2009, ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം പതിനാല്, പതിനഞ്ച് രംഗങ്ങള്‍

പതിനാലാം രംഗം (തപസ്സാട്ടം)

രംഗത്ത്-രാവണന്‍(ഒന്നാതരം കത്തിവേഷം), കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ലോകേശാത്തവരപ്രതാപബലവാന്‍ കുര്‍വ്വംസ്തു സര്‍വ്വം ജഗ-
 ന്നാകേശാദിദിഗീശ്വരാനിജവശേ ചിന്താവശേനാത്മനാ
 ധൃഷ്ട: സ്വോഗ്രഭുജോഷ്മണാ ദശമുഖസ്സമ്പ്രാപ്യ തസ്മിന്‍ പുന:
 ശിഷ്ടൌ ലബ്ധവരൌ വരാവവരജാവേവം ബഭാഷേ ഗിരം”
{ലോകേശ്വരനില്‍ നിന്നും ലഭിച്ച വരത്താല്‍ പ്രതാപിയും ബലവാനുമായിതീര്‍ന്ന ദശമുഖന്‍ കൂസലില്ലാതെ സര്‍വ്വലോകങ്ങളേയും സ്വര്‍ഗ്ഗാധിപനായ ദേവേന്ദ്രന്‍ തുടങ്ങിയ ദിക്‍പാലകന്മാരേയും വരുതിയിലാക്കി, തന്റെ ബാഹുപരാക്രമങ്ങളില്‍ അതിഗര്‍വ്വിഷ്ഠനായിതീര്‍ന്നു. പിന്നീട് വരങ്ങള്‍ ലഭിച്ച കേമന്മാരായ അനുജന്മാരുടെ സമീപത്തുചെന്ന് ഇങ്ങിനെ പറഞ്ഞു.}

ആലവട്ടമേലാപ്പുകളോടുകൂടിയുള്ള വീരഭാവത്തിലുള്ള രാവണന്റെ തിരനോട്ടം-
 രാവണന്റെ തന്റേടാട്ടം-
വീണ്ടും തിരതാഴ്ത്തുമ്പോള്‍ രാവണന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
(മേളം-തൃപുട ഒന്നാംകാലം)
രാവണന്‍:(ആനന്ദാഹങ്കാരങ്ങളോടെ ഞെളിഞ്ഞിരുന്നശേഷം എഴുന്നേറ്റ് സദസ്സിനെ വന്ദിച്ചിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനു കാരണമെന്ത്?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം വാങ്ങി. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (പീഠത്തിലിരുന്ന് ഉത്തരീയം വീശി, ആലോചിച്ചിട്ട്) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനോട്’ (എഴുന്നേറ്റ്, ബ്രഹ്മാവിനെ കണ്ടതായി നടിച്ച് വന്ദിച്ചിട്ട്) ‘അല്ലയോ ബ്രഹ്മാവേ, എനിക്ക് വരം തരണേ, തരണേ എന്ന് യാചിച്ച് വാങ്ങിയതല്ല. ഏറ്റവും ബലവീര്യത്തോടെ കൊണ്ടുവാ, കൊണ്ടുവാ, വെയ്ക്ക്, വെയ്ക്ക്’ (മുന്നോട്ട് നീങ്ങി വരം പിടിച്ചുവാങ്ങുന്നതായി കാട്ടി, കൃതാര്‍ത്ഥതയോടെ) ‘ഇപ്രകാരം വാങ്ങിയതാകുന്നു.‘ (വീണ്ടും മുന്‍പോലെ ഉത്തരീയം വീശി ഇരുന്ന്, ആലോചിച്ചിട്ട്) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ കാരണമെന്ത്?’ (ഓര്‍ത്തിട്ട്) ‘ഉണ്ട്. ഞാന്‍ പണ്ട് അമ്മയോടും സോദരന്മാരോടും കൂടി മധുവനത്തില്‍ വസിക്കുന്നകാലത്ത് ഒരു ദിവസം, ആദിത്യരശ്മിയേറ്റുതളര്‍ന്ന ഞാന്‍ അമ്മയുടെ മടിയില്‍ കിടന്നുറങ്ങി. ആ സമയം അമ്മയാകട്ടെ’ (കൈകസിയായി നടിച്ച് മടിയില്‍ കിടക്കുന്ന പുത്രന്റെ ശിരസ്സ് ഇടതുകരം കൊണ്ട് താങ്ങിക്കൊണ്ട്) ‘ഇവന്റെ മുഖം പൂണ്ണചന്ദ്രന് തുല്യം തന്നെ. ഇവനെ പുത്രനായി ലഭിച്ചത് എന്റെ ഭാഗ്യം തന്നെ’ (സ്നേഹത്തോടെ മൃദുവായി പുത്രന്റെ കൈകാലുകള്‍ തിരുമ്മിക്കൊണ്ട് ഇരിക്കെ വലതുവശത്ത് എന്തോ ശബ്ദം കേട്ടതായി നടിച്ച് ചെവിയോര്‍ത്തിട്ട്, എന്തെങ്കിലുമാകട്ടെ എന്ന് സമാധാനിച്ച് വീണ്ടും പുത്രനെ താരാട്ടി ഇരിക്കുന്നു. വീണ്ടും ശബ്ദം കേട്ടതായി നടിച്ച്) ‘ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്? ആ, എന്തോ ആകട്ടെ’ (വീണ്ടും താരാട്ടിക്കൊണ്ട് ഇരിക്കുമ്പോള്‍ ശബ്ദം കേട്ട് ശ്രദ്ധിച്ചിട്ട്) ‘ഒട്ടും നിസ്സാരമല്ല, എന്താണിത്?’ (ആകാശത്തില്‍ കണ്ടിട്ട്) ‘പെരുമ്പറ മുഴക്കിക്കൊണ്ട് പുഷ്പകവിമാനത്തില്‍ കയറി ഏറ്റവും യോഗ്യതയോടെ ആകാശമാര്‍ഗ്ഗം പോകുന്നതാര്?’ (സുക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്, അസൂയയോടെ) ‘ഓഹോ, വൈശ്രവണന്‍ തന്നെ.’ (വൈശ്രവണനെ നോക്കി അസഹ്യതയും അസൂയയും, പുത്രനെ നോക്കി അസഹ്യമായ സങ്കടവും മാറിമാറി നടിച്ചശേഷം) ‘കഷ്ടം! അവന്റേയും ഇവന്റേയും അച്ഛന്‍ ഒന്നുതന്നെ. അവന്‍ ഏറ്റവും പ്രതാപിയായും ഇവന്‍ ഏറ്റവും നിസാരനായും തീര്‍ന്നുവല്ലോ. എന്റെ നിര്‍ഭാഗ്യം തന്നെ.’ (വീണ്ടും വിമാനത്തില്‍ സഞ്ചരിക്കുന്ന വൈശ്രവണനെ അസൂയയോടും മടിയില്‍ കിടക്കുന്ന പുത്രനെ ദു:ഖത്തോടും മാറിമാറി നോ‍ക്കിയിരുന്നിട്ട്) ‘വൈശ്രവണന്‍ മറഞ്ഞു.’ (വീണ്ടും പുത്രനെ നോക്കി കരഞ്ഞുകൊണ്ടിരുന്നശേഷം, രാവണനായി) ‘ആ സമയത്ത് ഞാന്‍‘ (അമ്മയുടെ മടിയില്‍ കിടന്നുറങ്ങുന്നതായി നടിക്കുന്നു. പെട്ടന്ന് ഞെട്ടിയുണര്‍ന്ന് കണ്ണുതുറന്ന് അമ്മയെ വീക്ഷിച്ചിട്ട് വീണ്ടും ഉറങ്ങുന്നു. വീണ്ടും ഉണര്‍ന്ന് എഴുന്നേറ്റിരുന്ന് ഉറക്കചടവോടെ കൈകള്‍കോര്‍ത്ത് ഉയര്‍ത്തിയും താഴ്ത്തിയും ശരീരം വലിച്ചുവിട്ടശേഷം കിടന്നുറങ്ങുന്നു. മൂന്നാമതും ഞെട്ടിയുണര്‍ന്ന് എഴുന്നേറ്റ് തന്റെ മാറത്തുവീണ കണ്ണുനീര്‍തുള്ളികള്‍ കണ്ട്, തുടച്ചുകളയുന്നു. കണ്ണുനീരണിഞ്ഞ അമ്മയുടെ മുഖം കണ്ട്, അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച് മാറ്റിയിരുത്തി, വന്ദിച്ചിട്ട്) ‘അല്ലയോ മാതാവേ, ഈവിധം കരയുവാന്‍ കാരണമെന്ത്? വേഗം പറഞ്ഞാലും’ (വന്ദിച്ചുനിന്ന്, അമ്മയുടെ മറുപടി കേട്ട്) ‘എന്ത്? വൈശ്രവണന്‍ ഏറ്റവും പ്രതാപത്തില്‍ വിമാനത്തിലേറി മുന്നിലൂടെ പോയി എന്നോ?’ (അമ്മയോടായി) ‘ഛീ, വൈശ്രവണന്‍ നിസാരന്‍. ആകട്ടെ ഒട്ടും വ്യസനിക്കെണ്ട. *ഞാന്‍ അവന്റെ കൈയ്യും കാലും ബന്ധിച്ച് കൊണ്ടുവന്ന് അമ്മയുടെ പാദത്തില്‍ വന്ദിപ്പിച്ചേക്കാം. എന്നാല്‍ പോരേ?’ (അമ്മയുടെ മറുപടി കേട്ട് സന്തോഷത്തോടെ) ‘എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത വരങ്ങള്‍ നേടാന്‍ പോകുന്നു. സന്തോഷത്തോടെ വസിച്ചാലും’ രാവണന്‍ മാതാവിനെ കുമ്പിട്ട് മാറിതിരിഞ്ഞ് വീണ്ടും രംഗത്തേയ്ക്ക് വരുന്നു.
(മേളം-തൃപുട രണ്ടാംകാലം)
രാവണന്‍:(‘അഡ്ഡിഡ്ഡക്കിട’ വെച്ചിട്ട്) ‘ഇനി വേഗം ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പുറപ്പെടുകതന്നെ. എന്നാല്‍ തപസ്സു ചെയ്യേണ്ടുന്ന സ്ഥലം എവിടെ?’ (ആലോചിച്ചിട്ട്) ‘ഗോകര്‍ണ്ണത്തില്‍ തന്നെ. ഇനി അനുജന്മാരുടെ മനസ്സും അറിയുകതന്നെ.’ (ഇടതുഭാഗത്തായി അനുജന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ സോദരന്മാരേ, ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യാന്‍ പോകുന്നു. നിങ്ങളും എന്റെ കൂടെ പോരികയല്ലെ?’ (മറുപടികേട്ട് സന്തുഷ്ടനായി വിഭീഷണനെ വലതുവശത്തും കുംഭകര്‍ണ്ണനെ ഇടതുവശത്തും നിര്‍ത്തി, ഇടത്തേയ്ക്കു നോക്കി) ‘അല്ലയോ കുംഭകര്‍ണ്ണാ, നീ ബ്രഹ്മാവിനെ തപസ്സുചെയ്ത് ദേവകളെ ജയിക്കാനുള്ള വരം വാങ്ങിയാലും’ (വലത്തേയ്ക്കു നോക്കി) ‘അല്ലയോ വിഭീഷണാ, നീയും അങ്ങിനെ ചെയ്താലും.’
ഇരുവരേയും അനുഗ്രഹിച്ച് യാത്രയാക്കി രാവണന്‍ പിന്നിലേയ്ക്ക് കുത്തിമാറി തിരിഞ്ഞ് വീണ്ടും മുന്നിലേയ്ക്ക് ഓടിപ്രവേശിക്കുന്നു.
(മേളം-തൃപുട മൂന്നാംകാലം)
രാവണന്‍:(തപസ്സുചെയ്യാനുള്ള സ്ഥലമൊരുക്കി അതിന്റെ നാലുഭാഗത്തും ഹോമകുണ്ഡങ്ങളും നിര്‍മ്മിച്ചിട്ട്, ആകാശത്തേയ്ക്കുനോക്കി) ‘അല്ലയോ ആദിത്യന്‍,*എന്റെ തപസ്സ് കഴിയുവോളം അവിടെ നിന്ന് അനങ്ങരുത്.‘ (സ്വഗതമായി) ‘ഇനി സ്നാനം ചെയ്‌ത് ശുദ്ധമാവുകതന്നെ.’ (കുളിച്ച് ശുദ്ധമായി, ഭസ്മം ധരിച്ചിട്ട്) ‘ഇനി അഗ്നി ജ്വലിപ്പിക്കുകതന്നെ’ (അരണികടഞ്ഞ് അഗ്നിയുണ്ടാക്കി നാലുകുണ്ഡങ്ങളിലും നിറയെ നെയ്യൊഴിച്ച് ജ്വലിപ്പിച്ച്, പൂജാഹോമാദികള്‍ ചെയ്തിട്ട്) ‘ഇനി തപസ്സുചെയ്യുകതന്നെ.’ (ഒറ്റക്കാലില്‍ തപസ്സുചെയ്യുന്നു. നാലുതാളവട്ടങ്ങള്‍ക്കുശേഷം ധ്യാനത്തില്‍നിന്നും വിരമിച്ച് ഇരുവശങ്ങളിലും ശ്രദ്ധിച്ചിട്ട്, ഇച്ഛാഭംഗത്തോടെ) ‘ബ്രഹ്മാവ് പ്രത്യക്ഷനായില്ല. ഇനി എന്താണ് ചെയ്യേണ്ടത്? മനസ്സ് ബ്രഹ്മാവില്‍ ഉറപ്പിക്കുകതന്നെ’ (വീണ്ടും തപസ്സുചെയ്തിരിക്കെ ഉണര്‍ന്ന് ചുറ്റും വീക്ഷിച്ചിട്ട്) ‘ബ്രഹ്മാവ് ഇനിയും പ്രത്യക്ഷനായില്ല. എന്റെ തപസ്സിന് ഉഗ്രത പോരാ.’ (ചിന്തിച്ചിട്ട്) ‘എനിക്ക് പത്തുശിരസ്സുകളുള്ളതില്‍ ഒന്ന് അറുത്ത് ഹോമിക്കുകതന്നെ’ (അരയില്‍നിന്നും വാള്‍ ഊരി, ഇരുവശങ്ങളിലുമുള്ള ശിരസ്സുകള്‍ നോക്കി, ഇടതുവശത്തുനിന്നും ഒരു ശിരസ്സിന്റെ മുടിചുറ്റിപിടിച്ച് അറുത്തെടുത്ത് തലമുടി പിഴുതെറിഞ്ഞിട്ട് ഹോമിക്കുന്നു. ശിരസ്സ് പൊട്ടുന്നതായി കാട്ടിയിട്ട് നാലുകുണ്ഡങ്ങളിലും അഗ്നി പൂര്‍വ്വാധികം ജ്വലിപ്പിച്ചിട്ട്) ‘ഇനി തപസ്സു തുടരുകതന്നെ’ (മുന്‍‌പോലെ തപസ്സുചെയ്യുമ്പോള്‍ വീണ്ടും ഉണര്‍ന്ന് ചുറ്റും നോക്കി, വലിയ നിരാശയോടേ) ‘ബ്രഹ്മാവ് ഇനിയും പ്രത്യക്ഷമായില്ല. എന്നെ പരീക്ഷിക്കുകയാണ്. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചുറച്ചിട്ട്) ‘ആകട്ടെ, എന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം അറുത്ത് ഹോമിക്കുക തന്നെ’

രാവണന്റെ(കലാ:സോമന്‍) തപസ്സാട്ടം
(മേളം-തൃപുട നാലാംകാലം)
രാവണന്‍ വാള്‍ ഏടുത്ത് ഓരോ തലയായി പിടിച്ച് വെട്ടിയെടുത്ത്, മുടിപിഴുതെറിഞ്ഞ് ഹോമിക്കുന്നു*. കുണ്ഡങ്ങളിലെ തീ തട്ടിക്കൂട്ടി നെയ്യൊഴിച്ച് അത്യുഗ്രമായി ജ്വലിപ്പിച്ച്. ശിരസ്സുകള്‍ പൊട്ടുന്നതായി കാട്ടുന്നു.

രാവണന്‍:‘ ഇനി തപസ്സുചെയ്യുക തന്നെ’ (ഒറ്റക്കാലില്‍ നിന്ന് തപം ചെയ്യുമ്പോള്‍ മനസ്സിളകി, ഇരുവശങ്ങളിലും നോക്കി, നിരാശപൂണ്ട് ക്ഷീണത്തോടെ പീഠത്തില്‍ ഇരുന്നിട്ട്) ‘കഷ്ടം! എന്റെ ശിരസ്സുകളെല്ലാം നശിച്ചുവല്ലോ. എന്തായാലും ഇനി തപസ്സ് ഉപേക്ഷിച്ച് പോവുകതന്നെ’
രാവണന്‍ എഴുന്നേറ്റ് എല്ലായിടവും ഒന്നുകൂടി നോക്കി ബ്രഹ്മാവിനെ കാണാ‍ഞ്ഞ് മൌഢത്തോടെ ശിരസ്സുതാഴ്ത്തി മടങ്ങിപോവാനായി വലതുവശത്തേയ്ക്ക് തിരിയുന്നു.
(മേളം-ചെമ്പട*)
രാവണന്‍ പെട്ടന്ന് ധൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി രംഗത്തേയ്ക്കുതന്നെ ഓടി വരുന്നു.
രാവണന്‍:‘പാടില്ല’ (ബ്രഹ്മാവിനോടായി) ‘പണ്ട് ഒരു രാക്ഷസന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷമാവാഞ്ഞ് ജീവനാശം വരുത്തി എന്ന ദുഷ്കീര്‍ത്തി നിനക്ക് ഞാന്‍ തരുന്നുണ്ട്. നോക്കിക്കോ’ (സ്വഗതമായി) ‘ഇനി ശേഷിക്കുന്ന ഒരു ശിരസ്സുകൂടി അറുത്ത് ഹോമിക്കുകതന്നെ’
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണന്‍ ഇടംകൈകൊണ്ട് മുടിചുറ്റിപിടിച്ച് വലംകൈകൊണ്ട് ശിരസ്സ് വെട്ടാനോങ്ങുമ്പോള്‍ പെട്ടന്ന് ബ്രഹ്മാവ് തടഞ്ഞതുപോലെ പിടിച്ച് അലര്‍ച്ചയോടെ കണ്ണടച്ചു നില്‍ക്കുന്നു.
(മേളം നിലയ്ക്കുന്നു)
രാവണന്‍:(അല്പനിമിഷത്തിനുശേഷം രാവണന്‍ പിന്നിലേയ്ക്കു നീങ്ങി പ്രത്യക്ഷമുദ്രയോടെ വലതുവശത്തേയ്ക്ക് കെട്ടിചാടി ബ്രഹ്മാവായി നടിച്ച്) ‘അരുത്, അരുത്, ഞാന്‍ നിന്റെ തപസ്സില്‍ സന്തുഷ്ടനായി. നിനക്ക് ഇഷ്ടമുള്ള വരങ്ങള്‍ തന്നേയ്ക്കാം. പറഞ്ഞാലും’ (രാവണനായി ഇടത്തേയ്ക്കുമാറി മുന്‍‌നിലയില്‍ നിന്നിട്ട്, പെട്ടന്ന് കണ്ണുകള്‍ തുറന്ന് മുന്നില്‍ പ്രഭാപൂരം കണ്ട് അത്ഭുതപ്പെട്ട്, ബ്രഹ്മാവിനെ കണ്ട് കുമ്പിടുന്നു.
(മേളം-അടന്തവട്ടം )
രാവണന്‍:(തന്റെ അറുക്കപ്പെട്ട ശിരസ്സുകളെല്ലാം മുന്‍സ്ഥാനങ്ങളില്‍ ഉണ്ടായതായി കണ്ട് സന്തോഷിച്ച്, ആത്മഗതമായി) ‘ശിരസ്സുകളെല്ലാം ഉണ്ടായിക്കഴിഞ്ഞു*. ഇനി ഇഷ്ടമുള്ള വരങ്ങളെല്ലാം വാങ്ങുകതന്നെ’ (ബ്രഹ്മാവിനെ നോക്കി, കൈകൂപ്പി വന്ദിച്ച്) ‘അല്ലയോ ബ്രഹ്മാവേ, എനിക്ക് ത്രിലോകങ്ങളേയും ജയിക്കാനുള്ള വരം തരണമേ’ (ബ്രഹ്മാവില്‍ നിന്നും വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്) ‘ഇനി വളരെ കീര്‍ത്തിയുണ്ടാകുവാനുള്ള വരം നല്‍കേണമേ’ (വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്) ‘ഇനി വളരെ സമ്പത്തും ഐശ്വര്യവും ഉണ്ടാകുവാനുള്ള വരം തന്നാലും’ (വരം കൈനീട്ടി വാങ്ങി ഞെളിഞ്ഞിട്ട്, ആത്മഗതമായി) ‘എല്ലാം ആയെന്നു തോന്നുന്നു‘ (ബ്രഹ്മാവിനോട്) ‘എല്ലാം ആയി’
രാവണന്‍ ആലോചനയോടെ ബ്രഹ്മാവിനെ കുമ്പിടുന്നു. പെട്ടന്ന് ഓര്‍മ്മവന്നതായി നടിച്ച് പിന്നിലേയ്ക്ക് ചാടുന്നു.
(മേളം കാലം മുറുകുന്നു)
രാവണന്‍:‘വരട്ടെ, വരട്ടെ, നില്‍ക്കു, നില്‍ക്കു, ഒന്നുകൂടിയുണ്ട്. പറയാം. മനുഷ്യനാലല്ലാതെ മറ്റൊരു ജീവിയാലും എനിക്ക് മരണം സംഭവിക്കുകയില്ല എന്ന വരം കൊണ്ടുവാ. വെയ്ക്ക്’ (വരം പിടിച്ചുവാങ്ങി അഹങ്കാരത്തോടെ) ‘എല്ലാം ആയി. ഇനി പൊയ്ക്കൊള്ളുക’
രാവണന്‍ കൂപ്പുകൈകളോടെ ബ്രഹ്മാവ് മറയുന്നത് നോക്കി ‘മറഞ്ഞു’ എന്നുകാട്ടി പിന്‍‌തിരിയുന്നു.

‘വരം കൊണ്ടുവാ. വെയ്ക്ക്’ രാവണന്‍- കലാ:രാമന്‍‌കുട്ടിനായര്‍
(മേളം:ചെമ്പടവട്ടം)
രാവണന്‍ വീണ്ടും രംഗത്തേയ്ക്ക് ഓടി വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടുന്നു.
രാവണന്‍:(സന്തോഷാഹങ്കാരങ്ങളോടെ) ‘ഇപ്പോള്‍ എനിക്ക് തുല്യബലവീര്യമുള്ളവര്‍ ലോകത്തില്‍ ആരുമില്ല. ആകട്ടെ, ഇനി അനുജന്മാര്‍ക്ക് ലഭിച്ച വരങ്ങള്‍ എന്തെന്ന് അറിയുകതന്നെ’
രാവണന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിക്കുന്നതോടെ കുംഭകര്‍ണ്ണവിഭീഷണന്മാര്‍ ഇടതുഭാഗത്തുകൂടി പ്രവേശിച്ച് രാവണനെ കുമ്പിടുന്നു. രാവണന്‍ അവരെ അനുഗ്രഹിച്ചിട്ട് പദാഭിനയമാരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:ഘണ്ടാരം, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“ഗംഭീരവിക്രമ വീരാ സഹോദര
 കുംഭകര്‍ണ്ണ സഹജ മഹല്‍-
 സംഭാവിതാംഗ വിഭീഷണ കേള്‍ മമ
 സംഭാഷിതം സുമതേ”
ചരണം2:
“അംഭോജസംഭവന്തന്നെ ഭജിച്ചു ഞാന്‍
 അംബോധി ഗംഭീരരേ പുന-
 രമ്പോടുവേണ്ടും വരങ്ങളേയും വാങ്ങി
 സമ്പ്രതി വന്നു മുദാ”
ചരണം3:
“ലോകേശന്‍‌ തന്റെ വരപ്രസാദത്താല്‍
 ഞാനേകങ്ങളൊക്കെ ജയിപ്പാനെനിക്കൊരു
 ആകുലമില്ലേതുമേ”
ചരണം4:
“നാഥനീവണ്ണം തപസ്സുകണ്ടേറ്റവും
 പ്രീതനായി തന്നു വരം മമ
 ധാതാവു നിങ്ങള്‍ക്കു തന്ന വരങ്ങളെ
 സോദരന്മാരെ ചൊല്‍‌വില്‍”
{ഗംഭീര പരാക്രമത്തോടുകൂടിയവനേ, വീരാ, സഹോദരാ, കുംഭകര്‍ണ്ണാ, സജ്ജനങ്ങളാല്‍ മാനിക്കപ്പെടുന്നവനേ, വിഭീഷണാ, സന്മനസ്സുള്ളവനേ, നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍. സമുദ്രത്തെപ്പോലെ ഗാഭീര്യമുള്ളവരേ, ബ്രഹ്മാവിനെ ഭജിച്ച് വേണ്ടുന്ന വരങ്ങള്‍ വാങ്ങി സന്തോഷത്തോടെ ഞാനിതാ വന്നിരിക്കുന്നു. ലോകേശന്റെ വരപ്രസാദത്താല്‍ സകലലോകങ്ങളും ജയിക്കുവാന്‍ എനിക്ക് ഒട്ടും വിഷമമില്ല. ലോകനാഥന്‍ എന്റെ തപസ്സുകണ്ട് ഏറ്റവും പ്രീതനായി വരങ്ങള്‍ തന്നു. ധാതാവ് നിങ്ങള്‍ക്ക് തന്ന വരങ്ങള്‍ എന്തെന്ന് പറയുവിന്‍ സോദരന്മാരേ.}

പദം-രാഗം:ബലഹരി, താളം:മുറിയടന്ത(ദ്രുതകാലം)
കുംഭകര്‍ണ്ണന്‍:
ചരണം1:
“ഉഗ്രപരാക്രമനായ്മേവീടുമെ-
 ന്നഗ്രജാ കേള്‍ക്ക ഭവാന്‍ എനി-
 ക്കാഗ്രഹമേറെയുണ്ടാകകൊണ്ടിന്നിപ്പോള്‍
 വ്യഗ്രമായ്‌വന്നുകാര്യം”
ചരണം2:
“നിര്‍ദ്ദേവത്വം വേണമെന്നു നിനച്ചുഞാ-
 നര്‍ത്ഥിക്ക കാരണമായതു
 നിദ്രാവത്വമല്ലോ വന്നു സിദ്ധിച്ചതും
 നക്തഞ്ചരാധിപതേ ജയജയ”
{ഉഗ്രപരാക്രമനായിരിക്കുന്ന എന്റെ ജേഷ്ഠാ, ഭവാന്‍ കേട്ടാലും. എനിക്ക് അത്യാഗ്രഹം ഉണ്ടായതിനാല്‍ ഇപ്പോള്‍ കാര്യം നിഷ്ഫലമായിവന്നു. ദേവന്മാരില്ലാതാവണമെന്ന് നിനച്ച് ആവശ്യപ്പെട്ട എനിക്ക് ഉറക്കമാണ് വന്നു സിദ്ധിച്ചത്. രാക്ഷസാധിപതേ, ജയിച്ചാലും, ജയിച്ചാലും.}
“വ്യഗ്രമായ്‌വന്നുകാര്യം” രാവണന്‍-കലാ:കൃഷ്ണകുമാര്‍, കുംഭകര്‍ണ്ണന്‍-കോട്ട:സി.എം.ഉണ്ണികൃഷ്ണന്‍, വിഭീഷണന്‍-കോട്ട:ബാലനാരായണന്‍
വിഭീഷണന്‍:
ചരണം3:
“രാക്ഷസരാജ ദശാസ്യ രിപികുല-
 രാക്ഷമതേ സുമതേ ഇന്നു
 സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്‍
 പത്മാക്ഷനേകനവ്യയന്‍”
ചരണം4:
“ഭകതപ്രിയന്‍ തങ്കല്‍ നിശ്ചലമായൊരു
 ഭക്തിയുണ്ടാകേണമേ എന്ന-
 ര്‍ത്ഥിക്കയാലതു സിദ്ധിച്ചതും മമ
 നക്തഞ്ചരാധിപതേ ജയ ജയ”
{രാക്ഷസരാജാവായ ദശാസ്യാ, ശത്രുക്കളോട് കടുത്ത ഹൃദയത്തോടുകൂടിയവനേ, സുമനസ്സേ, ഇന്ന് സാക്ഷാല്‍ ജഗന്നാഥനും പത്മാക്ഷനുമായ വിഷ്ണുഭഗവാന്‍ ഒരാളാണ് അനശ്വരനായുള്ളത്. ആ ഭക്തപ്രിയനില്‍ നിശ്ചലമായ ഭക്തിയുണ്ടാകണമേ എന്ന് ആവശ്യപ്പെടുകയാല്‍ എനിക്ക് അത് സിദ്ധിച്ചു. രാക്ഷസാധിപതേ, ജയ, ജയ}

രാവണന്റെ പദം-രാഗം:ഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“സോദരന്മാരേ നന്നിതു
 സാദരം നിങ്ങള്‍ ചൊന്നൊരു
 വാചമോര്‍ത്തീടുമ്പോളെത്രയും ചേതസി മമ
 മോദമാശു നല്‍കീടുന്നഹോ”
അനുപല്ലവി:
“ഇതിലധികം പുനരെന്തൊരു കുതുകം
 വിധിവിഹിതം മതി തന്നിലുദിപ്പതു”
ചരണം1:
“ചേതസാ ഭജിച്ചു ജഗ-
 ദാധാരനായ്മേവീടുന്ന
 ധാതാവോടു വാങ്ങിയ വരം കേള്‍ക്കുന്നവര്‍ക്കു
 ഹാസ്യമായ് ഭവിച്ചതദ്ഭുതം
 മതി മതി നീ ചൊന്ന വചനമിതഖിലം
 മതിയതിലോര്‍ക്കുകിലധിക കുതൂഹലം”
(“സോദരന്മാരേ..........................നല്‍കീടുന്നഹോ”)
ചരണം2:
“പാരേഴും ജയിപ്പാനും
 പോരും ഞാനേകനെന്നാലും
 പോരാത്തവനെക്കൊണ്ടെന്തുള്ളു പോരുന്നോര്‍ കേട്ടാല്‍
 പാരാതെ നിന്ദിക്കയെന്നിയെ
 പരിചൊടു മമ ഭുജബലമിഹ ഭവനേ
 പരജനപരിഭവ വിഹിതം കലയേ”
(“സോദരന്മാരേ..........................നല്‍കീടുന്നഹോ”)
{സോദരന്മാരേ ഇത് നന്നായി. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിന് ഏറ്റവും മോദത്തെ ലഭിക്കുന്നു. ഇതിലധികം കൌതുകമായി വേറേ എന്തുണ്ട്? വിധിവിഹിതമാണന്നാണ് മനസ്സില്‍ തോന്നുന്നത്. മനസാ ഭജിച്ച് ജഗദാധാരനായിരിക്കുന്ന ധാതാവിനോട് വാങ്ങിയ വരം കേള്‍ക്കുന്നവര്‍ക്ക് പരിഹാസിക്കാന്‍ പാകത്തിനായി തീര്‍ന്നത് അത്ഭുതം തന്നെ. മതി, മതി, നിങ്ങള്‍ പറഞ്ഞ വാക്കുകളെല്ലാം മനസ്സിലോര്‍ക്കുമ്പോള്‍ വളരെ കുതൂഹലം തോന്നുന്നു. ഈരേഴ് പതിനാല് ലോകങ്ങളും ജയിക്കാന്‍ ഞാനേകന്‍ മതിയാകും. കൊള്ളാവുന്നവര്‍ കേട്ടാല്‍ നിന്ദിക്കയല്ലാതെ പോരാത്തവരെ ക്കൊണ്ട് എന്തുഫലം? ഈ ലോകത്തില്‍ എന്റെ കരബലം ഉടനെ ശത്രുക്കളെ ദു:ഖിപ്പിക്കും.}

ശേഷം ആട്ടം-
രാവണന്‍:(കുംഭകര്‍ണ്ണന്റെ കൈയ്യില്‍ പിടിച്ചുനിര്‍ത്തി ആപാദചൂടം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഇവന്‍ കണ്ടാല്‍ ഏറ്റവും യോഗ്യന്‍‘ (കുംഭകര്‍ണ്ണനോട്) ‘കഷ്ടം! ജന്മം നിഷ്ഫലമാക്കിയല്ലോ നീ. ഇനി എന്റെ മുന്നില്‍ വന്ദിച്ചു നില്‍ക്കരുത്. നിനക്ക് സുഖമായി ശയിക്കുവാന്‍ ഒരു ഗൃഹം തരുന്നുണ്ട്. അവിടെ പോയി ഇഷ്ടം പോലെ ഉറങ്ങിയാലും’ (കുംഭകര്‍ണ്ണന്‍ ഉറക്കം തൂങ്ങുന്നതുകണ്ട് ക്ഷോഭിച്ച് എഴുന്നേറ്റ്) ‘പോ, പോ, പോവില്ലെ? നോക്കിക്കോ’
നാലാമിരട്ടിമേളത്തോടെ രാവണന്‍ കുംഭകര്‍ണ്ണന്റെ കഴുത്തില്‍ പിടിച്ച് തള്ളി അയക്കുന്നു. കുംഭകര്‍ണ്ണന്‍ നിഷ്ക്രമിക്കുന്നു. വീണ്ടും പീഠത്തില്‍ വന്നിരിക്കുന്ന രാവണനെ വിഭീഷണന്‍ കുമ്പിടുന്നു.
രാവണന്‍:(വിഭീഷണന്റെ കൈയ്യില്‍ പിടിച്ചുനിര്‍ത്തി കേശാദിപാദം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഇവനെ കണ്ടാല്‍ അതി മനോഹരന്‍’ (വിഭീഷണനോട്) ‘കഷ്ടം! ജാതിമഹിമ ലേശം പോലും വിചാരിച്ചില്ലല്ലോ? നിന്നെ ഇനി എന്റെ മുന്നില്‍ കാണരുത്. നിനക്ക് താമസിക്കാന്‍ ഒരു ഗൃഹം തരാം. അവിടെ ചെന്നിരുന്ന് വിഷ്ണുവിനെ ഭജിച്ചാലും. പോ’ (വിഭീഷണന്‍ നാരായണനാമം ജപിക്കുന്നതുകേട്ട് ക്രുദ്ധനായി ചെവിപൊത്തിക്കൊണ്ട് എഴുന്നേറ്റിട്ട്) ‘പോ, പോ, പോവില്ലെ? നോക്കിക്കോ’
നാലാമിരട്ടിമേളത്തോടെ രാവണന്‍ വിഭീഷണന്റെ കഴുത്തില്‍ പിടിച്ച് തള്ളി അയക്കുന്നു. വിഭീഷണന്‍ നിഷ്ക്രമിക്കുന്നു.
രാവണന്‍:(രംഗത്തേയ്ക്ക് ഓടിവന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘കഷ്ടം! സഹോദരന്മാരേക്കൊണ്ട് എനിക്ക് ഒരു ഫലവും ഇല്ലാതെയായി. ഉം, എനിക്കാരും വേണ്ട. ഞാനൊരുവന്‍ മതി.
രാവണന്‍ നാലാമിരട്ടി ചവുട്ടിയിട്ട് സന്തോഷാഭിമാനങ്ങളോടെ പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

പതിനാലാം രംഗത്തിലെ രാവണന്റെ തന്റേടാട്ടത്തില്‍ തെക്കന്‍ ചിട്ടയനുസ്സരിച്ചുള്ള പ്രധാന വത്യാസങ്ങള്‍

*’ഞാന്‍ വൈശ്രവണന്റെ കൈയ്യും കാലും ബന്ധിച്ച് കൊണ്ടുവന്ന് അമ്മയുടെ പാദത്തില്‍ വന്ദിപ്പിച്ചേക്കാം‘ എന്നല്ല രാവണന്‍ കൈകസിക്ക് വാഗ്ദാനം നല്‍കുന്നത്. ‘വൈശ്രവണനെ ജയിച്ച് പുഷ്പകവിമാനവും വാങ്ങി അമ്മയുടെ കാല്ക്കല്‍ കൊണ്ടുവെച്ച് നമസ്ക്കരിക്കാം’ എന്നാണ്.

*രാവണന്‍ ‘എന്റെ തപസ്സ് കഴിയുവോളം അവിടെ നിന്ന് അനങ്ങരുത്.‘ എന്ന് ആദിത്യനോട് ആജ്ഞാപിക്കുന്നില്ല. നാലുഭാഗത്തും ഹോമകുണ്ഡങ്ങള്‍ ജ്വലിപ്പിച്ച് പൂജയും കഴിച്ചശേഷം മുകളിലേയ്ക്ക് ആദിത്യനും അഗ്നിജ്വാലയും ശരിയാണോ എന്ന് നോക്കുകമാത്രമാണ് ചെയ്യുക.

*‘എന്റെ ഒരു ശിരസ്സൊഴിച്ച് ബാക്കിയെല്ലാം അറുത്ത് ഹോമിക്കുക തന്നെ’ എന്നു തീരുമാനിച്ച രാവണന്‍ തലകള്‍ ഓരോന്നായിട്ടല്ല വെട്ടി ഹോമിക്കുന്നത്. ഇരു ഭാഗത്തുനിന്നും ഓരോ തലകള്‍ അറുത്തെടുത്ത് ഇരുകൈകളും കൂട്ടിപിടിച്ച് ഇരുതലകളും ചേര്‍ത്താണ് ഹോമിക്കുന്നത്.

*തപസ്സില്‍ നിന്നും പിന്തിരിഞ്ഞ രാവണന്‍ നിശ്ചയദാര്‍ഢ്യത്തോടു കൂടി രംഗത്തേയ്ക്കുതന്നെ ഓടി വരുന്നതോടെ താളം ചെമ്പടയിലേയ്ക്ക് മാറുന്നില്ല. ‘ഇനി ശേഷിക്കുന്ന ഒരു ശിരസ്സുകൂടി അറുത്ത് ഹോമിക്കുകതന്നെ’ എന്നു കാട്ടുന്നതോടെ മേളം ഏകതാളത്തിലേയ്ക്ക് മാറുന്നു.

*തന്റെ നഷ്ടപ്പെട്ട ശിരസ്സുകള്‍ ഉണ്ടാവാനുള്ള വരമാണ് രാവണന്‍ ആദ്യമായി ആവശ്യപ്പെടുന്നത്. വരങ്ങള്‍ എല്ലാം വാങ്ങിയശേഷം ഇതുപോലെ തന്നെ തപസ്സുചെയ്യുന്ന തന്റെ സഹോദരര്‍ക്കും ആഗ്രഹം‌പോലെ വരങ്ങള്‍ കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് ബ്രഹ്മാവിനെ അയക്കുന്നത്.

പതിനഞ്ചാം രംഗം

രാവണനും പത്നി മണ്ഡോദരിയുമായുള്ള ശൃഗാരപദമായിട്ടുള്ള 
ഈ രംഗം വളരെ കാലമായി നടപ്പിലില്ലാത്തതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: