2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കിര്‍മ്മീരവധം എട്ടാം രംഗം

രംഗത്ത്-സിംഹിക(പെണ്‍കരി വേഷം)
ശ്ലോകം-രാഗം:സൌരാഷ്ട്രം
“ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂര്‍ണ്ണിതാഭ്യാം
 ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോല്‍ഭ്രാന്തബര്‍ഹിശ്ശിഖാഭാം
 ഭ്രാമ്യജ്ജ്യോതിഷ്കണാളിം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
 പ്രഖ്യാതാസഹ്യ രൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍”
{അനന്തരം സിംഹിക എന്ന രാക്ഷസി ഭര്‍ത്താവായ ശാര്‍ദ്ദൂലന്‍ അര്‍ജ്ജുനനാല്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞ്, കോപത്താല്‍ ഉരുട്ടിമിഴിച്ച കണ്ണുകളില്‍ നിന്ന് ശിവന്റെ നെറ്റിയില്‍നിന്നും തെറിച്ച തീജ്വായുടെ ശോഭയുള്ള പാറിപറക്കുന്ന തീപ്പൊരികളുടെ സമൂഹത്തെ പുറത്തുവിട്ടുകൊണ്ട്, കൂട്ടിമുട്ടി ‘ഝടഝടാ‘ എന്ന് ശബ്ദിക്കുന്ന ദംഷ്ട്രങ്ങളോടുകൂടിയവളായിട്ട്, അസഹ്യമായ പരുഷവാക്കുകള്‍ പറഞ്ഞുകൊണ്ട് ചാടിപ്പുറപ്പെട്ടു.}

സിംഹികയുടെ രൌദ്രമായ തിരനോട്ടം-
സിംഹികയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(ചിത്രം-15)
സിംഹികയുടെ കരിവട്ടം-
തിരനോട്ടശേഷം കൈകളിൽ തൂപ്പുകളോടുകൂടി രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന സിംഹിക ഇരുവശങ്ങലിലേയ്ക്കും ഗൗരവത്തിൽ നോക്കിയിശേഷം തിരശ്ശീലവിട്ട് ഒരു ചുഴിപ്പോടെ മുന്നിൽ നിലത്തേയ്ക്ക് ചാടുന്നു.
(താളം:അടന്തവട്ടം)

നേരെയും കോണുകളിലേയ്ക്കുമായി പ്രത്യേകരീതിയിൽ കാൽകുടഞ്ഞ് നൃത്തംവെച്ചശേഷം സിംഹിക 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് ഇടതുകാൽ പീഠത്തിലുയർത്തിവെച്ച് നിൽക്കുന്നു.
സിംഹിക:(ദേഹമാകെ ഒന്നുനോക്കി അസഹ്യത നടിച്ചിട്ട്)'ഹായ്, ഹായ്, ദേഹം വല്ലാതെ വൃത്തികേടായിരിക്കുന്നു. ഇങ്ങിനെ പോര. അല്പം സൗന്ദര്യം ഉണ്ടാക്കണം' (പിന്നിൽനിന്നും തലമുടി എടുത്ത് മണപ്പിച്ച് ദുർഗന്ധം നടിച്ചിട്ട്)'ഛീ! ദുർഗന്ധം!' (തലമുടി ഇരുവശങ്ങളിലും പ്രത്യേകം എടുത്ത് എണ്ണപുരട്ടിമിനുക്കി, മാടി പിന്നിൽ കെട്ടിയശേഷം പൊഴിഞ്ഞ തലനാരിഴകളെ ചുരുട്ടി ഊതിപ്പറപ്പിച്ചുകളഞ്ഞിട്ട്)'ഇനി ഒരു പൊട്ടുകുത്തണം' (ചന്ദനം കൈയ്യിലെടുത്തിട്ട്)'ഇനി വെള്ളത്തിനെന്തുചെയ്യും?' (ചുറ്റും നോക്കി, ഒരുഭാഗത്ത് ഒരുത്തിയെ കണ്ടിട്ട് അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? തരില്ലേ? ഛീ!' (അവളെ നിന്ദിച്ചിട്ട് മറ്റൊരുത്തിയെ കണ്ട്, അവളോടായി)'എടീ, അല്പം വെള്ളം താ. ഏ? ഇല്ലേ?' (പരിഭവവും വെറുപ്പും നടിച്ചിട്ട്)'എന്നാൽ കണ്ടുകൊൾവിൻ' (മുലഞെക്കി പാലെടുത്ത് ചന്ദനം ചാലിച്ച് കുറിയിട്ടശേഷം കണ്ണാടിനോക്കി തീരെ പിടിക്കാത്തമട്ടിൽ കുറി മായ്ച്ചുകളയുന്നു. കണ്ണാടിനോക്കിക്കൊണ്ട് വീണ്ടും കുറിതൊട്ടിട്ട്)'ഭേഷ്! ഒന്നാന്തരമായി' (തോടകൾ ഓരോന്നായി അഴിച്ചെടുത്ത് അവയും കാതുകളും തുടച്ചുവൃത്തിയാക്കി വീണ്ടും കാതിലുറപ്പിച്ചശേഷം കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിച്ചിട്ട്)'ഇനി കണ്ണെഴുതണം' (കണ്മഷിയെടുത്ത് കണ്ണിലെഴുതി നീറ്റൽ നടിച്ചിട്ട് കണ്ണാടിനോക്കി വൃത്തിയാക്കിയശേഷം ദേഹമാസകലം ഒന്നുനോക്കി തൃപ്തിപ്പെട്ടിട്ട്)'വിശേഷമായിരിക്കുന്നു. ഇപ്പോൾ എന്നെ കണ്ടാൽ ദേവന്മാർപോലും കൊതിച്ചുപോകും. ഇനി കുറച്ചുസമയം കളിക്കണം' (ചുറ്റും നോക്കുമ്പോൾ കാണുന്ന ഒരുവളോടായി)'ഹേയ്, വാ, നമുക്ക് അല്പസമയം കളിക്കാം. വാ. ഏ? വരില്ലേ?' (മറ്റൊരുവളോടായി)'വാ, നമുക്ക് അല്പം കളിക്കാം. ഏ? ഇല്ലേ?' (ക്ഷോഭിച്ച്)'എന്നാൽ ഞാൻ ഒറ്റയ്ക്കുകളിക്കുന്നത് കണ്ണുതുറിച്ച് കണ്ടുകൊൾവിൻ'
(താളം-പഞ്ചാരി)
സിംഹിക കുറച്ചുസമയം കുമ്മിയും തുടർന്ന് തെരുപ്പിറക്കലും^ കളിക്കുന്നു. ക്രമേണ കാലം മുറുക്കി തെരുപ്പിറക്കൽ കലാശിക്കുന്നതോടെ കളിക്കാൻ വിളിച്ചിട്ട് കൂട്ടാക്കാതിരുന്ന സ്ത്രീകളെ പരിഹസിക്കുകയും കൊഞ്ഞനംകുത്തുകയും ചെയ്തിട്ട് സിംഹിക രംഗമദ്ധ്യത്തിലെ പീഠത്തിലിരിക്കുന്നു.
(താളം:ചെമ്പട)
സിംഹിക:(ക്ഷീണം നടിച്ച് ഉത്തരീയംകൊണ്ട് വിയർപ്പ് ഒപ്പുകയും വീശുകയും ചെയ്തിരിക്കുമ്പോൾ പെട്ടന്ന് ഓർത്തിട്ട്)'ഹോ! നേരം വളരെയായി.
മാംസം അന്യൂഷിച്ച് പോയ എന്റെ ഭര്‍ത്താവ്  ഇനിയും വരാത്തതെന്ത്?’ (ചിന്തിച്ചിട്ട്) ‘ആകട്ടെ,അന്യൂഷിച്ച് പോവുകതന്നെ’ (എഴുന്നേറ്റ് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ശംബ്ദം കേട്ടിട്ട്) ‘ഏ? മനുഷ്യരുടെ ശബ്ദം ഇങ്ങിനെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്താണ്?’ (ശ്രദ്ധിച്ചുകൊണ്ട്) ‘അര്‍ജ്ജുനന് ജയം ഭവിക്കട്ടെ,അജ്ജുനന് ജയം ഭവിക്കട്ടെ, എന്നോ? എന്താണ് കാരണം?’ (വീണ്ടും ശ്രദ്ധിച്ചുകേട്ടിട്ട്) ‘നമ്മുടെ ശത്രുവായ ശാര്‍ദ്ദൂലനെ അജ്ജുനന്‍ കൊന്നു, എന്നോ?^ ഏ! അയ്യോ! എന്റെ ഭര്‍ത്താവിനെ വധിച്ചുവെന്നോ?’ (ശ്രദ്ധിച്ചു കേട്ട് തീര്‍ച്ചവരുത്തിയിട്ട്) ‘ഹാ! ദൈവമേ!’ (തലയിലും മാറിലും മാറിമാറി അടിച്ച്, അലറിക്കൊണ്ട്) ‘എനിക്കിനി ആശ്രയം ആരാണ്? ഞാന്‍ ഇനി എന്തു ചെയ്യേണ്ടു?’ (ആലോചിച്ചിട്ട്) ‘ആകട്ടെ ഇനി ചെയ്യേണ്ടതെന്തെന്ന് ആലോചിച്ചുറയ്ക്കുക തന്നെ.’
സിംഹിക നാലാമിരട്ടി ചവുട്ടിയിട്ട് ദു:ഖത്തോടും അമര്‍ഷത്തോടും കൂടി പദം അഭിനയിക്കുന്നു.


[^കുമ്മിയെതുടർന്ന് പന്തുകളിയും ചിലപ്പോൾ ചെയ്യാറുണ്ട്. കൈകൊട്ടിക്കളി മുതലായവയോട് അനുബന്ധിച്ച് സ്ത്രീകൾ വാശിയോടെ മത്സരിക്കുന്ന ഒരു വിനോദമാണ് തെരുപ്പിറക്കൽ. ഇരുന്ന് കാൽപ്പടം ഒപ്പംവെച്ച് ഇരുവശങ്ങളിലേയ്ക്കും തിരിഞ്ഞ് വട്ടംചുറ്റിവരിക-ഇതാണ് തെരുപ്പിറക്കലിന്റെ രീതി.]


[^ശാർദ്ദൂലന്റെ മരണവാർത്ത മനുഷ്യരുടെ ആരവം കേട്ട്, ശ്രദ്ധിക്കവ സിംഹിക മനസ്സിലാക്കുന്നതിനുപകരമായി ശാർദൂലന്റെ ഒരു ഭടൻ വന്ന് അറിയിക്കുന്നതായും ചിലർ ആടുക പതിവുണ്ട്. ]


സിംഹികയുടെ പദം-രാഗം:സൌരാഷ്ട്രം,താളം:മുറിയടന്ത
പല്ലവി:
“ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍
 ബന്ധുരാംഗ വെടിഞ്ഞു മാം പോയിതോ”
അനുപല്ലവി:
“എന്തിനിന്നു സന്താപനിമഗ്നയായ്
 കാന്താരത്തില്‍ വസിക്കുന്നു ഞാനയ്യോ”
ചരണം1:

["കര്‍ബ്ബുരാധിപനായ ഹിഡിംബനെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]
“കര്‍ബ്ബുരാധിപനായ ഹിഡിംബനെ
 ദുര്‍ബ്ബലന്‍ ഭീമന്‍ കൊന്നതുമോര്‍ക്കുമ്പോള്‍
 ദുര്‍ബ്ബലന്മാര്‍ക്കുമോരോരോ കാലത്തു
 നിര്‍ഭരം ബലമുണ്ടായ്‌വരുന്നിതു”
ചരണം2:

["ഏകചക്രയില്‍ ചെന്നിരന്നുണ്ടനാൾ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.] 
“ഏകചക്രയില്‍ ചെന്നിരന്നുണ്ടനാ-
 ളേകനായ്ത്തന്നെ കൊന്നു ബകനേയും
 ശോകമേറെ വളരുന്നു മാനസേ
 ശോഭകേടിവ പാര്‍ത്തുകാണുംതോറും”
ചരണം3:

["ഭ്രാതാവെക്കൊന്ന പാഴനോടുംകൂടി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.] 
“ഭ്രാതാവെക്കൊന്ന പാഴനോടുംകൂടി
 പ്രത്യഹം രമിക്കുന്നു ഹിഡിംബിതാന്‍
 ഇത്ര നാണം കൂടാതൊരുത്തിയെ
 ഇത്രിലോകത്തില്‍ കണ്ടില്ല ഞാനഹോ”

ചരണം:4
["ഭർതൃനിഗ്രഹകർത്തൃഭൂതന്മാരാം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.] 
"ഭർതൃനിഗ്രഹകർത്തൃഭൂതന്മാരാം
 മർത്ത്യരൈവരുമുണ്ടീവനത്തിങ്കൾ
 സത്വരമതിനുത്തരം ചെയ്വാനും
 സത്വമില്ല എനിക്കെന്നിരിക്കിലും"
ചരണം5:
["ഐവര്‍ക്കും പ്രാണവല്ലഭയായിട്ടു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
“ഐവര്‍ക്കും പ്രാണവല്ലഭയായിട്ടു
 കേവലം ഒരുത്തി എന്നു കേള്‍പ്പു ഞാന്‍
 അവളെ കൊണ്ടുപോരുന്നതുണ്ടു ഞാ-
 നവരെ ചതിച്ചാശു വനാന്തരേ”

ചരണം6:
["സാദരം കാഴ്ച്ചവെച്ചീടാമെന്നുടെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]  
"സാദരം കാഴ്ച്ചവെച്ചീടാമെന്നുടെ
 സോദരനായ കിർമ്മീരവീരനു
 പ്രേതരാജ്യം ഗമിപ്പാനവർക്കിന്നു
 ഹേതുവായ് വന്നുകൂടുമവൾതന്നെ"
{അയ്യോ! കാന്താ,സുന്ദരാംഗാ,എന്നെ ഉപേക്ഷിച്ച് യമപുരിയിലേക്ക് പോയോ? അയ്യോ! ഞാന്‍ എന്തിനിന്ന് സന്താപത്തില്‍ മുഴുകി കാട്ടിലിരിക്കുന്നു? രാക്ഷസാധിപനായ ഹിഡിംബനെ ദുര്‍ബ്ബലനായ ഭീമന്‍ വധിച്ചതോര്‍ക്കുബോള്‍, ദുര്‍ബ്ബലന്മാര്‍ക്കും ചില കാലത്ത് അധികമായ ബലമുണ്ടായി വരുന്നുണ്ട്. ഏകചക്രയില്‍ ചെന്ന് ഇരന്നുണ്ട് കഴിഞ്ഞിരുന്ന കാലത്ത് ഭീമന്‍ ഒറ്റക്ക് തന്നെ ബകനേയും കൊന്നു. ഈ മാനക്കേടുകളെപറ്റി ഓര്‍ക്കുന്തോറും മനസ്സില്‍ ശോകം വല്ലാതെ വളരുന്നു. ജേഷ്ഠനെ കൊന്ന നീചനുമായി നിത്യവും രമിക്കുന്നു ഹിഡിംബി! ഹോ! ഇത്ര നാണംകൂടാത്ത ഒരുത്തിയെ ഞാന്‍ ഈ ത്രിലോകത്തിലൊരിടത്തും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ നിഗ്രഹത്തിന് കാരണക്കാരായ അഞ്ചുമനുഷ്യരും ഈ കാട്ടിലുണ്ട്. പെട്ടന്ന് ഇതിനു പകരം ചെയ്യാനുള്ള കരുത്ത് എനിക്കില്ല. എന്നിരിക്കിലും അഞ്ചുപേര്‍ക്കും പ്രാണവല്ലഭയായിട്ട് ഒരേഒരു പെണ്ണാണെന്ന് കേള്‍ക്കുന്നു. അവരെ ചതിച്ച് ഞാന്‍ ഉടനെതന്നെ അവളെ കൊണ്ടുപോരുന്നുണ്ട്. അവളെ ജേഷ്ഠനായ കിര്‍മ്മീരവീരന് സാദരം കാഴ്ചവെയ്ക്കാം. അവര്‍ യമപുരിയിലെത്തുവാന്‍ അവള്‍തന്നെ കാരണമായിക്കൊള്ളും.}


ശേഷം ആട്ടം-
സിംഹിക:‘അതുകൊണ്ട് ഇനി വേഗം ഒരു സുന്ദരീരൂപം ധരിച്ച്,
പാണ്ഡവർ അരികിലില്ലത്ത സമയം നോക്കി സൂത്രത്തില്‍ ചെന്ന്, നല്ലവാക്കുകള്‍ പറഞ്ഞ് പാഞ്ചാലിയെ കൊണ്ടുപോരിക തന്നെ’
സിംഹിക നാലാമിരട്ടിയെടുത്ത് പ്രത്യക്ഷമുദ്രയോടെ ലളിതയായി ചമഞ്ഞ്, ലാസ്യഭാവത്തില്‍ ഏതാനം ചുവടുകള്‍ വെച്ചിട്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഞാന്‍ ഇതു സ്ഥിരം വായിക്കുന്നു. നളചരിതം കൊതി പിടിച്ച് ഹ്രുദിസ്ഥമാക്കി, ഞങ്ങളെല്ലാം കണ്ടതിനെപ്പറ്റിയെല്ലാം അതു പോലെ ആട്ടക്കഥയെഴുതി പിടിപ്പിക്കാനാവുമോയെന്നു നോക്കിയത് ഓര്‍മ വരുന്നു. കഥ പോലെ നിറഞ്ഞ ആ രാത്രികള്‍...