2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

സുഭദ്രാഹരണം

മഹാഭാരതം ആദിപര്‍വ്വത്തിലെ 218,219 അദ്ധ്യായങ്ങള്‍
ചേരുന്ന ‘സുഭദ്രാഹരണപര്‍വ്വം’ എന്ന കഥാഭാഗത്തെ അടിസ്ഥാനമാക്കി ശ്രീ മന്ത്രേടത്ത് നമ്പൂതിരിപ്പാട് രചിച്ച ആട്ടകഥയാണ് ‘സുഭദ്രാഹരണം’.
കഥാസംഗ്രഹം
പാഞ്ചാലി പാണ്ഡവര്‍ ഐവരുടേയും ഭാര്യയായി തീര്‍ന്നപ്പോള്‍,
ദ്രൌപതിമൂലം കലഹത്തിനിടവരാതെയിരിക്കുവാനായി നാരദന്റെ നിര്‍ദ്ദേശാനുസ്സരണം അവര്‍ ഒരു വ്യവസ്ഥയുണ്ടാക്കി. ഓരോ പാണ്ഡവനുമൊപ്പം ദ്രൌപതി ഓരോവര്‍ഷം സഹവസിക്കണമെന്നും, ആ കാലത്ത് മറ്റൊരാള്‍ പാഞ്ചാലിയെ കാണാന്‍ പാടില്ല എന്നും, അങ്ങിനെ കണ്ടുപോയാല്‍ അയാള്‍ പ്രായശ്ചിത്തമായി 12സംവത്സരം ബ്രഹ്മചാരിയായി തീര്‍ത്ഥാടനം ചെയ്യണം എന്നുമായിരുന്നു വ്യവസ്ഥ. ഇതനുസ്സരിച്ച് പാണ്ഡവന്മാര്‍ ഖാണ്ഡവപ്രസ്ഥത്തില്‍ വസിച്ചിവരുന്ന കാലത്ത് ഒരിക്കല്‍, ഒരു ബ്രാഹ്മണന്റെ ഗോധനം മോഷ്ടിച്ചവരെ നേരിടാനായി ആയുധങ്ങള്‍ എടുക്കുവാന്‍ പുരത്തില്‍ കടന്ന അര്‍ജ്ജുനന്‍ ധര്‍മ്മപുത്രന്‍ ഭാര്യാസമേതനായി ഇരിക്കുന്നത് കാണുവാനിടവന്നു. വ്യവസ്ഥപ്രകാരം അര്‍ജ്ജുനന്‍ ഒരു വ്യാഴവട്ടകാലത്തെ തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. ഇങ്ങിനെ സഞ്ചരിച്ച് പ്രഭാസത്തിലെത്തിയ പാര്‍ത്ഥന്‍ അവിടെ വെച്ച് മിത്രമായ ശ്രീകൃഷ്ണനെ കാണുന്നു. കൃഷ്ണന്‍ സന്യാസിവേഷം ധരിച്ചിരുന്ന അര്‍ജ്ജുനനെ കൂട്ടിക്കൊണ്ടുവന്ന് രൈവതകപര്‍വ്വതത്തില്‍ താമസിപ്പിച്ചു. ഈ സമയത്ത് രൈവതകത്തില്‍ നടന്ന ദേശീയോത്സവത്തില്‍ പങ്കെടുക്കാനെത്തിയ രാമകൃഷ്ണന്മാരുടെ സോദരിയും സുന്ദരീരത്നവുമായ സുഭദ്രയെ കണ്ട അര്‍ജ്ജുനന്‍ അവളില്‍ അനുരുക്തനായിതീരുന്നു. സുഹൃത്തിന്റെ ഇംഗിതമറിഞ്ഞ കൃഷ്ണന്‍; സഹോദരിയെ ഹരിച്ചുകൊണ്ടുപൊയ്ക്കോള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. ഉത്സവാനന്തരം മടങ്ങുംവഴി ബലരാമാദികള്‍ സന്യാസിവേഷധാരിയായ വിജയനെ കാണുകയും, അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി ദ്വാരകയിലെ ഉദ്യാനത്തില്‍ താമസിപ്പിക്കുകയും ചെയ്തു. യതിവര്യനെ ശുശ്രൂഷിക്കുന്നതിനയി സോദരിയായ സുഭദ്രയെതന്നെയാണ് ബലഭദ്രന്‍ ഏല്‍പ്പിച്ചത്. തന്റെ സാഹസികകൃത്യങ്ങള്‍ കേട്ടറിഞ്ഞ് തന്നില്‍ അനുരുക്തയാണ് സുഭദ്രയും എന്നറിയുന്നതോടെ സന്യാസി പരമാര്‍ത്ഥം സുഭദ്രയോട് വെളിപ്പെടുത്തുന്നു. താന്‍ ശുശ്രൂഷിച്ചുപോന്ന യതി തന്റെ സര്‍വ്വവുമായ അര്‍ജ്ജുനനാണെന്നറിഞ്ഞ സുഭദ്ര പ്രണയപാരവശ്യത്താല്‍ നിദ്രയും ഭക്ഷണവും ഉപേക്ഷിച്ച് ക്ഷീണിതയായിതീര്‍ന്നു. ഈ വിവരങ്ങള്‍ എല്ലാം മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ സോദരിയുടേയും സുഹൃത്തിന്റേയും ഇഷ്ടപൂര്‍ത്തിക്കായി ഒരു ഉപായം പ്രയോഗിച്ചു. ദ്വാരകയ്ക്കടുത്തുള്ള ഒരു ദ്വീപില്‍ മഹാദേവപ്രീതിക്കായി ഒരു മഹോത്സവം സംഘടിപ്പിച്ച് ബലഭദ്രരുള്‍പ്പെടെ സകലയാദവരേയും അങ്ങോട്ട് അയച്ചു. സുഭദ്രാഹരണത്തിന് തക്കതായ സമയമായി എന്ന് മനസ്സിലാക്കിയ വിജയന്‍ ഗാന്ധര്‍വ്വവിവാഹത്തിന് സുഭദ്രയോട് അഭ്യര്‍ത്ഥിക്കുന്നു. സുഭദ്ര മൌനാനുവാദം നല്‍കുന്നു. ഈ വിധമുള്ള സുഭദ്രാധനജ്ഞയ വൃത്താന്തങ്ങള്‍ ഇന്ദ്രന്‍ ഇന്ദ്രാണിയെ അറിയിക്കുന്നതും, ഇന്ദ്രാണിയോടൊപ്പം ഇന്ദ്രന്‍ ദ്വാരകാപുരിയിലേയ്ക്ക് പുറപ്പെടുന്നതുമാണ് ആദ്യരംഗത്തില്‍. രണ്ടാം രംഗത്തില്‍ ശ്രീകൃഷ്ണന്‍ രുഗ്മിണിയോടും സത്യഭാമയോടും കൂടി ദ്വീപിലെ ഉത്സവത്തില്‍ പങ്കെടുക്കുന്നു. സോദരിയുടേയും വിജയന്റേയും വൃത്താന്തങ്ങള്‍ ശ്രീകൃഷ്ണന്‍ പത്നിമാരെ അറിയിക്കുന്നതും അവരോടൊത്ത് ദ്വാരകയിലേയ്ക്ക് മടങ്ങുന്നതുമായ ഭാഗമാണ് രംഗം 3. നാലാം രംഗത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലെത്തിയ ഇന്ദ്രനോട് സംസാരിച്ച് അര്‍ജ്ജുന-സുഭദ്രാ വിവാഹത്തെ ഉറപ്പിക്കുന്നു. ദ്വാരകയിലെത്തിയ അച്ഛനെ അര്‍ജ്ജുനന്‍ കണ്ടു വണങ്ങുന്നതാണ് രംഗം 5ല്‍. ആറാം രംഗത്തില്‍ ഇന്ദ്രാണി സുഭദ്രയെ അനുഗ്രഹിച്ച് വൈവാഹികസ്നാനം കഴിച്ച് ഒരുങ്ങുവാന്‍ കല്പിക്കുന്നു. ഇന്ദ്രന്റേയും ഇന്ദ്രാണിയുടെയും ശ്രീകൃഷ്ണന്റേയും സാന്നിധ്യത്തില്‍ സുഭദ്രാധനജ്ഞയ വിവാഹം നടക്കുന്നു രംഗം 7ല്‍. എട്ടാം രംഗത്തില്‍ വിവാഹിതനായ സുഹൃത്തിനെ അനുഗ്രഹിക്കുന്ന കൃഷ്ണനോട് അര്‍ജ്ജുനന്‍; താന്‍ കപടസന്യാസിയായി ചമഞ്ഞതും, ഭഗവാനുള്‍പ്പടെയുള്ളവര്‍ തന്നെ നമസ്ക്കരിച്ചതുമായ അപരാധങ്ങളെ ഓര്‍ത്ത് പരിതപിക്കുന്നു. ഉത്സവം കഴിഞ്ഞ് എല്ലാവരും എത്തുന്നതിനുമുന്‍പ് നീ സുഭദ്രയേയും കൂട്ടി ഖാണ്ഡവപ്രസ്ഥത്തിലേയ്ക്ക് ഗമിച്ചുകൊള്ളുവാന്‍ ഭഗവാന്‍ അര്‍ജ്ജുനനോട് നിര്‍ദ്ദേശിക്കുന്നു. അര്‍ജ്ജുനനും സുഭദ്രയുമായുള്ള ശൃഗാരരംഗമാണ് ഒന്‍പതാമത്തേത്. പത്താം രംഗത്തില്‍ ദ്വാരപാലന്മാരെ പോരില്‍ പരാജയപ്പെടുത്തി അര്‍ജ്ജുനന്‍ സുഭദ്രതെളിക്കുന്ന തേരിലേറി ഖാണ്ഡവപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. യാത്രാമദ്ധ്യേ രഥത്തില്‍ വെയ്ച്ച് സുഭദ്രയും അര്‍ജ്ജുനനുമായുള്ള സംഭാഷണമാണ് രംഗം 11ല്‍. പന്ത്രണ്ടാം രംഗത്തില്‍ യാദവപ്രമുഖനായ വിപൃഥു അര്‍ജ്ജുനനെ തടയുന്നു. തുടര്‍ന്ന് നടക്കുന്ന യുദ്ധത്തില്‍ പരാജിതനാകുന്നതോടെ തത്വബോധം കൈവന്ന വിപൃഥു അര്‍ജ്ജുനനെ തിരിച്ചറിഞ്ഞ് ക്ഷമാപണം നടത്തി യാത്രയാക്കുന്നു. സഞ്ചരിച്ച് ഖാണ്ഡവപ്രസ്ഥത്തിലെത്തിയപ്പോള്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ മന്ദിരം കാട്ടിക്കൊടുത്ത്, അവളെ കണ്ട് വണങ്ങിവരുവാന്‍ നിര്‍ദ്ദേശിച്ച് സുഭദ്രയെ അയക്കുന്നു രംഗം 13ല്‍. പതിനാലാം രംഗത്തില്‍ വിവിദന്‍ സുഭദ്രയെ കണ്ട്, ബലാല്‍ക്കാരമായി അവളെ പിടിച്ചുകൊണ്ടുപോകുന്നു. സുഭദ്രയുടെ വിലാപമാണ് രംഗം15ല്‍. പതിനാറാം രംഗത്തില്‍ ഘടോല്ക്കചന്‍ എത്തി വിവിദനെ രണത്തില്‍ പരാജയപ്പെടുത്തി അയക്കുന്നു. ഘടോല്ക്കചന്‍ സുഭദ്രയെ രക്ഷിച്ച് അര്‍ജ്ജുനനെ ഏല്‍പ്പിക്കുന്ന ഭാഗമാണ് രംഗം 17. പതിനെട്ടാം രംഗത്തില്‍ രൈവതകപര്‍വ്വത പാര്‍ശ്വത്തില്‍ ഒത്തുകുടിയ ബ്രാഹ്മണര്‍ അര്‍ജ്ജുനന്റെ സുഭദ്രാഹരണവൃത്താന്തം പരസ്പരം സംസാരിക്കുന്നു. ബ്രാഹ്മണരുടെ സംഭാഷണങ്ങളില്‍ നിന്നും അര്‍ജ്ജുനന്റെ പ്രവര്‍ത്തികള്‍ അറിഞ്ഞ് കോപിഷ്ടനായി ദ്വാരകയില്‍ മടങ്ങിയെത്തിയ ബലഭദ്രന്‍ കൃഷ്ണനോട് കയര്‍ക്കുന്നു രംഗം 19ല്‍. അര്‍ജ്ജുനനെ നശിപ്പിക്കുവാനൊരുങ്ങുന്ന ബലരാമനോട് ശ്രീകൃഷ്ണന്‍; അര്‍ജ്ജുനനെ വധിച്ചാല്‍ സോദരി വിധവയായിതീരുമെന്നും, അര്‍ജ്ജുനന്‍ ധീരന്മാര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്നും പറഞ്ഞ് സമാധാനിപ്പിച്ച്, ഇന്ദ്രപ്രസ്ഥത്തില്‍ പോയി അര്‍ജ്ജുനനെ അനുഗ്രഹിക്കുവാന്‍ ബലഭദ്രനെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് യുദ്ധഭൂമിയില്‍ചെന്ന് അര്‍ജ്ജുനന്റെ രണനൈപുണ്യം കണ്ടറിയുന്നതോടെ കോപം ശമിച്ച് മുദിതനായിതീരുന്ന ബലരാമന്‍ കൃഷ്ണനോടും പരിവാരങ്ങളോടും കൂടി സ്ത്രീധനസഹിതം ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെടുന്നു രംഗം 20ല്‍. അന്ത്യരംഗത്തില്‍ ശ്രീകൃഷ്ണസഹിതം ഖാണ്ഡവപ്രസ്ഥത്തിലെത്തുന്ന ബലഭദ്രന്‍ അര്‍ജ്ജുനനേയും സുഭദ്രയേയും അനുഗ്രഹിച്ച് മടങ്ങുന്നു.
മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങള്‍
1.സുഭദ്രയുടേയും അര്‍ജ്ജുനന്റേയും ഇംഗിതമറിഞ്ഞ് ഇന്ദ്രാണീസഹിതനായി ഇന്ദ്രനും രുഗ്മിണീസത്യഭാമാസഹിതനായി ശ്രീകൃഷ്ണനും പാണിഗ്രഹണത്തിന് സന്നിഹിതരാവുന്നതായി മൂലകഥയില്‍ പറയുന്നില്ല.

2.വിവദനേയും ഘടോല്ക്കചനേയും പറ്റിയുള്ള പ്രസ്താവനകളും മൂലകഥയില്‍ കാണുന്നില്ല.
രംഗാവതരണത്തിലുള്ള പ്രത്യേകതകള്‍
1.കാവ്യഗുണം കുറവായുള്ള കൃതിയെങ്കിലും ഇതിലെ പദങ്ങള്‍ ഹ്രസ്വങ്ങളാണെന്നൊരു ഗുണമുണ്ട്. അവതരണത്തില്‍ രണ്ട് ആദ്യാവസാനക്കാര്‍ക്കും(അര്‍ജ്ജുനനും ബലഭദ്രനും), ഒരു കുട്ടിത്തരക്കാരനും(ശ്രീകൃഷ്ണന്‍) നല്ല സാധ്യതയുണ്ട്.

2.ഏഴാമതായുള്ള വിവാഹരംഗം അത്യന്തം ചിട്ടയിലുള്ളതും മനോഹരവുമാണ്.

3.എട്ടാം രംഗത്തിലെ പദങ്ങള്‍ ചിട്ടപ്രധാനങ്ങളും തൌര്യത്രികഭംഗിയാര്‍ന്നവയുമാണ്.

4.ഒന്‍പതാം രംഗത്തിലെ അര്‍ജ്ജുനന്റെ പതിഞ്ഞപദം പതിഞ്ഞ ഇരട്ടിനൃത്തത്തോടുകൂടിയതും ചിട്ടപ്രധാനവുമാണ്.

5.ബലഭദ്രനും കൃഷ്ണനുമായുള്ള പത്തൊന്‍പതാം രംഗം കലാശങ്ങളോടുകൂടി ചിട്ടയാര്‍ന്നവയും അതേസമയം ധാരാളം മനോധര്‍മ്മ ആട്ടങ്ങള്‍ക്ക് സാധ്യതയുള്ളതുമാണ്.

6.ഇരുപതാം രംഗത്തിലെ ബലഭദ്രന്റെ പദത്തിലെ ‘അത്രയുമല്ലടോ’ എന്ന ഭാഗത്ത് ബലഭദ്രനും കൃഷ്ണനും ചേര്‍ന്നെടുക്കുന്ന അഷ്ടകലാശം ചേതോഹരമായ ഒരു നൃത്തശില്പമാണ്. ഈ അഷ്ടകലാശം ഇവിടെ ചേര്‍ത്തിണക്കി ചിട്ടചെയ്തത് പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായരാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണ രീതി
*7മുതല്‍ 9വരെ രംഗങ്ങളും 18മുതല്‍ 20വരെ രംഗങ്ങളുമാണ് ഇന്ന് പതിവുള്ളവ.
*ഒന്‍പതാം രംഗത്തിലെ അര്‍ജ്ജുനന്റെ പതിഞ്ഞപദത്തെ തുടര്‍ന്ന് പതിനൊന്നാം രംഗത്തിലെ ‘മുല്ലസായക തുല്യ’ എന്ന സുഭദ്രയുടെ പദം ഘടിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ അവതരിപ്പിക്കുക പതിവ്.
*പത്താം രംഗത്തില്‍ അര്‍ജ്ജുനന്റെ പോരുവിളി പദം മാത്രമെ അവതരിപ്പിക്കുക പതിവുള്ളു. തുടര്‍ന്നുള്ള ദ്വാരപാലന്മാരുടെ പ്രവേശവും അവരുമായി അര്‍ജ്ജുനന്‍ യുദ്ധംചെയ്യുന്നതും അവതരിപ്പിക്കുക പതിവില്ല.
*ആദ്യ 6 രംഗങ്ങളും, 11മുതല്‍ 17വരെ രംഗങ്ങളും അന്ത്യരംഗവും ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: