2009, ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം പതിനൊന്നാം രംഗം

രംഗത്ത്-കുട്ടിരാവണന്‍, കൈകസി(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പന്തുവരാളി
“ഏവം വിശ്രവസ:പ്രപദ്യ തനയാന്‍ ശിക്ഷാബലം ശിക്ഷിതാന്‍
 സ്വൈരം സാ സ്വസമാജമേത്യ തരസാ ചക്രേ നിവാസം മുദാ
 അങ്കേ ജാതുദശാനനസ്സുഖതരം മാതുശ്ശയാനസ്സ്വപന്‍
 ബദ്ധ്വാ ദേഹപതദ്ഭിരശ്രുഭിരിതി പ്രോചേ ഗിരം മാതരം”
{ഇപ്രകാരം വിശ്രവസ്സില്‍ നിന്ന് തനയരെ ലഭിച്ച് അവര്‍ക്ക് വേണ്ടുംവണ്ണം വിദ്യാഭ്യാസവും ചെയ്യിപ്പിച്ചതിനുശേഷം കൈകസി സ്വജനങ്ങളുടെ കൂടെവന്ന് സസന്തോഷം വസിച്ചു. ഒരിക്കല്‍ മാതാവിന്റെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദേഹത്തില്‍ കണ്ണുനീര്‍വീണതിനാല്‍ ഉണര്‍ന്ന ദശാ‍നനന്‍ മാതാവിനോട് ഇങ്ങിനെ പറഞ്ഞു.}

നാലാമിരട്ടിമേളത്തോടെ തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിന് സ്വല്‍പ്പം വലത്തേയ്ക്കുനീങ്ങി നിലത്ത് കൈകസി കരഞ്ഞുകൊണ്ടിരിക്കുന്നു. കുട്ടിരാവണന്‍ കൈകസിയുടെ മടിയില്‍ തലവെയ്ച്ച് കിടന്നുറങ്ങുന്നു.
(മേളം നിലയ്ക്കുന്നു)
കണ്ണുനീര്‍ ദേഹത്തുവീണതായി നടിച്ച് രാവണന്‍ ഞെട്ടി ഉണരുന്നു. അല്പം മാത്രം കണ്ണുതുറന്ന് മാതാവിനെ വീക്ഷിച്ചിട്ട് ഉറങ്ങുന്നു. വീണ്ടും ഞെട്ടിയുണരുന്ന രാവണന്‍ ഉറക്കചടവോടെ പതുക്കെ എഴുന്നേറ്റിരുന്ന് കൈകള്‍ ഉയര്‍ത്തി കോട്ടുവായിടുകയും, കൈകള്‍ കുടഞ്ഞ് ഞെക്കി ഉഴിയുകയും, കൈകള്‍ കീഴോട്ട് കമഴ്ത്തി ദേഹം വലിച്ച് കോട്ടുവായിടുകയും ചെയ്യുന്നു. അതിനുശേഷം രാവണന്‍ മുന്നേപ്പോലെ കിടന്നുറങ്ങുന്നു. രാവണന്‍ മൂന്നാമതും ഞെട്ടിയുണര്‍ന്ന് എഴുന്നേറ്റിരിക്കുന്നു.
(ചെമ്പട മേളം)
രാവണന്‍ തന്റെ ചുമലിലേയ്ക്കും മാതാവിന്റെ മുഖത്തേയ്ക്കും സൂക്ഷിച്ച് നോക്കിയശേഷം അമ്മയെ പിടിച്ചെഴുനേല്‍പ്പിച്ച് പീഠത്തിരുത്തി വന്ദിക്കുന്നു.
രാവണന്‍:‘അല്ലയോ മാതാവേ, ഞാന്‍ പറയുന്നത് ശ്രവിച്ചാലും’
രാവണന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

കുട്ടിരാവണന്റെ പദം-രാഗം:പന്തുവരാളി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മാ കുരു ശോകം മമ ജനനി കേള്‍
 മാമക വചനമയേ”
അനുപല്ലവി:
“മതിയില്‍ നിനക്കൊരു താപമിദാനീ
 മധിഗതമാവതിനെന്തിഹ മൂലം”
ചരണം1:
“അശ്രുജലധി കൊണ്ടെന്നുടെ മെയ്യില്‍
 അധിവര്‍ഷിപ്പതിനെന്തവകാശം
 സാശ്രുജല വദനയായ് വാഴ്വതിനു
 ശശ്വദയി മനമെന്തിഹ വദ മേ”
{ദു:ഖിക്കരുതേ എന്റെ ജനനി, എന്റെ വചനത്തെ കേട്ടാലും. അവിടുത്തെ മനസ്സില്‍ ഇപ്പോള്‍ താപം ഉണ്ടായ്‌വരുവാന്‍ എന്താണ് മൂലം? കണ്ണുനീര്‍ക്കടല്‍കൊണ്ട് എന്റെ മെയ്യില്‍ വര്‍ഷിക്കുവാന്‍ എന്തുകാരണം? അശ്രുജലത്തോടുകൂടിയ വദനത്തോടെ വസിക്കുന്നതിന് മനസ്സിലെന്താണ് സങ്കടമെന്ന് എന്നോട് ഇപ്പോള്‍ പറഞ്ഞാലും.}

കൈകസിയുടെ മറുപടിപദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“ധനപതിതന്നുടെ പൌരുഷമൊന്നും
 മനസി സഹിക്കുന്നില്ലിതു ദണ്ഡം
 മുനിവരനെക്കണ്ടവനാകാശേ കനിവൊടു
 പോയതു കണ്ടീലയോ നീ”
പല്ലവി:
“ഹൃദയഗതം മമ തനയഗുണാലയ
 സുനയ ഗിരം ശൃണു മേ”
ചരണം2:
“വിശ്രവസ്സിന്റെ സുതനവനും നീയും
 വിശ്രുതനായ്‌വന്നവന്‍ നീ ബലഹീനന്‍
 ശാശ്വതമായ്മനം തപതി സദാ മേ”
{ധനാധിപതിയുടെ പ്രതാപമെല്ലാം കണ്ട് സഹിച്ചിരിക്കുവാന്‍ മനസ്സിന് പ്രയാസം. മുനിവരനെ കണ്ടിട്ട് അവന്‍ ആകാശത്തിലൂടെ പോയത് നീ കണ്ടില്ലയോ? ഗുണനിലയനായ തനയാ, നല്ല നയനത്തോടുകൂടിയവനേ, എന്റെ മനോഗതം നീ കേള്‍ക്കുക. വിശ്രവസ്സിന്റെ സുതരാണ് അവനും നീയും. പ്രസിദ്ധനായിതീര്‍ന്നു അവന്‍. നീയോ ബലഹീനന്‍. ഇങ്ങിനെയുള്ള ചിന്തകളാല്‍ എന്റെ മനസ്സ് സദാ എരിയുന്നു.}

രാവണന്‍:
ചരണം2:(മൂന്നാം കാലം)
“രാക്ഷസകുലജാതനായ്മരുവും ഞാന്‍
 യക്ഷേശനു സമമാകയോ വേണ്ടു
 ഇക്ഷണമവനെ ഞാന്‍ ഹതി ചെയ്യായ്കില്‍
 പക്ഷേ പറവതു പോരുമിദാനീം”
(“മാ കുരു ശോകം മമ ജനനി കേള്‍“)
{രാക്ഷസകുലജാതനായിരിക്കുന്ന ഞാന്‍ യക്ഷേശനോട് സമനാകുകയാണോ വേണ്ടത്? ഇക്ഷണം അവനെ ഞാന്‍ വധിച്ചില്ലെങ്കില്‍; പക്ഷേ ഇപ്പോള്‍ പറയുന്നത് മതി.}

ശേഷം ആട്ടം-
രാവണന്‍ കൈകസിയെ കെട്ടിചാടികുമ്പിട്ടിട്ട്, കൈകൂപ്പി നില്‍ക്കുന്നു.
രാവണന്‍:(ആത്മഗതമായി) ‘ഇനി ചെയ്യുന്നതെന്ത്?’ (ആലോചിച്ചിട്ട്) ‘ബ്രഹ്മാവിനെ സേവിച്ച് ഇഷ്ടവരങ്ങളെ സമ്പാദിക്കുകതന്നെ’ (കൈകസിയോട്) ‘എന്നാല്‍ ഇനി ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പോകുന്നു. അവിടുന്ന് സന്തോഷത്തോടു കൂടി വസിച്ചാലും’
രാവണന്‍ വീണ്ടും കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു. അനുഗ്രച്ചിട്ട് കൈകസിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: