2009, ജൂലൈ 27, തിങ്കളാഴ്‌ച

ബാലിവിജയം ഏഴുമുതല്‍ ഒന്‍പതുവരെ രംഗങ്ങള്‍

ഏഴാം രംഗം

രംഗത്ത്-രാവണന്‍, നാരദന്‍‍(ഒന്നാംതരം മിനുക്ക്-മഹര്‍ഷി-വേഷം)
ശ്ലോകം-രാഗം:ഊശാനി(മുഖാരിയിലും പതിവുണ്ട്)
“ശ്രീനാരദ: കപിവരായ നിവേദ്യവൃത്തം
 ശ്രീകാന്തപാര്‍ഷദവരം രജനീചരേന്ദ്രം
 സംബോധയന്‍ ജയജയേതിനുതിഛലേന
 സുസ്മേരചാരുവദന: സംവാപ ലങ്കാം”
{ശ്രീനാരദന്‍ കപിവരനായ ബാലിയോട് വിവരം പറഞ്ഞശേഷം വിഷ്ണുപാര്‍ഷദരില്‍ മുമ്പനായ(വിഷ്ണുപാര്‍ഷദരായ ജയ-വിജയന്മാര്‍ ശാപലബ്ദ്ധിയാല്‍ ജന്മമെടുത്തതാനല്ലോ രാവണ-കുംഭകര്‍ണ്ണന്മാര്‍) രാക്ഷസചക്രവര്‍ത്തിയെ ‘ജയ,ജയ‘ എന്ന് സ്തുതിക്കുക എന്ന വ്യാജേന സംബോധന ചെയ്ത് ചിരിച്ച് പ്രസന്നവദനനായി ലങ്കയിലെത്തി.}

വാള്‍കുത്തിപിടിച്ച് പൌഢിയോടുകൂടി രാവണന്‍ വലതുവശത്ത് പീഠത്തില്‍ ഇരിക്കുന്നു. ഇടതുഭാഗത്തുകൂടി വീണവായിച്ച് സ്തുതിച്ചുകൊണ്ട് നാരദന്‍ പ്രവേശിക്കുന്നു.

നാരദന്റെ സ്തുതിപദം^-രാഗം:ഊശാനി(മുഖാരിയിലും പതിവുണ്ട്), താളം:മുറിയടന്ത
ചരണം1:
“ജയ ജയ രാവണ ലങ്കാപതേ
 ജയ ജയ നക്തഞ്ചരാധിപതേ
 ജയ ജയ കൈകസീ നന്ദന സുന്ദര
 ജയ ജയ പൌലസ്ത്യപുത്ര വിഭോ”
ചരണം2:
“ജയ ജയ കുംഭകര്‍ണ്ണാഗ്രജ ഭോ
 ജയ ജയ ശൂര്‍പ്പണഖാസഹജ
 ജയ ജയ ശക്രവിജയീജനക ഭോ
 ജയ ജയ മണ്ഡോദരീദയിത”
ചരണം3:
“ജയ ജയ ശങ്കരഭക്ത വിഭോ
ജയ ജയ കൈലാസോദ്ധാരകാരിന്‍
ജയ ജയ വിശ്രുതകീര്‍ത്തേ ദശമുഖ
ജയ ജയ വിക്രമവാരിധേ”
{ലങ്കാപതിയായ രാവണാ, ജയിക്ക, ജയിക്ക. രാക്ഷസാധിപതേ ജയിക്ക, ജയിക്ക. കൈകസീനന്ദനാ ജയിക്ക, ജയിക്ക. പൌലസ്ത്യപുത്രനായ പ്രഭോ ജയിക്ക, ജയിക്ക. കുഭകര്‍ണ്ണന്റെ ജേഷ്ഠാ ജയിക്ക, ജയിക്ക. ശൂര്‍പ്പണഖയുടെ സോദരാ ജയിക്ക, ജയിക്ക. ഇന്ദ്രജിത്തിന്റെ പിതാവേ ജയിക്ക, ജയിക്ക. മണ്ഡോദരീകാന്താ ജയിക്ക, ജയിക്ക. ശങ്കരഭക്തവിഭോ ജയിക്ക, ജയിക്ക. കൈലാസത്തെ ഉദ്ധരിച്ചവനേ ജയിക്ക, ജയിക്ക. വിശ്രുതമായ കീര്‍ത്തിയുള്ള ദശമുഖാ ജയിക്ക, ജയിക്ക. പരാക്രമസമുദ്രമേ ജയിക്ക, ജയിക്ക.}

[^സ്തുതിയിലെ ഓരോ വരിയും രാവണന്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും ഓരോ സംബോധനകളുടെയും ആശയങ്ങള്‍ക്കനുസ്സരിച്ച് വീരം, വാത്സല്യം, ഹാസ്യം, ബീഭത്സം, ശൃഗാരം, ഭക്തി, രൌദ്രം, എന്നിങ്ങിനെ ഭവങ്ങള്‍ നടിക്കുകയും പ്രതികരിച്ചഭിനയിക്കുകയും ചെയ്യും.]

(ഈ പദം ഇവിടെ ശ്രവിക്കാം.കലാ:ഉണ്ണികൃഷ്ണക്കുറുപ്പും കലാ:രാമവാര്യരും ചേര്‍ന്നു പാടിയത്.)

ശ്ലോകം^-രാഗം:ആഹരി
“ആയാന്തമേവമരവിന്ദഭവസ്യപുത്രം
ആലോക്യതാപസവരം സ തു രാക്ഷസേന്ദ്ര:
ആനീയചാവിരഭിപൂജ്യ സുഖാസനസ്ഥം
ആധായ സാധുരചിതാഞ്ജലിരേവമൂചേ”
{ഇങ്ങിനെ വരുന്ന ബ്രഹ്മപുത്രനായ താപസവരനെ കണ്ട് രാക്ഷസേന്ദ്രന്‍ എതിരേറ്റ് കൂട്ടിക്കൊണ്ടുവന്ന് പൂജിച്ച് സുഖമായ ആസനത്തിലിരുത്തി കൂപ്പുകൈയ്യോടെ പറഞ്ഞു

[^ശ്ലോകത്തില്‍ ‘ആലോക്യ’ അന്നു ചൊല്ലുന്നതോടെ രാവണനും നാരദനും തമ്മില്‍ കാണുന്നു.]

രാവണന്‍:‘ഹ! അസ്സലായി! വന്നത് എറ്റവും സന്തോഷമായി’
നാരദന്‍:‘ഒന്നു കാണണമെന്നുതോന്നി’
രാവണന്‍:‘എഴുന്നേറ്റ് വലതുഭാഗത്തേയ്ക്ക് ക്ഷ്ണിച്ചുകൊണ്ട്) ‘ദാ ഇങ്ങോട്ടിരിക്കാം’
നാരദന്‍:‘ഏയ്, വേണ്ട, വേണ്ട, ഇവിടെ മതി’
രാവണന്‍:‘അല്ല, അല്ല, ഇങ്ങോട്ടിരിക്കു’
നാരദന്‍ വലതുവശം വന്ന് പീഠത്തിലിരിക്കുന്നു. രാവണന്‍ നാരദനെ വന്ദിച്ച് അനുഗ്രഹം വാങ്ങിയിട്ട്, വീരഭാവത്തില്‍ ഓച്ഛാനിച്ച് നിന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:ആഹരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“നാരദ മഹാമുനേ സുമതേ
 പാരാതെ തവ പാദവാരിജയുഗം വന്ദേ”
ചരണം1:
“കുത്രനിന്നഹോ ഭവാന്‍ അത്ര വന്നതു ചൊല്‍ക
 വൃത്താരിചരിതങ്ങള്‍ ശ്രോത്രഗോചരങ്ങളോ”
ചരണം2:
“എത്രയും ശക്തന്‍ മമ പുത്രനിന്നഹോ യുദ്ധേ
സൂത്രാമാവിനെ ബന്ധിച്ചത്ര കൊണ്ടന്നു സത്യം”
ചരണം3:
“ലങ്കയില്‍ വന്നു പങ്കജോത്ഭവന്‍ തന്നെ
 സങ്കടം പറകയാല്‍ ശൃഘല മോചിച്ചു ഞാന്‍“
ചരണം4:
“ആരാനുമിനി മമ വൈരികളായി ലോകേ
 പോരിനു വന്നീടുവാന്‍ വീര്യമുള്ളവരുണ്ടോ”
ചരണം5:
“ഈരേഴുലോകങ്ങളില്‍ സ്വൈരസഞ്ചാരിയല്ലോ
വാരിജോത്ഭവപുത്ര നേരോടു പറഞ്ഞാലും”
{നാരദമഹാമുനേ, സുമതേ, താമസമില്ലാതെ അങ്ങയുടെ കാല്‍താമരയിണകളെ ഞാന്‍ വന്ദിക്കുന്നു. എവിടെ നിന്നാണ് ഭവാന്‍ ഇങ്ങോട്ട് വന്നതെന്ന് പറയുക. ഇന്ദ്രന്റെ ചരിത്രങ്ങള്‍ കേട്ടില്ലെ? അഹോ! അതിശക്തനായ എന്റെ പുത്രന്‍ ഈയിടെ യുദ്ധത്തില്‍ ഇന്ദ്രനെ ബന്ധിച്ച് ഇവിടെ കൊണ്ടുവന്നു. ബ്രഹ്മാവുതന്നെ ഇവിടെ ഈ ലങ്കയില്‍ വന്ന് സങ്കടം പറഞ്ഞതിനാല്‍ ഞാന്‍ ചങ്ങല മോചിച്ചയച്ചു. ഇനി എന്നോടു പോരിനു വന്നീടുവാന്‍ വീര്യമുള്ള ശത്രുക്കളാരെങ്കിലും ലോകത്തിലുണ്ടോ? ബ്രഹ്മപുത്രാ, അങ്ങ് ഈരേഴുലോകങ്ങളിലും സ്വൈര്യസഞ്ചാരിയായിട്ടുള്ള ആളാണല്ലോ. യാഥാര്‍ത്ഥ്യം പറഞ്ഞാലും.}

(ഈ പദം ഇവിടെ ശ്രവിക്കാം.കലാ:ഉണ്ണികൃഷ്ണക്കുറുപ്പും കലാ:രാമവാര്യരും ചേര്‍ന്നു പാടിയത്.)
“സങ്കടം പറകയാല്‍“ (രാവണന്‍-കലാ:കൃഷ്ണന്‍ നായര്‍)
നാരദന്റെ മറുപടി പദം-രാഗം:ശങ്കരാഭരണം, താളം:മുറിയടന്ത
പല്ലവി:
“രാവണ കേള്‍ക്ക നീ സാമ്പ്രതം ലോക-
 രാവണ മാമകഭാഷിതം”
അനുപല്ലവി:
“ഭാവമറിഞ്ഞോരോ ഭേദങ്ങളെന്തിനു
 കേവലമുള്ളതുതന്നെ ഞാന്‍ ചൊല്ലുവന്‍”
ചരണം1:
“ദേവകുലാധിപ ബന്ധനകര്‍മ്മം
 താവകനന്ദനന്‍ ചെയ്തതും
 ആവതില്ലാഞ്ഞമരന്മാരതുകണ്ടു
 ധാവതിചെയ്തതുമാരറിയാതുള്ളു”
ചരണം2:
“ഓര്‍ത്താലതിലഘുവെങ്കിലുമൊരു
 വാര്‍ത്തയുണ്ടിപ്പോളുണര്‍ത്തുവാന്‍
 മത്തനാം ബാലിക്കുമാത്രം ഭവാനോടു
 മത്സരമുണ്ടതു നിസ്സാരമെത്രയും”
“മത്തനാം ബാലിക്കുമാത്രം“ (നാരദന്‍-കലാ:പത്മനാഭന്‍ നായര്‍, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ചരണം3:
“കല്യനാകുമവന്‍ ചൊല്ലീടും മൊഴികള്‍
 ചൊല്ലുവാനും ഭയമുണ്ടുമേ
 പുല്ലും ദശാസ്യനും തുല്യമെനിക്കെന്നു
 ചൊല്ലുമവന്‍ തടവില്ല ശിവ ശിവ”
ചരണം4:(കാലം ഉയര്‍ത്തി)
“സാരമില്ലെങ്കിലുമിത്തരമഹ-
 ങ്കാരമുണ്ടാകയാല്‍ സത്വരം
 പാരം പ്രസിദ്ധമായ്ത്തീരുന്നതിന്മുമ്പെ
 കാര്യമവനോടുശൌര്യം പരീക്ഷണം”
{രാവണാ, ലോകത്തെ കരയിക്കുന്നവനേ, എന്റെ വാക്കുകള്‍ ഇപ്പോള്‍ കേള്‍ക്കുക. മനോഭാവമറിഞ്ഞ് ഓരോന്ന് മാറ്റിപറയുന്നതെന്തിന്? നിശ്ചയമായും സത്യം തന്നെ ഞാന്‍ പറയാം. അങ്ങയുടെ നന്ദനന്‍ ദേവകുലാധിപനെ ബന്ധനം ചെയ്തതും എതിര്‍ക്കാന്‍ ആവതില്ലാതെ അമരന്മാര്‍ ഓടിപ്പോയതും ആരാണ് അറിയാതെയുള്ളത്? ഓര്‍ത്താല്‍ ഏറ്റവും നിസ്സാരമാണ്, എങ്കിലും ഒരു വാര്‍ത്തയുണ്ട് ഇപ്പോള്‍ ഉണര്‍ത്തിക്കുവാന്‍. മത്തനായ ബാലിക്കുമാത്രം ഭവാനോട് മാത്സര്യമുണ്ട്. അത് എത്രയും നിസാരം. ബലവാനായ അവന്‍ പറയുന്ന വാക്കുകള്‍ അങ്ങയോട് പറയുവാന്‍ എനിക്ക് ഭയമുണ്ട്. ഒരു കൂസലുമില്ലാതെ പുല്ലും ദശാസ്യനും എനിക്ക് ഒരുപോലെയാണെന്ന് പറയുന്നു അവന്‍. ശിവ! ശിവ! സാരമില്ലെങ്കിലും ഇത്ര അഹങ്കാരമുണ്ടാകയാല്‍ അവന്‍ പറയുന്നത് കൂടുതല്‍ പ്രസിദ്ധമായിതീരുന്നതിനു മുന്‍പ്, ഉടനടി അവനുമായി ശൌര്യം പരീക്ഷിക്കണം.}
“തുല്യമെനിക്കെന്നു“ (നാരദന്‍-കലാ:വാസുപ്പിഷാരടി‍, രാവണന്‍-കലാ:ഗോപി‍)
രാവണന്റെ മറുപടി പദം‌-രാഗം:കേദാരഗൌളം, താളം:ചെമ്പട(മൂന്നാം കാലം)
ചരണം:1
“ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
 ചിത്തത്തിലോര്‍ക്കുന്നേരം സത്രപനാകുന്നു”
ചരണം2:
“മത്തദിഗ്ഗജങ്ങടെ മസ്തകം പിളര്‍ക്കും
 മല്‍ക്കരബലം തടുപ്പാന്‍ മര്‍ക്കടനാളാമോ”
ചരണം3:(അല്പം കാലം ഉയര്‍ത്തി)
“എന്തിനു താമസിക്കുന്നു ഹന്ത പോക നാം
 ബന്ധിച്ചിങ്ങു കൊണ്ടന്നീടാം അന്ധനാമവനെ”
{അഹോ! അത്ഭുതം! നമുക്കൊരു ശത്രുവുണ്ടായത് ചിത്തത്തിലോര്‍ക്കുമ്പോള്‍ ലജ്ജിതനാകുന്നു. മത്തദിഗ്ഗജങ്ങളുടെ മസ്തകം പിളര്‍ക്കുന്ന എന്റെ കരബലം തടുക്കുവാന്‍ ഒരു മര്‍ക്കടന്‍ ആളാകുമോ? എന്തിനു താമസിക്കുന്നു? നമുക്ക് ഉടനെ പോകാം. അഹങ്കാരത്താല്‍ അന്ധനായ അവനെ ബന്ധിച്ചിങ്ങുകൊണ്ടുവന്നീടാം.}
“ചിത്രമഹോ“ (നാരദന്‍-കലാ:പത്മനാഭന്‍ നായര്‍, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
നാരദന്‍:
ചരണം5:(ദ്രുത കാലം)
“ബന്ധിപ്പതിന്നൊരു താമസം വേണ്ട
 ചിന്തിക്കിലെന്തൊരു സന്ദേഹം
 പംങ്തികണ്ഠ നിങ്ങള്‍ തമ്മില്‍ വിചാരിച്ചാല്‍
 എന്തുകൊണ്ടൊക്കുന്നു ധിക്കാരമല്ലയോ”
{ബന്ധിക്കുവാനൊരു താമസവും വേണ്ട. പംങ്തികണ്ഠാ, ചിന്തിച്ചാല്‍ എന്താണോരു സംശയം? നിങ്ങള്‍ തമ്മില്‍ വിചാരിച്ചാല്‍ എന്തുകൊണ്ടാണ് ഒപ്പമാവുന്നത്? അവന്‍ പറയുന്നത് ധിക്കരമല്ലയോ?} 

ശേഷം ആട്ടം-
രാവണന്‍:(നാരദനെ കുമ്പിട്ട് അനുഗ്രഹം വാങ്ങിയിട്ട്) ‘എന്നാല്‍ ഇനി നമുക്ക് വേഗം ആ വാനരനെ പിടിച്ചുകെട്ടി കൊണ്ടുവരുവാന്‍ പോവുകയല്ലെ?’
നാരദന്‍:‘അങ്ങിനെ തന്നെ’ (രാവണന്റെ കൈപിടിച്ച് പുറപ്പെടാന്‍ ഭാവിക്കുമ്പോള്‍ രാവണന്റെ കൈയ്യില്‍ വാള്‍ കണ്ട് അത്ഭുതപെട്ടുകൊണ്ട്) ‘ഒരു നിസ്സാരനായ വാനരനെ പിടിച്ചുകെട്ടുവാന്‍ പുറപ്പെടുമ്പോള്‍ ഈ വാള്‍ എന്തിന്? വാളുമായി ചെല്ലുന്നതു കണ്ടാല്‍ അവന്‍ ഭയന്ന് ഓടിക്കളയും.’
രാവണന്‍:‘ഈ ദിവ്യമായ വാള്‍ എനിക്ക് ശ്രീപരമേശ്വരന്‍ നല്‍കിയതാണ്. ഇത് സദാ എന്റെ കയ്യിരിക്കും’
നാരദന്‍:‘ഏ? ശ്രീപരമേശ്വരനോ? എപ്പോള്‍?’
രാവണന്‍:(ആശ്ചര്യത്തോടെ) ‘മൂന്നുലോകങ്ങളിലും പ്രശസ്തമായ ആ കഥ അങ്ങ് കേട്ടിട്ടില്ലെ?’
നാരദന്‍:(പരുങ്ങലോടെ) ‘ആ, അല്പം ചിലത് കേട്ടിട്ടുണ്ട്. എന്നാലും ഓര്‍മ്മകിട്ടുന്നില്ല. ആ കഥ അങ്ങുതന്നെ ഒന്നു പറയാമോ? കേള്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്.’
രാവണന്‍:‘ഓ അങ്ങിനെയോ? എന്നാല്‍ ഞാന്‍ എല്ലാം വഴിപോലെ പറയാം, അങ്ങ് ശ്രവിച്ചാലും.’
(മേളം കാലം താഴുന്നു)
രാവണന്‍:‘ പണ്ട് ഞാന്‍ ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം വാങ്ങി. പിന്നെ പത്തുദിക്കുകളേയും ജയിച്ച് ഈ ലങ്കയില്‍ വന്ന് സിംഹാസനാരൂഢനായി വസിച്ചു. അക്കാലത്ത് ഒരിക്കല്‍ വൈശ്രവണന്‍ സന്ദേശത്തോടുകൂടി ഒരു ദൂതനെ ഇങ്ങോട്ടയച്ചു.’
നാരദന്‍:‘ഓ, ജേഷ്ഠനല്ലെ, കുശലമന്യോഷിക്കുവാനായിരിക്കും’
രാവണന്‍:‘അല്ല, അല്ല. നില്‍ക്കു, പറയാം. ആ സമയം ഞാന്‍’ (പ്രൌഢിയില്‍ നിന്ന് ദൂരേനിന്ന് വരുന്ന ദൂതനെ കണ്ട് ശ്രദ്ധിച്ചുനോക്കുന്നു. അടുത്തുവന്ന ദൂതനെ അനുഗ്രഹിച്ചിട്ട്) ‘നീ വന്ന കാര്യമെന്ത്?’ (ഇടത്തേയ്ക്കുമാറി ദൂതനായി നടിച്ച്, രാവണനെ കുമ്പിട്ടിട്ട്) ‘വൈശ്രവണന്‍ ഒരു കത്ത് തന്നയച്ചിട്ടുണ്ട്.’ (വീണ്ടും വലത്തേയ്ക്കു മാറി രാവണനായി കേട്ട്, സന്തോഷത്തോടുകൂടി) ‘ഉവ്വോ? കണ്ടുവാ’ (കത്തുവാങ്ങി, നിവര്‍ത്തി വായിക്കുന്നു. ആദ്യഭാഗത്തെ പ്രശംസകള്‍ വായിച്ച് സന്തോഷിച്ച് ദൂതനോടായി) ‘വൈശ്രവണനു സുഖം തന്നെയല്ലയോ?’ (ദൂതന്റെ മറുപടി ശ്രവിച്ചിട്ട്, വായന തുടരുന്നു. തുടര്‍ന്നുള്ള ഭാഗത്തെ അധിക്ഷേപവും ഉപദേശവും വായിക്കുന്നതോടെ ഭാവം മാറുന്നു. വായിച്ചുതീരുന്നതോടെ ക്രുദ്ധിച്ച് കത്ത് കീറി ദൂതന്റെ മുഖത്തെറിയുകയും വാള്‍ ഊരി ദൂതന്റെ ശിരസ്സ് ഛേദിക്കുകയും ചെയ്തിട്ട്, നാരദനോടായി) ‘ഇപ്രകാരം ചെയ്തു.’
നാരദന്‍:‘ഏ? ദൂതനെ വധിച്ചുവോ?’
രാവണന്‍:‘ഉവ്വ്, കോപം മൂലം കൊന്നു. പിന്നെ ധിക്കാരിയായ വൈശ്രവണനെ ജയിക്കുകതന്നെ എന്നു നിശ്ചയിച്ച് ഞാന്‍ അളകാപുരിയി ചെന്ന് അയാളെ യുദ്ധത്തിനുവിളിച്ചു. അപ്പോള്‍ വൈശ്രവണന്‍ ഏറ്റവും ഏറ്റവും ഭയത്തോടുകൂടി പുഷ്പകവിമാനം’ (ഇടത്തേയ്ക്കുമാറി വൈശ്രവണനായി നടിച്ച്, ഭയത്തോടെ വിമാനം ഇരുകരങ്ങളാലും താങ്ങികൊണ്ടുവന്ന് കാഴ്ച്ചവെച്ചിട്ട് കൂപ്പുകൈകളോടെ വിറപൂണ്ട് നിക്കുന്നു. വീണ്ടും വലത്തേയ്ക്കുമാറി രാവണനായി, ക്രോധത്തോടെ കണ്ണുകള്‍കൊണ്ട് ‘പോ’ ,‘പോ’ എന്ന് കാട്ടിയിട്ട്, നരദനോട്) ‘ഇങ്ങിനെ ചെയ്തു.
നാരദന്‍:‘ഭേഷ്, വിശേഷമായി’
കൈലാസോദ്ധാരണം ആട്ടം-
രാവണന്‍:‘പിന്നെ ഞാന്‍ പുഷ്പകവിമാനത്തിലേറി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വിമാനത്തിന്റെ യാത്ര തടസപ്പെട്ടു. ആ സമയത്ത് ഞാന്‍‘ (ഭൃത്യനോടായി) ‘എടോ ഭൃത്യാ, വിമാനത്തെ തടഞ്ഞതെന്താണ്?’ (ഇടത്തുമാറി ഭൃത്യനായി നടിച്ച്, വന്ദിച്ചിട്ട്) ‘അല്ലയോ സ്വാമിന്‍, വിമാനം കൈലാസപര്‍വ്വതത്തില്‍ തടഞ്ഞിരിക്കുകയണ്.’ (വലത്തുമാറി രാവണനായി, കേട്ടിട്ട്) ‘അങ്ങിനെയോ? നില്‍ക്ക് നോക്കട്ടെ’ (നാരദനോടായി) ‘പിന്നെ ഞാന്‍ വിമാനത്തില്‍ നിന്നും ഇറങ്ങി കൈലാസപര്‍വ്വതം’ (കൈലാസം വിസ്തരിച്ച് നോക്കികണ്ടിട്ട്, കൈലാസത്തോട്)
രാവണന്‍(കീഴ്പ്പടം കുമാരന്‍ നായര്‍) കൈലാസം നോക്കിക്കാണുന്നു
 ‘ഹേ കൈലാസ പര്‍വ്വതമേ, എന്റെ മാര്‍ഗ്ഗം മുടക്കാതെ മാറിപ്പോ’ (നോക്കിയിട്ട്) ‘ഏ? പോവില്ലെ?’ (അമര്‍ഷത്തോടെ മുഷ്ടികൂട്ടിയുരച്ചിട്ട്, പര്‍വ്വതത്തെ ആഞ്ഞിടിച്ചിട്ട്) ‘ഏ? ഇളക്കമില്ലെ?’ (പൂര്‍വ്വാധികം വാശിയോടെ പര്‍വ്വതത്തെ ആഞ്ഞിടിക്കുകയും തള്ളുകയും ചെയ്യുന്നു. ഇരുന്ന് പര്‍വ്വതത്തിന്റെ അടിയിലേയ്ക്ക് തന്റെ ഇരുപതുകൈകളും ഓരോന്നായി കടത്തി പര്‍വ്വതത്തെ പണിപ്പെട്ട് ഉയര്‍ത്തുന്നു. തുടര്‍ന്ന് കൈലാസത്തെ അമ്മാനമാടിയിട്ട്.) ‘ഒരു പന്തുപോലെ ഇപ്രകാരം തട്ടിക്കളിച്ചു’
രാവണന്റെ(കലാ:കൃഷ്ണന്‍ നായര്‍) കലാസോദ്ധാരണം
നാരദന്‍:‘അത്ഭുതം തന്നെ. ആ, ഒരു സംശയം. ആ സമയത്ത് കൈലാസത്തിനുമുകളില്‍ പാര്‍വ്വതീപരമേശ്വരന്മാര്‍ ഇല്ലായിരുന്നുവോ?’
രാവണന്‍:‘ഉണ്ടായിരുന്നു’
നാരദന്‍:‘അപ്പോള്‍ അവര്‍ ഉരുണ്ട് താഴെ വീണില്ലെ?’
രാവണന്‍:‘ഏയ്, ഇല്ല, ഇല്ല.
നാരദന്‍:‘പിന്നെ അവര്‍ എന്തുചെയ്തു?’
രാവണന്‍:‘പറയാം’

പാര്‍വ്വതീവിരഹം ആട്ടം-
പാര്‍വ്വതീവിരഹം ആടുന്ന രാവണന്‍(കലാ:ഗോപി)
രാവണന്‍:‘അപ്പോള്‍ ശിവന്‍’ (ശിവനായി നടിച്ച് പര്‍വ്വതിയെ ആലിംഗനം ചെയ്ത് പീഠത്തില്‍ ഇരിക്കുന്നു.) ‘അപ്പോള്‍ പാര്‍വ്വതി’ (പാര്‍വ്വതിയായി നടിച്ച് ശിവനെ ആലിംഗനം ചെയ്യുന്നു. വിണ്ടും ശിവനായി പാര്‍വ്വതിയെ പുണര്‍ന്നിരുന്ന്, ആത്മഗതമായി) ‘ഇതുപോലെ ഗംഗയെ ഒന്ന് ആലിംഗനം ചെയ്യണം. അതിന് മാര്‍ഗ്ഗം എന്ത്? ആ, ഉണ്ട്. ദേവസ്ത്രീകളെ സ്മരിച്ച് വരുത്തുകതന്നെ’ (വിചാരമുദ്രകൊണ്ട് സ്മരിച്ച് വീണ്ടും പാര്‍വ്വതിയെ പുണര്‍ന്നിരിക്കുന്നു. എഴുന്നേറ്റ് നാരദനോടായി)‘ഇങ്ങിനെ ചെയ്തു. ആ സമയത്ത് ദേവസ്ത്രീകളാകട്ടെ’ (ഒരു ദേവസ്ത്രീയായി നടിച്ച്) ‘അല്ലയോ സഖി, നമ്മെ മഹാദേവന്‍ സ്മരിക്കുന്നു. നമുക്ക് വേഗം കൈലാസത്തിലേയ്ക്ക് പോവുകയല്ലെ?’ (സമ്മതം കേട്ട് മറ്റൊരുവളോട്) ‘നമ്മെ ശ്രീപരമേശ്വരന്‍ സ്മരിക്കുന്നു. നമുക്ക് വേഗം ശ്രീകൈലാസത്തിലേയ്ക്ക് പോവുകയല്ലേ?’ (മറുപടികേട്ടിട്ട് ഇരുവരുടേയും കൈകള്‍ കോര്‍ത്തുപിടിച്ച് കൈലാസത്തിലേയ്ക്കുപോകുന്നു. നടന്ന് കൈലാസത്തിലെത്തിയ നിലയില്‍ ശിവനെ ഭയഭക്തിയോടെയും പാര്‍വ്വതിയെ സ്നേഹഭക്തിയോടെയും കൈകൂപ്പി വന്ദിച്ചിട്ട്) ‘അല്ലയോ പാര്‍വ്വതീ, നമുക്ക് കുളിക്കാന്‍ പോവുകയല്ലെ?’ (ശിവനായി നടിച്ച് പാര്‍വ്വതിയെ ആലിംഗനം ചെയ്ത് പീഠത്തിലിരുന്ന് ദേവസ്ത്രീകകളെ കണ്ട്, അനുഗ്രഹിക്കുന്നു. തുടര്‍ന്ന് പാര്‍വ്വതിയായി നടിച്ച് ശിവനെ പുണര്‍ന്നിരിക്കുമ്പോള്‍ ദേവസ്ത്രീകളെ കണ്ട്, അനുഗ്രഹിച്ച്, അവരുടെ ചോദ്യം ശ്രവിച്ചിട്ട്) ‘ഞാനോ? കുളിക്കാനോ? നില്‍ക്കു’ (ശൃഗാരഭാവത്തില്‍ ശിവനോട്) ‘അല്ലയോ നാഥാ, ഞാന്‍ ഇവരോടുകൂടി കുളിക്കുവാന്‍ പോകട്ടെയോ?’ (ശിവനായി പാര്‍വ്വതിയുടെ ചോദ്യം ശ്രവിച്ചിട്ട്) ‘ഏ? ഇപ്പോഴോ? ഏയ്, വേണ്ട’ (പാര്‍വ്വതിയായി നടിച്ച് സങ്കടത്തോടെ) ‘എന്താണിങ്ങിനെ? ഞാന്‍ വേഗം മടങ്ങിയെത്താം. ഒന്നു പോകട്ടെയോ?’ (ശിവനായി ശ്രവിച്ചിട്ട്) ‘വേഗം വരുമോ? തീര്‍ച്ച?’ എന്നാല്‍ ശരി’ (മടിയില്‍ നിന്നും ഇറക്കി പാര്‍വ്വതിയെ യാത്രയാക്കുന്നു. പാര്‍വ്വതിയായി നടിച്ച് പുറപ്പെടാന്‍ ഭാവിക്കുമ്പോള്‍ വിചാരിച്ചിട്ട്) ‘ഞാന്‍ കുളിക്കുവാനായി പോയാല്‍ ഭര്‍ത്താവ് ഗംഗയുമായി രമിക്കും. അതിനു സമ്മതിക്കരുത്’ (ആലോചിച്ചിട്ട് ഗണപതിയോടായി) ‘അല്ലയോ ഉണ്ണി ഗണപതീ, അമ്മ സ്നാനത്തിനായി പോവുകയാണ്. ഈ സമയം നീ അച്ഛന്റെ മടിയില്‍ കയറിയിരുന്നുകൊള്ളുക. അമ്മ കുളികഴിഞ്ഞു വന്നാല്‍ ഉണ്ണിക്ക് വയറുനിറയെ ഉണ്ണിയപ്പം തരാം’ (ഇരുകൈകളുംകൊണ്ട് ഗണപതിയെ പിടിച്ച് താതസമീപത്തേയ്ക്കയച്ചിട്ട്) ‘ഉം, പൊയ്ക്കോളൂ. അമ്മ പറഞ്ഞയച്ചതാണെന്ന് പറയരുതേ‘ (സുബ്രഹ്മണ്യനോടായി) ‘അല്ലയോ ഷണ്മുഖാ, നീ അച്ഛന്റെ സമീപത്തുചെന്നിരുന്ന് ഗണിച്ചാലും’ (ഇരുകൈകളുംകൊണ്ട് ഷണ്മുഖനെ പിടിച്ച് താതസമീപത്തേയ്ക്കയച്ചിട്ട്) ‘ഉം, പൊയ്ക്കോളൂ. ഞാന്‍ പറഞ്ഞയച്ചതാണെന്ന് മിണ്ടരുതേ‘ (ഭൂതഗണങ്ങളോടായി) ‘അല്ലേ ഭൂതഗണങ്ങളേ, നിങ്ങള്‍ അവിടെത്തന്നെ നിന്നുകൊള്‍വിന്‍’ (സമാധാനത്തോടെ ദേവസ്ത്രീകളുടെ കരം കോര്‍ത്തുപിടിച്ച് ഗമിക്കുന്നു. തിരിഞ്ഞു മുന്‍പോട്ട് വന്ന് സരസ്സിലെത്തിയതായി നടിച്ച് ദേവസ്ത്രീകളോടൊത്ത് നീരാടുകയും ജലക്രീഡകള്‍ നടത്തുകയും ചെയ്യുന്നതായി ആടിയിട്ട് നാരദനോടായി) ‘ഇപ്രകാരം ക്രീഡകള്‍ ചെയ്തു. ഈ സമയത്ത് ശിവന്‍’ (ശിവനായി നടിച്ച് പീഠത്തിലിരുന്ന്‍) ‘പാര്‍വ്വതി പോയി‘ (മടിയില്‍ ഇരിക്കുന്ന ഗണപതിയോട്) ‘ഉണ്ണിഗണപതീ, ദൂരെ പോയിരുന്ന് കളിച്ചാലും’ (ഗണപതിയായി നടിച്ച് തുമ്പിയും ചെവിയും ആട്ടി രസിച്ചിരിക്കെ പിതാവിന്റെ വാക്കുകള്‍ ശ്രവിച്ച്) ‘ങൂഹും, ഞാന്‍ പോകില്ല. അമ്മ കുളിച്ചുവന്നാല്‍ എനിക്ക് വയറുനിറയെ ഉണ്ണിയപ്പം തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ പോകില്ല’ (ശിവനായി, കേട്ടിട്ട്) ‘ഓഹോ, ഉണ്ണിയപ്പം ഞാന്‍ തരാം’ (ഗണപതിയെ പതുക്കെ നിലത്തേയ്ക്കിറക്കിയശേഷം അപ്പം വായില്‍ വെച്ചുകൊടുക്കുന്നു. വാത്സല്യത്തോടെ വയറ്റത്തു തട്ടിയിട്ട്) ‘വയറ് നിറഞ്ഞുവോ? എന്നാല്‍ പൊയ്ക്കോളൂ’ (ഗണപതിയെ അയച്ചശേഷം അരികിലിരിക്കുന്ന സുബ്രഹ്മണ്യനോട്) ‘ഉണ്ണി ഷണ്മുഖാ, ദൂരെ പോയിരുന്ന് ഗണിക്കു (ഷണ്മുഖനെ അയച്ചിട്ട് ഭൂതഗണങ്ങളോടായി) ‘ഭൂതങ്ങളെ, ദൂരെപോവിന്‍‘ (സമീപത്തില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തി വാതിലടച്ച് വന്ന് ഇരുന്ന് ജഡയില്‍ നിന്നും ഗംഗയെ താഴെയിറക്കി സ്വരൂപം നല്‍കി ആലിംഗനം ചെയ്യുന്നു. ഇങ്ങിനെയിരിക്കുമ്പോള്‍ പെട്ടന്ന് എന്തോ ശബ്ദംകേട്ടതായി നടിച്ച് പരിഭ്രമിച്ച് ഗംഗയെ തിരികെ ശിരസ്സില്‍ കെട്ടിവെച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ താളം പിടിച്ചുകൊണ്ട് ഇരിക്കുന്നു. അല്പം കഴിഞ്ഞ് ഇരുവശത്തും സൂക്ഷിച്ചുനോക്കിയിട്ട് ചിരിച്ചുകൊണ്ട്) ‘ആരും ഇല്ല’ (വീണ്ടും മുന്‍പോലെ ഗംഗയെ എടുത്ത് മടിയില്‍ വെച്ച് ആലിംഗനം ചെയ്തിരിക്കുന്നു.വീണ്ടും എന്തോ ശബ്ദംകേട്ട് പരിഭ്രമിച്ച് ഗംഗയെ ശിരസ്സിലൊളിപ്പിച്ച് താളം പിടിച്ച് ഇരിക്കുന്നു. കുറച്ചു കഴിഞ്ഞ് എല്ലായിടവും വീക്ഷിച്ചിട്ട്) ‘കഷ്ടം! ആരുമില്ല. മനസ്സിലെ പരിഭ്രമം കൊണ്ട് വെറുതെ ഓരോന്ന് തോന്നുന്നതാണ്’ (വീണ്ടും മുന്നേപ്പോലെ ഗംഗയെ എടുത്ത് മടിയിലിരുത്തി ആലിംഗനം ചെയ്ത് ഇരിക്കുന്നു. തുടര്‍ന്ന് നാരദനോടായി) ‘ഇപ്രകാരം ഇരുന്നു. ആ സമയത്ത് പാര്‍വ്വതി കുളികഴിഞ്ഞ്’ (പാര്‍വ്വതിയായി നടിച്ച് മുടി കോതി ഒതുക്കിയിട്ട്) ‘ഒട്ടും താമസമരുത്. ഉടനെമടങ്ങിപോവുകതന്നെ’ (മുടി പിന്നികെട്ടി, വസ്ത്രങ്ങള്‍ ധരിച്ച്, ഈറന്‍ വസ്ത്രങ്ങളുമെടുത്ത് നടക്കുന്നു. തിരിഞ്ഞ് മുന്നോട്ടുവന്ന് കൈലാസത്തിലെത്തിയതായി നടിച്ച് വളകളും പാദസരങ്ങളും ഉറപ്പിച്ച് നിശബ്ദമായി നടക്കുമ്പോള്‍ പെട്ടന്ന് കണ്ട്) ‘അല്ലാ, വാതില്‍ അടച്ചിരിക്കുന്നു. അതെന്താണ്?’ (ആലോചിച്ച് സങ്കടപ്പെട്ടിട്ട് വാതില്‍ തള്ളിതുറക്കുന്നു. ഭര്‍ത്താവ് ഗംഗയെ ആലിംഗനം ചെയ്തിരിക്കുന്നതുകണ്ട് സങ്കടപ്പെടുന്നു. ഗംഗയെ നോക്കി അസഹ്യമായ ഈര്‍ഷ്യയും, ശിവനെ നോക്കി സങ്കടവും, മാറിമാറി നടിക്കുന്നു. തുടര്‍ന്ന് നാരദനോടായി) ‘ഈ സമയം ശിവന്‍’ (ശിവനായി നടിച്ച് ഗംഗയെ ആലിംഗനം ചെയ്തുകൊണ്ട് പീഠത്തിലിരിക്കെ പാര്‍വ്വതി വന്നതറിഞ്ഞ് ഗംഗയെ ശിരസ്സിലൊളിപ്പിച്ച് താളം പിടിച്ച് ഇരിക്കെ ആത്മഗതമായി) ‘പാര്‍വ്വതിയെ ഇനിയും കണ്ടില്ലല്ലോ? കാരണമെന്താണോ?’ (പെട്ടന്ന് പാര്‍വ്വതിയെ കണ്ട് മടി തട്ടി ഒരുക്കിക്കൊണ്ട്) ‘വരൂ, വരൂ, ഇവിടെ ഇരിക്കു. എന്തേ? കരയുന്നതെന്തിന്?‘ (എഴുന്നേറ്റ് മാറി പാര്‍വ്വതിയായി നടിച്ച്) ‘ഓ, മതി, മതി. എല്ലാം മനസ്സിലായി, ഞാന്‍ ഇനി അങ്ങയോടുകൂടി വസിക്കുന്നില്ല. ഞാന്‍ എന്റെ അച്ഛന്റെ സമീപത്തേയ്ക്ക് പോവുകയാണ്. അങ്ങിവിടെ സുഖത്തോടുകൂടി വസിച്ചാലും. (ഈര്‍ഷ്യയും സങ്കടവും മാറിമാറി നടിച്ചിട്ട് ഉണ്ണിഗണപതിയെ എടുത്ത് ഒക്കത്തുവെച്ച് സുബ്രഹ്മണ്യന്റെ കൈയ്യും‌പിടിച്ച് പുറപ്പെടുന്നു. തുടര്‍ന്ന് നാരദനോടായി) ‘ഈ സമയത്താണ് ഞാന്‍ കൈലാസമെടുത്ത് അമ്മാനമാടാന്‍ തുടങ്ങിയത്‘ (വീണ്ടും പാര്‍വ്വതിയായി നടിച്ച് രണ്ടുനാലടി നടക്കവെ തെന്നി വീഴുവാന്‍ ഭാവിക്കുന്നു. പരിഭ്രമത്തോടെ) ‘നാഥാ രക്ഷിക്കൂ‍‘ (ഓടിവന്ന് ശിവനെ ആലിംഗനം ചെയ്യുന്നു. ശിവനായി നടിച്ച് പീഠത്തിലിരുന്ന് പാര്‍വ്വതിയെ സ്വീകരിച്ച് ആലിംഗനം ചെയ്യുന്നു.) ‘ഇങ്ങിനെ സംഭവിക്കുവാന്‍ കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ, മനസ്സിലായി. രാവണന്റെ കരബലം തന്നെ’ (എഴുന്നേറ്റ്, നാരദനോടായി) ‘പിന്നെ പരമേശ്വരന്‍ പാര്‍വ്വതിയോടുകൂടി എന്റെ മുന്നില്‍ പ്രത്യക്ഷനായി’ (ശിവനായി നടിച്ച്) ‘ഹേ ദശാനനാ, ഇവിടെ വരൂ’ (രാവണനായി മാറി ഭയത്തോടെ ശിവനെ കുമ്പിടുന്നു. വീണ്ടും ശിവനായി നടിച്ച് അനുഗ്രച്ചിട്ട്) ‘എനിക്ക് ഏറ്റവും പ്രീതിയുണ്ടായിരിക്കുന്നു. ഇതാ വാങ്ങിക്കോള്ളു’ (ചന്ദ്രഹാസം രാവണനു സമ്മാനിച്ചിട്ട്) ‘ഇത് കൈയ്യിലുള്ളപ്പോള്‍ ഒരുവനും നിന്നെ ജയിക്കുകയില്ല’ (രാവണനായി മാറി ഭക്തിയോടെ വാള്‍ ഏറ്റുവാങ്ങി കുമ്പിടുന്നു. ശേഷം നാരദനോടായി) ‘ഇങ്ങിനെ ലഭിച്ച ദിവ്യമായ വാള്‍ ആണ് ഇത്’
നാരദന്‍:‘അഹോ! അങ്ങയുടെ കരബലം അത്ഭുതം തന്നെ. ഇപ്പോള്‍ എനിക്കെല്ലാം മനസ്സിലായി’
രാവണന്‍:‘എന്നാല്‍ ഇനി വേഗം പുറപ്പെടുകയല്ലെ?’
നാരദന്‍:‘ഒരു നിസാരനായ മര്‍ക്കടനെ ജയിക്കുവനായി ഈ ദിവ്യമായ വാള്‍ ആവശ്യമില്ല. ഇതും കൊണ്ടുപോയാല്‍ ജനങ്ങള്‍ പരിഹസിക്കും‘
രാവണന്‍:(ശങ്കയോടെ) ‘ഉം, എന്നാല്‍ ഇത് എടുക്കുന്നില്ല’ (വാള്‍ താഴെ വെയ്ച്ചശേഷം) ‘എന്നാലിനി പുറപ്പെടുകയല്ലെ?’
നാരദന്‍:‘അങ്ങിനെ തന്നെ’
രാവണന്‍ നാലാമിരട്ടിയെടുത്ത് അതിന്റെ അന്ത്യത്തോടെ നാരദന്റെ കൈകോര്‍ത്തുപിടിച്ച് തേരില്‍ ചാടികയറുന്നു. നാരദനൊപ്പം രാവണന്‍ പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

എട്ട് ഒന്‍പത് രംഗങ്ങള്‍ 
ഈ രംഗങ്ങള്‍ ഇപ്പോള്‍ രംഗത്ത് അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: