2009, ജൂൺ 24, ബുധനാഴ്‌ച

രാവണോത്ഭവം ഒന്നുമുതല്‍ നാലുവരെയുള്ള രംഗങ്ങള്‍

ഒന്നുമുതല്‍ മൂന്നുവരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ സാധാരണയായി അവതരിപ്പിക്കാറില്ല.

നാലാം രംഗം

രംഗത്ത്-മാല്യവാന്‍‍(ഒന്നാംതരം ചുവന്നതാടി വേഷം), നാരദന്‍(ഇടത്തരം മിനുക്ക്-മഹര്‍ഷി-വേഷം), മാലി(ഇടത്തരം ചുവന്നതാടി വേഷം), സുമാലി(ഇടത്തരം ചുവന്നതാടി വേഷം)

ശ്ലോകം-രാഗം:സാരംഗം
“പീത്വാവാഗമൃതം ജഗത്ത്രയപതേ: ശ്രോതൈര്‍മ്മുകുന്ദസ്യതല്‍
 ഗത്വാ തേ ന്യവസന്നമീ നിജപദം യാവന്മഹേന്ദ്രാദയ:
 താവല്‍ പ്രാപ്തമുപേത്യ നാരദമുനിം നത്വാഥ ലങ്കാപുരേ
 ദേവപ്രാണയമസ്തമേവമവദദ്രക്ഷോവരോ മാല്യവാന്‍“
{ജഗത്ത്രയങ്ങള്‍ക്കും നാഥനായ മുകുന്ദന്റെ അമൃതതുല്യമായ വാക്കുകള്‍ കേട്ടിട്ട് ഇന്ദ്രാദികള്‍ സ്വസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി. ആ സമയത്ത് ലങ്കാപുരിയിലെത്തിയ നാരദമുനിയെ നമസ്ക്കരിച്ചിട്ട് ദേവന്മാരുടെ പ്രാണനെ നശിപ്പിക്കുന്നവനായ മാല്യവാന്‍ ഇങ്ങിനെ പറഞ്ഞു.}

മാല്യവാന്റെ തിരനോട്ടം-
മാലിയുടെ തിരനോട്ടം-
സുമാലിയുടെ തിരനോട്ടം-

മാല്യവാന്റെ തന്റേടാട്ടം-
തിരനോട്ടങ്ങള്‍ക്കുശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് മാല്യവാന്‍ തിരതാഴ്ത്തുന്നു.
മാല്യവാന്‍:(ഉത്തരീയം വീശി ഇരിക്കുമ്പോള്‍) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി. അങ്ങിനെ ഞാന്‍ ഏറെ ശൌര്യശാലിയായിതീര്‍ന്നു. എന്നെ ജയിക്കുവാന്‍ തക്ക വീര്യമുള്ളവരായി ഈ ത്രൈലോക്യത്തിലും ആരുമില്ല. അതിനാല്‍ എനിക്ക് സുഖം ഭവിച്ചു. പിന്നെ ഞാന്‍ ദേവശില്പിയായ വിശ്വകര്‍മ്മാവിനെ കണ്ട് ഞങ്ങള്‍ക്ക് വസിക്കുവാനായി ഒരു നഗരം വേണമെന്ന് ആവശ്യപ്പെട്ടു. വിശ്വകര്‍മ്മാവ് ദക്ഷിണസമുദ്രത്തില്‍ ത്രികൂടാദ്രിക്കുമുകളിലായി, ഇവിടെ സ്വര്‍ഗ്ഗത്തേയും ജയിക്കുന്ന ഈ ലങ്കാനഗരം നിര്‍മ്മിച്ചു നല്‍കി. പിന്നെ അനുജരേയും പാതാളവാസികളായ ബന്ധുജനങ്ങളേയും കൂട്ടി ഞാന്‍ ഇവിടെ വന്ന് സുഖത്തോടുകൂടി വസിച്ചു.’ (വീണ്ടും ഉത്തരീയം വീശി പീഠത്തിലിരിക്കെ പെട്ടന്ന് ആകാശത്തില്‍ ഒരു തേജസ്സ് ദര്‍ശിച്ചിട്ട്) ‘ആകാശത്തില്‍നിന്നും ഒരു തേജസ്സ് ഇറങ്ങിവരുന്നതെന്ത്?‘ (ശ്രദ്ധിച്ചുനോക്കിയിട്ട്) ‘പ്രഭയുടെ മദ്ധ്യത്തിലായി ഭസ്മവും രുദ്രാക്ഷമാലകളുമണിഞ്ഞ കൈകാലുകള്‍ കാണുന്നു. കൈയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ഓ, അത് നാരദമഹര്‍ഷിയുടെ വരവാണ്. ഇനി നാരദമുനിയെ സ്വീകരിച്ചിരുത്തി ലോകവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുകതന്നെ.’
മാല്യവാന്‍ നാലാമിരട്ടിയെടുത്ത് തിര ഉയര്‍ത്തുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരനീക്കുമ്പോള്‍ ‘കിടതകധിം,താം’ മേളത്തോടെ ഇടതുഭാഗത്തുകുടി നാരദന്‍ പ്രവേശിക്കുന്നു. വലതുവശത്ത് പീഠത്തിലിരിക്കുന്ന മാല്യവാന്‍ നാരദനെ കണ്ട് എഴുന്നേറ്റ് വണങ്ങി വലത്തേയ്ക്ക് ആനയിച്ച് പീഠത്തിലിരുത്തി കുമ്പിടുന്നു. നാരദന്‍ പീഠത്തിലിരുന്ന് അനുഗ്രഹിക്കുന്നു. മാല്യവാന്‍ പദാഭിനയമാരംഭിക്കുന്നു.

മാല്യവാന്റെ പദം-രാഗം:സാരംഗം, താളം:ചമ്പ
പല്ലവി:
“നാരദമുനീന്ദ്ര സുമതേ തവ ചരണ-
 താരിണഭജേ സുഖഗതേ”
അനുപല്ലവി:
“സാരസഭവാത്മജ തവാഗമനകാരണം
 ഭൂരിസുഖമാശു മനതാരില്‍ വളരുന്നു മേ”
ചരണം1:
“സാരരണിയുന്നമകുടേ ഖചിതമണി-
 പൂരിതപദപ്രഭ വിഭോ
 പാരില്‍ നവമാകിയ വിശേഷമുണ്ടെങ്കിലതു
 പാരമഭിലാഷമിഹ കേള്‍പ്പതിനു മാനസേ”
ചരണം2:
“മദ്ഭുജബലം ത്രിഭുവനേ വിബുധജന
 മദ്ഭുതമെന്നല്ലോ പറവൂ
 നിര്‍ഭയതപൂണ്ടു സുരരല്പവുമായോധനേ
 മത്ഭുയവശാലവര്‍ വസിപ്പതുമതെങ്ങിനെ”
{നാരദമുനീന്ദ്രാ, സുഖസഞ്ചാരിയായ സുമതേ, അങ്ങയുടെ പദതളിരുകള്‍ ഭജിക്കുന്നേന്‍. ബ്രഹ്മപുത്രാ, അങ്ങയുടെ ആഗമനം കാരണം പെട്ടന്ന് എന്റെ മനസ്സില്‍ ഏറെ സുഖം വളരുന്നു. യോഗ്യര്‍ അണിയുന്ന മകുടത്തിലെ രത്നപ്രഭയ്ക്കൊത്ത ശോഭയുള്ളവനേ, പാരില്‍ പുതുതായി വിശേഷം എന്തെങ്കിലുമുണ്ടെങ്കില്‍ അതു കേള്‍ക്കാന്‍ മനസ്സില്‍ വളരെ അഭിലാഷമുണ്ട്. ഈ ത്രിഭുവനത്തില്‍ വിബുദ്ധരായുള്ള ജനങ്ങള്‍ക്ക് എന്റെ കരബലം അത്ഭുതകരം എന്നല്ലേ പറയുന്നത്? നിര്‍ഭയതയോടെ ദേവകള്‍ യുദ്ധത്തിനുവരുന്നില്ല. എന്നെ ഭയപ്പെട്ട് അവര്‍ എങ്ങിനെ നേരേ നില്‍ക്കും?}

നാരദന്റെ മറുപടി പദം-രാഗം:ശങ്കരാഭരണം, താളം:ത്രിപുട
പല്ലവി:
“നക്തഞ്ചരാധിപ മാല്യവന്‍ മദ-
 മത്തകായജിതമാല്യവന്‍”
അനുപല്ലവി:
“ഉക്തിം മമ ശൃണു സാലകടംകട-
 പൌത്ര നിശാചരവാരിധിചന്ദ്ര”
ചരണം1:
“ബുദ്ധിമാനെങ്കിലും മാനസേ തവ
 ശത്രുമതമറിയേണമേ
 മത്തനായ്മേവുമ്പോള്‍ തെറ്റും നൃപകാര്യം
 ബുദ്ധിമതാം ബഹുമാനമതോര്‍ക്കിലോ”
ചരണം2:
“പാകശാസനാദിവാനവര്‍ ക്ഷീര-
 സാഗരേ ചെന്നങ്ങുണര്‍ത്തിനാര്‍
 പാരമാം നിങ്ങടെ ദൂഷണം കേട്ടപ്പോള്‍
 നാഗാരിവാഹനന്‍ കോപിച്ചതുനേരം”
{രാക്ഷസാധിപനായ മാല്യവാനേ, വര്‍ദ്ധിച്ച മദത്തോടുകൂടിയ ശരീരം കൊണ്ട് മാല്യവന്‍മലയെ ജയിച്ചവനേ, സാലകടംകടയുടെ പൌത്രാ, നിശാചരന്മാരായ സമുദ്രത്തിന് ചന്ദ്രനായുള്ളവനേ, എന്റെ വാക്കുകള്‍ ശ്രവിച്ചാലും. ബുദ്ധിമാനെങ്കിലും നീ ശത്രുവിന്റെ മനസ്സിലിരിപ്പുകള്‍ മനസ്സിലാക്കണം. ബുദ്ധിയോടെ ചിന്തിച്ചാല്‍; മത്തനായി മേവുമ്പോള്‍ രാജകാര്യങ്ങളില്‍ പിഴവു വരാം. ഇന്ദ്രാദികളായുള്ള വാനവര്‍ ക്ഷീരസാഗരതീരത്തുചെന്ന് നിങ്ങളുടെ വദ്ധിച്ച പരാക്രമങ്ങളെ ഉണര്‍ത്തിച്ചു. അതുകേട്ടപ്പോള്‍ ഗരുഢവാഹനന്‍ കോപിഷ്ടനായി.}
“നിശാചരവാരിധിചന്ദ്ര” നാരദന്‍-പെരിയാനമ്പറ്റ ദിവാകരന്‍, മാല്യവാന്‍-ചത്തനൂര്‍ കൊച്ചുനാരായണപിള്ള
മാല്യവാന്‍:
ചരണം3:
“അണ്ടര്‍കുലനാഥനോടു ഞാന്‍ പൊരുമളവില്‍
 ഇണ്ടലോടു മണ്ടീടുമവന്‍
 ശണ്ഠ ശിതികണ്ഠരോടു വേണ്ടീടുകില്‍
 കുണ്ഠത നമുക്കു നഹി കണ്ടീടുകഹോ ഭവാന്‍”
{ദേവേന്ദ്രനോട് ഞാന്‍ പൊരുതുന്നനേരം ഭയത്തോടെ അവന്‍ ഓടിപോകും. ഇനി വൈകുണ്ഠവാസിയോട് യുദ്ധം വേണ്ടിവന്നാല്‍ അതിനും എനിക്ക് കുണ്ഠത ഇല്ലായെന്ന് ഭവാന്‍ ധരിച്ചാലും.}

നാരദന്‍:
ചരണം3:
“എന്നതുകൊണ്ടിപ്പോള്‍ നിങ്ങളുമിന്നു
 നന്നായ്പൊരുതു ജയിക്കേണം
 മന്നില്‍ പുരത്തില്‍ തിലകമാം ലങ്കയെ
 നന്നായുറപ്പിക്ക ഞാനിതാ ധാവതി”
{എന്നതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ നന്നായി പൊരുതി ജയിക്കേണം. ലോകത്തിന്റെ അധികാരകേന്ദ്രമായി ലങ്കാപുരത്തെ നന്നായി ഉറപ്പിക്കുക. ഞാനിതാ ഓടുന്നു.}

“ഞാനിതാ ധാവതി” എന്നുകാട്ടിയ ഉടന്‍ നാരദന്‍ വലതുകോണിലേയ്ക്ക് ഓടുന്നു. മാല്യവാന്‍ പിന്നാലെ ചെന്ന് തിരികെ കൂട്ടികൊണ്ടുവരുന്നു.

ശേഷം ആട്ടം-
മാല്യവാന്‍:‘ആകട്ടെ, ജയത്തിന് ഞങ്ങളെ അനുഗ്രച്ചിട്ട് പോയാല്‍ മതി’
മാല്യവാ‍ന്‍ നാരദനെ കുമ്പിടുന്നു. നാരദന്‍ അനുഗ്രഹിക്കുന്നതിനുപകരം മാല്യവാന്‍ നശിക്കട്ടെ എന്ന് കാട്ടുന്നു.
മാല്യവാന്‍:(പെട്ടന്ന് തലയുയര്‍ത്തി നോക്കിയിട്ട്) ‘ങേ? അങ്ങ് കാട്ടിയതെന്ത്? അനുഗ്രഹിക്കുകയല്ലെ?’
നാരദന്‍:‘ഞാന്‍ അങ്ങയെ അനുഗ്രഹിക്കുകതന്നെയാണല്ലോ’
വീണ്ടും മാല്യവാന്‍ കുമ്പിടുന്നു. നാരദന്‍ ശപിക്കുന്നു. ഇതുകണ്ട് മാല്യവാന്‍ നാരദനോട് കയര്‍ക്കുന്നു.
മാല്യവാന്‍:‘എങ്ങ് എന്താണ് കാട്ടുന്നത്? അനുഗ്രഹിക്കുന്നതിനു പകരം എന്നെ ശപിക്കുകയാണോ?’
നാരദന്‍:‘അല്ല, ഞാന്‍ അങ്ങ് വിജയിക്കട്ടെ എന്ന് അനുഗ്രഹിക്കുകതന്നെയാണ് ചെയ്തത്. ഞാന്‍ ശപിച്ചത് ദേവകളേയാണ്.’
ഇത് പറഞ്ഞ് ഉടനെതന്നെ നാരദന്‍ നിഷ്ക്രമിക്കുന്നു. മാല്യവാന്‍ ചിന്തിച്ചുകൊണ്ട് വലതുഭാഗത്ത് പീഠത്തിലിരിക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-രാഗം:ഘണ്ടാരം
“ശ്രീമത്സുവൃത്തമിദത്ഭുതമേവമുക്ത്വാ
 ശ്രീനാരദോ നിരഗമല്‍ സതു വായുവീഥ്യാ
 രക്ഷോവരസ്തദനു മാലിസുമാലിനൌ താ-
 വാഹൂയ ചേദമവദന്നിജമന്ത്രി വീരാന്‍”
{ഈവിധം വിശേഷവൃത്താന്തങ്ങള്‍ അറിയിച്ചിട്ട് ശ്രീനാരദമഹര്‍ഷി ആകാശമാര്‍ഗ്ഗത്തില്‍ കൂടി നിര്‍ഗ്ഗമിച്ചു. രാക്ഷസരാജാവ് മാലിസുമാലിമാരേയും മന്ത്രിമാരേയും വിളിച്ച് അവരോട് പറഞ്ഞു.}

ശ്ലോകം ചൊല്ലികഴിയുന്നതോടെ മാലിയും സുമാലിയും ഇടതുഭാഗത്തുകൂടി പ്രവേശിച്ച് മാല്യവാനെ വന്ദിക്കുന്നു.
മാല്യവാന്‍:(അനുഗ്രച്ചിട്ട്) ‘അല്ലയോ സോദരന്മാരേ, നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് വന്നത് നന്നായി. സാരമായ ഒരു കാര്യം ഞാന്‍ ആലോചിക്കുകയാണ്. വഴിപോലെ കേട്ടാലും.’
മാല്യവാന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

മാല്യവാന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത
പല്ലവി:
“മാലി സുമാലി മത്സോദരന്മാരേ
 ചാരെ വന്നീടുവിന്‍ വീരരെ”
അനുപല്ലവി:
“അംഭോജസംഭവനന്ദനന്‍ ചൊന്ന
 സംഭാഷണം നിങ്ങള്‍ കേട്ടില്ലേ”
ചരണം1:
“ജംഭാരിമുമ്പാം വിബുധന്മാരും
 തത്സംഭാവിതന്മാര്‍ മുനികളും
 അംഭോരുഹാക്ഷനെ കണ്ടുടന്‍ ശോക-
 സംഭാഷണം ചെയ്ക കാരണം”
ചരണം2:
“ലക്ഷ്മീപതിനമ്മെ ശിക്ഷിപ്പാന്‍ ദേവ
 പക്ഷമായിങ്ങു വരുന്നുപോല്‍
 ഇക്ഷണം നാമിനി വേണ്ടതെന്തെന്നു
 ദക്ഷരാം നിങ്ങള്‍ ചൊല്ലീടുവിന്‍”
{മാലീ, സുമാലീ, എന്റെ സോദരന്മാരേ, അടുത്തുവന്നാലും വീരരേ. നാരദന്‍ പറഞ്ഞ വൃത്താന്തങ്ങള്‍ നിങ്ങള്‍ കേട്ടില്ലെ? ഇന്ദ്രന്‍ മുതലായ ദേവന്മാരും മുനികളും വിഷ്ണുവിനെ കണ്ട് ശോകമറിയിച്ചതുകാരണം, ലക്ഷീപതി നമ്മെ ശിക്ഷിക്കാനായി ദേവപക്ഷത്തുചേര്‍ന്ന് ഇങ്ങോട്ടു വരുന്നുണ്ടുപോലും. നമ്മള്‍ ഉടനെ ചെയ്യേണ്ടതെന്തെന്ന് ദക്ഷരായ നിങ്ങള്‍ പറയുവിന്‍.}

പദം-രാഗം:ആഹരി, താളം:ചെമ്പടസുമാലി:
പല്ലവി:
“രാക്ഷസേശ്വര രാജശേഖര”
ചരണം1:
“രാക്ഷസരോടമര്‍ ചെയ്‌വതിനംബുരു-
 ഹേക്ഷണനിങ്ങു വരുന്നെന്നാകില്‍
 കാല്‍ക്ഷണവും വൈകാതെ നമുക്കൊരു-
 പേക്ഷയിതെന്തു നിനയ്ക്കിലിദാനീം”
ചരണം2:
“ദേവകള്‍ ചൊല്ലാലെങ്കിലവര്‍ക്കിഹ
 കേവലമിന്നിതുതന്നെ വിനാശം
 കേശവനുണ്ടു സഹായമതെന്നാ-
 ലാശു നമുക്കതിനില്ലെന്നുണ്ടോ”
{രാക്ഷസരോട് യുദ്ധം ചെയാനായി വിഷ്ണു ഇങ്ങോട്ട് വരുന്നുവെങ്കില്‍ കാല്‍ക്ഷണവും വൈകരുത്. വിചാരിച്ചാല്‍, നമുക്ക് ഒരു ഉപേക്ഷയെന്താണ്‌‍? ദേവകളുടെ ചൊല്ലുമൂലമാണിതെങ്കില്‍ കേവലം അവര്‍ക്കുതന്നെ വിനാശം. അവര്‍ക്ക് കേശവനുണ്ട് സഹായം എന്നതിനാല്‍ നമുക്ക് ഭയമുണ്ടോ?}

മാല്യവാന്‍:
ചരണം3:
“നാരദമാമുനി ചൊന്നൊരുദന്തം
 ചേരുമഹോ പുനരിന്നിതു ബന്ധം
 പോരിലവര്‍ക്കു വരും ദൃഢമതം
 നേരിടുകില്‍ ബഹുകര്‍മ്മദുരന്തം”
{പോരിന് അവര്‍ക്ക് ധൈര്യം വരുവാനുള്ള കാരണം നാരദമാമുനി പറഞ്ഞ സംഭവമാണ്. നമ്മേ നേരിട്ടാല്‍ ഇവര്‍ക്ക് വലിയ ദുരന്തം തന്നെ.}

മാലി:
ചരണം4:
“ഇക്കാലമ്മുതലായിവരെന്നും
 ധിക്കാരം ചെയ്യരുതരുതൊന്നും
 പോര്‍ക്കായിക്കു ഗമിച്ചിടുകെന്നാല്‍
 പോക്കാമിന്നിവരുടെ മദമെല്ലാം”
ചരണം5:
“ജംഭനിഷൂദനനെന്നൊരു വമ്പും
 സമ്പ്രതമായ്‌വളരുന്നൊരു ഡംഭും
 ഉമ്പരില്‍ മുമ്പുളവായൊരു വമ്പും
 സമ്പ്രതികാണണമരുവയരമ്പും”
{ഇനി മുതല്‍ ഇവര്‍ ധിക്കാരമായി ഒന്നും ചെയ്യരുത്. പോരിനായി പുറപ്പെട്ടാല്‍ ഇന്ന് ഇവരുടെ മദമെല്ലാം നശിപ്പിക്കാം. അസുരരെ നശിപ്പിക്കുന്നവന്‍ എന്നൊരു വമ്പും, അധികമായി വളരുന്ന ഡംഭും, ദേവരില്‍ മുമ്പണ്ടായൊരു വമ്പും ഇന്ന് കാണണം.}

മാല്യവാന്‍:
ചരണം6:
“കുടിലതതേടുന്നവരുടെ മുമ്പേ
 ഝടിതി രണായ ഗമിച്ചീടുകെന്നാല്‍
 പടുപടഹദ്ധ്വനി സേനകളാലെ
 പൊടിപെടുമാറമരാവതിയിപ്പോള്‍”
പല്ലവി:
“പോക നാം വിരവില്‍ സോദരന്മാരേ
 പോക നാം വിരവില്‍”
{എന്നാല്‍ ദുഷ്ടന്മാരുടെ മുമ്പിലെയ്ക്ക് പെട്ടന്ന് രണത്തിനായി ഗമിക്കാം. സേനകളുടെ വലുതായ പടഹദ്ധ്വനികളാല്‍ അമരാവതി പൊടിപെടും. സോദരന്മാരേ, നാം വഴിപോലെ പോവുകതന്നെ.}

മാല്യവാന്‍:‘എന്നാല്‍ ഇനി യുദ്ധത്തിനു പുറപ്പെടുക തന്നെ’
ശേഷം മാലിസുമാലിമാല്യവാന്മാരുടെ പടപ്പുറപ്പാട്-
മാല്യവാന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
മാല്യവാന്‍ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം മാലിസുമാലിമാല്യവാന്മാര്‍ ചേര്‍ന്ന് വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് അവരവരുടെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
മൂവരും 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
മാല്യവാന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി അമരാവതിയിലേയ്ക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും ഞങ്ങളോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് സോദരന്മാരോടായി)‘ഇനി വേഗം പോയി സ്വർഗ്ഗം ജയിക്കുകതന്നെ’
മാലി(പെരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരി)മാല്യവാന്‍(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
സുമാലി(കാവുങ്കല്‍ ദിവാകരപണിക്കര്‍)മാരുടെ പടപ്പുറപ്പാട്
അനന്തരം മൂവരും ചേര്‍ന്ന് നാലാമിരട്ടിയെടുത്ത് കലാശിച്ച് അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

1 അഭിപ്രായം:

N.J Joju പറഞ്ഞു...

If u put some video....would be a great help