രംഗത്ത്-ധര്‍മ്മപുത്രന്‍,ദുര്‍വാസാവ്
ശ്ലോകം-രാഗം:കേദാരഗൌളം
“സൌഹിത്യം പ്രജതി ജയന്മയേ മുരാരൌദുര്വാസാ: സമജനി തൃപ്തിമാന്‍ സശിഷ്യ:
സന്തുഷ്ട: ശമനസുതം സമെത്യ ഭൂയ:
പ്രോവാച പ്രതിപദമാശിഷോ വിതന്വന്‍"
{വിശ്വരൂപനായ കൃഷ്ണന്‍ തൃപ്തിപൂണ്ടപ്പോള്‍ ദുര്‍വാസാവും ശിഷ്യരും സംതൃപ്തരായി. സന്തുഷ്ടരായി തീര്‍ന്ന ദുര്‍വാസാവും ശിഷ്യരും ധര്‍മ്മപുത്ര സമീപം ചെന്ന് വീണ്ടും വീണ്ടും ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു.}
.
ധര്‍മ്മപുത്രന്‍ ഇടതുവശത്തു കുമ്പിട്ടുനില്‍ക്കുന്നു. വലത്തുഭാഗത്തുകൂടി ദുര്‍വാസാവ് ഇടക്കിടെ ഏമ്പക്കം വിട്ടുകൊണ്ടും വയറുതടവിക്കൊണ്ടും പദമാടിക്കൊണ്ട് പ്രവേശിക്കുന്നു.
.
ദുര്‍വാസാവിന്റെ പദം-രാഗം:കേതാരഗൌള,താളം:ചമ്പ
പല്ലവി:“ഭവതു തവ മംഗളം ഭാരതമഹീപാല
ഭാസുരശിരോരത്നമെ”
അനുപല്ലവി:
“ഭാഗ്യാംബുധേ നിങ്കല്‍ വാസുദേവന്‍ തന്റെ
വാത്സല്യമുള്ളതെല്ലാം
ഭാവതദ്ദൃശാ കണ്ടു വിസ്മയം പൂണ്ടു ഞാന്‍
ഭൂയോപി ജീവ സുചിരം”
ചരണം1:
“മന്ദാകിനീജലേ മദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവിലഹോ
മന്ദേതരം തൃപ്തി വന്നു ഞങ്ങള്‍ക്കിന്നു
മന്നിലതിമാനുഷന്‍ നീ”
{ഭരതവംശ രാജാക്കന്മാര്‍ക്ക് ശിരോരത്നമായിട്ടുള്ളവനേ, ഭവാനു മംഗളം ഭവിക്കട്ടെ. ഭാഗ്യസമുദ്രമേ, വാസുദേവന് നിന്നോടുള്ള വാത്സല്യമെല്ലാം ജ്ഞാനദ്ദൃഷ്ടികൊണ്ട് കണ്ട്, ഞാന്‍ വിസ്മയം പൂണ്ടുപോയി. ഇനിയും വളരെക്കാലം ജീവിക്കുക. ഗംഗാജലത്തില്‍ മദ്ധ്യാഹ്നസ്നാനം ചെയ്തപ്പോള്‍ ആശ്ചര്യം! പെട്ടന്ന് ഞങ്ങള്‍ക്ക് തൃപ്തി വന്നു. നീ ഭൂമിയില്‍ അതിമാനുഷന്‍ തന്നെ.}
.
“ഭാഗ്യാംബുധേ നിങ്കല്‍“ ദുര്‍വാസാവും(പെരിയാരമ്പറ്റ ദിവാകരന്‍)
ധര്‍മ്മപുത്രരും(കലാ:കൃഷ്ണകുമാര്‍)[ചിത്രം-14]
.ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരി,താളം:ചെമ്പട
ചരണം1:
“ശ്ലാഘ്യനാകും തവാനുഗ്രഹത്തിനു ഞാന്‍
യോഗ്യനായ്‌വരികയാലേ ഭാഗ്യമാഹന്ത മമ
വാഗ്ഗോചരമല്ല വക്തുമിഹ പാര്‍ക്കിലധുനാ”
{അഹോ, പ്രശംസനീയനായ അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭവിക്കയാല്‍ എന്റെ ഭാഗ്യത്തെപ്പറ്റി പറയാന്‍ വാക്കുകള്‍കൊണ്ട് സാധ്യമല്ല.}
.
ദുര്‍വാസാവ്:
ചരണം2:
“ചിത്രം വിചിത്രമീ വൃത്താന്തമൊക്കവേ
പ്രീത്യാ ഗമിക്കുന്നു ഞാന്‍
^^ധൂര്‍ത്തന്‍ ശഠന്‍ കുമതി ദുര്യോധനന്‍ തന്റെ
ദുര്‍മ്മദമടക്കീടുവന്‍^^^“(“ഭവതു തവ മംഗളം.............“)
{വിശേഷമായി! ഈ ചരിതമൊക്കെ വിചിത്രം തന്നെ. ഞാന്‍ പ്രീതിയോടെ ഗമിക്കുന്നു. താന്തോന്നിയും വാശിക്കാരനും ദുഷ്ടനുമായ ദുര്യോധന്റെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്.}
.
[^^“ധൂര്‍ത്തന്‍ ശഠന്‍“ തുടങ്ങി കാലംകയറ്റി പാടുന്നു.]
.
[^^^പദാവസനത്തിലെ കലാശത്തോടൊപ്പം ദുര്‍വാസാവ് ദുര്യോധനനെ ശപിക്കാനൊരുങ്ങുന്നു. ധര്‍മ്മപുത്രന്‍ ഓടിച്ചെന്ന് അത് തടയുന്നു. ധര്‍മ്മപുത്രനെ നോക്കി ചിരിച്ചിട്ട് ദുര്‍വാസാവ് പല്ലവിആവര്‍ത്തനം ആടുന്നു.]
.
ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ദുര്‍വാസാവിനെ കെട്ടിച്ചാടി കുമ്പിടുന്നു.ദുര്‍വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘അല്ലയോ രാജാവേ, ശ്രീകൃഷ്ണന്റെ കാരുണ്യം ഉള്ളതിനാല്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഈ സങ്കടങ്ങളേല്ലാം ഉടനെ ഒഴിയും. ശത്രുക്കളെ ജയിച്ച് നിങ്ങള്‍ സന്തോഷത്തോടെ രാജ്യം ഭരിക്കും’
ധര്‍മ്മപുത്രന്‍:‘എല്ലാം ഇവിടുത്തെ കാരുണ്യം പോലെ വരട്ടെ’
ദുര്‍വാസാവ്:‘എന്നാല്‍ ഞങ്ങളിപ്പോള്‍ പോകട്ടെ. സന്തോഷത്തോടെ വസിച്ചാലും’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് ദുര്‍വാസാവിനെ യാത്രക്കുന്നതോടെ ഇരുവരും നിഷ്ക്രമിക്കുന്നു.
.
-----(തിരശ്ശീല)-----
.ചിത്രം 14നു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.


0 പിന്മൊഴികള്‍:
Post a Comment