2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കിര്‍മ്മീരവധം ഏഴാം രംഗം

രംഗത്ത്-ശാർദ്ദുലൻ(രണ്ടാംതരം ചുവന്നതാടിവേഷം), അർജ്ജുനൻ(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:പന്തുവരാളി
"സംക്ഷുഭ്യദ്രൂക്ഷചക്ഷുഃ ശ്രുതിപുടകടുഭിഃ പ്രോച്ചകൈഃ ശബ്ദഘോഷൈഃ
 ബ്രഹ്മാണ്ഡക്ഷോഭദായീ ഖരനഖരമുഖൈഃ പാടയൻ സത്വസംഘാൻ
 ക്ഷിപ്രം വ്യാജൃംഭമാണഃ കുരുകുലവൃഷഭാൻ ഹന്തുകാമോ നിതാന്തം
 ശാർദ്ദൂലാഖ്യഃ പ്രജല്പന്നിതി രജനിചരഃ പ്രാപ ശാർദ്ദൂലലീലഃ"
{ഉരുട്ടിമിഴിച്ച ക്രൂരമായ കണ്ണുകളോടുകൂടിയവനും, കർണ്ണകഠോരവും ഉച്ചത്തിൽ മുഴങ്ങുന്നതുമായ ശബ്ദഘോഷത്താൽ ബ്രഹ്മാണ്ഡത്തെതന്നെ ഞെട്ടിക്കുന്നവനും, കടുപ്പമുള്ളനഖങ്ങളുടെ മുനകൾകൊണ്ട് ജീവജാലങ്ങളെ പിച്ചിചീന്തുന്നവനും, കടുവയെപ്പോലെ പെരുമാറുന്നവനുമായ ശാർദ്ദൂലൻ എന്ന രാക്ഷസൻ പാണ്ഡവരെ നിഗ്രഹിക്കുവാനാഗ്രഹിച്ചുകൊണ്ട് വലിഞ്ഞുമുന്നോട്ടാഞ്ഞുവന്ന് അലറിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു}

ശാർദ്ദൂലന്റെ തിരനോട്ടം-
ശാർദ്ദൂലന്റെ തന്റേടാട്ടം-
തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തി ശാർദ്ദൂലൻ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
താടി ഒതുക്കുകയും മീശപിരിക്കുകയും ചെയ്ത് കൃതാർത്ഥത നടിക്കുന്നു. തുടർന്ന് എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിൽക്കുന്നു.
ശാർദ്ദൂലൻ:‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ,മനസ്സിലായി. എന്നെ പോലെ ബലപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുണ്ട്? ഹേയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’(വീണ്ടും പീഠത്തിലിരുന്ന്  ഉത്തരീയം വീശിയിട്ട്)'എന്നാൽ മനുഷ്യമാസം ഭക്ഷിച്ചിട്ട് വളരേനാളുകളായി. എന്നെ ഭയപ്പെട്ട് ഒരു മനുഷ്യജീവിയാകട്ടെ ഈ വനത്തിലേയ്ക്ക് വരാറില്ല. ഒരു മനുഷ്യനെ ലഭിക്കുവാൻ മാർഗ്ഗമെന്ത്?(ചിന്തിച്ചിരിക്കവെ പെട്ടന്ന് മനുഷ്യഗന്ധം ലഭിച്ചിട്ട്)'ഹോ! എവിടെ നിന്നോ മനുഷ്യഗന്ധം വരുന്നുവല്ലോ!'(പെട്ടന്നെഴുന്നേറ്റ് ദൂരത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കിക്കണ്ടിട്ട്)'ഹോ! അതാ ചിലമനുഷ്യർ എന്റെ നേരേ വരുന്നു.(വീണ്ടും സൂക്ഷിച്ചുനോക്കി എണ്ണിയിട്ട്)'ഏറ്റവും സുന്ദരന്മാരായ അഞ്ചുപുരുഷന്മാരും ഒരു സുന്ദരിയായ സ്ത്രീയും കൂടിയാണ് വരുന്നത്. ആയുധധാരികളായ ഇവർ ആരായിരിക്കും?(ആലോചിച്ച് മനസ്സിലാക്കിയിട്ട്)'ഹോ പാണ്ഡവന്മാർ തന്നെ'(വീണ്ടും കണ്ട് അതിയായസന്തോഷത്തോടെ)'ഹോ! അവരുടെ പിന്നാലെ അസംഖ്യം ബ്രാഹ്മണരും വരുന്നുണ്ട്. ഇന്ന് എനിക്ക് പരമസുഖമായി! ഇനി ഇവരുടെ നേരെ ചെല്ലുകതന്നെ.'
ശാർദ്ദൂലൻ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

ശാർദ്ദൂലന്റെ വിചാരപ്പദം-രാഗം:പന്തുവരാളി, താളം:ചെമ്പട
പല്ലവി:
"ആരിഹവന്നതെടാ വിപിനേ
 ആരിഹവന്നതെടാ"         [വട്ടംവെച്ചുകലാശം]
ചരണം1:
"ചാരുതരം മമ പാരണ വിധിനാ
 നേരൊടു കല്പിതയോ താൻ
 ഭീരുത ദൂരെ വെടിഞ്ഞിഹ വന്നതു
 ശൂരതരന്മാർ നൂനം"         [കലാശം-തോങ്കാരം]
ചരണം2:
"ഇക്ഷണമീക്ഷണഗോചരരാകിൽ
 ഭക്ഷണമെൻകരസംസ്ഥം
 കുക്ഷിപിളർന്നവരുടെ രുധിരം ഞാൻ
 ശിക്ഷയൊടാസ്വദിപ്പൻ"  [കലാശം-തോങ്കാരം]
ചരണം3:
"മർത്യാമിഷമുഹ ഭുക്തികഴിപ്പാ-
 നെത്രദിവസമുടനോർത്തേൻ
 ചിത്രമിതിനു മമ സംഗതി വന്നതു-
 മെത്രയുമെന്നുടെ ഭാഗ്യം" [കലാശം-തോങ്കാരം]
ചരണം4:
["ക്ഷുത്തുവളർന്നൊരു കേസരി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ശാർദ്ദൂലൻ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]
"ക്ഷുത്തുവളർന്നൊരു കേസരി മുമ്പിൽ
 സത്വനികരമതുപോലെ
 മർത്ത്യഗണങ്ങളകപ്പെട്ടിതു മമ
 ഹസ്തസമീപേ നൂനം"      [കലാശം]
 {ആരാണിവിടെ ഈ കാട്ടിൽ വന്നത്? മനോഹരം! അതിശൂരന്മാരായ നിങ്ങൾ ഭീരുതവെടിഞ്ഞ് ഇവിടെ വന്നത് എനിക്ക് വിധികൽപ്പിതമായ പാരണതന്നെയാണിത്, ഉറപ്പ്. നിങ്ങൾ എന്റെ കണ്ണിൽപ്പെട്ടനിമിഷംതന്നെ എന്റെകയ്യിൽ ഭക്ഷണമായിക്കഴിഞ്ഞു.വയറുപിളർന്ന് അവരുടെ രക്തം ഞാൻ യഥേഷ്ടം ആസ്വദിക്കുന്നുണ്ട്. മനുഷ്യമാംസം തിന്നാൽ ഇവിടെ ഇത്രദിവസങ്ങളായി ആഗ്രഹിക്കുന്നു. ഹോ! ഇതിന് എനിക്ക് വസരം കിട്ടിയത് എന്റെ വലിയ ഭാഗ്യം തന്നെ! വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിൽ ജന്തുക്കൾ എന്നപോലെ മനുഷ്യർ എന്റെ കൈകളിൽ തീർച്ചയായും അകപ്പെട്ടിരിക്കുന്നു. }

പദംകലാശിച്ചാൽ നാലാമിരട്ടിചവുട്ടിയിട്ട് ശാർദ്ദൂലൻ വലത്തുഭാഗത്തായി നിൽക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:സൗരാഷ്ട്രം
"ഇതി കൃതവചനം സുവർണ്ണപുംഖ-
 ദ്യുതിഖചിതാംഗുലിരർജ്ജുനഃ ക്ഷപാടം
 ശരശതകുസുമൈരഭീക്ഷ്ണശോഭൈ-
 രഭിനവദർശനമുൽക്കിരന്നവാദീൽ"
{ഇപ്രകാരം സംസാരിച്ചവനും, ആദ്യമായിക്കാണുന്നവനുമായ രാക്ഷസനെ അർജ്ജുനൻ അസ്ത്രങ്ങളുടെ ചുവട്ടിലുള്ള മൊട്ടിന്റെ സ്വർണ്ണമയമായശോഭയാൽ പ്രകാശപൂരിതമായ വിരളുകളോടുകൂടിയവനായിട്ട് നൂറുകണക്കിന് ശരങ്ങളാകുന്ന പൂക്കൾ വർഷിച്ചുകൊണ്ട് പറഞ്ഞു.}

ശ്ലോകാവസാനത്തിൽ(ശ്ലോകം ഒഴിവാക്കിക്കൊണ്ടും പതിവുണ്ട്) ഇടത്തുഭാഗത്തുകൂടി ഇടുത്തുകലാശത്തോടെ പ്രവേശിക്കുന്ന അർജ്ജുനൻ മുന്നോട്ടുവരവെ ശാർദൂലനെ കണ്ട് സൂക്ഷിച്ച് നോക്കുന്നു.
അർജ്ജുനൻ:'മനുഷ്യമാംസം ഭക്ഷിക്കുന്ന നീചൻ നീതന്നെയോ?'
ശാർദ്ദൂലൻ:'ഞാൻ തന്നെ'
അർജ്ജുനൻ:'എന്നാൽ നോക്കിക്കോ'
അർജ്ജുനൻ നാലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.

യുദ്ധപ്പദം-രാഗം:സൗരാഷ്ട്രം, താളം:ചെമ്പട
അർജ്ജുനൻ:
പല്ലവി:
"രേ രേ പോരിനായ് വാടാ രാക്ഷസാധമാ
 രേ രേ പോരിനായ് വാടാ"                    [വട്ടംവച്ചുകലാശം]
ചരണം1:[അടക്കത്തോടെ]
"ഭൂരിധാർഷ്ട്യമിയലും തവ വാക്കുകൾ
 ചേരുമോ സമരസീമനി മൂഢാ"              [കലാശം-തോങ്കാരം]
{എടാ,എടാ, രാക്ഷസാധമാ, പോരിനായ് വാടാ. മൂഢാ, ഏറ്റവും ധർഷ്ട്യത്തോടെയുള്ള നിന്റെ വാക്കുകൾ യുദ്ധാങ്കണത്തിൽ ചേരുമോ?}

ശാർദ്ദൂലൻ:
ചരണം2:
["ചേരുമേ ശമനസത്മനി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലശം എടുത്തിട്ട് ശാർദ്ദൂലൻ ചരണമാടുന്നു.]
"ചേരുമേ ശമനസത്മനി നീ മമ
 ഘോരതാഡനമതേമേറ്റു ദുരാത്മൻ"       [കലാശം]
പല്ലവി:[തോങ്കാരത്തോടെ]
"രേ രേ പോരിനായ് വാടാ മാനുഷാധമ
 രേ രേ പോരിനായ് വാടാ"
{ദുരാത്മാവേ, നീ എന്റെ ഘോരമായ അടിയേറ്റ് കാലഭവനത്തിൽ ചെന്നുചേരും. എടാ, എടാ, മാനുഷാധമാ, പോരിനായ് വാടാ.}

അർജ്ജുനൻ:
ചരണം:3
["ധാർഷ്ട്യമാർന്ന മൊഴി " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ധാർഷ്ട്യമാർന്ന മൊഴി ചൊന്നുടനേ പുന-
 രിക്ഷണത്തിലെളുതോ തവ പോവാൻ" [കലാശം-തോങ്കാരം]
{അഹങ്കാരമാർന്നവാക്കുകൾ പറഞ്ഞ് ഉടനെ ഈക്ഷണത്തിൽ പോവാൻ നിനക്ക് സാധ്യമോ?}

ശാർദ്ദൂലൻ:
ചരണം:4
["പോകയില്ല മനുജാധമ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"പോകയില്ല മനുജാധമ നിന്നൊടു
 പൊരുതു ജയമതു ലഭിക്കുമ്മുമ്പെ"          [കലാശം-തോങ്കാരം]
{മനുഷ്യാധമാ, നിന്നോട് പൊരുതി ജയം ലഭിക്കും മുൻപേ പോവുകയില്ല}

അർജ്ജുനൻ:
ചരണം5:[രംഗത്ത് പതിവില്ല]
["വിജയമതു തവ ലഭിപ്പതു" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"വിജയമതു തവ ലഭിപ്പതുമെങ്ങിനെ
 വിജയനെന്നു മാം കേൾപ്പില്ലേ നീ"         [കലാശം-തോങ്കാരം]
{വിജയം നിനക്ക് ലഭിക്കുന്നതെങ്ങിനെ? ഞാൻ വിജയനാണന്ന് കേട്ടിട്ടില്ലെ?}

ശാർദ്ദൂലൻ:
ചരണം:6[രംഗത്ത് പതിവില്ല]
["കേളിയുണ്ടു തവ ജനനം" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"കേളിയുണ്ടു തവ ജനനമേവ ഖലു
 കേവലം പറകിലുണ്ടതിദുരിതം"             [കലാശം-തോങ്കാരം]
{കേട്ടിട്ടുണ്ട്, നിന്റെ ജനനകഥ തന്നെ വളരെ മോശം, പറയുകതന്നെ പാപം!}


അർജ്ജുനൻ:
ചരണം7:[രംഗത്ത് പതിവില്ല]
["ദുരിതനികരകരമിഹ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ദുരിതനികരകരമിഹ നിശിചരരുടെ
 ചരിതകഥനമെന്നറിക നീ മൂഢാ"          [കലാശം-തോങ്കാരം]
{മൂഢാ, രാക്ഷസരുടെ ദുഷ്ചരിത്രങ്ങൾ പറയുന്നതാണിവിടെ പാപം എന്ന് നീ അറിയുക}


ശാർദ്ദൂലൻ:
ചരണം:8[രംഗത്ത് പതിവില്ല]
["കടലോടിടയുമൊരു ഭടപടലീ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"കടലോടിടയുമൊരു ഭടപടലീ മമ
 ഝടിതി പടുത കളയും തവ നൂനം"        [കലാശം-തോങ്കാരം]
{കടൽ പോലെ വിപുലമായ എന്റെ സൈന്യം ഉറപ്പായും നിന്റെ ഈ മിടുക്കെല്ലാം തീർത്തുകളയും}


അർജ്ജുനൻ:
ചരണം9:[രംഗത്ത് പതിവില്ല]
["ചാലവേ ശരചയന്തടുക്ക" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ചാലവേ ശരചയന്തടുക്ക
 ശാർദ്ദൂലവിക്രമ ശാർദ്ദൂല നീ"                 [കലാശം-തോങ്കാരം]
{പുലിക്കുസമാനം പരാക്രമത്തോടുകൂടിയവനേ, ശാർദ്ദൂലാ, നീ വഴിപോലെ എന്റെ ശരജാലത്തെ തടുത്താലും}

 ശേഷം യുദ്ധവട്ടം-
അർജ്ജുനനും ശാർദ്ദൂലനും ക്രമത്തിൽ പോരുവിളിച്ച് യുദ്ധവട്ടം ചവുട്ടുന്നു. യുദ്ധാവസാനം 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിചവുട്ടി അസ്ത്രമെയ്ത് അർജ്ജുനൻ ശാർദ്ദൂലനെ വധിക്കുന്നു.

-----(തിരശ്ശീല)-----

അർജ്ജുനൻ തിരശ്ശീലയ്ക്കുമുന്നോട്ടുവന്നിട്ട് നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഇടശ്ലോകങ്ങൾ
1.
"വിജയധൃതശരാസോദിത്വരേ ബാണവഹ്നൗ
 രണഭുവി ശലഭത്വം പ്രാപ ശാർദ്ദൂലനാമാ
 സപദി വിജയലക്ഷ്മ്യാ സമ്യുതം ശക്രസൂനും
 ശമനതനയമുഖ്യാസ്തേഭ്യനന്ദൻ പ്രഹൃഷ്ടാഃ"
 {ശാർദ്ദൂലനെന്നുപേരുള്ള രാക്ഷസൻ രണഭൂമിയിൽ വിജയനേന്തിയ വില്ലിൽ നിന്നും ഉതിരുന്ന ബാണങ്ങളാകുന്ന വഹ്നിയിൽ പെട്ട പാറ്റയുടെ സ്ഥിതിയെ പ്രാപിച്ചു. ഉടനെ സംതുഷ്ടരായ ധർമ്മപുത്രാദികൾ വിജയശ്രീയോടുകൂടിയ ഇന്ദ്രസൂനുവിനെ അഭിനന്ദിച്ചു.}
 
2. 
"ശാർദ്ദൂലേ നിഹതേസ്മിൻ
 ഗോത്രാ വിത്രാസവിരഹിതാ സമഭ്രൽ
 നിഷ്കണ്ടകഞ്ച വിപിനം
 ജയശബ്ദേനാർജ്ജുനോപി കണ്ടകിതഃ"
{ഈ ശാർദ്ദൂലൻ വധിക്കപ്പെട്ടപ്പോൾ ഭൂമി ഭയരഹിതയും കാട് ശത്രുരഹിതവും ആയിതീർന്നു. 'ജയിച്ചാലും, ജയിച്ചാലും' എന്നുള്ള അഭിമാനദ്യോതകമായ ശബ്ദത്തെക്കൊണ്ട് അർജ്ജുനൻ പുളകിതഗാത്രനായിതീർന്നു.}

അഭിപ്രായങ്ങളൊന്നുമില്ല: