2008, ഡിസംബർ 17, ബുധനാഴ്‌ച

കാലകേയവധം പത്താം രംഗം

രംഗത്ത്-നിവാതകവചന്‍‍(രണ്ടാംതരം കത്തിവേഷം*)

ശ്ലോകം-രാഗം:ഘണ്ടാരം
“മന്ഥാക്ഷ്മാധരമഥ്യമാനജലനിദ്ധ്വാനപ്രതിദ്ധ്വാനിനാ
 പാര്‍ത്ഥക്ഷ്വേളിതനിസ്വനേന ജലദോദഞ്ചദ്രവേണാകുലൈ:
 ക്രുദ്ധൈരാശു നിവാതപൂര്‍വ്വകവചോ യുദ്ധായ ബദ്ധാദരം
 സാര്‍ദ്ധം ദാനവപുംഗവൈരഭിഗതോ വാചം ബഭാഷോര്‍ജ്ജുനം”
{മന്ഥരപര്‍വ്വതം കൊണ്ട് കടയുമ്പോള്‍ പാലാഴിയില്‍നിന്നുണ്ടാകുന്ന ശബ്ദത്തിനൊത്ത പാര്‍ത്ഥന്റെ സിംഹനാദമാകുന്ന മേഘഗര്‍ജ്ജനം കൊണ്ട് പരിഭ്രാന്തരും ക്രുദ്ധരുമായ ദാനവപുംഗവരോടുകൂടി നിവാതകവചന്‍ യുദ്ധസന്നദ്ധനായി വന്ന് അര്‍ജ്ജുനനോട് പറഞ്ഞു}

നിവാതകവചന്റെ തിരനോട്ടം-
നിവാതകവചന്റെ തന്റേടാട്ടം-
തുടര്‍ന്ന് വീണ്ടും തിരതാഴ്ത്തി നിവാതകവചന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
നിവാതകവചന്‍‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എന്നെ പോലെ കരപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുമില്ല. എന്റെ വരബലംകൊണ്ട് ദേവരാജാവായ ഇന്ദ്രന്‍ പോലും എന്നെ ഭയപ്പെട്ട് കഴിയുന്നു. ഇങ്ങിനെയെല്ലാം വന്നത് എന്റെ ഭാഗ്യം തന്നെ’(വീണ്ടും ഉത്തരീയംവീശി പീഠത്തിലിരിക്കുമ്പോള്‍ കഠിനമായ ശബ്ദം കേട്ട്, ഇരുവശങ്ങളിലും ശ്രദ്ധിച്ച്, അസഹ്യത നടിച്ച്) ‘ചെവിപൊട്ടിതെറിക്കുമാറുള്ള അട്ടഹാസങ്ങളോടെ എന്നെ യുദ്ധത്തിനുവിളിക്കുന്നതാര്? ഉം, ആരായാലും വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ.
തുടര്‍ന്ന് പടപ്പുറപ്പാട്-
നിവാതകവചന്‍‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (കൊണ്ടുവന്ന രഥം പരിശോധിച്ചിട്ട്) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് ദൂതന്മാരേ കണ്ട്) ‘കൊണ്ടുവന്നുവോ?’
നിവാതകവചന്‍ ദൂതന്മാരുടെ കയ്യില്‍ നിന്നും വില്ല് വാങ്ങി ഞാണ്‍ മുറുക്കി വലിക്കുന്നു. ശേഷം അമ്പ്, വാളും പരിചയും, ശൂലം, കുന്തം മുതലായ ആയുധങ്ങള്‍ ദൂതനില്‍ നിന്നും വാങ്ങി, ഓരോന്നും പയറ്റി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് തന്റെ ഉടവാളുകള്‍ എടുത്ത് തുടച്ചുമിനുക്കി അരയില്‍ ഉറപ്പിച്ച് പടച്ചട്ടയണിയുന്നു.
നിവാതകവചന്‍‍:(ഭടന്മാരോട്) ‘എല്ലാം തയാറായി, ഇനി യുദ്ധത്തിനു പുറപ്പെടുവിന്‍’ (പീഠത്തില്‍ കയറി ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടപ്പിന്‍, നടപ്പിന്‍’ (താഴെയിറങ്ങിയിട്ട്, ആത്മഗതം) ‘ഇനി വേഗം പോയി അവനെ ജയിക്കുകതന്നെ’
അനന്തരം നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ അമ്പും വില്ലും വാളും ധരിച്ചുകൊണ്ട് നിവാതകവചന്‍ തേരിലേക്ക് ചാടിക്കയറിയിട്ട്, പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീല നീക്കുമ്പോള്‍ വലത്തുഭാഗത്തുകൂടി നിവാതകവചന്‍ പ്രവേശിച്ച് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന്, ഇടതുവശത്തിരിക്കുന്ന അര്‍ജ്ജുനനെ കണ്ട് അടിമുടി വീക്ഷിക്കുന്നു.
നിവാതകവചന്‍:(ആത്മഗതം) ‘ഈ സുന്ദരരൂപന്‍ ആരാണ്? ആരായാലും ചോദിച്ചറിയുക തന്നെ’
നിവാതകവചന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.
യുദ്ധപദം-രാഗം:ഘണ്ടാരം, താളം:ചെമ്പ*(നാലാം കാലം)
നിവാതകവചന്‍:
ചരണം1:
“ആരെന്നു നീ പറഞ്ഞീടേണമെന്നോടു
 പോരിനായ് വന്നതും ചാരുകളേബര
 മാരനോ മാധവന്‍ താനോ മഹാമതേ
 മാരാരിയോ മാനുഷരിലൊരുവനോ?”
{എന്നോട് പോരിനായി വന്ന സുന്ദരശരീരനായ നീ ആരെന്നു പറഞ്ഞിടണം. മാരനോ? മാധവന്‍ തന്നെയോ? ശിവനോ? അതോ മനുഷ്യരില്‍ ഒരുവനോ?}

അര്‍ജ്ജുനന്‍:
ചരണം2:
“ശക്രാത്മജന്‍ ഞാനറിക നീ ദാനവ
 ചക്രായുധസഖിയാകിയ പാണ്ഡവന്‍
 ഉഗ്രനായീടും ഹിഡിംബനെ കൊന്നൊരു
 വിക്രമിയാകിയ ഭീമസഹോദരന്‍”
{ഇന്ദ്രാത്മജനും കൃഷന്റെ സഖാവുമായ പാണ്ഡവനാണ് ഞാനെന്ന് ദാനവനായ നീ അറിയുക. ഉഗ്രനായ ഹിഡിംബനെ കൊന്ന പരാക്രമിയായ ഭീമന്റെ സഹോദരന്‍}

നിവാതകവചന്‍:
ചരണം3:
“ജംഭാരിമുമ്പാം നിലിമ്പരെല്ലാം മമ
 സംഭാഷണേനൈവ ഡംഭം വെടിയുന്നു
 കിം ഭവാനെന്നോടു പോര്‍ ചെയ്‌വതിന്നലം
 സത്ഭാവമെത്രയും നന്നു നരാധമ”
{ഇന്ദ്രന്‍ മുതലായ ദേവന്മാരെല്ലാം എന്റെ ശബ്ദം കേട്ടാല്‍ത്തന്നെ അഹങ്കാരം വെടിയുന്നു. നീ എന്നോട് യുദ്ധം ചെയ്യാന്‍ മതിയോ? മനുഷ്യാധമാ, നിന്റെ ശുദ്ധഗതി കേമം തന്നെ}

അര്‍ജ്ജുനന്‍:
ചരണം4:
“രാവണന്‍ തന്നെ രണഭുവി കൊന്നൊരു
 രാമനോര്‍ത്തീടുകില്‍ മാനുഷനല്ലയോ
 ഏവം പറയുന്ന നിന്നെ ഞാനിപ്പഴേ
 കേവലം കാലപുരത്തിലാക്കീടുവന്‍”
{രാവണനെ യുദ്ധത്തില്‍ കൊന്ന രാമന്‍ മനുഷ്യനല്ലെ? ഇങ്ങിനെ പറയുന്ന നിന്നെ ഞാനിപ്പോഴേ കാലപുരത്തിലേക്കയക്കും}

നിവാതകവചന്‍:
ചരണം5:
“പണ്ടോരു വാനരം വാരിധി ലംഘിക്ക-
 കൊണ്ടിന്നു മറ്റൊരു മര്‍ക്കടഞ്ചാടുമോ
 ഉണ്ടു ചിറകിനിക്കെന്നോര്‍ത്തു മക്ഷിക
 പക്ഷീന്ദ്രനോടു തുല്യം പറന്നീടുമോ”
{പണ്ടോരു വാനരന്‍ സമുദ്രം ലഘിച്ചുവെന്നതുകൊണ്ട് ഇന്ന് മറ്റൊരു മര്‍ക്കടന്‍ ഇങ്ങിനെ ചാടുമോ? എനിക്കും ചിറകുണ്ടെന്നോര്‍ത്ത് ഈച്ച ഗരുഡനുതുല്യം പറന്നീടുമോ?}

അര്‍ജ്ജുനന്‍:
ചരണം6:
“കണ്ടുകൊള്‍കെങ്കിലോ നിന്‍ തല ഖണ്ഡിച്ചു
 ദണ്ഡധരന്നു നല്‍കീടുന്നതുണ്ടു ഞാന്‍
 തണ്ടാര്‍ശരവൈരിതന്നുടെ പാദങ്ങള്‍
 രണ്ടാണു് കുണ്ഠിതമില്ലിനിക്കോര്‍ക്കനീ”
{എങ്കില്‍ കണ്ടുകൊള്‍ക, നിന്റെ തല വെട്ടി അന്തകന് നല്‍കുന്നുണ്ട് ഞാന്‍. ശ്രീപരമേശ്വരന്റെ പാദങ്ങളാണെ സത്യം. അതിനെനിക്ക് ഒട്ടും വിഷമമില്ലെന്ന് നീ മനസ്സിലാക്കുക.}
“ഏവം പറയുന്ന നിന്നെ“(നിവാതകവചന്‍-കലാനിലയം പ്രദീപ്, അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
ശേഷം യുദ്ധവട്ടം-
അര്‍ജ്ജുനനും നിവാതകവചനും പരസ്പരം പോരിനിവിളിച്ച്, ബാണങ്ങളയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാവസാനത്തില്‍ അര്‍ജ്ജുനനയക്കുന്ന അസ്ത്രം നിവാതകവചന്റെ മാറിലേല്‍ക്കുന്നു. നിവാതകവചന്‍ പ്രാ‍ണവേദനയോടേ വീണുമരിക്കുന്നു.

-----(തിരശ്ശീല)-----

അര്‍ജ്ജുനന്‍:(തിരശ്ശീലക്ക് മുന്നിലെയ്ക്ക്‌വന്ന്) ‘ഇനി സ്വര്‍ഗ്ഗത്തിലേക്ക് പുറപ്പെടുകതന്നെ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഒന്‍പതാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ളപ്രധാന വത്യാസങ്ങള്‍

* തക്കന്‍ ചിട്ടയില്‍ നിവാതകവചന്‍ കത്തിവേഷമല്ല, ചുവന്നതാടിവേഷമാണ്.

*യുദ്ധപദത്തിന് ചെമ്പയല്ല മുറിയടന്തയാണ് താളം.

അഭിപ്രായങ്ങളൊന്നുമില്ല: