2009, ജൂൺ 26, വെള്ളിയാഴ്‌ച

രാവണോത്ഭവം

പ്രതിനായകനെ നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട്
രചിക്കപ്പെട്ട ആദ്യകഥയാണ് രാവണോത്ഭവം എന്നു പറപ്പെടുന്നു. രാവണന്‍ നായകനായിവരുന്ന ഇതിന്റെ കര്‍ത്താവ് ശ്രീ കല്ലേക്കുളങ്ങര രാഘവപിഷാരടിയാണ്.
കഥാസംഗ്രഹം
വാത്മീകിരാമായണം ഉത്തരകാണ്ഡത്തിലെ ‘രാക്ഷസോല്പത്തി’,
‘രാവണോത്ഭവം’ എന്നീ കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ പന്ത്രണ്ട് സര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടകഥ രചിച്ചിരിക്കുന്നത്. ശിവകിങ്കരനായ സുകേശന്‍ എന്ന രാക്ഷസന് ഗന്ധര്‍വ്വപുത്രിയായ വേദവതിയില്‍ പിറന്ന പുത്രന്മാരായ മാല്യവാന്‍, സുമാലി, മാലി എന്നിവര്‍ ബ്രഹ്മദേവനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തി ത്രൈലോക്യജയത്തിനായുള്ള വരങ്ങള്‍ വാങ്ങി ലോകകണ്ടകരായിതീര്‍ന്നു. ഇവര്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെക്കൊണ്ട് തെക്കേസമുദ്രത്തിലുള്ള ത്രികൂടാദ്രിക്കുമുകളിലായി ലങ്കാനഗരം പണികഴിപ്പിച്ചു. തുടര്‍ന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും പാതാളത്തിലുമായി കഴിഞ്ഞിരുന്ന രാക്ഷസരെല്ലാം ലങ്കയിലേയ്ക്ക് കുടിയേറി. അങ്ങിനെ മാല്യവാന്റെ ഭരണത്തിന്‍ കീഴില്‍ ഒന്നാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി.

ഇക്കാലത്ത് ഒരുദിവസം ദേവേന്ദ്രന്‍ ദേവലോകത്തില്‍
ദേവസ്ത്രീകളുമായി സല്ലപിക്കുന്നതാണ് ആദ്യരംഗം. രണ്ടാം രംഗത്തില്‍ നാരദാദിമുനികള്‍ വന്ന് മാലിസുമാലിമാല്യവാന്മാരുടെ അതിക്രമങ്ങളെക്കുറിച്ച് ഇന്ദ്രനോട് പറയുന്നു. ‘ഈ സങ്കടത്തില്‍ നിന്നും തങ്ങളെ രക്ഷിക്കേണമേ’ എന്ന് ഇന്ദ്രനും നാരദാദികളും വൈകുണ്ഡത്തിലെത്തി ഭഗവാന്‍ വിഷ്ണുവിനോട് അപേക്ഷിക്കുന്നു രംഗം‌ മൂന്നില്‍‍. ശത്രുക്കളായ രാക്ഷസക്കൂട്ടങ്ങളെ വധിച്ച് നിങ്ങളെ രക്ഷിച്ചുകൊള്ളാമെന്ന ഭഗവാന്റെ മറുപടി ശ്രവിച്ച് സന്തോഷത്തോടെ എല്ലാവരും മടങ്ങുന്നു. രംഗം നാലില്‍ മാല്യവാന്റെ സമീപമെത്തുന്ന നാരദന്‍ ദേവകളുമായി യുദ്ധം ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുന്നു. തുടര്‍ന്ന് മാല്യവാന്‍ മാലിസുമാലിമാരോട് കൂടിയാലോചിച്ചുറപ്പിച്ച് സ്വര്‍ഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. സ്വര്‍ഗ്ഗത്തിലെത്തിയ മാല്യവാന്‍ ഇന്ദ്രനെ പോരിനുവിളിക്കുന്നു രംഗം അഞ്ചില്‍‍. തുടര്‍ന്ന് ഇന്ദ്രനും മാലിസുമാലിമാല്യവാന്മാരുമായി നടക്കുന്ന ഘോരയുദ്ധത്തിനിടയില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ട് മാലിയെ വധിക്കുന്നു. ഇതു കണ്ട് ഭയന്ന സുമാലി മാല്യവാന്മാര്‍ പാതാളത്തിലേയ്ക്ക് ഓടിപ്പോയി. ആറാം രംഗത്തില്‍ ബ്രഹ്മാവിന്റെ വരപ്രസാദവും പുഷ്പകവിമാനവും ലഭിച്ച് യക്ഷേശനും ധനാധിപതിയായ അഷ്ടദിക്പാലകനുമായുയര്‍ന്ന വൈശ്രവണന്‍ അച്ഛനും ബ്രഹ്മപുത്രനുമായ വിശ്രവസ്സ് മഹര്‍ഷിയെ ചെന്ന് കാണുന്നതാണ്. രാക്ഷസരാല്‍ ഉപേക്ഷിക്കപ്പെട്ട ലങ്കാനഗരിയില്‍ പോയി വസിച്ചുകൊള്ളുവാന്‍ വിശ്രവസ്സ് പുത്രനോട് നിര്‍ദ്ദേശിക്കുന്നു. താതാജ്ഞയനുസ്സരിച്ച് വൈശ്രവണന്‍ ലങ്കയിലേയ്ക്ക് ഗമിക്കുന്നു. സുമാലിയുടെ പുത്രിയായ കൈകസി താതനിര്‍ദ്ദേശാനുസ്സരണം വിശ്രവസ്സിനെ സമീപിച്ച്, പൂജിച്ച്, പ്രീതനാക്കി തന്നെ പാണിഗ്രഹണം ചെയ്ത് വൈശ്രവണസമാനന്മാരായ പുത്രരെ നല്‍കണമെന്ന് അപേക്ഷിക്കുന്നു ഏഴാം രംഗത്തില്‍. വിശ്രവസ്സ് കൈകസിയെ പത്നിയായി സ്വീകരിക്കുന്നു. എട്ടാം രംഗത്തില്‍ കൈകസിക്ക് ഒരു പുത്രന്‍ ജനിക്കുന്നു. ശിശുവായ രാവണനെ അച്ഛനമ്മമാരായ വിശ്രവസ്സ്കൈകസി ദമ്പതികള്‍ ലാളിക്കുന്ന രംഗമാണ് ഒന്‍പതാമത്തേത്. പത്താം രംഗത്തില്‍ വിശ്രവസ്സ് പുത്രന്മാരായ രാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍ എന്നിവരെ ആശിര്‍വദിക്കുന്നു. അച്ഛനായ വിശ്രവസ്സിനെ കാണാന്‍ ലങ്കയില്‍ നിന്നും പുഷ്പകവിമാനത്തിലേറി ആകാശമാര്‍ഗ്ഗം വരുന്ന വൈശ്രവണന്റെ ഐശ്വര്യത്തില്‍ അസൂയതോന്നുകയും, അതേ അച്ഛനു പിറന്ന തന്റെ മക്കളുടെ നിസാരത്വത്തില്‍ ദു:ഖിക്കുകയും ചെയ്യുന്ന മാതാവിനെ രാവണന്‍ ആശ്വസിപ്പിക്കുന്നു പതിനൊന്നാം രംഗത്തില്‍. രംഗം പന്ത്രണ്ടില്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് ഇഷ്ടവരങ്ങള്‍ നേടാന്‍ ഉറപ്പിച്ച രാവണന്‍ സഹോദരരേയും കൂട്ടി തപസ്സിനു പുറപ്പെടുന്നു. ഗോകര്‍ണ്ണത്തെത്തി കഠിനതപസ്സ് ചെയ്ത രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ബ്രഹ്മദേവന്‍ ഇഷ്ടവരങ്ങളെ പ്രദാനം ചെയ്യുന്നു പതിമൂന്നാം രംഗത്തില്‍. പതിനാലാം രംഗത്തില്‍ വരങ്ങള്‍ നേടി പ്രതാപബലവാനായിതീര്‍ന്ന രാവണന്‍ തന്റെ പൂര്‍വ്വകഥയെ അനുസ്മരിക്കുന്നു. ഒരേ പിതാവിന്റെ മക്കളായ വൈശ്രവണനും രാവണാദികളും തമ്മിലുള്ള അന്തരത്തെയോര്‍ത്ത് തന്റെ മാതവ് ദു:ഖിച്ചതും, ദു:ഖം തീര്‍ക്കാനുറച്ച് സഹോദരന്മാരേയും കൂട്ടി താന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പുറപ്പെട്ടതും, പഞ്ചാഗ്നിമദ്ധ്യത്തില്‍ കഠിനതപം ചെയ്തിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നില്ലെന്നുകണ്ട് തന്റെ ഓരോ ശിരസ്സുകളായി അറുത്ത് ഹോമിച്ചതും, പത്താമത്തെ ശിരസ്സറുക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്രഹ്മദേവന്‍ പ്രത്യക്ഷനായി അറുത്ത ശിരസ്സുകളെ പൂര്‍വ്വസ്ഥിതിയിലാക്കിയതും, ലോകങ്ങള്‍ ജയിക്കാനും, ഐശ്വര്യവും കീര്‍ത്തിയും സമ്പത്തും ലഭിക്കാനും, മനുഷ്യനാലല്ലാതെ മറ്റാരാലും വധിക്കപ്പെടാ‍തിരിക്കാനുമുള്ള വരങ്ങള്‍ വാങ്ങിയതും, സ്മരിച്ചശേഷം അനുജന്മാര്‍ക്ക് ലഭിച്ച വരങ്ങളെ രാവണന്‍ ചോദിച്ചറിയുന്നു. നിര്‍ദ്ദേവത്വം കൊതിച്ചെങ്കിലും കുംഭകര്‍ണ്ണന് നിദ്രാവത്വമാണ് വരമായിലഭിച്ചതെന്നും, സദാ വിഷ്ണുഭക്തനായിരിക്കാനുള്ള വരമാണ് വിഭീഷണന്‍ വാങ്ങിയതെന്നും കേട്ട് അവരില്‍ അവജ്ഞ തോന്നിയ രാവണന്‍ ഈരേഴുപതിനാലു ലോകങ്ങളും ജയിക്കാന്‍ ഞാനൊരുത്തന്‍ മതിയെന്നുറപ്പിച്ച് മാതൃസമീപത്തേയ്ക്ക് പോകുന്നു. വരശക്തിയാല്‍ ബലവാനായിതീര്‍ന്ന രാവണന്‍ മാല്യവാന്‍, സുമാലി, പ്രഹസ്തന്‍ തുടങ്ങിയ പൂര്‍വ്വികരേയും രാക്ഷസസന്യത്തേയും കൂട്ടി ലങ്കയെ ആക്രമിച്ച് കീഴ്പ്പെടുത്തി അവിടെ വാസമാരംഭിച്ചു. ഇങ്ങിനെ രാവണന്റെ നായകത്വത്തില്‍ രണ്ടാം രാക്ഷസസാമ്രാജ്യം സ്ഥാപിതമായി. പിന്നീട് രാവണന്‍ അസുരശില്പിയായ മയന്റെ പുത്രി മണ്ഡോദരിയെ വിവാഹം ചെയ്തു. രാവണ മണ്ഡോദരിമാരുടെ ശൃഗാരപദമാണ് പതിനഞ്ചാം രംഗത്തില്‍. പതിനാറാം രംഗത്തില്‍ ശൂര്‍പ്പണഖ ജേഷ്ഠനായ രാവണനെ കണ്ട് തന്റെ യൌവനം വൃഥാവിലാകാതെ എന്റെ പാണിഗ്രഹണം നടത്താന്‍ ഉത്സാഹിക്കണമെന്ന് അഭ്യര്‍ദ്ധിക്കുന്നു. രാവണന്‍ ശൂര്‍പ്പണഖയെ വിവാഹം ചെയ്യുവാനായി പാതാളരാജാ‍വായ വിദ്യുജ്ജിഹ്വനെ വരുത്തുവാന്‍ നിര്‍ദ്ദേശിച്ച് വിഭീഷണനെ അയക്കുന്നു. രാവണന്‍ വിദ്യുജ്ജിഹ്വനെ സ്വീകരിച്ച് സോദരിയായ ശൂര്‍പ്പണഖയെ പാണിഗ്രഹണം ചെയ്യിക്കുന്നതാണ് അന്ത്യരംഗം.
രംഗാവതരണത്തിലെ പ്രത്യേകതകള്‍
പല കാര്യങ്ങള്‍ കൊണ്ടും അസാധാരണമായൊരു കഥയാണ് രാവണോത്ഭവം.

1. നാല്, അഞ്ച് രംഗങ്ങളില്‍ മാല്യവാന്‍, മാലി, സുമാലി എന്നീ മൂന്ന് താടിവേഷങ്ങള്‍ ഒരുമിച്ച് അരങ്ങത്തുവരുന്നു. ഇത് മറ്റൊരു കഥയിലും ഇല്ലാത്ത ഒരു പ്രത്യേകതയാണ്.

2. ഇടത്തരം വേഷക്കാര്‍ക്ക് കഴിവുതെളിയിക്കുവാന്‍ ധാരാളം സാധ്യതയുള്ള വേഷമാണ് വിശ്രവസ്സിന്റേത്. ചൊല്ലിയാട്ടങ്ങള്‍ കൂടാതെ ആറാം രംഗത്തില്‍ ‘ലങ്കോല്പത്തിയും’ വിശ്രവസ്സ് ആടേണ്ടതായുണ്ട്. ഏഴാം രംഗത്തില്‍ ശൃഗാരാഭിനയവും ഉണ്ട്. മഹര്‍ഷിവേഷത്തിന്റെ ഈ ശൃഗാരാഭിനയവും ഇതരകഥകളിലൊന്നും കാണാത്ത ഒരു പ്രത്യേകതയാണ്.

3. വരബലം ലഭിക്കുന്നതുവരെയുള്ള ഭാഗത്തെ രാവണനെ കുട്ടിരാവണന്‍ എന്നാണ് പറയുക. പത്തുമുതല്‍ പതിമൂന്ന് വരെ രംഗങ്ങളില്‍ വരുന്ന ഈ കുട്ടിരാവണനും ഇടത്തരക്കാര്‍ക്ക് നല്ല സാധ്യതയുള്ള വേഷമാണ്.

4. കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് രാവണോത്ഭവത്തിലെ രാവണന്‍. ബാലിവധം, തോരണയുദ്ധം, ബാലിവിജയം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍. രാവണോത്ഭവത്തില്‍ പതിനാലാം രംഗം മുതലാണ് ആദ്യാവസാനകത്തിവേഷമായ രാവണന്‍ രംഗത്തുവരുന്നത്. ഈ രംഗത്തിലെ രാവണന്റെ ‘തന്റേടാട്ടം’ അനുപമമായ ഒരു നാട്യശില്പമാണ്. പകര്‍ന്നാട്ടങ്ങളോടുകൂടിയ പുര്‍വ്വകഥാകഥനവും ‘തപസ്സാട്ടവു’മാണ് ഇതിലുള്ളത്. ഭാവാനുരോധമായി തൃപുട-ചെമ്പട താളങ്ങളുടെ വിവിധ കാലപ്രമാണങ്ങളില്‍ വിന്യസിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന മനോഹരമായ ആട്ടമാണിത്.

5. വിനോദകഥാപാത്രമായ(ഭീരു) വിദ്യുജ്ജിഹ്വന്റെ കോമാളിത്തങ്ങള്‍ അന്ത്യരംഗത്തിനെ രസകരമാക്കുന്നവയാണ്.
ഇപ്പോഴുള്ള അവതരണരീതി
*ആദ്യ മൂന്നു രംഗങ്ങളും ആറ് മുതല്‍ ഒന്‍പത് വരേയുള്ള രംഗങ്ങളും പതിനഞ്ചാം രംഗവും വളരേക്കാലമായി നടപ്പിലില്ലാത്തവയാണ്.

*നാല്, അഞ്ച് രംഗങ്ങളും പത്തുമുതല്‍ പതിമൂന്ന് വരേയുള്ള രംഗങ്ങളും പതിനാറ്, പതിനേഴ് രംഗങ്ങളും അപൂര്‍വ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു.

*പതിനാലാമത്തെ രംഗം മാത്രമെ സാധാരണയായി ഇപ്പോള്‍ അവതരിപ്പിച്ചുവരുന്നുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല: