ധിച്ച്, ആത്മഗതമായി) ‘കഷ്ടം! ആ യുധിഷ്ഠിരന് രാജസൂയം ചെയ്‌വാനായിക്കൊണ്ട് കൃഷ്ണനും ഭീമനും അര്‍ജ്ജുനനും ചേര്‍ന്ന് കപടബ്രാഹ്മണരായി ചെന്ന് എന്റെ അത്മസുഹൃത്തായിരുന്ന ജരാസന്ധനെ കൊന്നുകളഞ്ഞല്ലോ. കഷ്ടം തന്നെ. ദുഷ്ടബുദ്ധികളായ പാണ്ഡവരുടെ ഈവിധമുള്ള ചതിപ്രയോഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇവരെ കൂട്ടത്തോടെ സംഹരിക്കാതിരുന്നുകൂടാ, തീര്‍ച്ച.’ (പെട്ടന്ന് ദൂരെ കണ്ട്) ‘എന്റെ നേരേ വരുന്നതാര്?’ (എഴുന്നേറ്റ് സൂക്ഷിച്ച് നോക്കിയിട്ട്) ‘ഒരു ദൂതന്‍ തന്നെ. ഇനി അവന്‍ വന്ന കാര്യം അറിയുകതന്നെ’ (വട്ടംതിരിഞ്ഞ് വന്നതോടെ സമീപമെത്തിയ ദൂതനെ കണ്ട്, അനുഗ്രഹിച്ച്, സന്ദേശം വാങ്ങി വായിക്കുന്നു. ദൂതനെ അയച്ചശേഷം ആത്മഗതമായി) ‘ധര്‍മ്മപുത്രന്‍ എന്നെ രാജസൂയത്തിന് ക്ഷണിച്ചിരിക്കുന്നു. എന്റെ സുഹൃത്തായിരുന്ന ജരാസന്ധനെ കൊല്ലിച്ച ഇവന്റെ യാഗത്തിന് പോകണമോ?’ (ചിന്തിച്ചിട്ട്) ‘ങാ, ഏതായാലും പോവുകതന്നെ. എന്റെ സുഹൃത്തായ ദുര്യോധനെ അവിടെ കാണാം. ശത്രുവായ കൃഷ്ണനേയും കാണാം. ആ ചതിയന്റെ താന്തോന്നിത്തമെല്ലാം സദസില്‍ വെളിപ്പെടുത്തുകയും ചെയ്യാം. വേണ്ടി വന്നാല്‍ യുദ്ധം ചെയ്ത് പാണ്ഡവരെ വധിക്കാം. എന്നാല്‍ സുഹൃത്തിന്റെ വധത്തിന് പ്രതിക്രിയയും ആയി.
ശേഷം ശിശുപാലന്റെ പടപ്പുറപ്പാട്-
ശിശുപാലന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് അനുജനേയും സേനാനികളേയും കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സോദരാ‍, ദന്ദവക്ത്രാ, നീയും ഉടനെ സേനയോടുകൂടി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെട്ടുകൊള്‍ക. അല്ലയോ കിങ്കരന്മാരേ, ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
ശിശുപാലന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം ശിശുപാലന്‍ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
ശിശുപാലന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
ശിശുപാലന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി രഥം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോവുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ശിശുപാലന്‍ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ശ്ലോകം-രാഗം:സൌരാഷ്ട്രം
“ഇന്ദ്രപ്രസ്ഥേ സധര്‍മ്മാത്മജനഥ വിധിവല്‍ യാഗമമ്പോടു ദീക്ഷി- 
 ച്ചെന്നോര്‍ത്തിട്ടഗ്രപൂജയ്ക്കഖിലജനഗുരും കൃഷ്ണമഭ്യച്യപീഠേ
 ധന്യോ സൌ തല്‍‌പാദാബ്ജം കനിവൊടു കഴുകിച്ചാശു പൂജിക്കുമപ്പോള്‍
 വന്നോരുള്‍ക്കോപമോടും സഭയിലതി ഖലന്‍ ചൈദ്യനിത്ഥം ബഭാഷേ”
{ഇന്ദ്രപ്രസ്ഥത്തില്‍ ആ ധര്‍മ്മാത്മജന്‍ വിധിപോലെ യാഗം ദീക്ഷിച്ച് അഖിലജനഗുരു എന്നു വിചാരിച്ച് ശ്രീകൃഷ്ണനെ അഗ്രപൂജയ്ക്കായി പൂജിച്ച് പീഠത്തിലിരുത്തി. അദ്ദേഹത്തിന്റെ പാദങ്ങള്‍ വേണ്ടവണ്ണം കഴുകി പൂജിച്ച് ധന്യനായിതീര്‍ന്നു. അപ്പോള്‍ അതിദുഷ്ടനായ ശിശുപാലന്‍ ഉള്ളില്‍ കോപം തോന്നിയിട്ട് സഭയില്‍ വെച്ച് ഇങ്ങിനെ പറഞ്ഞു.}

രംഗത്തിനുമുന്നിലായി ഭദ്രദീപം കൊളുത്തിയ നിലവിളക്കുകള്‍ വെച്ചിരിക്കും. ശ്രീകൃഷ്ണന്‍ വലതുഭാഗത്തുള്ള പീഠത്തില്‍ ഇരിക്കുന്നു. കൃഷ്ണസമീപം ധര്‍മ്മപുത്രന്‍ നില്‍ക്കുന്നു. ബ്രാഹ്മണര്‍ കൃഷ്ണനു മുന്നിലായി താഴെ ഇരിക്കുന്നു. ഇടതുഭാഗത്തായി വില്ലുകുത്തിപ്പിടിച്ച് അര്‍ജ്ജുനന്‍ നില്‍ക്കുന്നു. സമീപത്തായി പീഠത്തില്‍ നാരദന്‍ ഇരിക്കുന്നു. ധര്‍മ്മപുത്രന്‍ ബ്രാഹ്മണരെക്കൊണ്ട് ശ്രീകൃഷ്ണന്റെ പാദങ്ങള്‍ കഴുകിച്ച് പൂജിക്കുന്നു. രംഗമദ്ധ്യത്തില്‍ പിന്നിലായി ആയുദ്ധങ്ങളോടുകൂടി പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തി ശിശുപാലന്‍ പ്രവേശിക്കുന്നു. തുടര്‍ന്ന്, സഞ്ചരിച്ച് യാഗസ്ഥലത്ത് എത്തിയതായി നടിച്ച് ശിശുപാലന്‍ പീഠത്തില്‍ നിന്നും ഇറങ്ങി എടുത്തുകലാശത്തോടെ മുന്നോട്ട് വരുന്നു.
ശിശുപാലന്‍:(ദൂരെ കണ്ട്)‘ഇതാ സുവര്‍ണ്ണമയമായ പല പല യാഗശാലകള്‍ ശോഭിച്ചു കാണുന്നു. സുഗന്ധിയായ ഹോമധൂപം ഇവിടെ സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നു. ഇനി അങ്ങോട്ട് പ്രവേശിക്കുക തന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നില്‍ കണ്ട്) ‘ഹോ! വിചിത്രമായ കൊത്തുപണികള്‍, കൊടിതോരണങ്ങള്‍. ഹോ! യാഗശാല ഏറ്റവും യോഗ്യതയാര്‍ന്നതു തന്നെ.’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ച്, കണ്ടിട്ട്) ‘ഹോ! നനാദേശങ്ങളില്‍ നിന്നും എത്തിയിരിക്കുന്ന രാജാന്മാര്‍, പ്രഭുക്കന്മാര്‍, ബ്രാഹ്മണര്‍, മഹര്‍ഷിമാര്‍ എന്നിവരാല്‍ ഇവിടം നിറയപ്പെട്ടിരിക്കുന്നു.’ (പരിചയക്കാരോട് കുശലങ്ങള്‍ പറഞ്ഞ് മുന്നോട്ട് നീങ്ങി, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘എന്ത്? കൃഷ്ണന്‍ ജയിക്കട്ടെ, കൃഷ്ണന്‍ ജയിക്കട്ടെ എന്നോ? ആ ചതിയനായ കൃഷ്ണന്‍ ഇവിടെ ഉണ്ടോ? ങാ, ഇനി ആ ഗോപാലകനെ യോഗ്യര്‍ നിറഞ്ഞ സഭയില്‍ നിന്നും പുറത്താക്കുക തന്നെ.’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് സഭയില്‍ പ്രവേശിക്കുന്നതോടെ ധര്‍മ്മപുത്രര്‍ കൃഷ്ണനെ ഇരുത്തി അഗ്രപൂജ ചെയ്യിക്കുന്നതുകണ്ട് അസഹ്യതയോടെ ശിരസ്സിലിടിക്കുകയും പുച്ഛിക്കുകയും ചെയ്തശേഷം, ക്രോധത്തോടും പുച്ഛത്തോടും കൂടി ധര്‍മ്മപുത്രരോടായി) ‘എടാ, എടാ, മൂഢാ, നീ ചന്ദ്രവംശത്തില്‍ പിറന്ന ഒരു രാജാവല്ലെ? നിസാരനായ ഇവനെ പിടിച്ച് സിംഹാസനത്തിലിരുത്തി നീ കാല്‍കഴുകി കുടിക്കുന്നതെന്തിന്? എന്നാല്‍ എന്റെ കാല്‍ കഴുകികുടിക്കരുതോ? ഈ ചതിയനായ കൃഷ്ണന് അഗ്രപൂജ നല്‍കാനാണോ നീ ഈ മഹാരാജാക്കന്മാരേയെല്ലാം ഇവിടെ വിളിച്ചുകൂട്ടിയത്? സര്‍വ്വഥാ ആഭാസനായ ഇവനെ പൂജിയ്ക്കുന്ന നിന്റെ ഈ യാഗംകൊണ്ട് എന്തു ഫലം? ഛീ, ഇത് നിരര്‍ത്ഥകം തന്നെ.‘ (കൃഷ്ണനെ നോക്കി ലജ്ജയും ജുഗുപ്സയും നടിച്ചശേഷം ക്രോധത്തോടെ കൃഷ്ണനോട്) ‘എടാ, എടാ, മൂഢാ’ (ആതമഗതമായി) ‘ഹോ! ഇവന് യാതൊരു ഇളക്കവുമില്ലല്ലോ!’ (കൃഷ്ണനോട്) ‘എടാ, കൃഷ്ണാ, രാജത്വമില്ലെന്നും, രാജാര്‍ഹമായ പൂജ കൈക്കൊള്ളാന്‍ അര്‍ഹനല്ലെന്നും ഓര്‍ക്കാതെ നീ ഈ രാജസഭയില്‍ കയറി ഞളിഞ്ഞിരിക്കുന്നത് മര്യാദയാണോ? അതേയോ?‘ (അതിക്രുദ്ധനായി കൃഷ്ണനെ നോക്കിയശേഷം സഭാവാസികളോടായി) ‘ഹേ സഭാവാസികളേ, നോക്കുവിന്‍ ഇങ്ങിനെ ഒരു അവസരം കിട്ടിയതില്‍ സന്തോഷാഭിമാനം കൊണ്ട് ഇവന്‍ ഊറ്റം നടിക്കുന്നു. ഇവന്റെ ചരിത്രങ്ങള്‍ ഓരോന്നും ആലോചിക്കുമ്പോള്‍ ഛായ്,ഛായ്, പറയാന്‍ തന്നെ ലജ്ജയാകുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും കേട്ടറിവുള്ളതല്ലെ? ഇവന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ വിശന്നു കരഞ്ഞസമയത്ത് അമ്മയേപ്പോലെ വന്ന് ഇവനെ മുലയൂട്ടിയ പാവം പൂതനയെ ഇവന്‍ മുലപ്പാലിനൊപ്പം അവളുടെ ജീവന്‍ കൂടി വലിച്ചുകുടിച്ച് വധിച്ചുകളഞ്ഞു. ഇത്തിരിപ്പോന്ന ഇവന്‍, ദുഷ്ടന്‍, മൂഢന്‍, എടാ, എടാ, കള്ളാ. ദുഷ്ടബുദ്ധിയായ ഇവന്‍ പിന്നെ സ്വന്തം മാതുലനായ കംസരാജനെ മുഷ്ടികള്‍കൊണ്ട് താഡിച്ച് താഡിച്ച് വധിച്ചു. ഛായ്, ഛായ്, തീര്‍ന്നിട്ടില്ല ഇവന്റെ ചരിതം. മുന്‍പ് രുഗ്മി സോദരിയായ രുഗ്മിണിയെ എനിക്ക് വിവാഹം കഴിച്ചുതരുവാന്‍ ഉറപ്പിച്ചു. ഈ ചതിയന്‍ തേരുമായി വന്ന് ദേവീദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുന്ന രുഗ്മിണിയെ തട്ടിക്കൊണ്ടുപോയി. ഹോ! വലിയ യോഗ്യന്‍! ഞാന്‍ അതുകേട്ട് ചെന്ന് യുദ്ധത്തിനു വിളിച്ചു. ഇവന്‍ ഭയപ്പെട്ട് ഓടിക്കളഞ്ഞു. ഹോ! പിന്നെയോ? ഒരിക്കല്‍ ഇവന്‍ കാലികളെ മേയാന്‍ വിട്ടിട്ട് ഓടക്കുഴല്‍ വായിച്ച് രസിച്ചിരുന്നു. ആ സമയത്ത് കുളിക്കുവാനായി ഗോപസ്ത്രീകള്‍ വന്നു.’ (ഓരോരോ ഗോപസ്ത്രീകളായി ഭാവിച്ച് വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് ജലത്തിലിറങ്ങി കുളിക്കുന്നതും ജലക്രീഡകള്‍ ചെയ്യുന്നതും ആടിയശേഷം) ‘ആ സമയത്ത് ഈ ചതിയന്‍, ഈ നീചന്‍ ഹോ! (കൃഷ്ണനായി നടിച്ച് ഗോപസ്ത്രീകള്‍ കുളിക്കാന്‍ വന്നത് കാണുകയും, അവരുടെ വസ്ത്രങ്ങള്‍ അപഹരിച്ച് മരക്കൊമ്പില്‍ തൂക്കിയിട്ടിട്ട് ഓടക്കുഴല്‍ വായിച്ചിരിക്കുകയും ചെയ്യുന്നു.) ‘ആ സമയത്ത് ഗോപസ്ത്രീകള്‍’(ഗോപസ്ത്രീകളായി നടിച്ച് കുളികഴിഞ്ഞ് കയറി വസ്ത്രങ്ങള്‍ തിരയുന്നു. മുകളില്‍ വസ്ത്രങ്ങളും തൂക്കിയിട്ട് കൃഷ്ണന്‍ ഇരിക്കുന്നതു കണ്ട് വീണ്ടും ജലത്തിലിറങ്ങി നിന്നുകൊണ്ട്) ‘കൃഷ്ണാ, ഞങ്ങളുടെ വസ്ത്രങ്ങള്‍ തരൂ കൃഷ്ണാ.’ (കൃഷ്ണനായി നടിച്ച്) ‘നിങ്ങളെല്ലാവരും എന്നെ വണങ്ങിയാല്‍ വസ്ത്രങ്ങള്‍ തരാം’ (ഗോപികമാരായി നടിച്ച്, ജലത്തില്‍ നിമഗ്നരായി നിന്നുകൊണ്ട് കൃഷ്ണനെ വണങ്ങിയശേഷം) ‘ഇനി തരൂ കൃഷ്ണാ’ (കൃഷ്ണനായി നടിച്ച്) ‘അതു പറ്റില്ല. ജലത്തില്‍ നിന്നും കയറിവന്ന് വണങ്ങിയാലേ തരൂ.’ (ഓരോരോ ഗോപസ്ത്രീകളായി നടിച്ച് വിവിധഭാവങ്ങളോടെ ജലത്തില്‍ നിന്നും കയറി കൃഷ്ണനെ കുമ്പിട്ട് വസ്ത്രങ്ങള്‍ വാങ്ങി പോകുന്നത് നടിച്ചിട്ട്) ‘ഇപ്രകാരം നാനാവിധത്തില്‍ മഹാപാപങ്ങള്‍ ചെയ്തവനാണീ. മൂഢന്‍, ചതിയന്‍, കള്ളന്‍. ഇവനെ പാണ്ഡവരല്ലാതെ മറ്റാരാണ് പൂജിക്കുക?’ (ഭീഷ്മരോടായി) ‘ഈ പടുവൃദ്ധന്റെ വാക്കുകളെക്കൊണ്ട് പാണ്ഡവന്മാര്‍ മോഹിച്ചുപോയി, പാവം ഭീഷ്മര്‍!’ (നാരദാദിതാപസരോടായി) ‘ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുന്ന ഈ വൃദ്ധതാപസന്മാര്‍ കേവലം സമരനിന്ദ്യന്മാര്‍ തന്നെ’ (സഭാവാസികളോടായി) ‘രാജാക്കന്മാര്‍ക്കുവന്ന ഈ അപമാനം ഞാന്‍ പൊറുക്കുകയില്ല’
ശിശുപാലന്‍ ഏറ്റവും ക്രുദ്ധനായി നിലവിളക്കുകളും പൂജാസാമഗികളും തട്ടിമറിക്കുകയും ബ്രാഹ്മണരേയും താപസരേയും ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. ബ്രാഹ്മണര്‍ ഓടി നിഷ്ക്രമിക്കുന്നു. ശിശുപാലന്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി എടുത്തിട്ട് പദാഭിനയം ചെയ്യുന്നു.
ശിശുപാലന്റെ(കോട്ട:കേശവന്‍ കുണ്ഡലായര്‍) വരവ്

ശിശുപാലന്റെ പദം-രാഗം:സൌരാഷ്ട്രം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ആരെടാ ഈ സഭയിങ്കല്‍ ചോരനാമീ ഗോപാലനെ
 പാരാതെ കാല്‍ കഴുകിച്ചു പൂജ ചെയ്തതത്യത്ഭുതം”
ചരണം1:
“ആരിവനെ വന്ദിക്കുന്നു നാരീജനങ്ങളല്ലാതെ
 പാരം പിഴച്ചിതു യാഗം ഓരോന്നേവം നിനയ്ക്കുമ്പോള്‍”
ചരണം2:
“യോഗ്യരെല്ലാമിരിക്കവേ യോഗ്യമല്ലീ ചെയ്തതൊട്ടും
 യോഗ്യമല്ലാത്തതു കണ്ടാല്‍ ആരാനും സഹിക്കുമോ”
ചരണം3:(നാലാം കാലം)
“കുണ്ഡന്മാരേ നിങ്ങള്‍ക്കിന്നു വന്ദിപ്പാനീ കൃഷ്ണന്‍ തന്നെ
 നന്നു തമ്മില്‍ ചേര്‍ന്നു വെന്നി തെന്നേ ഹന്ത ചൊല്ലാവൂ”
{ആരെടാ ഈ സഭയില്‍ വെച്ച് കള്ളനായ ഈ പശുപാലകനെ ഒന്നും ആലോചിക്കാതെ കാല്‍കഴുകിച്ച് പൂജചെയ്തത്? അത്ഭുതം തന്നെ. ആരിവനെ വന്ദിക്കുന്നു? സ്ത്രീജനങ്ങളല്ലാതെ? ഇങ്ങിനെ ഓരോന്നു വിചാരിക്കുമ്പോള്‍ യാഗം വല്ലാതെ പിഴച്ചിരിക്കുന്നു. യോഗ്യരെല്ലാമിരിക്കവെ ഈ ചെയ്തത് ഒട്ടും ഉചിതമല്ല. അനുചിതമായതുകണ്ടാല്‍ ആരെങ്കിലും സഹിക്കുമോ? ജാരസന്തതികളേ, നിങ്ങള്‍ക്കിന്ന് വന്ദിപ്പാനായി ഈ കൃഷ്ണന്‍ തന്നെ നല്ലത്. ഹോ! തമ്മില്‍ ചേര്‍ച്ചയായി വന്നു എന്നേ പറയേണ്ടൂ.}
“ആരെടാ ഈ സഭയിങ്കല്‍“ (ശിശുപാലന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ശിശുപാലന്റെ ദുര്‍വ്വാക്കുകള്‍ കേട്ട് കൃഷ്ണനുള്‍പ്പെടെയുള്ള സഭാവാസികളാരും പ്രതികരിക്കാത്തതുകണ്ട് അര്‍ജ്ജുനന്‍ പ്രതികരിക്കുന്നു. അര്‍ജ്ജുനന്‍ പദമാടുന്നു.

യുദ്ധപദം-രാഗം:സാരംഗം, താളം:മുറിയടന്ത
അര്‍ജ്ജുനന്‍:
ചരണം1:
“ഇത്തരം മത്സ്വാമിതന്നെ ഭര്‍ത്സനം ചെയ്യുന്നനിന്നോ-
 ടുത്തരം ചൊല്ലുവന്‍ മമ പത്രികളെന്നറിഞ്ഞാലും”
പല്ലവി:
“നില്ലുനില്ലെട ചേദിരാജപശോ പോരിനാളെങ്കില്‍
 നില്ലുനില്ലെട രാജപശോ”
{ഈ വിധം എന്റെ സ്വാമിയെ ശകാരം ചെയ്യുന്ന നിന്നോട് എന്റെ ശരങ്ങള്‍ ഉത്തരം പറയുമെന്ന് അറിഞ്ഞാലും. നില്ലുനില്ലെടാ, മൃഗതുല്യനായ ചേദിരാജാ. പോരിനാളെങ്കില്‍ നില്ലുനില്ലെടാ മൃഗതുല്യനായ രാജാവേ.}

ശിശുപാലന്‍:
ചരണം2:
“വീരനാം ഞാന്‍ ശിശുപാലന്‍ ഭീരുവെന്നോ നിന്റെ പക്ഷം
 പോരിലെന്നോടിന്ദ്രനിന്നു നേരെ നിന്നീടുമോ മൂഢ”
പല്ലവി:
“നില്ലുനില്ലെട പാണ്ഡുപുത്രപശോ പോരിനാളെങ്കില്‍
 നില്ലുനില്ലെട പാണ്ഡുപുത്രപശോ”
{വീരനായ ഞാന്‍, ശിശുപാലന്‍ ഭീരുവാണന്നാണോ നീ കരുതിയത്? മൂഢാ, പോരില്‍ എന്നോടിന്ന് ഇന്ദ്രനും നേരെ നിന്നീടുമോ? നില്ലുനില്ലെടാ, മൃഗതുല്യനായ പാണ്ഡുപുത്രാ. പോരിനാളെങ്കില്‍ നില്ലുനില്ലെടാ മൃഗതുല്യനായപാണ്ഡുപുത്രാ.}

ശേഷം യുദ്ധവട്ടം-
അര്‍ജ്ജുനനും ശിശുപാലനും ക്രമത്തില്‍ പോരുവിളിച്ച് യുദ്ധം ചെയ്യുന്നു. യുദ്ധം ആരംഭിക്കുന്നതോടെ കൃഷ്ണനും ധര്‍മ്മപുത്രനും നാരദനും നിഷ്ക്രമിക്കുന്നു. യുദ്ധം മുറുകിയ ഉടനെ കൊട്ടികലാശിച്ച് ശ്ലോകം ചൊല്ലുന്നു.

ശ്ലോകം^-രാഗം:മോഹനം
“ഇത്ഥം ചേദീശപാര്‍ത്ഥൌ പ്രഥനമതിരുഷാ ഘോരമായ്ചെയ്യുമപ്പോള്‍
 തത്രോത്ഥായാശു നാരായണനഥ തരസാ വിശ്വരൂപം ധരിച്ചു
 ചൈദ്യാധീശം വധിച്ചു ഝടുതി ഭഗവാനുഗ്രേണ സാക്ഷാ-
 ത്ത്ദ്രൂപം കണ്ടു ഭീഷ്മാദികള്‍ സുരമുനിഭി സ്തുഷ്ടുവു പൂര്‍ണ്ണഭക്ത്യാ”
{ചേദീശനും പാര്‍ത്ഥനും ഏറ്റവും കോപത്തോടെ ഈ വിധം ഘോരയുദ്ധം ചെയ്യുമ്പോള്‍ നാരായണന്‍ പെട്ടന്ന് എഴുന്നേറ്റ് വിശ്വരൂപം കൈക്കൊണ്ട് ഉഗ്രമായ ചക്രായുധം കൊണ്ട് വേഗം ചൈദ്യാധീശനെ വധിച്ചു. സാക്ഷാത്സ്വരൂപം കണ്ട് ഭീഷ്മാദികളും ദേവര്‍ഷികളും പൂര്‍ണ്ണഭക്തിയോടെ ഭഗവാനെ സ്തുതിച്ചു.}

[^ശ്ലോകത്തില്‍ ‘നാരായണനഥ’ എന്നാലപിക്കുന്നതോടെ രംഗമദ്ധ്യത്തില്‍ പിന്നിലായി പീഠത്തില്‍ ശംഖുചക്രധാരിയായി നിന്നുകൊണ്ട് തിരപകുതിതാഴ്ത്തി ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെടുന്നു. യുദ്ധം ചെയ്തുകൊണ്ടിരുന്ന ശിശുപാലന്‍ ശ്രീകൃഷ്ണനെ ദര്‍ശ്ശിച്ച ഉടന്‍ ശാന്തനായി തീരുകയും, ഭക്തിപാരവശ്യത്തോടെ ശ്രീകൃഷ്ണസമീപം ചെന്ന് കുമ്പിടുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചശേഷം, ‘വധിച്ചു’ എന്നാലപിക്കുന്നതിനൊപ്പം ചക്രാ‍യുധം കണ്ഠത്തില്‍ ചേര്‍ത്ത് ശിശുപാലന് മോക്ഷം നല്‍കുന്നു.]
‘ചൈദ്യാധീശം വധിച്ചു’(ധര്‍മ്മപുത്രന്‍-കോട്ട:രാജുമോഹന്‍, കൃഷ്ണന്‍-കോട്ട:മനോജ്, ശിശുപാലന്‍-കോട്ട:കേശവന്‍ കുണ്ഡലായര്‍)
-----(തിരശ്ശീല)-----


-----(ധനാശി)-----

അഭിപ്രായങ്ങളൊന്നുമില്ല: