രംഗത്ത്-ശ്രീകൃഷ്ണന്‍,പാഞ്ചാലി
ശ്ലോകം-രാഗം:മോഹനം
“വിധുരാവിരഭൂല്‍ പുരോഭുവി
ദ്രുപദേന്ദ്രാത്മഭവാചകോരികാം
സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍
ചലദൃക്ക് ചഞ്ചുപുടാന്തമോപഹ:”
{അപ്പോള്‍ ചലിക്കുന്നനേത്രങ്ങളോടുകൂടിയവളായ പാഞ്ചാലിയാകുന്ന ചകോരികയുടെ മുന്നിൽ പുഞ്ചിരിയാകുന്ന പൂനിലാവിനാല്‍ ദുഃഖമാകുന്ന ഇരുട്ട് അകറ്റി ഏറ്റവും ഹർഷപുളകിതയാക്കികൊണ്ട് ശ്രീകൃഷ്ണനാകുന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു.}
ഇടതുവശത്ത് കൃഷ്ണസ്മരണയില്‍ മുഴുകി ഇരിക്കുന്ന പാഞ്ചാലി, വലത്തുഭാഗത്തുകൂടി ‘കിടതകധീം,താ’മിനൊപ്പം പ്രവേശിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, മുട്ടുകുത്തി വന്ദിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് പദം ആടുന്നു.
ശ്രീകൃഷ്ണപദം-രാഗം:മോഹനം,താളം:അടന്ത
പല്ലവി:
“ധന്യേ മഹിതസൌജന്യേ പാഞ്ചാല-
കന്യേ കേള്‍ക്ക വദാന്യേ” [കലാശം]
അനുപല്ലവി:
“അന്യംപ്രതി നിജദൈന്യം ചൊല്‍വതു
സാമാന്യമെന്നതു മന്യേ” [കലാശം]
ചരണം1:
“നല്ലാര്‍കുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരത്തല്‍ മെല്ലെ” [കലാശം]
ചരണം2:
“ക്ഷുധയാ പരവശഹൃദയാംഭോജം
അമിതയാവേഹി മാം സദയം” [കലാശം]
ചരണം3:
“അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം” [കലാശം]
{ധന്യേ, മഹത്തായ സജ്ജനസ്വഭാവത്തോടുകൂടിയവളേ, പാഞ്ചാലകന്യേ, ദാനശീലേ, കേള്‍ക്കുക. സ്വന്തം വിഷമം അന്യനോടു പറയുന്നത് വിരസമാണേന്നു കരുതുന്നു. എങ്കിലും യുവതീകുലരത്നമേ, ആ കഠിന വ്യഥ ഭവതിയോട് മെല്ലെ ചൊല്ലാം. എന്റെ ഹൃദയമാകുന്ന താമരമലര്‍ വീശപ്പുകൊണ്ട് വാടിയിരിക്കുന്നു എന്ന് സദയം അറിയുക. നല്ല കറികളോടുകൂടി അന്നം തന്നാലും. അതല്ലെങ്കില്‍ വനവിഭവങ്ങളായാലും മതി.}
പാഞ്ചാലിയുടെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി(നീലാബരിയിലും പതിവുണ്ട്), താളം:അടന്ത
പല്ലവി:
“നൃഹരേ കരകലിതാരേ മാമിഹ
ശൌരേ പാഹി മുരാരേ” [കലാശം]
അനുപല്ലവി:
“കായാമ്പൂനിറമായ നിന്നുടെ
മായാ നൂനം അമേയാ” [കലാശം]
ചരണം1:
“പാത്രം ദിനകരദത്തം പശ്യ
വിവിക്തം ഭോജനരിക്തം” [കലാശം]
ചരണം2:
“കര്‍ത്തും തവ ഖലു ഭുക്തിം കിഞ്ചന
ഭക്തന്നഹി നഹി സത്യം” [കലാശം]
{നൃഹരേ, ചക്രധരാ, ശൌരേ, എന്നെ രക്ഷിക്കേണമേ മുരാരേ. കായാമ്പൂനിറമായ നിന്റെ മായ തിര്‍ച്ചയായും അറിയാന്‍ സാധ്യമല്ല. ദിനകരന്‍ തന്ന പാത്രം ഇതാ ഒഴിഞ്ഞ് കമഴ്ത്തി വെയ്ച്ചിരിക്കുന്നു, കണ്ടാലും. അങ്ങേയ്ക്ക് ഉണ്ണുവാന്‍ ഒട്ടും ചോറ് അതിലില്ല, സത്യം. }
ശ്രീകൃഷ്ണന്‍:
ചരണം4:
“ശാകം വാ കൃതപാകം തരിക
വിശോകം കൃപയാസാകം” [കലാശം]
{വേവിച്ച ചീരയായാലും മതി, ദയവായി വിഷമിക്കാതെ തരിക.}
ഇടശ്ലോകം^-
“ശ്രുത്വാ ജനാര്‍ദ്ദനഗിരം ദ്രുപദാത്മജാ സാ
പാത്രേതി സൂഷ്മതരമാശു വിലോകൃശാകം
ആദായ സ്ത്രപമദാന്നരകദ്വിഷേസ്മൈ
ഭുക്ത്വാ തദാത്മനഗരിം പ്രയയൌ മുകുന്ദ:“
{ഭഗവാന്റെ വാക്കുകേട്ട പാഞ്ചാലി പാത്രത്തില്‍ പറ്റിയിരുന്ന എത്രയോ ചെറുതായ ചീരയില കണ്ട്, ലജ്ജയോടുകൂടി ഭഗവാനു നല്‍കി. ശ്രീകൃഷ്ണന്‍ അതു ഭുജിച്ചിട്ട് തന്റെ നഗരിയിലേക്കുപോയി.}
[^ഈ ശ്ലോകം ആലപിക്കുന്നതോടെ പാഞ്ചാലി പാത്രം എടുത്ത് സൂഷ്മമായി പരിശോധിക്കുന്നു. ‘വിലോക്യ’ എന്നു ചൊല്ലുന്നതോടെ ചീരയില കാണുന്നു. വലംകയ്യാല്‍ അതെടുത്ത് ലജ്ജയോടും ആദരവോടും കൂടി, ‘സ്ത്രപമദാന്നരകദ്വിഷേ‘ എന്നു പാടുന്നതിനൊപ്പം, രംഗമദ്ധ്യത്തില്‍ ഇരുകൈകളും നീട്ടി താണുനില്‍ക്കുന്ന കൃഷ്ണന്റെ കൈകളില്‍ സമര്‍പ്പിക്കുന്നു. ‘ഭുക്ത്വാ’ എന്നതിനൊപ്പം അതു ഭക്ഷിച്ചിട്ട് കൃഷ്ണന്‍, ‘നഗരിം പ്രയയൌ‘ എന്ന് ആലപിക്കുന്നതോടെ വലത്തോട്ട് കെട്ടിച്ചാടി നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് പാഞ്ചാലിയും നിഷ്ക്രമിക്കുന്നു. ]
-----(തിരശ്ശീല)-----
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ