2008, ഡിസംബർ 14, ഞായറാഴ്‌ച

കാലകേയവധം പതിമൂന്നാംരംഗം

രംഗത്ത്-നന്ദികേശ്വരന്‍‍(രണ്ടാംതരം വെള്ളത്താടിവേഷം),അര്‍ജ്ജുനന്‍, കാലകേയന്‍

ശ്ലോകം-രാഗം:മദ്ധ്യമാവതി
“നന്ദീശ്വര: സമുപഗമ്യ വിസംജ്ഞമേനം
 പസ്പര്‍ശ പാണിയുഗളേന നിജേന യാവല്‍
 സുപ്തപ്രബുദ്ധമിവ താവദുപസ്ഥിതന്ത
 മാസ്ഥാതിരേക വിനിതം നിജഗാദ പാര്‍ത്ഥം”
{ബോധരഹിതനായ പാര്‍ത്ഥന്റെ സമീപം വന്ന് നന്ദീശ്വരന്‍ തന്റെ കൈകള്‍കൊണ്ട് തലോടിയപ്പോള്‍ ഉറക്കത്തില്‍നിന്നെന്നപ്പോലെ അര്‍ജ്ജുനന്‍ ഉണര്‍ന്നെഴുന്നേറ്റ് ആദരവോടെ നമസ്ക്കരിച്ചു. അടുത്തുനില്‍ക്കുന്ന അദ്ദേഹത്തോട് നന്ദികേശ്വരന്‍ പറഞ്ഞു}

ഇടക്കാലത്തിലുള്ള തിരനോട്ടത്തിനുശേഷം നന്ദികേശ്വരന്‍, ഗദാധാരിയായി വലത്തുഭാഗത്ത് പീഠത്തില്‍ നിന്നുകൊണ്ട് തിരശീലതാഴത്തുന്നു. ഇടതുവശത്ത് അര്‍ജ്ജുനന്‍ അബോധാവസ്ഥയില്‍ കിടക്കുന്നു.
നന്ദികേശ്വരന്‍:(ആത്മഗതം) ‘യുദ്ധത്തില്‍ കാലകേയന്റെ ചതിയാല്‍ മോഹാലസ്യപ്പെട്ട അര്‍ജ്ജുനനെ സഹായിക്കുവാനായി ശ്രീപരമേശ്വരന്‍ കല്‍പ്പിച്ചിരിക്കുന്നു. അതിനാല്‍ വേഗം യുദ്ധരംഗത്തേക്ക് പോവുകതന്നെ’
നന്ദികേശ്വരന്‍ സഞ്ചരിച്ച് അര്‍ജ്ജുനസമീപമെത്തുന്നതായി നടിച്ച്, അര്‍ജ്ജുനനെ കണ്ട്, പീഠത്തില്‍നിന്നും താഴെയിറങ്ങി അര്‍ജ്ജുനനെ വാത്സല്യത്തോടെ തലോടി പിടിച്ചെഴുന്നേല്‍പ്പിച്ച്, തട്ടിയുണര്‍ത്തുന്നു. മോഹാലസ്യം വിട്ട് ഉണരുന്ന പാര്‍ത്ഥന്‍ നന്ദികേശ്വരനെ കണ്ട് ആരെന്ന് മനസ്സിലാകാതെ അന്ധാളിച്ച് നില്‍ക്കുന്നു.
നന്ദികേശ്വരന്‍:‘അല്ലയോ അര്‍ജ്ജുനാ, ഞാന്‍ പറയുന്നത് ശ്രവിച്ചാലും’
നന്ദികേശ്വരന്‍ നാലാമിരട്ടിചവുട്ടിയിട്ട്, പദം അഭിനയിക്കുന്നു.

നന്ദികേശ്വരന്റെ പദം-രാഗം:മദ്ധ്യമാവതി, താളം:ചമ്പ(നാലാം കാലം)
പല്ലവി:
“പുരുകുലകലശാബ്ധിപൂര്‍ണ്ണചന്ദ്ര നൃപേന്ദ്ര
 പോരും വിഷാദമിനി പോരുവതിനു പോകാ നാം”
ചരണം1:
“സമരഭുവി നിന്നുടയ സാഹായ്യമമ്പൊടു
 അമരസമ ചെയ്‌വതിന്നഹമിവിടെ വന്നു”
{പുരുകുലമാകുന്ന ക്ഷീരാബ്ധിക്ക് പൂര്‍ണ്ണചന്ദ്രനായ നൃപേന്ദ്രാ, വിഷാദിച്ചത് പോരും. ഇനി പോരിനായി നമുക്ക് പോകാം. ദേവതുല്യാ, യുദ്ധഭൂമിയില്‍ നിന്നെ സഹായിക്കുവാനായാണ് ഞാനിവിടെ വന്നത്.}

അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
“ആശ്ചര്യമിന്നു തവ കരതലസ്പര്‍ശനാല്‍
 മൂര്‍ച്ഛയുമകന്നു മമ മോദമിയലുന്നു”
ചരണം1:
“നിശ്ചയമഹോ ഭവാന്‍ ദിവ്യനെന്നതു നൂന-
 മിച്ഛാമി നാമമെന്തെന്നരുളേണമേ”
{ആശ്ചര്യം തന്നെ. അങ്ങയുടെ കരതലസ്പര്‍ശനത്താല്‍ എന്റെ മോഹാലസ്യം അകന്നു, സന്തോഷമായി. അഹോ! ഭവാന്‍ ദിവ്യനെന്നതു തീര്‍ച്ച. നാമമെന്തെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു. അരുളിചെയ്യേണമേ}

നന്ദികേശ്വരന്‍:
ചരണം2:
“ചന്ദ്രശേഖരദാസനാകുന്നു ഞാന്‍ അറിക
 ചന്ദ്രവംശാഭരണ ചന്തമോടിദാനിം”
ചരണം3:
“നന്ദിയെന്നെന്നുടെ നാമമെന്നകതാരില്‍
 നന്ദിയോടമരേന്ദ്രനന്ദന ധരിക്ക നീ”
ചരണം4:
“അഹിതനെക്കൊല്‍‌വതിനു സഹിതോ മയാ ഭവാന്‍
 സഹസാ പുറപ്പെടുക മതി മതി വിഷാദം”
{ചന്ദ്രവംശത്തിന് ആഭരണമായുള്ളവനേ, ചന്ദ്രശേഖരന്റെ ദാസനാണ് ഞാന്‍ എന്ന് ഭംഗിയായി അറിഞ്ഞാലും. ദേവേന്ദ്രനന്ദനാ, നന്ദി എന്നാണ് എന്റെ നാമമെന്നും നീ നന്നായി മനസ്സില്‍ ധരിച്ചാലും. മതി,മതി,വിഷാദം. ശത്രുവിനെ കൊല്ലുവാനായി ഭവാന്‍ എന്റെ കൂടെ പെട്ടന്ന് പുറപ്പെടുക.}

ശേഷം ആട്ടം-
നന്ദികേശ്വരന്‍:‘എന്നാല്‍ ഭവാന്‍ ഇവിടെ നിന്നുകൊള്ളുക. ഞാന്‍ ആ അസുരനെ യുദ്ധത്തിന് വിളിക്കാം’
നന്ദികേശ്വരന്‍ കാലകേയനെ സങ്കല്‍പ്പിച്ച് മുന്നിലേക്കുനോക്കി ‘എടാ, നോക്കിക്കോ’ എന്നു കാട്ടി, നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട്, പദം ആടുന്നു.

നന്ദികേശ്വരന്റെ പോരുവിളിപദം-രാഗം:പന്തുവരാളി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദൈത്യേന്ദ്ര പോരിന്നായേഹി ദൈന്യമെന്നിയേ
 ദൈത്യേന്ദ്ര പോരിന്നായേഹി”
അനുപല്ലവി:
“അത്ര നീ വരികിലാജിചത്വരേ
 സത്വരം യമപുരത്തിലാക്കീടും”
(“ദൈത്യേന്ദ്ര പോരിന്നായേഹി”)
{അസുരേന്ദ്രാ, മടികൂടാതെ പോരിനുവാ. നീ ഈ പോര്‍ക്കളത്തില്‍ വരുകില്‍ ഉടന്‍‌തന്നെ യമപുരത്തിലേക്കയക്കും}

പദം അവസാനിക്കുന്നതോടെ ചാപബാണധാരിയായി സദസ്യരുടെ മദ്ധ്യത്തിലൂടെ രംഗസമീപത്തേക്ക് വരുന്ന കാലകേയന്‍, അര്‍ജ്ജുനനേയും നന്ദികേശ്വരനേയും മാറി മാറി നോക്കിയിട്ട് തിരിഞ്ഞോടുന്നു. ചാപബാണധാരിയായി അര്‍ജ്ജുനനും, ഗദാധാരിയായി നന്ദീശ്വരനും അവനെ തുരത്തിക്കൊണ്ട് പിറകെ ഓടുന്നു. സദസ്സിലൂടെ ഓടി മൂവരും തിരിച്ച് രംഗത്തിലെത്തി തമ്മില്‍ തിരക്കുന്നു.
(കാലകേയന്‍ -കലാനിലയം മനോജ്,അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍)
തുടര്‍ന്ന് കാലകേയന്‍ വലതുഭാഗത്തുനിന്ന്, ഇടത്തുവശത്തുനില്‍ക്കുന്ന അര്‍ജ്ജുനനേയും നന്ദിയേയും മാറി മാറി നോക്കി പുച്ഛിക്കുന്നു.
കാലകേയന്‍:(അര്‍ജ്ജുനനോട്) ‘കഷ്ടം! ഒരു വാനരന്റെ പിന്നിലിങ്ങിനെ ഓച്ഛാനിച്ച് നില്‍ക്കുവാന്‍ നിനക്ക് നാണമില്ലെ അര്‍ജ്ജുനാ?’ (കോപാവേശത്തോടെ, നന്ദികേശ്വരനോട്) ‘എടാ, നിന്റെ അഹങ്കാരം ഉടനെ തീര്‍ക്കുന്നുണ്ട്, കണ്ടുകൊള്‍ക’
കാലകേയന്‍ നാലാമിരട്ടിയെടുത്ത്, പദം അഭിനയിക്കുന്നു.

യുദ്ധപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാംകാലം) 
കാലകേയന്‍:
ചരണം1:
“മര്‍ക്കടകീടാ നിനക്കു രണത്തിനു
 പാര്‍ക്കിലൊരര്‍ഹതയുണ്ടോ പരമിഹ
 വാക്കു പറഞ്ഞതുകൊണ്ടു രിപുക്കളെ
 ആര്‍ക്കു ജയിപ്പരുതാതു ദുരാത്മന്‍”
{മര്‍ക്കടകീടാ, ഓര്‍ത്താല്‍ നിനക്ക് രണംചെയ്യാന്‍ അര്‍ഹതയുണ്ടോ? രിപുക്കളെ വാക്കുകൊണ്ട് ജയിക്കുവാന്‍ ആര്‍ക്കാണ് സാധിക്കാത്തത് ദുരാത്മാവേ?}

നന്ദികേശ്വരന്‍:
ചരണം2:
“കൃത്യാകൃത്യ വിവേകവിചാരം
 ദൈന്യജനങ്ങള്‍ക്കുണ്ടോ പാര്‍ത്താല്‍
 ഇത്തരമോരോ വാക്കുപറഞ്ഞതു
 മൃത്യുവശഗതനായിട്ടല്ലേ”
{ദൈത്യന്മാര്‍ക്കുണ്ടോ കൃത്യാകൃത്യ ബോധം? ആലോചിച്ചാല്‍ മൃത്യുവിന് വശഗതനായിട്ടല്ലെ നീ ഇത്തരം ഓരോ വാക്കുകള്‍ പറഞ്ഞത്?}
ശേഷം യുദ്ധവട്ടം-
നന്ദികേശ്വരനും അര്‍ജ്ജുനനും ചേര്‍ന്ന് കാലകേയനോട് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ നാലാമിരട്ടികലാശിക്കുന്നതോടേ കാലകേയന്റെ കൈകള്‍പിന്നിലേക്ക് കൂട്ടിപിടിച്ച് നന്ദികേശ്വരന്‍ ഗദകൊണ്ട് മാറില്‍ പ്രഹരിക്കുന്നു. അര്‍ജ്ജുനന്‍ ഇടതുവശത്തുനിന്ന് കാലകേയന്റെ മാറിലേക്ക് അസ്ത്രമയക്കുന്നു. കാലകേയന്‍ മരിക്കുന്നു.

ശേഷം ആട്ടം-
അര്‍ജ്ജുനന്‍ നന്ദിയേ കുമ്പിടുന്നു. നന്ദികേശ്വരന്‍ അനുഗ്രഹിക്കുന്നു. 
അര്‍ജ്ജുനന്‍:‘സ്വാമിന്‍ ശ്രീപരമേശ്വരന്റെ കാരുണ്യം കൊണ്ടും, ഇവിടുത്തെ സഹായം കൊണ്ടും ദേവശത്രുക്കളെ എല്ലാം നിഗ്രഹിക്കുവാന്‍ സാധിച്ചു.’ 
നന്ദികേശ്വരന്‍:‘അതെ. ഇനി സന്തോഷത്തോടെ ഗമിച്ചാലും. ഞാനും വേഗം കൈലാസത്തില്‍ ചെന്ന് സ്വാമിയെ വിവരങ്ങള്‍ അറിയിക്കട്ടെ’ 
അര്‍ജ്ജുനന്‍:‘കല്‍പ്പനപോലെ’
അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നന്ദികേശ്വരനെ യാത്രയാക്കി തിരിയുന്നു. നന്ദികേശ്വരന്‍ അനുഗ്രഹിചിട്ട്, നിഷ്ക്രമിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും രംഗത്തേക്ക് വരുന്നു. 
അര്‍ജ്ജുനന്‍:(ഇടതുഭാഗത്തേക്ക് നോക്കി) ‘ഹേ മാതലേ, ഇനി വേഗം സ്വര്‍ഗ്ഗത്തില്‍ചെന്ന് അച്ഛനെ കണ്ട് വന്ദിക്കുക തന്നെ. രഥം വഴിപോലെ തെളിച്ചാലും’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം രഥത്തില്‍ ചാടികയറി, കൃതാര്‍ത്ഥതയോടും അഭിമാനത്തോടും പിന്നിലേക്ക് കാല്‍ കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

2 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

അങ്ങനെ കാലകേയവധം മുഴുവനായി,ല്ലേ?
സന്തോഷം.
തൌര്യത്രികത്തിലെ തെക്കുവടക്കുവഴക്കിനെപ്പറ്റിയുള്ള പോസ്റ്റ് കണ്ടുവോ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

തെക്കുവടക്ക് വഴക്കിനെപറ്റിയുള്ള പോസ്റ്റ് കണ്ടു. കാര്യങ്ങള്‍ നന്നായി അപഗ്രധിച്ച് എഴുതിയിരിക്കുന്നു.