19, 20 രംഗങ്ങള്‍
രംഗത്ത്-ബലഭദ്രന്‍(ഒന്നാംതരം പഴുപ്പുവേഷം), ശ്രീകൃഷ്ണന്‍
ശ്ലോകം-രാഗം:മദ്ധ്യമാവതി
“ഇത്ഥം ബ്രാഹ്മണരും പറഞ്ഞു നടകൊള്ളുന്നോരവസ്ഥാന്തരേ
ശ്രുത്വാ പാര്‍ത്ഥവിചേഷ്ടിതാനി പരുഷാണ്യുദ്യല്‍ഗദാഭീഷണം
ദ്വീപാദാത്മപുരീം പ്രവശ്യ വിഹസന്‍ കോപാദ്ദിധക്ഷന്നിവ
ത്രൈലോക്യം മുസലീ ജഗാദ വചനം പാദനതം സോദരം”
{ഇങ്ങിനെ പറഞ്ഞ് ബ്രാഹ്മണര്‍ നടന്ന അവസ്ഥയില്‍ പാര്‍ത്ഥന്റെ പ്രവര്‍ത്തികളെ കേട്ട്, ഉഗ്രമായ ഗദയും ധരിച്ചുകൊണ്ട് ദ്വീപില്‍നിന്നും സ്വന്തം പുരിയില്‍ എത്തിയ മുസലീധരന്‍ പാദത്തില്‍ വണങ്ങിയ അനുജനോട് ത്രൈലോക്യം മുഴുവന്‍ ദഹിപ്പിക്കത്തക്ക കോപത്തോടെ ഇങ്ങിനെ പറഞ്ഞു.}
ഇടതുകൈയ്യില്‍ ഗദയും വലതുകൈയ്യില്‍ കരി(കലപ്പ)യും ധരിച്ചുകൊണ്ട് രംഗമദ്ധ്യത്തിലെ പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തുന്ന ബലഭദ്രന്‍ വീരഭാവത്തില്‍ ഇരുവശങ്ങളിലേയ്ക്കും വീക്ഷിക്കുന്നു.*
ബലഭദ്രന്‍:(കൃതകൃത്യനായ ഭാവത്തോടെ, ആത്മഗതമായി) ‘അന്തര്‍ദ്വീപില്‍ ഉത്സവമെല്ലാം വഴിപോലെ കഴിഞ്ഞു. ബ്രാഹ്മണാദിജനങ്ങള്‍ സന്തോഷത്തോടു കൂടി പോയി. അതിനാല്‍ എനിക്ക് ഏറ്റവും സുഖം ഭവിച്ചു. ഇനി വേഗം ദ്വാരകയിലേയ്ക്ക് മടങ്ങുകതന്നെ.’ (വലതുഭാഗത്തായി ദൂതനെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘എടോ ദൂതാ, തോണികൊണ്ടുവന്നാലും’
ബലഭദ്രന്‍ തോണിയില്‍ കയറി സമുദ്രം കടക്കുന്നു. തുടര്‍ന്ന് ഇക്കരയില്‍ എത്തിയതായി ഭാവിച്ച് തോണിയില്‍ നിന്നും ചാടി ഇറങ്ങുന്നു(പീഠത്തില്‍ നിന്നും ചാടി ഇറങ്ങുന്നു).
ബലഭദ്രന്‍:(‘അഡ്ഡിഡ്ഡിക്കിട’ വെച്ച് നിന്ന് മുന്നില്‍ കണ്ട്) ‘ഇതാ അനവധി ബ്രാഹ്മണര്‍ ഓരോന്നു പറഞ്ഞുകൊണ്ട് പോകുന്നു’ (ബ്രാഹ്മണര്‍ പറയുന്നത് ചെവിയോര്‍ത്ത്, ചിന്തയോടെ) ‘ബ്രാഹ്മണര്‍ പറയുന്നതെന്ത്?’ (വീണ്ടും ചെവിയോര്‍ത്തുകൊണ്ട്) ‘ദ്വാരകയില്‍ ഒരു സന്യാസി വന്ന് താമസിച്ചു’ (കൂടുതല്‍ ശ്രദ്ധയോടെ ചെവിയോര്‍ത്തിട്ട്) ‘സന്യാസി അല്ല, അര്‍ജ്ജുനനാണ്. സുഭദ്രയെ കട്ടുകൊണ്ടുപോയി. സുഭദ്രയെ കട്ടുകൊണ്ടുപോയതല്ല, കൃഷ്ണന്‍ വിവാഹം കഴിച്ചുകൊടുത്തതാണ്. (പെട്ടന്ന് ആലോചിച്ച് നിശ്ചയദാര്‍ഢ്യത്തോടെ) ‘ഇല്ല, ഇല്ല. എന്റെ സോദരിയെ ഞാനറിയാതെ കൃഷ്ണന്‍ വിവാഹംകഴിപ്പിച്ച് കൊടുക്കുകയില്ല. പിന്നെ എന്താണ്?‘ (വീണ്ടും ചെവിയോര്‍ത്ത് ബ്രാഹ്മണരുടെ വാക്കുകളില്‍ നിന്നും കാര്യം വാസ്തവംതന്നെ എന്ന് ബോദ്ധ്യപ്പെട്ട്) ‘ഓ വിവാഹം കഴിഞ്ഞു എന്ന് തീര്‍ച്ച’ (പെട്ടന്ന് കോപാന്ധനായി കലപ്പയെടുത്ത് സ്വന്തം മാറില്‍ കൊളുത്തി വലിച്ചിട്ട്) ‘എവിടെ കള്ളകൃഷ്ണന്‍?‘ (ഇരുവശങ്ങളിലും തിരഞ്ഞുകൊണ്ട്) ‘എവിടെ? എവിടെ?’
ബലഭദ്രന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നില്‍ക്കുന്നതോടെ ഇടതുഭാഗത്തുകൂടി ശ്രീകൃഷ്ണന്‍ പ്രവേശിച്ച് ഭയത്തോടുകൂടി ബലഭദ്രന്റെ കാല്‍ക്കല്‍ നമസ്ക്കരിക്കുന്നു.
ബലഭദ്രന്‍:(നമസ്ക്കരിച്ച് എഴുന്നേറ്റ കൃഷ്ണന്റെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ട്, അസഹ്യമായ കോപത്തോടെ) ‘അയ്യാ, അയ്യാ, എടാ, എന്നെ അറിയിക്കാതെ സഹോദരിയുടെ വിവാഹം കഴിപ്പിച്ച് നീ അര്‍ജ്ജുനന് കൊടുത്തില്ലെ?’ (കൃഷ്ണന്‍ ഉരിയാടാതെ തലതാഴ്ത്തി നില്‍ക്കുന്നതു കണ്ട്) ‘ഒന്നും മിണ്ടില്ലെ?’ (ശുണ്ഠിയെടുത്ത്) ‘നിന്റെ ബന്ധുവായ അര്‍ജ്ജുനനെ ഞാന്‍ ഇക്ഷണത്തില്‍ നശിപ്പിച്ചേക്കാം. എന്നാല്‍ കണ്ടുകൊള്‍ക’
ബലഭദ്രന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് പദാഭിനയം ചെയ്യുന്നു.
ബലഭദ്രരുടെ പദം-രാഗം:മദ്ധ്യമാവതി, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“കുത്ര വദ കുത്ര വദ വൃത്താരിപുത്രനാം
ശത്രുവരനെ ക്ഷണം സംഹരിച്ചീടുവന്‍”
ചരണം1:
“യാദവശിഖാമണേ കഷ്ടമവനെപ്പുരാ
സല്‍ക്കരിച്ചന്ത:പുരത്തിങ്കല്‍ വെച്ചതും
ഒട്ടും നമുക്കൊരു വിചാരമില്ലെന്നു
മൂന്നുലോകത്തിലും പ്രസിദ്ധമല്ലോ”
{എവിടെ? പറയൂ, എവിടെ? പറയൂ. ഇന്ദ്രപുത്രനായ ശത്രുവരനെ ഈ ക്ഷണം സംഹരിക്കും. യാദവശ്രേഷ്ഠാ, അവനെ പണ്ട് സല്‍ക്കരിച്ച് അന്ത:പുരത്തില്‍ പാര്‍പ്പിച്ചത് കഷ്ടമായിപ്പോയി. എനിക്ക് ഒട്ടും വിചാരമില്ലെന്ന് മൂന്നുലോകത്തിലും പ്രസിദ്ധമാണല്ലൊ}
“കുത്ര വദ കുത്ര വദ” (ബലഭദ്രന്‍-കലാ:ഗോപി) |
ശ്രീകൃഷ്ണന്റെ മറുപടിപ്പദം-രാഗം:നീലാബരി, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“രാജവര നീതിജലധേ രജനികര-
തുല്യമുഖ കേള്‍ക്ക സുമതേ വീരവര
ചാരുതരരൂപ ജയ സാഹസമിതരുതേ”
പല്ലവി:
“ആര്യ തവ പാദമിഹ വന്ദേ മുസലധര”
{രാജശ്രേഷ്ഠാ, നീതിസമുദ്രമേ, ചന്ദ്രതുല്യമുഖാ, സുമനസ്സേ, കേട്ടാലും. വീരശ്രേഷ്ഠാ, മനോഹരരൂപാ, ജയിച്ചാലും. സാഹസം അരുതേ. ജേഷ്ഠാ, മുസലധരാ, അവിടുത്തെ പാദം ഇതാ വന്ദിക്കുന്നേന്‍}
ബലഭദ്രന്‍:
ചരണം2:
“കൃഷ്ണ തവ സമ്മതം മാത്രമുണ്ടായിതോ
തൃഷ്ണകൊണ്ടശ്ശഠന്‍ മാത്രം കഥിച്ചിതോ
കഥയ കഥയാദരാല്‍ വിപൃഥുവുമറിഞ്ഞിതോ
എന്തു ബന്ധം സഖേ തോറ്റോടുവാന്‍”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{കൃഷ്ണാ, നിന്റെ സമ്മതം മാത്രമുണ്ടായിരുന്നോ? അതോ ആഗ്രഹം കൊണ്ട് ആ ദുഷ്ടന്‍ സ്വന്തമായി ചെയ്തതോ? പറയുക, ഈ കഥയെല്ലാം വിപൃഥുവും അറിഞ്ഞിരുന്നോ? അല്ലെങ്കില്‍ അവന്‍ തോറ്റോടുവാന്‍ എന്തു കാരണം?}
കൃഷ്ണന്‍:
ചരണം2:
“വ്യാജമിഹ ചെയ്യുമോ ഞാന്‍ നിന്നരികില്‍
സര്‍വ്വദാ വസിക്കയല്ലേ അവനുടയ
ബാഹുബലമുണ്ടോശിവശിവ വിപൃഥുസഹിക്കുന്നു”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{വഞ്ചന ചെയ്യുമോ ഞാന്‍? നിന്നരികില്‍ സര്‍വ്വദാ വസിക്കുകയല്ലെ? ശിവ! ശിവ! അവന്റെ കൈയ്യൂക്കുണ്ടോ വിപൃഥുവിനാല്‍ സഹിക്കാനാകുന്നു?}
ബലഭദ്രന്‍:
ചരണം3:
“ക്ഷത്രിയകിശോരകന്‍ ക്ഷുദ്രനവനെങ്കിലും
ഭിക്ഷുവേഷം ബഹു ശിക്ഷയല്ലോ
ഇക്ഷണമവന്‍കഥകളിക്ഷിതിയിലില്ലെന്നു
ത്വല്‍പക്ഷപാതിയേ ശിക്ഷചെയ്‌വന്‍”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{നിസ്സാരനായ ആ ക്ഷത്രിയബാലകന്റെ ഭിക്ഷുവേഷം ബഹുകേമമായി. നിന്റെ പക്ഷക്കാരനായ അവന്റെ ചരിത്രം ഇക്ഷണംതന്നെ ഈ ഭൂമിയില്‍ ഇല്ലാതാകുന്നവിധം അവനെ ശിക്ഷിക്കുന്നുണ്ട്}
കൃഷ്ണന്‍:
ചരണം3:
“വൈവാഹകര്‍മ്മമധുനാ വിധിവിഹിതം
വൈധവ്യദീക്ഷ വരുമല്ലോ സുദതിയുടെ
എന്നതു നിനയ്ക്കിലവന്‍ വദ്ധ്യനല്ലല്ലോ”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{വിവാഹകര്‍മ്മം വിധിവിഹിതമാണ്. ഇനി അര്‍ജ്ജുനനെ വധിച്ചാല്‍ സോദരിയ്ക്ക് വൈധവ്യദു:ഖം വരുമല്ലൊ. ഇത് ചിന്തിച്ചാല്‍ അവന്‍ വദ്ധ്യനല്ല എന്നുവന്നില്ലേ?}
ബലഭദ്രന്‍:
ചരണം4:
“എങ്കിലവനെക്ഷണം ബന്ധു തവ എങ്കിലും
ബന്ധുമിച്ഛാമ്യഹം ഹന്ത ഭോ ഭോ
അന്തരമിതിനു നഹി സിന്ധുര വിരോധവും
കേസരിസഹിക്കുമോ മാധവ സഖേ”
(“കുത്ര വദ കുത്ര വദ...................സംഹരിച്ചീടുവന്‍”)
{എങ്കില്‍ അവനെ ഈ ക്ഷണം-നിന്റെ ബന്ധുവാണെങ്കിലും-ബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നു ഞാന്‍. ഇതിന് മറ്റമില്ല. മാധവാ, സഖേ, ആനയുടെ വിരോധം സിംഹം സഹിക്കുമോ?}
“എങ്കിലവനെക്ഷണം” (ബലഭദ്രന്‍-കലാ:വാസുപ്പിഷാരടി) |
ചരണം4:
“ആര്യ സഹിക്കേണമധുനാ പാണ്ഡുസുത
ചാപലമശേഷമധികം വേണമിനി
വേഗമവനെച്ചെന്നു മാനയ മഹാത്മന്‍”
(“ആര്യ തവ പാദമിഹ വന്ദേ മുസലധര”)
{ജേഷ്ഠാ, പാണ്ഡുസുതന്റെ അധികമായ ചാപല്യങ്ങളെല്ലാം ഇപ്പോള്‍ സഹിക്കേണമേ. ഇനി വേഗം ചെന്ന് അവനെ ബഹുമാനിക്കുകയാണ് മഹാത്മാവേ വേണ്ടത്.}
ശേഷം ആട്ടം-
കൃഷ്ണന്‍ ഭക്തിപൂര്‍വ്വം വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ബലഭദ്രനെ കെട്ടിച്ചാടി കുമ്പിടുന്നു.
ബലഭദ്രന്‍:(കൃഷ്ണന്റെ കൈയ്യില്‍ കടന്നുപിടിച്ച് നിര്‍ത്തി അടിമുടി നോക്കിയിട്ട് ആത്മഗതമായി) ‘ഹോ! ഇവന്റെ ഉള്ളിലെ കപടം കേമം തന്നെ’ (കൃഷ്ണനോടായി) ‘കഷ്ടം! കൃഷ്ണാ, നീ എന്നോടിങ്ങിനെ ചെയ്തുവല്ലോ? അനിജത്തിയെ യോഗ്യനായ ഒരു വരന് കൊടുക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. നീ അവളെ അര്‍ജ്ജുനനു വിവാഹം കഴിച്ചു കൊടുത്തല്ലോ?’
കൃഷ്ണന്‍:‘അറിഞ്ഞുകൊണ്ട് ഞാന്‍ ഇവിടുത്തെ വഞ്ചിക്കുമോ? എല്ലാം ഓരോരുത്തരുടെ ശിരോലിഘിതം പോലെ വരുന്നതല്ലെ?’
ബലഭദ്രന്‍:‘അല്ലാ, അല്ലാ. എല്ലാം നിന്റെ ഗൂഢാലോചനകൊണ്ട് വന്നതാണ്. വിവാഹം കഴിപ്പിച്ചു നല്‍കിയത് നീയല്ലേ?’
കൃഷ്ണന്‍:‘സന്യാസിയെ ഇവിടെ താമസിപ്പിച്ചതും, സുഭദ്രയെ സന്യാസിയെ പരിചരിക്കാന്‍ ഏര്‍പ്പെടുത്തിയതും ഇവിടുന്നുതന്നെയല്ലെ?’
ബലഭദ്രന്‍:‘അതിനാല്‍ ഉടനെ വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്നുണ്ടോ?’
കൃഷ്ണന്‍:‘യൌവനപൂര്‍ത്തി വന്ന സ്ത്രീയില്‍ പുരുഷനും, സുന്ദരനും യോഗ്യനുമായ പുരുഷനില്‍ സ്ത്രീക്കും, അവര്‍ ഒരുമിച്ച് വസിക്കുന്നതായാല്‍ അന്യോന്യം അനുരാഗം വര്‍ദ്ധിച്ച് വരുന്നതല്ലയോ? അതിനാല്‍ സന്യാസിയെ ശുശ്രൂഷിക്കുവാന്‍ സുഭദ്രയെ കല്‍പ്പിച്ചു നിര്‍ത്തിയത് പിഴയായി ഭവിച്ചു’
ബലഭദ്രന്‍:‘അര്‍ജ്ജുനന്‍ കപടസന്യാസിവേഷം ധരിച്ച് വന്നതാണ് എന്ന് ഞാന്‍ അറിഞ്ഞോ?’
കൃഷ്ണന്‍:‘ഇനി ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്തു ഭലം? ഏതായാലും ഇവിടുത്തെ ആഗ്രഹം പോലെ അനുജത്തിയ്ക്ക് യോഗ്യനായ ഭര്‍ത്താവിനെ ലഭിച്ചുവല്ലൊ’
ബലഭദ്രന്‍:‘യോഗ്യനാണെങ്കില്‍ സുഭദ്രയേയും കൊണ്ട് ഈവിധം സൂത്രത്തില്‍ കടന്നുകളയുമോ?’
കൃഷ്ണന്‍:‘ശിവ! ശിവ! വിജയന്‍ നമ്മുടെ ഭടന്മാരെയെല്ലാം യുദ്ധത്തില്‍ ജയിച്ചാണ് പോയത്’
ബലഭദ്രന്‍:(ആശ്ചര്യത്തോടെ) ‘ഉറപ്പ്?‘
കൃഷ്ണന്‍:‘അതെ. യുദ്ധഭൂമിയില്‍ ചെന്നാല്‍ത്തന്നെ ഇവിടുത്തേയ്ക്ക് പാര്‍ത്ഥന്റെ രണനൈപുണ്യം നേരില്‍ കണ്ടറിയാം’
ബലഭദ്രന്‍:‘അങ്ങിനെയോ? എന്നാലിനി യുദ്ധഭൂമിയിലേയ്ക്ക് പോവുകതന്നെ’
ഇവിടെവെച്ച് പത്തൊന്‍പതാം രംഗം അവസാനിക്കുന്നു. എന്നാല്‍ തിരശ്ശീല ഉപയോഗിക്കാതെതന്നെ ഇരുപതാം രംഗത്തിലേയ്ക്ക് സങ്ക്രമിക്കുകയാണ് അരങ്ങുവഴക്കം. രംഗങ്ങളെ വേര്‍തിരിക്കുന്നത് ഒരു ദണ്ഡകത്തിലൂടെ ആയതിനാലും ഈ ദണ്ഡകം രംഗത്ത് അവതരിപ്പിക്കപ്പെടേണ്ടതായതിനാലുമാണ് ഇങ്ങിനെ ചെയ്യുന്നത്.
ദണ്ഡകം-^
“വേദാന്തവേദ്യനഥ വാദംതുടര്‍ന്നളവില്‍
മോദംകലര്‍ന്നു യദുവൃന്ദം
തദനു ബലദേവേ മൃദുലതരഭാവേ
ഗമിതരുഷി സുജനപുഷി ജിതവിദുഷി-
സകലബലചയമപി സുശാന്തം
ഇന്ദ്രാനുജന്‍ വിരവിലിന്ദ്രാത്മജന്‍
നഗര മുദ്യോഗശാലി ഗമനാര്‍ത്ഥം
സകലജനരമ്യന്‍ പ്രണതജനഗമ്യന്‍
നിജജനകനഥജനനി മുസലധരനമിതബല
നിവരുമതികുതുകഭരമോടെ
എല്ലാവരോടുമുടനുല്ലാസമാര്‍ന്നു
ഗിരിസാനും കടന്നഥ നടന്നു
അതുപൊഴുതുകണ്ടു കുതുകമപിപൂണ്ടൂ
സമരഭുവി കവചരഥമനു വിശിഖശകുലഭൃതി
ശരശകലിത രഥവുമനേകം”
{വേദാന്തവേദ്യനായ ശ്രീകൃഷ്ണന്റെ വാദം കേട്ട് യാദവര്‍ സന്തോഷിച്ചു. അപ്പോള്‍ ശുഭ്രശരീരിയും സുജനരക്ഷകനും വിദ്വാന്മാരെ ജയിക്കുന്നവനുമായ ബലദേവന്‍ ശാന്തനും മൃദുലതരഭാവനും ആയിതീര്‍ന്നു. സകലജനപ്രിയനും ഭക്തവത്സലനുമായ ശ്രീകൃഷ്ണനാകട്ടെ ജനകജനനിമാരോടും മുസലധരനായ ബലഭദ്രനോടും സൈന്യങ്ങളോടും കൂടി കൌതുകപൂര്‍വ്വം ഇന്ദ്രാത്മജന്റെ വാസസ്ഥലമായ നഗരത്തിലേയ്ക്ക് പുറപ്പെട്ടു. എല്ലാവരോടും കൂടി ഉടനെ ഉല്ലാസത്തോടെ പര്‍വ്വതത്തിന്റെ താഴ്വര കടന്ന് നടന്നപ്പോള്‍ സമരഭൂമിയില്‍ അനേകം രഥങ്ങളും കവചങ്ങളും അമ്പേറ്റ് തുണ്ടുതുണ്ടയി കിടക്കുന്നതുകണ്ട് വിസ്മയിച്ചു}
[^ദണ്ഡകം ആരംഭിക്കുന്നതോടെ കൃഷ്ണന്‍ ‘ഇതാ യാദവര്‍ ആഹ്ലാദിക്കുന്നു’ എന്ന് കാട്ടുന്നു. ഇതുകണ്ട് ബലദേവന്‍ സന്തുഷ്ടനാകുന്നു. ‘ഇന്ദ്രാനുജന്‍ വിരവില്‍’ എന്നാലപിക്കുന്നതോടെ ബലഭദ്രന്‍ എഴുന്നേറ്റ് കൃഷ്ണന്റെ കൈകോര്‍ത്തുപിടിച്ച് യുദ്ധഭൂമിയിലേയ്ക്ക് നടക്കുന്ന ഭാവത്തില്‍ വട്ടം വെയ്ക്കുന്നു. ‘കണ്ടു കുതുകമപി’ എന്നതിനൊപ്പം ഇരുവരും യുദ്ധഭൂമി കണ്ട് സന്തോഷം നടിക്കുന്നു.]
ബലഭദ്രന്‍ വലതുവശം പീഠത്തില്‍ ഇരിക്കുന്നു. കൃഷ്ണന്‍ പദം അഭിനയിക്കുന്നു.
പദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“യാദവശിഖാമണേ|| സോദര മഹാത്മന്‍”
ചരണം1:
“അഗ്രജ വൃകോദര|| സോദരന്‍ തന്നുടെ
വീര്യഭുജസാരങ്ങള്‍|| കാണ്‍ക കാണ്‍ക”
ചരണം2:
“വിപ്രങ്ങളില്‍ കഠിന|| മസ്ത്രം തറച്ചു ബത
ക്ഷിപ്രം വിറച്ചു|| വിലസീടുന്നു കാണ്‍ക”
ചരണം3:
“യുദ്ധാജീരത്തിങ്കല്‍|| എങ്ങുമില്ലാ വിഭോ
യോദ്ധാക്കള്‍ തങ്ങടെ|| രുധിര ലേശം”
{യാദവശിരോരത്നമേ, സോദരാ, മഹാത്മാവേ, ജേഷ്ഠാ, വൃകോദരസോദരന്റെ ഭുജവീര്യം കണ്ടാലും, കണ്ടാലും. ഹോ! കഠിനമായ അസ്ത്രം തറച്ച് മതിലുകള്‍ വിറച്ചുകൊണ്ട് വിലസുന്നതു കണ്ടാലും. വിഭോ, യുദ്ധക്കളത്തിലെങ്ങും യോധാക്കളുടെ രക്തം ലേശം പോലും കാണാനില്ല}
ബലഭദ്രന്‍:
ചരണം4:
“അത്രയുമതല്ലെടോ^ ചിത്രമിതു മാധവ
കരിതുരഗരോമങ്ങള്‍|| കൃത്തമാക്കി
സമരഭുവി സര്‍വ്വദാ|| വീണിതാ കിടക്കുന്നു
എത്രയും നമ്മുടെയ|| പാര്‍ത്ഥനതിവീരന്‍”
{അതുമാത്രമല്ലെടോ മാധവാ, അത്ഭുതമായിട്ടുള്ളത്. ആന, കുതിര ഇവകളുടെ രോമങ്ങള്‍ മുറിഞ്ഞ് സമരഭൂമിയില്‍ സര്‍വ്വത്ര വീണുകിടക്കുന്നു. എന്നാല്‍ ഒന്നിന്റേയും ശരീരത്തില്‍ അസ്ത്രമേറ്റിട്ടില്ല. നമ്മുടെ പാര്‍ത്ഥന്‍ അതിവീരന്‍ തന്നെ}
[^‘അത്രയുമതല്ലെടോ’ എന്ന സന്ദര്‍ഭത്തില്‍ ബലഭദ്രനും കൃഷ്ണനും ചേര്‍ന്ന് അഷ്ടകലാശം ചവുട്ടും. ഈ അഷ്ടകലാശം ഇവിടെ ചിട്ടപ്പെടുത്തി ഘടിപ്പിച്ചത് ശ്രീ കലാ:രാമന്‍കുട്ടി നായര്‍ ആണ്]
ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന ബലഭദ്രനെ കൃഷ്ണന്‍ കെട്ടിച്ചാടി കുമ്പിടുന്നു.
ബലഭദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘ഇനി നമ്മള്‍ ചെയ്യേണ്ടതെന്ത്?’
കൃഷ്ണന്‍:‘എല്ലാം അവിടുത്തേയ്ക്കറിയാം. ചെയ്യേണ്ടത് എന്തെന്നു കല്‍പ്പിച്ചാല്‍ മതി’
ബലഭദ്രന്‍:‘ആ, അന്നാല്‍ നമുക്ക് ഇനി വേഗം ഇന്ദ്രപ്രസ്ഥത്തില്‍ ചെന്ന്‍ സ്ത്രീധനം കൊടുക്കണം. അതിന് എല്ലാം ശരിയാക്കി തേരുംകൊണ്ടുവരുവാന്‍ പറയുക’
കൃഷ്ണന്‍:(സമ്മതിച്ച് വണങ്ങി പിന്നോക്കം നീങ്ങി, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടതുഭാഗത്തായി ദാരുകനെ കണ്ട്, അനുഗ്രഹിച്ചശേഷം) ‘എടോ ദാരുകാ, വേഗത്തില്‍ രഥം കൊണ്ടുവന്നാലും’ (അനുഗ്രഹിച്ചയച്ച് തിരിഞ്ഞ്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് ദാരുകനെ നോക്കി) ‘കൊണ്ടുവന്നുവോ?’ (കേട്ട്, നോക്കി) ‘ഉവ്വോ?’ (തേര്‍ നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ചശേഷം) ‘ഇനി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വഴിപോലെ തെളിച്ചാലും’ (ബലഭദ്രസമീപം വന്ന്) ‘രഥം ഇതാ എത്തിയിരിക്കുന്നു.’
ബലഭദ്രന്‍:‘എന്നാല്‍ ഇനി വേഗം പുറപ്പെടുക തന്നെ’
ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കൈകോര്‍ത്തുപിടിച്ച് തേരില്‍ ചാടിക്കയറി പ്രസന്നഭാവത്തില്‍ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----
പത്തൊന്‍പതാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസം
*തെക്കന്‍ ചിട്ടയനുസ്സരിച്ച്; ‘ശ്ലോകാന്തം സ്ഥായി’ എന്ന നിയമപ്രകാരം കോപാവിഷ്ടനായിത്തന്നെയാണ് ബലഭദ്രന്‍ പ്രവേശിക്കുന്നത്. ദ്വീപില്‍ നിന്നും വരുന്നതും ബ്രാഹ്മണരുടെ ഭാഷിതങ്ങള്‍ കേള്‍ക്കുന്നതുമായുള്ള ആട്ടങ്ങള്‍ ഇവിടെ പതിവില്ല.ഇരുപത്തിഒന്നാം രംഗം
ഈ രംഗം സാധാരണയായി പതിവില്ല.
1 അഭിപ്രായം:
ദക്ഷിണ കേരളത്തില്‍ പത്തൊന്‍പതാമത്തെ രംഗം കഴിഞ്ഞാല്‍ ഇരുപതാമത്തെ രംഗം ഒഴിവാക്കി ഇരുപത്തി ഒന്നാമത്തെ രംഗം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ നടന്നിരുന്നു.
ബലഭദ്രനെ ഞാന്‍ എന്ത് കഷ്ടപ്പെട്ടാണ് സമാധാനിപ്പിച്ചു കൂട്ടി വന്നത്, അദ്ദേഹത്തിന്റെ കാലില്‍ വീണു നമസ്കരിക്കൂ എന്നൊക്കെ ബലരാമന്‍ കാണാതെ കൃഷ്ണന്‍ സുഭദ്രയോടും അര്‍ജുനനോടും അറിയിക്കുന്നത് രസകരം തന്നെയാണ്.
ഒരു തവണ ശ്രീ. രാമന്‍കുട്ടി ആശാനും വൈക്കം (കലാമണ്ഡലം) കരുണാകരന്‍ ആശാനും യഥാക്രമം ബലരാമനെയും കൃഷ്ണനെയും അവതരിപ്പിച്ചുകണ്ടിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ