2008, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിര്‍മ്മീരവധം നാലാം രംഗം

രംഗത്ത്-പാഞ്ചാലി

ശ്ലോകം-രാഗം:ആനന്ദഭൈരവി
“അഥ ദേവലോകതടിനീതടസ്ഥലീ-
 മുപയാതി മജ്ജനവിധിത്സയാ മുനൌ
 ദ്രുപദാത്മജാന്നരഹിതം തു ഭാജനം
 വിജനേ വിലോക്യ വിഷാദ വിഹ്വലാ”
{അനന്തരം മുനി സ്നാനാദികള്‍ക്കായി ഗംഗാതടത്തിലേക്കു പോയപ്പോള്‍ പാഞ്ചാലി, ഭക്ഷണരഹിതമായ പാത്രം നോക്കി പരവശയായി ഏകാന്തത്തിലിരുന്നു കരഞ്ഞു.}

രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് പാഞ്ചാലി പദം അഭിനയിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
“കിന്തു കരവൈ ഹന്ത ദൈവമേ
 കിന്തു കരവൈ”                         [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“അന്ധസാരഹിതമാകിയ സമയേ
 എന്തിതിങ്ങിനെ വന്നതുമധുനാ” [കലാശം-കൊട്ടുമാത്രം]
ചരണം1:
“മന്ദാകിന്യാം മജ്ജനം ചെയ്തു
 മാമുനീന്ദ്രന്‍
 താമസംവിനാ തരിക ഭോജ്യമിതി
 മാമുപേത്യ യാചിച്ചീടുമ്പോള്‍”    [കലാശം-കൊട്ടുമാത്രം]
ചരണം2:
“പാരിലുള്ള ഭാമിനിമാരില്‍
 ഭാഗ്യഹീനാ
 പാന്ഥരിങ്ങു വന്നീടുമ്മുമ്പില്‍
 പാപമല്ലയോ ഞാന്‍ ഭുജിച്ചതും”  [കലാശം-കൊട്ടുമാത്രം]
ചരണം3:
“സോപദംശം ശോഭനമന്നം
 സൂപസഹിതം
 കോപമോടവന്‍ ശാപവുമേകും”  [കലാശം-കൊട്ടുമാത്രം]
ചരണം4:
“കര്‍മ്മമല്ലോ സകലത്തിനും
 കാര്യമോര്‍ത്താല്‍
 കര്‍മ്മസാക്ഷിസുതനന്ദന രക്ഷിത
 ധര്‍മ്മഫലവുമിഹ നിഷ്ഫലമോ”   [കലാശം-കൊട്ടുമാത്രം]
ചരണം5:
“പാണ്ഡവാനാം പാലനലോല
 പാഹി ശൌരേ
 പാരമുള്ളോരഴല്‍ തീര്‍ത്തുടനെന്നെ
 പത്മനയന കാത്തരുളുക ദേവ” [കലാശം-കൊട്ടുമാത്രം]
{അയ്യോ, ദൈവമേ,ഞാന്‍ എന്തുചെയ്യട്ടെ? ഭക്ഷണം തീര്‍ന്ന സമയത്ത് എന്തേ ഇങ്ങിനെ വന്നത്? ഗംഗയില്‍ സ്നാനംചെയ്തു വരുന്ന മാമുനീന്ദ്രന്‍ എന്നെ സമീപിച്ച് ‘താമസിയാതെ ഭക്ഷണം തരിക’ എന്ന് അപേക്ഷിക്കുമ്പോള്‍ ഞാന്‍ എന്തുചെയ്യും? പരിപ്പും കറികളും കൂട്ടി നല്ല ചോറ് താപസോത്തമന് നല്‍കിടാഞ്ഞാല്‍ കോപമോടെ അദ്ദേഹം ശപിക്കും. ചിന്തിച്ചാല്‍, കര്‍മ്മം ആണല്ലൊ എല്ലാത്തിനും കാരണം. സൂര്യപൌത്രനാല്‍(ധര്‍മ്മപുത്രനാല്‍) രക്ഷിക്കപ്പെട്ട ധര്‍മ്മത്തിന്റെ ഫലം നിഷ്ഫലമായി പോകുമോ? പാണ്ഡവന്മാരുടെ പാലനത്തില്‍ ശ്രദ്ധയുള്ളവനേ, കൃഷ്ണാ, രക്ഷിക്കണേ. വലുതായ ദു:ഖം തീര്‍ത്ത് എന്നെ ഉടനെ കാത്തരുളണേ, താമരകണ്ണനായ ദേവാ}
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: