2008, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിര്‍മ്മീരവധം മൂന്നാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ദുര്‍വ്വാസാവ്(ചുവന്ന തലമുടിയോടും നീണ്ടതാടിയോടും കൂടിയ മിനുക്ക്[മഹര്‍ഷി] വേഷം)

ശ്ലോകം-രാഗം:ഊശാനി
“ദുര്‍വ്വാരകോപശാലീ
 ദുര്യോധനചോദിതോഥ
 ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
 രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം”
{തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.}

വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.

ദുര്‍വ്വാസാവിന്റെ ശിവസ്തുതി പദം-രാഗം:ഊശാനി, താളം:മുറിയടന്ത/തൃപുട
ചരണം1:
“ചന്ദ്രകലാധര പാലയമാം
 ഛന്ദോമയ പരിപാലയമാം
 ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
 കൃപാലയ പാലയ മാം”
ചരണം:2[രംഗത്ത് പതിവില്ല]
"നാനാജനങ്ങളും കേട്ടുകൊൾവിൻ
 നാളൊരു നാഴിക നേരമ്പോലും
 നാമം പലതുണ്ടതിലൊരു നാമ-
 സങ്കീർത്തനം ചെയ്യണം നാണം വിനാ"
ചരണം3:[രംഗത്ത് പതിവില്ല]
"മാനവന്മാരെ ധരിച്ചുകൊൾവിൻ
 മാനുഷജന്മം പഴുതാക്കാതെ
 മാനസതാരിൽ മറന്നുപോകാതെ
 സ്മരിച്ചുകൊള്ളേണമേ സാംബശിവം"
ചരണം4:[രംഗത്ത് പതിവില്ല]
"മൃത്യുഞ്ജയ ത്രിപുരാന്തക മാം
 മൃത്യുഭയാദിഹ പാഹിതമാം
 ഭക്തജനപ്രിയ ജന്മാന്തരേപി ച
 ദേഹി ഭവദീയ ഭക്തിമിമാം"
ചരണം: 5[രംഗത്ത് പതിവില്ല]
"തംബുരു രുദ്രവീണാദികളും
 താംബൂല മാലതീമാലകളും
 അംബുജലോചനമാരുമല്ലാനന്ദ-
 മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ"
ചരണം:6[രംഗത്ത് പതിവില്ല]
"ജീവജന്തുക്കളെയൊക്കെ മേലിൽ
 ജീവിതേശൻ കൊണ്ടുപോകും നൂനം
 ഇവ്വണ്ണമുള്ളിലുറപ്പിച്ചെല്ലാരുമാവോളം
 നല്ലതു ചെയ്തുകൊൾവിൻ"
ചരണം7:[രംഗത്ത് പതിവില്ല]
"വഹ്നിയിൽ പാറ്റകൾ വീഴുമ്പോലെ
 മത്സ്യം വലയിലണയുമ്പോലെ
 വല്ലാതെ ചാർവ്വംഗിമാർതൻ കടാക്ഷ-
 വലയിൽ വീണിടായ്ക്സ സജ്ജനമേ"
ചരണം8:(മുറുകിയ കാലം)
“നന്നല്ല കാമ വിനോദമഹോ
 നമ്മുടെ നാഥന്‍ മഹേശവരനെ
 നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
 നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു”.
{ചന്ദ്രക്കലാധരാ, കാത്തുരക്ഷിച്ചാലും. വേദസ്വരൂപാ, ഇന്ദ്രാദിദേവകളാൽ വന്ദിക്കപ്പെടുന്ന പാദാരവിന്ദങ്ങളോടുകൂടിയവനേ, ദയാനിധേ, രക്ഷിച്ചാലും. നാനാജനങ്ങളും കേട്ടുകൊൾക, ഭഗവന്നാമങ്ങൾ പലതുള്ളതിൽ ഒന്നെങ്കിലും ഓരോദിവസവും നാഴികനേരമെങ്കിലും നാണം വിട്ട് നാമസങ്കീർത്തനം ചെയ്യണം. മനുഷ്യരേ, മനസ്സിലാക്കിയാലും, മനുഷ്യജന്മം പാഴിലാക്കാതെ സാബശിവനെ മാനസതാരിൽ മറന്നുപോകാതെ സ്മരിച്ചുകൊള്ളേണമേ. മൃത്യുജ്ഞയാ, ത്രിപുരാന്തകാ, എന്നെ മൃത്യുഭയത്തിൽനിന്നും ഇപ്പോൾ പൂർണ്ണമായി രക്ഷിച്ചാലും. ഭക്തജനപ്രിയാ, ജന്മാന്തരങ്ങളിൽക്കൂടി ഭവാനിലുള്ള ഈ ഭക്തി തന്നരുളിയാലും. ആനന്ദമൂർത്തിയായ ഭഗവാന്റെ ഭക്തിയിൽനിന്നും ലഭിക്കുന്ന ആനന്ദത്തെ ചിന്തിക്കുമ്പോൾ; തംബുരു രുദ്രവീണാദികളിൽനിന്നും, താബൂലം, മുല്ലപ്പൂ, മാലകൾ, താമരക്കണ്ണികളായസുന്ദരിമാർ എന്നിവയിൽനിന്നും കിട്ടുന്ന ഇന്ദ്രിയസുഖങ്ങൾ വെറും തുച്ഛമായവ മാത്രം. ജീവജന്തുക്കളെയൊക്കെ മേലിൽ കാലൻ കൊണ്ടുപോകും, ഉറപ്പ്. എല്ലാവരും ഇത് മനസ്സിലാക്കി ആവുന്നിടത്തോളം നന്മചെയ്തുകൊൾവിൻ. സജ്ജനങ്ങളേ, പാറ്റകൾ തീയിൽ വീഴുമ്പോലെയും, മത്സ്യങ്ങൾ വലയിൽകുടുംങ്ങമ്പോലെയും സുന്ദരിമാരുടെ വല്ലാത്തകടാക്ഷവലകളിൽ വീഴാതിരിക്കുക. ഹോ! നന്നല്ല കാമവിനോദം. നാനാവിധമുള്ള വിഷയങ്ങളെ കൈവിട്ടിട്ട്, നമ്മുടെ നാഥനായ മഹേശ്വരനെ നന്നായി സേവിച്ചുകൊൾവിൻ എല്ലാവരും.}
“ചന്ദ്രകലാധര പാലയമാം“ ധര്‍മ്മപുത്ര(കലാ:കൃഷ്ണകുമാര്‍)സമീപത്തെക്കുള്ള
ദുര്‍വാസാവിന്റെ(പരിയാരമ്പറ്റ ദിവാകരന്‍) വരവ്(ചിത്രം-12)
ശ്ലോകം-ഭൈരവി രാഗം

“പരോ ഹിതം മുനിമുപവിഷ്ടമാസനേ
 പുരോഹിതം നിജമുപവേശ്യ ധര്‍മ്മജ:
 പുരോഹിതപ്രകൃതിരനേന ഹിസ്തിനാല്‍
 പുരോഹിതപ്രഹിതമുവാച സാഞ്ജലി:“
{ദേശകാലങ്ങള്‍ക്കനിസൃതമായി പ്രവര്‍ത്തിക്കുന്ന സ്വഭാവിയായ ധര്‍മ്മപുത്രന്‍ തന്റെ പുരോഹിതനെ ഇരുത്തിയിട്ട്, ഹസ്തിനപുരിയില്‍ നിന്നും ദുര്യോധനന്‍ പറഞ്ഞയച്ചതു പ്രകാരം വന്നവനും, തന്റെ മുന്നിലിരിക്കുന്നവനുമായ ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴുതുകൊണ്ട് പറഞ്ഞു.}


ശ്ലോകത്തിൽ "നിജമുപവേശ്യ ധര്‍മ്മജ:" എന്നുചൊല്ലുന്നതോടെ ദുര്‍വ്വാസാവും ധര്‍മ്മപുത്രനും പരസ്പരം കാണുന്നു. ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് ഭക്ത്യാദരപൂര്‍വ്വം മഹര്‍ഷിയെ വലതുവശത്തേക്കാനയിച്ച് ഇരുത്തി, വണങ്ങുന്നു. ശ്ലോകം അവസാനിക്കുന്നതോടെ ധര്‍മ്മപുത്രന്‍ ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.


ധര്‍മ്മപുത്രപദം-ഭൈരവി രാഗം,ചമ്പ താളം
പല്ലവി:
“ജയ ജയ തപോധന മഹാത്മന്‍ സപദി
 ജനനമയി സഫലയതി ജഗതി തവ ദര്‍ശ്ശനം” [കലാശം]
ചരണം1:
“സാമ്പ്രതം സംഹരതി ദുരിതം പൂണ്ടു
 സുകൃതിയെന്നതുമപിച നിയതം മേലില്‍
 ശുഭമിതി ച സൂചയതി തവ ഖലു സമാഗമം”    
[കലാശം]
  ചരണം2:
“ശങ്കരാംശോല്‍ഭൂത സുമതേ മമ ഹി
 സങ്കടമകറ്റുവാനായി തേ പാദ-
 പങ്കജം പ്രണമാമി കരുണാപയോധേ”           
[കലാശം]
{മഹര്‍ഷേ,മഹാത്മാവേ,വിജയിച്ചാലും, വിജയിച്ചാലും. അവിടുത്തെ ദര്‍ശ്ശനത്താല്‍ എന്റെ ജന്മം പെട്ടന്ന് സഫലമായിരിക്കുന്നു. ദുരിതവും ഇപ്പോള്‍ നശിക്കുന്നു. കൂടാതെ പണ്ടേ സുകൃതിയാണെന്നും തീര്‍ച്ചയായി. അങ്ങയുടെ സമാഗമം മേലില്‍ ശുഭസൂചകമാകുന്നു. ശിവാംശമായി പിറന്നവനേ, പരിശുദ്ധഹൃദയാ, എന്റെ സങ്കടമകറ്റുവാനായി ഞാന്‍ കരുണാസമുദ്രമായ അവിടുത്തെ പാദപങ്കജങ്ങളില്‍ പ്രണമിക്കുന്നു.}


ദുര്‍വ്വാസാവിന്റെ മറുപടിപദം-മദ്ധ്യമാവതി രാഗം, ചമ്പ താളം
ചരണം1:
“കുന്തീസുത കുശലവാക്യം ചൊല്‍ക
 ചിന്തിക്കിലോ നൈവയോഗ്യം വനേ
 സന്താപമെന്നിയേ കിന്തു തവ സൌഖ്യം”       [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"കല്യാണശീല നൃപമൗലേ"
ചരണം2:
“പാത്രം ലഭിച്ചൊരുദന്തം കേട്ടു
 വാഴ്ത്തുന്നു പലരും ഭവന്തം സുകൃത-
 പാത്രമല്ലോ നീയുമോര്‍ക്കില്‍ നിതാന്തം”         [കലാശം]
{കുന്തീസുതാ, ചിന്തിച്ചാല്‍ കുശലവാക്യം പറയുന്നത് ഉചിതമല്ല. സന്താപമല്ലാതെ എന്തു സുഖമാണ് ഭവാന് ഈ വനത്തിലുള്ളത്. മംഗളശീലാ, രാജശ്രേഷ്ഠാ, പാത്രം ലഭിച്ച വാര്‍ത്തകെട്ട് പലരും ഭവാനെ വാഴ്ത്തുന്നു. ഓര്‍ത്താല്‍ നീ മഹാസുകൃതനിധിയുമാണല്ലൊ.}


ധര്‍മ്മപുത്രന്‍:
ചര്‍ണം3:
“ശിഷ്ടരെ അനുഗ്രഹിപ്പാനും അധിക
 ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
 പിഷ്ടമോദേന ഭുവി സഞ്ചാരസി നൂനം”          [കലാശം]
ചര‍ണം4:
“സജ്ജനസപര്യചെയ്‌വാനും വിരവി-
 ലിജ്ജനത്തിനു കഴിവരാനും നിയമ-
 മജ്ജനാദികളാശു രചയതു ഭവാനും”               [കലാശം]
{ഭക്തരെ അനുഗ്രഹിക്കുവാനും ദുഷ്ടരെ നിഗ്രഹിക്കുവാനുമായി സസന്തോഷ അവിടുന്ന് ഭൂമിയില്‍ സഞ്ചരിക്കുന്നു. സജ്ജനപൂജ ചെയ്യുവാനും ഈയുള്ളവന് കഴിവുണ്ടാകുവാനും അവിടുന്ന്‌ പതിവുപോലെ സ്നാനാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വന്നാലും.}


ദുര്‍വാസവ്:
ചരണം3:
"ചൊല്ലെഴും ധർമ്മമതിനാലെ നൃപതേ
 നല്ലതു ഭവിക്ക വഴിപോലെ നീയും
 അല്ലൽ തേടായ്ക ഹൃദി കൃപണരെപ്പോലെ" [കലാശം]
ചരണം4:
“ഭഗധേയാംബുധേ നിന്നെ ഞാനും
 ഭഗവതപുംഗവം മന്യേ യാമി
 ഭാഗീരഥീജലേ സ്നാതുമതിധന്യേ”                    [കലാശം]
{രാജാവേ, പുകൾപെറ്റ ധർമ്മാനുഷ്ഠാനത്തിനാൽ നിനക്കു വഴിപോലെ നല്ലതുവരട്ടെ. അജ്ഞാനികളേപ്പോലെ നീയും മനസ്സിൽ ദുഃഖിക്കാതിരിക്കുക. ഭാഗ്യസമുദ്രമേ, ഭവാനെ ഭക്തോത്തംസമാണെന്നു ഞാന്‍ വിചാരിക്കുന്നു. അത്യുത്കൃഷ്ടമായ ഗംഗാജലത്തില്‍ ഞാന്‍ സ്നാനത്തിനായി പോകുന്നു.}


ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ വീണ്ടും കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വ്വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘എന്നാല്‍ ഞങ്ങള്‍ വേഗത്തില്‍ സ്നാനാദികള്‍ കഴിഞ്ഞു വരാം.’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ വീണ്ടും വന്ദിച്ച് മഹര്‍ഷിയെ യാത്രയാക്കിക്കൊണ്ട് ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ചിത്രം-12നു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.

1 അഭിപ്രായം:

വികടശിരോമണി പറഞ്ഞു...

നല്ല ഉദ്യമം.അഭിനന്ദനങ്ങൾ! ഞാനും എന്റെ കഥകളിവിചാരങ്ങളുമായി ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു.തൌര്യത്രികം.സ്വാഗതം
http://chengila.blogspot.com/