2009, ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം പത്താം രംഗം

രംഗത്ത്-വിശ്രവസ്സ്(നീണ്ട കറുത്തതാടികെട്ടിയ രണ്ടാംതരം പച്ചവേഷം), കുട്ടിരാവണന്‍‍(കുട്ടിത്തരം കത്തിവേഷം), കുംഭകര്‍ണ്ണന്‍‍(കുട്ടിത്തരം കത്തിവേഷം), വിഭീഷണന്‍‍(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കേതാരഗൌഡം
“പ്രേമ്ണാതിലാള്യം തനയം മുനീന്ദ്രോ
 നാ‌മ്നാ ദശഗ്രീവമസൌ ചകാര
 പുന: കനിഷ്ഠം ബലിനാം വരിഷ്ഠം
 ജാതം തനുജന്ത്വഥ കുംഭകര്‍ണ്ണം”
{പ്രേമത്തോടെ ലാളിക്കപ്പെടുവാന്‍ യോഗ്യനായ തനയന് മുനീന്ദ്രന്‍ ദശഗ്രീവനെന്ന് നാമകരണം ചെയ്തു. പിന്നെ അനുജനും ബലവാനും ശ്രേഷ്ഠനുമായ തനുജന് കുംഭകര്‍ണ്ണനെന്നും പേരുവിളിച്ചു.}

കുട്ടിരാവണന്റെ തിരനോട്ടം-

ശ്ലോകം-രാഗം:കാമോദരി
“ജാതാം പുനശ്ശൂര്‍പ്പണഖാം തനൂജാം
 വിഭീഷണം തത്സഹജഞ്ച പുത്രം
 സര്‍വ്വാനഥാഹൂയ നിജാത്മജാന്‍ സോ-
 പ്യുവാച വാചം പ്രണതാന്‍ പദാബ്ജേ”
{പിന്നീട് ജനിച്ച പുത്രിക്ക് ശൂര്‍പ്പണഖ എന്നും അവളുടെ അനുജനായ പുത്രന് വിഭീഷണനെന്നും നാമകരണം ചെയ്തു. വിളിച്ചപ്പോള്‍ വന്ന് പാദാബ്ജത്തില്‍ പ്രണമിച്ച അവരോട് മഹര്‍ഷി പറഞ്ഞു.}

കുംഭകര്‍ണ്ണന്റേയും വിഭീഷണന്റേയും ചേര്‍ന്നുള്ള പുറപ്പാട്-
അതിനുശേഷം തിരശ്ശീല നീക്കുമ്പോള്‍ വിശ്രവസ്സ് വലതുവശത്ത് പീഠത്തിലിരിക്കുന്നു. ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്ന കുട്ടിരാവണനും കുംഭകര്‍ണ്ണനും വിഭീഷണനും വിശ്രവസ്സിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് കൈകൂപ്പി നില്‍ക്കുന്നു. വിശ്രവസ്സ് അനുഗ്രഹിച്ചശേഷം എഴുന്നേറ്റ് പദാഭിനയമാരംഭിക്കുന്നു.

പദം-രാഗം:കാമോദരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“രാത്രിഞ്ചരജനവര ബാലക മമ
 പുത്ര കേള്‍ ദശവദന”
ചരണം1:
“നിസ്തുല്യഗുണരാശേ നീ നര്‍മ്മപരനായി
 വ്യര്‍ത്ഥമാക്കരുതേ കാലം”
{രാക്ഷസ ശ്രേഷ്ഠാ, ബാലകാ, എന്റെ പുത്രാ, ദശവദനാ, കേള്‍ക്കുക. നിസ്തുല്യമായ ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, നീ ക്രീഡാതല്പരനായി കാലം വ്യര്‍ത്ഥമാക്കരുതേ.}

കുട്ടിരാവണന്‍:-രാഗം:തോടി, താളം: അടന്ത
ചരണം2:
“താതാ നിന്‍ പാദപങ്കജം സന്തതമഹം
 ചേതസാ ഭജിച്ചീടുന്നേന്‍”
ചരണം3:
“യാതൊന്നു ഭവാനെന്നൊടു ആജ്ഞ ചെയ്യുന്നു
 സാദരമതു ചെയ്‌വന്‍ ഞാന്‍”
{താതാ, അവിടുത്തെ പാദപങ്കജത്തെ സദാ മനസ്സില്‍ ഭജിച്ചീടുന്നേന്‍. ഭവാന്‍ എന്നോട് യാതൊന്നാണോ ആജ്ഞാപിക്കുന്നത് സാദരം അത് ഞാന്‍ ചെയ്തുകൊള്ളാം.}

വിശ്രവസ്സ്:-രാഗം:കാമോദരി, താളം:മുറിയടന്ത
ചരണം4:
“വിദ്യാപാഠവും നിങ്ങള്‍ക്കു നിത്യവും വേണം
 കൃത്യാകൃത്യവിചാരവും”
ചരണം5:
“ഗംഭീരഹൃദയ ബാല കുംഭകര്‍ണ്ണ കേള്‍
 സംഭാഷണം വിഭീഷണ”
ചരണം6:
“ലീലാലോലന്മാരായി നിങ്ങള്‍ മേവിടാതെ ക-
 ണ്ടാലോചിക്കണം കാര്യങ്ങള്‍”
ചരണം7:
“നന്മയില്‍ വസിച്ചീടുവന്‍ നിങ്ങളെല്ലാവരും
 നന്മ നിങ്ങള്‍ക്കു വന്നിടും”
{നിങ്ങള്‍ നിത്യവും വിദ്യാഭ്യാസം ചെയ്യണം. ചെയ്യേണ്ടുന്നതും ചെയ്യരുതാത്തതും അറിയണം. ഗംഭീരാശയനായ ബാലാ, കുംഭകര്‍ണ്ണാ, വിഭീഷണാ, എന്റെ സംഭാഷണം കേള്‍ക്കുക. ക്രീഡാലോലന്മാരായി കഴിയാതെ നിങ്ങള്‍ കാ‍ര്യങ്ങള്‍ കണ്ടാലോചിക്കണം. നിങ്ങളെല്ലാവരും സുഖമായി വസിച്ചീടുവിന്‍. നിങ്ങള്‍ക്കു നന്മ വന്നീടും.}

ശേഷം ആട്ടം-
രാവണാദികള്‍ വിശ്രവസ്സിനെ കെട്ടിച്ചാടികുമ്പിട്ടുന്നു. വിശ്രവസ്സ് മൂവരേയും വെവ്വേറെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു.
വിശ്രവസ്സ്:‘നിങ്ങള്‍ സന്തോഷത്തോടുകൂടി വസിക്കുവിന്‍’
രാവണാദികള്‍:‘കല്പനപോലെ തന്നെ’
മൂവരും വീണ്ടും കുമ്പിട്ടിട്ട് ഓച്ഛാനിച്ച് നിഷ്ക്രമിക്കുന്നു. അവരെ യാത്രയാക്കിക്കൊണ്ട് വിശ്രവസ്സും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: