2008, ഡിസംബർ 16, ചൊവ്വാഴ്ച

കാലകേയവധം പന്ത്രണ്ടാം‌രംഗം

രംഗത്ത്-അര്‍ജ്ജുനന്‍,കാലകേയന്‍,ഭീരു

ശ്ലോകം-രാഗം:പന്തുവരാളി
“ശ്രുത്വാ സുഹൃന്നിധാനമാത്തശരാസിചാപോ
 ഗത്വാ ജവേന ചതുരംഗബലൈസ്സമേത:
 മദ്ധ്യേവിയല്‍ പഥമമും ന്യരുണല്‍ സ ദൈത്യോ
 മൃത്യോര്‍വ്വശം കില ഗതോ നിജഗാദ പാര്‍ത്ഥം”
{സുഹൃത്തിന്റെ വധത്തെകേട്ട ആ ദൈത്യന്‍ ചാപബാണങ്ങളേന്തി ചതുരംഗസേനയോടുകൂടി മൃത്യുവിന് വശഗതനായപോലെ പെട്ടന്ന് പുറപ്പെട്ടുചെന്ന് പാര്‍ത്ഥനെ ആകാശമദ്ധ്യത്തില്‍ തടുത്ത് ഇങ്ങിനെ പറഞ്ഞു}

അര്‍ജ്ജുനന്‍ ഇടതുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. കാലകേയനും ഭീരുവും വലത്തുവശത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു.
കാലകേയന്‍‍:(‘അഡ്ഡിഡ്ദിക്കിട’വെച്ച് മുന്നോട്ടുവന്ന് ഇരുവശങ്ങളിലും നോക്കിയശേഷം) ‘അര്‍ജ്ജുനന്‍ എവിടെ?’ (വിചാരിച്ചിട്ട്) ‘ആ, മനസ്സിലായി. സിംഹനാദം പോലെയുള്ള എന്റെ രഥശബ്ദം കേട്ട് ഭയന്ന് ഒളിച്ചിരിക്കുകയായിരിക്കും. തിരഞ്ഞുനോക്കുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് അര്‍ജ്ജുനനെ കണ്ട് സമീപത്തുചെന്ന് ആപാദചൂടം വീക്ഷിച്ചിട്ട്) ‘അര്‍ജ്ജുനന്‍ ഇവന്‍ തന്നെയായിരിക്കുമോ? അര്‍ജ്ജുനന് ഇരുകൈകളിലും ഞാണ്‍‌തഴമ്പുണ്ടെന്ന് കേട്ടിട്ടുണ്ട്. നോക്കാം’ (കൈകളില്‍ നോക്കിയിട്ട്) ‘അതെ, അതെ, ഇവന്‍ അര്‍ജ്ജുനന്‍ തന്നെ’ (അര്‍ജ്ജുനനോടായി) ‘ഏടാ, എന്റെ സുഹൃത്തായ നിവാതകവചനെ നിഗ്രഹിച്ചത് നീയല്ലെ?’
അര്‍ജ്ജുനന്‍:‘ഞാന്‍ തന്നെ. എന്തു വേണം?’
കാലകേയന്‍:‘എന്നാല്‍ കണ്ടുകൊള്‍ക’
കാലകേയന്‍ നാലാമിരട്ടിചവുട്ടിയിട്ട്, പദം അഭിനയിക്കുന്നു.

യുദ്ധപദം-രാഗം:പന്തുവരാളി,താളം:ചെമ്പട(മൂന്നാം കാലം)
കാലകേയന്‍:
പല്ലവി:
“മൂഢാ നീ മതിയാകുമോ മുന്നില്‍ നിന്നീടാന്‍
 മൂഢാ നീ മതിയാകുമോ”
ചരണം1:
“മര്‍ത്ത്യനായ നീയിന്നു
 ദൈത്യരോടു പോര്‍ ചെയ്കില്‍
 ശക്തനായ ഹരിയൊടെതിര്‍ക്കുമതി-
 മുദ്ധമായ മൃഗമെന്നു വന്നു ഭുവി”
(“മൂഢാ നീ മതിയാകുമോ.................“)
{മൂഢാ, മുന്നില്‍ നിന്നീടാന്‍ നീ മതിയാകുമോ? മനുഷ്യനായ നീ ഇന്ന് ദൈത്യരോട് പോര്‍ചെയ്താല്‍, തീര്‍ച്ചയായും ഭൂമിയില്‍ മാന്‍ ശക്തനായ സിഹത്തോടെതിരിടും.}

അര്‍ജ്ജുനന്‍:
ചരണം2:
“കാലകാലന്റെ കൃപ
 ചാലവേ ഉണ്ടെന്നാകില്‍
 കാലകേയ തവ കാലഗേഹഗമനായ
 കാലമിതുതന്നെ ദുര്‍മ്മതേ”
(“മൂഢാ നീ മതിയാകുമോ.................“)
ചരണം3:
“പോരും പറഞ്ഞതിനി
 പോരാളികളില്‍ വീര
 പാരിടത്തിലൊരു വീരനില്ല മമ
 നേരെ നിന്നു പൊരുതീടുവാനധികം”
(“മൂഢാ നീ മതിയാകുമോ.................“)
{കാലകാലന്റെ കൃപ വേണ്ടതുപോലെ ഉണ്ടെങ്കില്‍ ദുര്‍മ്മതിയായ കാലകേയാ, നിനക്ക് കാലഗേഹത്തിലേക്ക് ഗമിക്കുവാനുള്ള കാലമിതുതന്നെ. പോരാളികളില്‍ വീരാ, പറഞ്ഞതുമതി. എന്റെ നേരേനിന്ന് പൊരുതീടുവാനായി പാരിടത്തില്‍ ഒരു വീരനുമില്ല.}

കാലകേയന്‍:
ചരണം4:
“സര്‍പ്പം ഗരുഡനോ-
 ടെതിര്‍പ്പാന്‍ മതിയാകുമോ
 അത്ഭുതം കിമപി ദര്‍പ്പമിന്നു തവ
 നിഷ്പ്രയോജനമതും ജളപ്രഭോ”
(“മൂഢാ നീ മതിയാകുമോ.................“)
{അത്ഭുതം! ഗരുഡനോടെതിര്‍ക്കാന്‍ സര്‍പ്പം മതിയാകുമോ? നിന്റെ അഹങ്കാരംകൊണ്ട് ഇന്ന് എന്ത്? വിഢീ, നിഷ്പ്രയോജനകരമാണിത്.}

അര്‍ജ്ജുനന്‍:
ചരണം5:
“നീലവലാഹകത്തെ
 തോലനം ചെയ്തീടുന്ന
 കോലമിന്നു ശരജാലമെയ്തു
 തിലശോ മുറിച്ചു കൊലചെയ്‌വനിന്നു ഞാന്‍”
(“മൂഢാ നീ മതിയാകുമോ.................“)
{നീലമേഘത്തിന് തുല്യമായ നിന്റെ ശരീരം ഞാനിന്ന് ശരജാലമെയ്ത് എള്ളിന്മണികള്‍പോലെ മുറിച്ച് കൊലചെയ്യുന്നുണ്ട്.}
“മൂഢാ നീ മതിയാകുമോ“(ഭീരു-കലാ:അരുണ്‍ വാര്യര്‍, കാലകേയന്‍-കലാനിലയം മനോജ്, അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
ശേഷം യുദ്ധവട്ടം-
ശൌര്യം നടിച്ച് യുദ്ധത്തിനുചെല്ലുന്ന ഭീരുവിനെ അര്‍ജ്ജുനന്‍ വില്ലുകൊണ്ട് അടിച്ച് ഓടിക്കുന്നു. ഭീരു നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് കാലകേയനും അര്‍ജ്ജുനനും പോരുവിളിച്ച്, യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം കാലകേയന്‍ മായാവിദ്ധ്യയാല്‍ മറയുന്നു(പിന്നിലേക്ക് മാറുന്നു). വില്ലില്‍ ശരംതൊടുത്ത് അര്‍ജ്ജുനന്‍ കാലകേയനെ തിരയുന്നു. കാലകേയന്‍ പെട്ടന്ന് ഒളിഞ്ഞുനിന്ന്(പിന്നില്‍ വന്നു നിന്ന്) അര്‍ജ്ജുനനുനേരേ മോഹനാസ്ത്രമയക്കുന്നു. അര്‍ജ്ജുനന്‍ അസ്ത്രമേറ്റ് മോഹാലസ്യപെട്ട് നിലം‌പതിക്കുന്നു. കാലകേയന്‍ അര്‍ജ്ജുനന്റെ സമീപത്തുവന്ന് നോക്കി ചിരിക്കുന്നു. വീണ്ടും വില്ലുകൊണ്ട് അര്‍ജ്ജുനനെ പ്രഹരിച്ചിട്ട് കാലകേയന്‍, നിന്ദാമുദ്രയോടെ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-
“ജ്ഞാത്വാഥ പാര്‍ത്ഥസ്യ തു താമവസ്ഥാ
 മത്യാഹ നന്ദീശ്വര മിന്ദുമൌലി:
 ത്വം ഗച്ഛ സാഹായ്യ കൃതേര്‍ജ്ജുനസ്യ
 പ്ലവംഗതാം പ്രാപ്യ യയൌ തഥേതി”
{പാര്‍ത്ഥന്റെ ഈ അവസ്ഥയറിഞ്ഞ ശ്രീ പരമേശ്വരന്‍ നന്ദിശ്വരനോട് നിര്‍ദ്ദേശിച്ചു:‘നീ പോയി അര്‍ജ്ജുനനെ സഹായിക്കുക.‘ അതനുസ്സരിച്ച് നന്ദികേശ്വരന്‍ അര്‍ജ്ജുനസമീപത്തേക്ക് പോന്നു.}

അഭിപ്രായങ്ങളൊന്നുമില്ല: