2009, ജൂലൈ 27, തിങ്കളാഴ്‌ച

ബാലിവിജയം പത്താം രംഗം

രംഗത്ത്-ബാലി(ഒന്നാംതരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:സാരംഗം
“തല്‍ക്കാലേ ചക്രവര്‍ത്തീ കപിതതിഷു ചതു: സിന്ധുസന്ധ്യാവിധായീ
വിക്രീഡന്‍ കന്ദുകാദ്യൈരിവ ധരണിധരൈ: സപ്തസാലപ്രഹാരീ
കിഷ്കിന്ധായാം സ ബാലീ സസുഖമധിവസന്‍ വിക്രമീ ശക്രസൂനു:
സുഗ്രീവാദ്യാന്‍ കപീന്ദ്രാനവദദഭിനവാംഭോദഗംഭീര വാചാ”
{അക്കാലത്ത് വാനരചക്രവര്‍ത്തിയും നിത്യം നാലുസമുദ്രങ്ങളിലും സന്ധ്യാവന്ദനം ചെയ്യുന്നവനും പര്‍വ്വതങ്ങളെക്കൊണ്ട് പന്താടുന്നവനും സപ്തസാലങ്ങളെ പ്രഹരിച്ച് കൈത്തരിപ്പടക്കുന്നവനും ഇന്ദ്രപുത്രനും വിക്രമിയും കിഷ്കിന്ധയില്‍ സസുഖം അധിവസിച്ചുകൊണ്ടിരിക്കുന്നവനുമായ ബാലി സുഗ്രീവാദികളായ കപീന്ദ്രന്മാരോട് ഇടിമുഴക്കം പോലെയുള്ള ഗംഭീരശബ്ദത്തില്‍ പറഞ്ഞു.}
ബാലിയുടെ തിരനോട്ടം-
ബാലിയുടെ തന്റേടാട്ടം-
തിരനോട്ടം കഴിഞ്ഞ് വീണ്ടും തിരതാഴ്ത്തി ബാലി സന്തോഷത്തോടെ ഉത്തരീയം വീശി രംഗമദ്ധ്യത്തിലെ പീഠത്തില്‍ ഇരിക്കുന്നു.
ബാലി:(എഴുന്നേറ്റ് സദസ്സിനെ വന്ദിച്ച്, പിന്നിലേയ്ക്കുമാറി ‘അഡ്ഡിഡ്ഡക്കിട’ ചവുട്ടിയിട്ട്, ആത്മഗതമായി) ‘വാനരകുലചക്രവര്‍ത്തിയായ ഞാന്‍ ഇന്ന് ഏറ്റവും സുഖത്തോടുകൂടി വസിക്കുന്നു. കാരണമെന്ത്?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. എന്നേപ്പോലെ അതിപരാക്രമിയായി ഇന്ന് ഈ ത്രൈലോക്യത്തില്‍ ആരുണ്ട്? ഒരുത്തരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു. ഞാനാകട്ടെ നിത്യവും സന്ധ്യാകാലത്തിങ്കല്‍ നാലുസമുദ്രങ്ങളിലും പോയി തര്‍പ്പണം ചെയ്യുന്നു. പര്‍വ്വതങ്ങളെല്ലാം എനിക്ക് പന്തിനുസമാനമാണ്. എന്റെ മുഷ്ടിപ്രഹരം കൊണ്ട് സപ്തസാലങ്ങളുടെ ഇലകളെല്ലാം പൊഴിഞ്ഞുപോകുന്നു. പണ്ട് ദേവന്മാരും അസുരന്മാരും വല്ലാതെ തളര്‍ന്ന നേരത്ത് ഞാന്‍ ധൈര്യത്തോടുകൂടിചെന്ന് ഏകനായിതന്നെ പാലാഴികടഞ്ഞ് അമൃത് വരുത്തിക്കൊടുത്തു. അപ്പോള്‍ വിഷ്ണുഭഗവാനും ശ്രീപരമേശ്വരനും എന്റെ പരാക്രമം കണ്ട് അതിശയിച്ചുപോയി. എന്റെ പിതാവായ ഇന്ദ്രന്‍ സന്തോഷിച്ച് ‘നിന്റെ നേരേവരുന്ന ശത്രുക്കളുടെ പകുതി ബലംകൂടി നിനക്ക് ലഭിക്കട്ടെ’ എന്ന് എന്നെ അനുഗ്രഹിച്ചു. ഇങ്ങിനെയുള്ള എന്നെ എതിര്‍ക്കാന്‍ ഇന്ന് ആരുണ്ട്?’ (വീണ്ടും ഉത്തരീയം വീശി പീഠത്തില്‍ ഇരുന്നുകൊണ്ട്‍) ‘പക്ഷെ എന്റെ കരബലംകൊണ്ട് എന്തുപ്രയോജനം? കഷ്ടം! എന്റെ പിതാവായ ദേവേന്ദ്രനെ രാക്ഷസരാജാവായ രാവണന്‍ കാരാഗ്രഹത്തില്‍ പാര്‍പ്പിച്ചു എന്നല്ലെ നാരദന്‍ പറഞ്ഞത്. അച്ഛനെ അപമാനിച്ച ആ ദശകണ്ഠന്റെ അഹങ്കാരത്തെ നശിപ്പിച്ചുകളയണം. ഉപായം പറഞ്ഞ് രാവണനെ എന്റെ നേരേ കൊണ്ടുവരാം എന്ന് ഉറപ്പിച്ചാണല്ലോ നാരദര്‍ പോയത്. അവന്‍ വരട്ടെ. അവന്റെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്. ഇപ്പോള്‍ സന്ധ്യാകാലം അടുത്തിരിക്കുന്നു. ഇനി സമുദ്രങ്ങളില്‍ ചെന്ന് തര്‍പ്പണം ചെയ്യുവാന്‍ പുറപ്പെടുകതന്നെ’ (എഴുന്നേറ്റ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന്, കണ്ടു വിസ്മയിച്ചിട്ട്) ‘സമുദ്രം ഏറ്റവും ഗംഭീരം തന്നെ’ (വീക്ഷിച്ചിട്ട്) ‘പര്‍വ്വത സമാനങ്ങളായ തിരമാലകള്‍ ഉരുണ്ടു വരുന്നു’ (വീണ്ടും വീക്ഷിച്ചിട്ട്) ‘പരാക്രമികളും ഭീമാകാന്മാരുമായ മത്സ്യങ്ങള്‍, മുതലകള്‍, ആമകള്‍ മുതലായവ ഏറ്റവും മദത്തോടെ സഞ്ചരിക്കുന്നു. ഇനി അല്പസമയം ഇവിടെ ഇരുന്ന് ഇതെല്ലാം കണ്ട് നേത്രസുഖം നേടുകതന്നെ’
ബാലി നാലാമിരട്ടി കലശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ബാലിയുടെ ചിന്താപദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പ(രണ്ടാം കാലം)
ചരണം1:
“അംഭോധിതന്നുടയ ഗാംഭീര്യമോര്‍ത്തു മമ
 സമ്പ്രതി കുതൂഹലം സംഭവിക്കുന്നു”
ചരണം2:
“ആരുടെ ഛായയിതു വാരിധൌകാണുന്നു
 പൂരുഷരിലേകനോ ഘോരമൃഗമോ”
ചരണം3:
“പത്തുമുഖമുണ്ടിവനു ഹസ്തങ്ങള്‍ വിംശതിയും
 രാത്രിഞ്ചരാധിപതി രാവണനല്ലോ”
ചരണം4:(നാലാംകാലം)
“മമ ജനകനധികമവമാനങ്ങള്‍ ചെയ്തതിനു
 മനസികൃപകൂടാതെ മര്‍ദ്ദിപ്പനിവനെ”
ചരണം5:(രണ്ടാം കാലം)
“ഉദകമിതുതര്‍പ്പയേ സകലസുരതൃപ്തയേ
 ഉദധിശയനന്‍ പ്രസാദിക്കപരമാത്മാ”
{സമുദ്രത്തിന്റെ ഗാഭീര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് കൌതുകം തോന്നുന്നു. ആരുടെ നിഴലാണ് സമുദ്രത്തില്‍ കാണുന്നത്? മനുഷ്യരില്‍ ഒരുവനോ? ഘോരമൃഗമോ? പത്തുമുഖമുണ്ട് ഇവന്, കൈകള്‍ ഇരുപതും. രാക്ഷസാധിപതി രാവണന്‍ തന്നെ. എന്റെ അച്ഛനെ അധികം അപമാനിച്ചതിന് പകരം മനസ്സില്‍ കൃപകൂടാതെ ഇവനെ മര്‍ദ്ദിക്കുന്നുണ്ട്. സകലദേവന്മാരുടേയും തൃപ്തിക്കായി ഞാനിതാ ഉദകതര്‍പ്പണം ചെയ്യുന്നു. സമുദ്രശായിയായും പരമാത്മാവുമായ മഹാവിഷ്ണൂ, പ്രസാദിക്കേണമേ}

ശേഷം ആട്ടം-
ബാലി:(സൂക്ഷിച്ചു നോക്കിയിട്ട്) ‘അതാ രാവണന്‍ അടുത്തെത്തിക്കഴിഞ്ഞു. ‘ബാലിയുടെ ശക്തി സാരമില്ല, സാരമില്ല’ എന്ന് പറഞ്ഞുകൊണ്ട് നാരദന്‍ കൂടെത്തന്നെയുണ്ട്. ഇനി ഒന്നും അറിയാത്തതുപോലെ ഉദകതര്‍പ്പണം ചെയ്ത് ഇരിക്കുക തന്നെ’
ബാലി നാലാമിരട്ടി എടുത്ത് കലാശിക്കുന്നതിനൊപ്പം ചാടി നിലത്തിരുന്ന് തര്‍പ്പണം ചെയ്യുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: