2009, ജൂൺ 26, വെള്ളിയാഴ്‌ച

ആട്ടകഥാകാരന്‍


കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
‘രാവണോത്ഭവം’ ആട്ടകഥയുടെ കര്‍ത്താവായ
ശ്രീ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി പാലക്കാട് അകത്തറ ദേശക്കാരനാണ്. കല്ലേക്കുളങ്ങര ഭഗവതീക്ഷേത്രത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ പിഷാരം(ഭവനം). പണ്ഡിതനും കവിയുമായിരുന്ന പിഷാരടിയുടെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടാണെന്ന്(കൊല്ലവര്‍ഷം 900-970) ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജേഷ്ഠനായിരുന്ന കൃഷ്ണപ്പിഷാരടിയാണ് ഗുരുനാഥന്‍. പണ്ഡിത്യം നേടിയശേഷം ഇദ്ദേഹം സ്വയം ഒരു പാഠശാലയുണ്ടാക്കി അവിടെ ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ദേശക്കാര്‍ രാഘവപ്പിഷാരടിയെ ‘മണലൂര്‍ എഴുത്തച്ഛന്‍’ എന്നാണ് വ്യവഹരിച്ചിരുന്നത്. കുടിയംകുളത്ത് ശുപ്പുമേനോന്‍ അദ്ദേഹത്തിനെ പ്രധാന ശിഷ്യനായിരുന്നു. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചന്റെ സദസ്യനുമായിരുന്നു കല്ലേക്കുളങ്ങര രാഘവപ്പിഷാരടി. ഹൈദര്‍ അലിയുടെ കേരള ആക്രമണകാലത്ത് ഇട്ടിക്കോമ്പിയച്ചന്‍ ബന്ധനസ്ഥനായിതീര്‍ന്നതിനെ തുടര്‍ന്ന് ഇട്ടിപ്പങ്ങിയച്ചന്‍ പാലക്കാട് രാജാവായിതീര്‍ന്നു. എന്നാല്‍ ഇട്ടിപ്പങ്ങിയച്ചനുമായി നീരസത്തിലായിതീര്‍ന്ന രാഘവപ്പിഷാരടി കൊച്ചീരാജാവായ വിരകേരളവര്‍മ്മയെ അഭയം പ്രാപിച്ചു. അങ്ങിനെ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്താണ് ഇദ്ദേഹം രാവണോത്ഭവം ആട്ടകഥ രചിച്ചതെന്നുപറയപ്പെടുന്നു. ‘സേതുമാഹാത്മ്യം’, ‘വേതാളചരിത്രം’, ‘പഞ്ചതന്ത്രം’ എന്നീ കളിപ്പാട്ടുകളാണ് അദ്ദേഹത്തിന്റെ ഇതരകൃതികള്‍.

1 അഭിപ്രായം:

-സു‍-|Sunil പറഞ്ഞു...

മണീ,
ഒരുപാട് കാലായില്ലോ! ഞാനും ഈ ഭാഗത്തേക്കൊന്നും വരാറില്ല ഇപ്പോള്‍. ഒന്നെത്തി നോക്കിയതാ.
ഉത്ഭവം കഥയേക്കാള്‍, ആ ചിട്ടപ്പെടുത്തിയതിന് എന്റെ 10 മാര്‍ക്ക്. അതിലെ പദങ്ങള്‍ ഒന്നും അറിയില്ല, വളരെ കുറച്ചൊഴിച്ച്..
-സു-