2008, ഡിസംബർ 17, ബുധനാഴ്‌ച

കാലകേയവധം പതിനൊന്നാംരംഗം

രംഗത്ത്-കാലകേയന്‍(ഒന്നാംതരം ചുവപ്പുതാടിവേഷം*), രാക്ഷസന്‍‍(ഭീരുവേഷം)

ശ്ലോകം-രാഗം:ആഹരി(നാഥനാമാഗ്രിയിലും പതിവുണ്ട്)
“ഹത്വാ നിവാതകവചം സമരേ സസൈന്യം
 പ്രസ്ഥാതുമിച്ഛതി ദിവം ത്രിദശേന്ദ്രസൂനൌ
 ദൈത്യാസ്തു കേചന സമേത്യ ഹതാവശിഷ്ടാ:
 നത്വാ തമൂചരഥ സംസദി കാലകേയം”
{സമരത്തില്‍ നിവാതകവചനെ നിഗ്രഹിച്ചശേഷം ഇന്ദ്രസൂനു സൈന്യസമേതം സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങുവാന്‍ ഉദ്ദേശിച്ചപ്പോള്‍, മരിക്കാതെശേഷിച്ച ചില ദൈത്യര്‍ ഉടനെ കാലകേയന്റെ സദസ്സിലെത്തി ഇങ്ങിനെ പറഞ്ഞു}

കാലകേയന്റെ തിരനോട്ടം-
ഭീരുവിന്റെ തിരനോട്ടം-
തുടര്‍ന്ന് കാലകേയന്റെ തന്റേടാട്ടം-
വീണ്ടും തിരതാഴ്ത്തി കാലകേയന്‍ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
കാലകേയന്‍:(എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ,മനസ്സിലായി. എന്നെ പോലെ ബലപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുണ്ട്? ഹേയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’
കാലകേയന്‍ വീണ്ടും പീഠത്തിലിരുന്ന് താടി ഒതുക്കുകയും മീശപിരിക്കുകയും ചെയ്തിട്ട്, ഉത്തരീയം വീശുന്നു.
കാലകേയന്‍:(നേരെമുന്നില്‍ ഒരാള്‍ വരുന്നതുകണ്ട് പെട്ടന്നെഴുന്നേറ്റ് സൂക്ഷിച്ചുനോക്കിയിട്ട്) ‘മാറില്‍ അസ്ത്രം തറച്ച്, നിലവിളിച്ചുകൊണ്ട് നേരെ വരുന്നതാര്? ഒരു അസുരഭടനോ? അതെ, അതെ. കഷ്ടം! ഇവനെ ഇങ്ങിനെ ചെയ്തത് ആരെന്ന് അറിയുകതന്നെ.’
ഭീരു മുന്നിലൂടെ(സദസ്സ്യരുടെ മദ്ധ്യത്തിലൂടെ) രംഗത്തേക്ക് വരുന്നു. കാലകേയന്‍ മുന്നോട്ടുവന്ന് ഭീരുവിനെ മാടിവിളിക്കുന്നു. ഭീരു രംഗത്തെത്തി കാലകേയന്റെ കാല്‍ക്കല്‍ വീഴുന്നു. കാലകേയന്‍ അനുഗ്രഹിച്ചിട്ട്, ഭീരുവിന്റെ മാറില്‍നിന്നും അമ്പ് പറിച്ചെടുത്തശേഷം പിടിച്ചെഴുനേല്‍പ്പിക്കുന്നു.
കാലകേയന്‍:‘നിന്നെ ഇങ്ങിനെ ചെയ്തതാര്?
ഭീരു:‘പറയാം, കേട്ടാലും’
വികൃതമായരീതിയില്‍ നാലാമിരട്ടിയെടുത്തുകലാശിച്ചിട്ട് ഭീരു പദാഭിനയം ചെയ്യുന്നു

ഭീരുവിന്റെ പദം-രാഗം:ആഹരി,താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“ദൈത്യേന്ദ്രമകുടമണിദേദീപ്യമാന ജയ
 കൃത്യജ്ഞ മൊഴി കേള്‍ക്ക മേ”
ചരണം1:
“പാര്‍ത്ഥനെന്നൊരു മനുജമൂര്‍ത്തിയെ കൈക്കൊണ്ടു
 മൃത്യുതാന്‍ തന്നെയധുനാ
 ചേര്‍ത്തിതു നിവാതകവചാദികളെയൊക്കവെ
 മാര്‍ത്താണ്ഡസുതമന്ദിരേ“
{ദൈത്യേന്ദ്രന്മാരുടെ ശിരോരത്നമായി അത്യന്തം ശോഭിക്കുന്നവനേ, വിജയിച്ചാലും. കൃത്യജ്ഞനായ അങ്ങ് എന്റെ മൊഴി കേട്ടാലും. പാര്‍ത്ഥന്‍ എന്നൊരു മനുജവേഷം കൈക്കൊണ്ടുവന്ന മൃത്യു, നിവാതകവചാദികളെയൊക്കെ യമപുരിയിലയച്ചു.}

കാലകേയന്‍:‘ഛീ, ഛീ, അപമാനം’

കാലകേയന്റെ മറുപടിപദം-രാഗം:കേതാരഗൌഡം, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“അത്യത്ഭുതംതന്നെ മര്‍ത്ത്യനതിദുര്‍ബ്ബലന്‍
 ദൈത്യരെ ഹനിച്ചതോര്‍ത്താല്‍”
ചരണം1:
“അദ്യൈവ ഞാന്‍ ചെന്നു മായാബലേന തം
 സദ്യോ ഹനിച്ചീടുന്നേന്‍
 ദൈന്യം വെടിഞ്ഞു വൈകാതെ പുറപ്പെടുക
 സൈന്യങ്ങളൊക്കെയധുനാ”
{അതിദുര്‍ബ്ബലനായ മര്‍ത്ത്യന്‍ ദൈത്യരെ ഹനിച്ചത് ഓര്‍ത്താല്‍ അത്യത്ഭുതം തന്നെ. ഇപ്പോള്‍തന്നെ ഞാന്‍ ചെന്ന് മായാബലം കൊണ്ട് വേഗം അവനെ ഹനിക്കുന്നുണ്ട്. സൈന്യക്കളോക്കെ ഇപ്പോള്‍ ദൈന്യതവെടിഞ്ഞ് വേഗം പുറപ്പെടുക}

ശേഷം ആട്ടം-
കാലകേയന്‍:(ഭീരുവിനെ വലതുഭാഗത്തേക്ക് മാറ്റിനിര്‍ത്തിയിട്ട്) ‘ഇനി വേഗം യുദ്ധത്തിന് പുറപ്പെടുക തന്നെ’
തുടര്‍ന്ന് പടപ്പുറപ്പാട്*-
കാലകേയന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
കാലകേയൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം കാലകേയൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു. തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
കാലകേയൻ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
കാലകേയന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി ആ മനുഷ്യന്റെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’ (വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (പീഠത്തില്‍ കയറി രസിച്ചിരിക്കുന്ന ഭീരുവിനെ ചവുട്ടി മറിച്ചിട്ടിട്ട്, ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ആ മനുഷ്യനെ ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കാലകേയന്‍ ഭീരുവോടുംകൂടി തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

തെക്കന്‍ ചിട്ടപ്രകാരം പത്താം രംഗത്തിലുള്ള പ്രധാന വത്യാസം
*കാലകേയന് വേഷം ചുവന്നതാടി അല്ല, നെടുംകത്തിയാണ്.

*പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും കാലകേയൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി കാലകേയൻ പകർന്നാടുകയാണ് ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല: