ശ്ലോകം-രാഗം:ബലഹരി
“സിഗ്ദ്ധേരണ്യേ സുബഹുവിചരന്‍ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാര്‍ത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം”
{പ്രകൃതാര്‍ത്ഥം--നിബിഢവനത്തില്‍ ഏറെ സഞ്ചരിച്ച് വാനരേന്ദ്രനായ ഹനുമാനുമായി സഖ്യം സ്ഥാപിച്ച് യുദ്ധത്തില്‍ രാക്ഷസശ്രേഷ്ഠനായ ക്രോധാവശനേയും അനുചരരേയും വധിച്ച് കൃതാര്‍ത്ഥനായി സൌരഭ്യമുള്ള ധാരാളം പുഷ്പങ്ങളുടെ കൂട്ടത്താല്‍ അലംകൃതനായി ഭീമന്‍, ശ്രീരാമന്‍ പരിശുദ്ധയായ സീതയെ എന്നതുപോലെ ശുദ്ധയായ കാന്തയെ പ്രാപിച്ചു.
അപ്രാകൃതാര്‍ത്ഥം--നിബിഢവനത്തില്‍ ഏറെ സഞ്ചരിച്ച് വാനരേന്ദ്രനായ സുഗ്രീവനുമായി സഖ്യം സ്ഥാപിച്ച് യുദ്ധത്തില്‍ രാക്ഷസശ്രേഷ്ഠനായ രാവണനേയും അനുചരരേയും വധിച്ച് കൃതാര്‍ത്ഥനായി സന്തുഷ്ടന്മാരായ ദേവകളാല്‍ സ്തുതിക്കപ്പെട്ട് ശ്രീരാമന്‍ അഗ്നിശുദ്ധയായ സീതയെ പ്രാപിച്ചു. }
ഭര്‍ത്താവിനെ കാണാത്തതിലുള്ള ഖേദത്തോടെ പാഞ്ചാലി ഇടത്തുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. വലംകൈയ്യില്‍ ഗദയും ഇടംകൈയ്യില്‍ ഒരുകെട്ട് സൌഗന്ധികപൂക്കളും ഏന്തിക്കൊണ്ട് വലതുവശത്തുകൂടി ‘കിടതകധീം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ഭീമസേനന്‍ മുന്നോട്ടുവന്ന് പാഞ്ചാലിയെ കണ്ട്, പൂക്കളുടെ കെട്ട് അവളുടെ മുന്നില്‍ ഇറക്കിവെയ്ക്കുന്നു. ഭീമനെ കണ്ട് സന്തോഷത്തോടെ എഴുന്നേല്‍ക്കുന്ന പാഞ്ചാലിയെ ആലിംഗനം ചെയ്തശേഷം ഭീമന്‍ പദാഭിനയം ആരംഭിക്കുന്നു.
ഭീമന്റെ പദം-രാഗം:ബലഹരി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മല്ലലോചനേ മാ കുരു ഖേദം”
ചരണം1
“കല്യാണാലയേ നിന്നാല്‍ കാമിതങ്ങളായുള്ള
കല്‍ഹാരകുസുമങ്ങള്‍ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയില്‍ മമ വല്ലഭേ വൈകാതെ”
(“മല്ലലോചനേ മാ കുരു ഖേദം”)
ചരണം2:
“അനുപമരൂപനാകും അനിലനന്ദനനായ
ഹനുമാനെ പഥി കണ്ടേന്‍ ഹരിണാക്ഷി ഞാന്‍
അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
മനുജഹീനമാം വഴി പുനരാശു ഗമിച്ചേന്‍ ഞാന്‍”
(“മല്ലലോചനേ മാ കുരു ഖേദം”)
ചരണം3:
“സുരവരതരുണിമാര്‍ സുഖമോടു രമിച്ചീടും
സരണിയൂടെ ചെന്നു ഞാന്‍ സരസി വേഗാല്‍
സരഭസമോടു വന്ന സകലാശരരെക്കൊന്നു
തരസാ സൌഗന്ധികങ്ങള്‍ സപദി കൊണ്ടന്നേന്‍”
(“മല്ലലോചനേ മാ കുരു ഖേദം”)
{താമരമിഴിയാളേ, ഖേദിക്കരുത്‍. മംഗളങ്ങള്‍ക്ക് ഇരിപ്പിടമായവളേ, നിന്നാല്‍ ആഗ്രഹിക്കപ്പെട്ട സൌഗന്ധികപ്പൂക്കള്‍ കണ്ടാലും നീ. എന്റെ വല്ലഭേ, വൈകാതെ ഉല്ലാസത്തോടെ അഴകുള്ളമുടിയില്‍ ഇത് മെല്ലവേ ധരിച്ചാലും. മാന്മിഴിയാളേ, അനുപമരൂപനും വായുനന്ദനനുമായ ഹനുമാനെ ഞാന്‍ വഴിയ്ക്ക് കണ്ടു. പിന്നെ അദ്ദേഹത്തിന്റെ അനുജ്ഞയെ അനുസരിച്ച് ഞാന്‍ മനുഷ്യരാല്‍ സഞ്ചരിക്കാനാവാത്ത വഴിയിലൂടെ പെട്ടന്ന് ഗമിച്ചു. ദേവസുന്ദരിമാര്‍ സുഖമോടെ രമിച്ചുകൊണ്ടിരിക്കുന്ന വഴിയിലൂടെ ഞാന്‍ വേഗത്തില്‍ പൊയ്കയില്‍ ചെന്ന്, കുപിതരായ്‌വന്ന രാക്ഷസരെയെല്ലാം കൊന്ന്, വഴിപോലെ സൌഗന്ധികങ്ങള്‍ കൊണ്ടുപോന്നു.}
പാഞ്ചാലിയുടെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിരങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്തു് സുദുര്‍ല്ലഭമാകുന്നു
സരസിജേക്ഷണ വായുതനയ നൂനം”
പല്ലവി:
“വല്ലഭാ മോദം വളരുന്നതധികം”
{സുമുഖാ, സുഗന്ധികളായുള്ള ഈ പുഷ്പങ്ങള്‍ എത്രയും മനോഹരങ്ങളാണ്, തീര്‍ച്ച. താമരക്കണ്ണാ, വായുതനയാ, ഇവ ദേവലോകത്തുപോലും വളരെ ദുര്‍ല്ലഭങ്ങളാണ്, തീര്‍ച്ച. വല്ലഭാ, സന്തോഷം അധികമായി വളരുന്നു.}
ശേഷം ആട്ടം-
ഭീമന്‍:‘അല്ലയോ പ്രിയേ, ഇപ്പോള്‍ ഭവതിയുടെ ആഗ്രഹം സാധിച്ചതിനാല്‍ സന്തോഷമായല്ലോ അല്ലേ?’
പാഞ്ചാലി:‘ഉവ്വ്’
ഭീമന്‍:‘എന്നാലിനി സഹോദരന്മാരോടുകൂടി അജ്ഞാതവാസകാലത്തെകാത്ത് വസിക്കാം’
ഭീമനും പാഞ്ചാലിയും പരസ്പരം അലിംഗനം ചെയ്തുകൊണ്ട് നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ