2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

കിര്‍മ്മീരവധം രണ്ടാം‌രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ധൌമ്യന്‍(രണ്ടാംതരം മിനുക്കുവേഷം), പാഞ്ചാലി, ആദിത്യന്‍‍(ചുവപ്പുകൂടിയ പഴുപ്പുവേഷം), ശ്രീകൃഷ്ണന്‍(മുടിവെച്ച പച്ചവേഷം), സുദര്‍ശനം(പ്രത്യേകമുഖംതേപ്പോടുകൂടിയ ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:മാരധനാശി
“നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
 കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
 അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
 പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ”
{കാട്ടില്‍ അങ്ങയെ പിന്തുടരുന്നതിനാല്‍ എനിക്ക് ഒട്ടും വ്യസനമില്ല. എന്നാല്‍ അങ്ങയെ ആശ്രയിച്ച് കൂടെപ്പോന്നിട്ടുള്ള എണ്‍പത്തെണ്ണായിരം ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണംനല്‍കുമെന്നുള്ള ചിന്തയാണ് എന്നെ ദു:ഖിപ്പിക്കുന്നത്. എന്ന് പ്രിയതമ പറഞ്ഞത് കേട്ട്പോന്ന ആ രാജാവ് ധൌമ്യമഹര്‍ഷിയോട് ഇങ്ങിനെ പറഞ്ഞു.}

ഇടതുഭാഗത്തുകൂടി ധര്‍മ്മപുത്രന്‍ ദൈന്യസ്തായിയോടുകൂടി, ‘കിടതകധിം,താ’മിനൊപ്പം പ്രവേശിച്ച്, വലത്തുവശത്തിരിക്കുന്ന ധൌമ്യനെ കണ്ട്, കെട്ടിച്ചാടികുമ്പിടുന്നു. ധൌമ്യന്‍ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദം അഭിനയിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:മാരധനാശി, താളം:അടന്ത
പല്ലവി:
“താപസമൌലേ ജയ ജയ താപസമൌലേ” [കലാശം]
അനുപല്ലവി:
“താപമകലുവാനായി താവകപാദങ്ങള്‍
 താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”          [കലാശം]
ചരണം1:
“കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
 തടവിയിലന്‍‌വാസരമാവാസം"                      [കലാശം]
{താപസശ്രേഷ്ടാ വിജയിച്ചാലും. ദു:ഖമകറ്റുവാനായി അങ്ങയുടെ പാദങ്ങള്‍ ഞാന്‍ തൊഴുന്നേന്‍. വഞ്ചകനായ കൌരവന്റെ ചതിയിലകപ്പെട്ട് ഈ വനത്തില്‍ വസിക്കാറായല്ലൊ}
“താപസമൌലേ ജയ” ധൌമ്യനും(കലാ:കുട്ടന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധൌമ്യന്റെ മറുപടി പദം-രാഗം:സാവേരി, താളം:അടന്ത
ചരണം1:
“മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
 മൂര്‍ത്തികള്‍ മൂവരാലും എളുതാമോ“           [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"പാർത്ഥിവമൗലേ ചിരഞ്ജീവ പാർത്ഥിവമൗലേ"
ചരണം2:
“കമലലോചനനായ കമലാവല്ലഭന്‍ തന്റെ
 കരുണ നിങ്ങളില്‍ നിയതം കാത്തരുളും” [കലാശം]
{തലയിലെഴുത്ത് മറ്റൊരുവിധത്തിലാക്കുവാന്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരാലും സാധ്യമാണോ? രാജശ്രേഷ്ഠാ, ചിരകാലംജീവിച്ചാലും. താമരകണ്ണനായ കമലാകാന്തന്റെ കാരുണ്യം തീര്‍ച്ചയായും നിങ്ങളെ രക്ഷിക്കും}
"നിങ്ങളില്‍ നിയതം കാത്തരുളും”ധൌമ്യനും(ഏറ്റുമാനൂര്‍ കണ്ണന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധര്‍മ്മപുത്രന്‍:
ചരണം2:
“പരപരിഭവത്തെക്കാള്‍ പെരുതായിട്ടൊരു താപം
 പരിചൊടങ്ങതുമധുനാ ചൊല്ലീടാം”               [കലാശം]
ചരണം3:
“അവനീദേവകള്‍ക്കന്നം അനുദിനം കൊടുത്തു ഞാന്‍
 അവനഞ്ചെയ്‌വതുമെങ്ങിനെ ഈ വിപിനേ” [കലാശം]
{ശത്രുപീഢയേക്കാള്‍ എത്രയോവലിയൊരു സങ്കടമുണ്ട്. അതു പറഞ്ഞുകൊള്ളട്ടെ. ഈ കാട്ടില്‍ ഞാന്‍ എങ്ങിനെയാണ് നിത്യവും ഭക്ഷണംനല്‍കി ബ്രാഹ്മണരെ പോറ്റേണ്ടത്?}

ധൌമ്യന്‍:
ചരണം3:(താളം:മുറിയടന്ത/ത്രിപുട)
“മിഹിരസേവായെചെയ്ക മനുകുലമണിദീപ
 മനസിശോകം കളയുമവന്‍ താന്‍”              [കലാശം]
{മനുകുലത്തിന്റെ മണിദീപമേ, അദിത്യസേവചെയ്യുക. മനസ്താപം അവന്‍‌തന്നെ തീര്‍ത്തുതരും.}

ധര്‍മ്മപുത്രന്‍:
 ചരണം4:[രംഗത്ത് പതിവില്ല]
“മഹിതമാകിയ തവ വചനം കേട്ടതുമൂലം
 മനമതിലഴലകന്നു മഹാത്മൻ”                   [കലാശം]
{മഹാത്മാവേ, അങ്ങയുടെ മഹത്തായ വാക്കുകൾ കേട്ടതുകാരണം മനസ്സിലെ ദുഃഖം അകന്നു.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(ധൌമ്യനെ കെട്ടിച്ചാടികുമ്പിട്ടശേഷം) ‘എന്നാല്‍ഞാന്‍ അവിടുന്ന് കല്‍പ്പിച്ചതുപോലെ ആദിത്യനെ സേവിച്ചുകൊള്ളാം’
ധൌമ്യന്‍:‘ശരി,ഞാന്‍ ഭവാന് ദ്വാദശാദിത്യമന്ത്രം ഉപദേശിക്കാം.’ 
ധൌമ്യന്‍ എഴുന്നേറ്റ് ധര്‍മ്മപുത്രരുടെ ചെവിയില്‍ ദ്വാദശാദിത്യമന്ത്രം ഉപദേശിക്കുന്നു. ധര്‍മ്മപുത്രന്‍ തൊഴുതുനിന്ന് കേട്ടുമനസ്സിലാക്കുന്നു. ധര്‍മ്മപുത്രന്‍ കുമ്പിട്ട് ധൌമ്യനെയാത്രയാക്കുന്നു. ധൌമ്യന്‍ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു.
ധര്‍മ്മപുത്രന്‍:(തിരിഞ്ഞുവന്ന് ബ്രാഹ്മണരെ കണ്ടു വന്ദിച്ചിട്ട്)‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠരേ,ദു:ഖിക്കേണ്ട. സമാധാനത്തോടെ വസിച്ചാലും.’ (ബ്രാഹ്മണരേ വന്ദിച്ചുമാറി തിരിഞ്ഞ് മാറി വരുമ്പോള്‍ ഇടത്തുഭാഗത്തുക്കൂടി പ്രവേശിച്ച പാഞ്ചാലിയെ കണ്ട്) ‘പ്രിയേ,ആദിത്യഭഗവാനെ സേവിച്ചാല്‍ നമ്മുടെ ദു:ഖങ്ങള്‍ ഒഴിയുമെന്ന് ഗുരുനാഥന്‍ കല്പിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ ആദിത്യനെ സേവിക്കുവാനായി പോകുന്നു. ഭവതി സമാധാനമായിരുന്നാലും’.
ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ സമീപത്തുനിന്നും മാറി വീണ്ടും രംഗത്തേക്കുതിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ കൈകളുയര്‍ത്തി തൊഴുത്,കണ്ണുകളടച്ച് ധ്യാനിച്ചുനില്‍ക്കുന്നു.

ഇടശ്ലോകങ്ങള്‍-
1. രാഗം:ഇന്ദളം/ശ്രീകണ്ഠി
“വിപ്രാശ്ചുവിപ്രവരകേതു നിവിഷ്ടചിത്താന്‍
 നാശാസ്യ ചാത്മമഹിഷിം ഗുരുസന്നിദേശാല്‍
 തുഷ്ടാവ ഭാസ്കരമുദാരമനാസ്തദാനിം
 രാജാപി കോരകിതചാരുകരാരവിന്ദ:“
{വിഷ്ണുധ്യാനത്തില്‍ മുഴുകികഴിയുന്ന ബ്രാഹ്മണരേയും തന്റെ പത്നിയേയും ആശ്വസിപ്പിച്ചശേഷം ഗുരുനിയോഗത്താല്‍ ഉദാരമനസ്കനായ ധര്‍മ്മപുത്രന്‍ ആദിത്യദേവനെ കൈകൂപ്പിസ്തുതിച്ചു}

2. രാഗം:മധ്യമാവതി
“അഥാഭിഗമ്യാന്തികമംശുമാലീ
 നരാധിപസ്യാദരഭക്തിഭാജ:
 തമബ്രവീത് സംകുചിതാശുജാല:
 സന്മാര്‍ഗ്ഗഭാജാം പ്രകൃതി:കിലൈഷാ”
{അങ്ങിനെ സ്തുതിച്ചുകൊണ്ടിരിക്കെ സൂര്യദേവന്‍ തന്റെ കിരണങ്ങളെ ഒതുക്കി ശാന്തനായി ധര്‍മ്മപുത്രരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദ്ദേഹത്തോടു പറഞ്ഞു}

വലന്തലമേളം,ശംഖനാദം എന്നിവയോടും, ആലവട്ടമേലാപ്പുകളോടും കൂടി ആദിത്യദേവന്‍ വലതുഭാഗത്ത് പീഠത്തിലിരുന്നുകൊണ്ട് അഭയവരദഹസ്തങ്ങളോടെ തിരശ്ശീലപകുതിതാഴത്തി പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രന്‍ ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് മുന്നില്‍ അഭൌമതേജസ്സുകണ്ട് അത്ഭുതപ്പെടുന്നു. ആദിത്യനെന്നു മനസ്സിലാക്കി കുമ്പിട്ടിട്ട് തൊഴുതു നില്‍ക്കുന്നു. സൂര്യന്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.

ആദിത്യന്റെ പദം-രാഗം:മദ്ധമാവതി, താളം:ചെമ്പ(ചെണ്ടയില്‍ വലന്തലമേളം)
പല്ലവി:
“നരവരശിഖാമണേ രാജന്‍ സുജന-
 നമനരത സോമകുലമുദവനരാജന്‍”                [കലാശം-കൊട്ടുമാത്രം]
ചരണം1:
“തുഷ്ടോഹമിന്നു തവ തപസാശുചം
 ദൂരീകരുഷ്വ മമ വാചസാ ഭവ-
 നിഷ്ടമെന്തെന്നു ഹൃദി ചൊല്‍കെടോ തരസാ” [കലാശം-കൊട്ടുമാത്രം]
ചരണം2:[രംഗത്ത് പതിവില്ല]
"അടവീനിവാസം കഴിഞ്ഞു, പിന്നെ
 അകതാരിലല്ലൽ വെടിഞ്ഞു,
 ഝടിതി നാടുവാണീടുമിനിമേലിൽ തെളിഞ്ഞു" [കലാശം-കൊട്ടുമാത്രം]
{രാജാക്കന്മാരുടെ ശിരോരത്നമേ,രാജാവേ,സജ്ജനങ്ങളെ വന്ദിക്കുന്നതില്‍ തത്പരനായവനേ, ചന്ദ്രവംശമാകുന്ന ആമ്പല്‍‌പ്പൂനിരയ്ക്ക് ചന്ദ്രനായുള്ളവനേ,അങ്ങയുടെ തപസ്സിനാല്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. എന്റെ വാക്കിനാല്‍ ശോകം ഉപേക്ഷിക്കുക. അങ്ങയുടെ മനസ്സിലുള്ള ആഗ്രഹം എന്തെന്ന് വേഗം പറയുക. വനവാസം കഴിഞ്ഞുപിന്നെ ഉള്ളിൽ ദുഃഖം വെടിഞ്ഞ് പെട്ടന്നുതന്നെ നാടുവാണീടും നീ മെലിൽ പെട്ടന്നുതന്നെ.}

ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:നീലാബരി, താളം:ചമ്പ
ചരണം1:
“ജയ രുചിരകനകാദ്രിസാനോദേവാ
 ജയ ജയ കഠോരതരഭാനോ ജഗതി
 ജയ സുജന ദുരിതാടവീദാവകൃശാനോ”           [കലാശം]
പല്ലവി:[തോങ്കാരത്തോടുകൂടി]
“ദിനകര ദയാനിധേ ഭാനോ ദേവ
 ദിനകര ദയാനിധേ ഭാനോ”                           [കലാശം-തോങ്കാരം]
ചരണം2:
“നഗരീതിസാലപരിവേഷാകലിത-
 നഗരീനിവാസദമിഷാമിഹ
 ന ഗരീയസി പ്രീതിരസ്മാകമേഷാ”                 [കലാശം-തോങ്കാരം]
ചരണം3:
“അസ്ത്വേതദഖിലമുടനിന്നു
 മറ്റൊരത്തല്‍ മമ മനസി വളരുന്നു
 അതിനെ ചിത്തമോദേന ഞാനദ്യ പറയുന്നു” [കലാശം-തോങ്കാരം]
ചരണം4:
“സഹവാസലോലുപതരാണാമിന്നു
 സഹവാസാ മഹീസുരവരാണാം അതിഥി-
 സല്‍കൃതിം കര്‍ത്തും വിധിഹിമയി കരുണാം” [കലാശം-തോങ്കാരം]
{മഹാമേരുവിന്റെ കൊടുമുടിയേപ്പോലും ശോഭിപ്പിക്കുന്നവനേ ജയിച്ചാലും.അതികഠോരമായ രശ്‌മികളോടുകൂടിയവനേ ജയിച്ചാലും.ലോകത്തിലെ ദുരിതമാകുന്ന കാനനത്തീല്‍ കാട്ടുതീയായുള്ളവനേ,ദേവാ,വിജയിച്ചാലും. ദിനകര, ദയാനിധിയായ ഭാനുദേവാ വിജയിച്ചാലും. ചുറ്റുമതില്‍കെട്ടുകളോടുകൂടിയ രാജധാനിയിലെ വാസത്തേക്കാള്‍ സന്തോഷമുള്ളതല്ല ഞങ്ങള്‍ക്ക് ഈ കാനനവാസം. അതിരിക്കട്ടെ, മനസ്സില്‍ വളരുന്ന മറ്റൊരു ദു:ഖമുണ്ട്. അതിനെ സസന്തോഷം ഞാനിപ്പോള്‍ പറയട്ടെ. സഹവാസികളായ ബ്രാഹ്മണശ്രേഷ്ഠര്‍ക്ക് ഭക്ഷണം നല്‍കുവാനായി ഇന്നെന്നില്‍ കനിയേണമേ.}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പും കലാ:ഗംഗാധരനും ചേര്‍ന്നാലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)

ആദിത്യന്‍:
ചരണം2:
“പാത്രം ഗൃഹാണസുപവിത്രം യാവല്‍
 പാര്‍ഷതീ ഭുംക്തേതി ചിത്രം താവ-
ദത്ര സമുദേതി തവ ഭക്തമതിമാത്രം”
{സുപവിത്രമായ ഈ പാത്രം വാങ്ങിക്കൊള്ളുക. എപ്പോള്‍ പാഞ്ചാലി ഭക്ഷണം കഴിക്കുന്നുവോ ആനേരം വരേയും അത്യത്ഭുതമാംവണ്ണം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതിലുണ്ടാവും.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ കുമ്പിട്ട് അടുത്തുചെല്ലുമ്പോള്‍ ആദിത്യന്‍ അക്ഷയപാത്രം നല്‍കുന്നു.(വലന്തമേളം)ധര്‍മ്മപുത്രന്‍ ഇരുകൈകളാലും പാത്രം ഏറ്റുവാങ്ങി, സന്തോഷം, അത്ഭുതം, ഭക്തി ഭാവങ്ങളോടെ ആദിത്യനെ വീണ്ടും കുമ്പിടുന്നു. ആദിത്യന്‍ മറയുന്നു(തിരശ്ശീല ഉയര്‍ത്തുന്നു). ധര്‍മ്മപുത്രന്‍ ആദിത്യന്‍ മറയുന്നത് സാവധാനം കണ്ടിട്ട് തിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു (തൃപുടതാളത്തില്‍ വലന്തലമേളം). ധര്‍മ്മപുത്രന്‍ കൈയ്യിലുള്ള പാത്രം നോക്കി സന്തോഷാത്ഭുതഭക്തികള്‍ നടിച്ച്, പാത്രം ശിരസ്സിലും മാറിലുമണയ്ക്കുന്നു.
ആദിത്യന്‍(ആര്‍.എല്‍.വി.സുനില്‍) ധര്‍മ്മപുത്രന്‍(കലാ:ഗോപി) അക്ഷയപാത്രം നല്‍കുന്നു.
 ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘അഹോ! ഈ പാത്രം ലഭിച്ചത് എന്റെ സുകൃതം കൊണ്ടുതന്നെ. ആകട്ടെ, ഇനി ഗുരുനാഥനെ ചെന്നു കാണുകതന്നെ.’
ഈ സമയം ധൌമ്യന്‍ പ്രവേശിച്ച് വലത്തുഭാഗത്ത് പീഠത്തിലിരിക്കുന്നു. ധര്‍മ്മപുത്രന്‍ ധൌമ്യനെകണ്ട്, പാത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കിയിട്ട്, കുമ്പിടുന്നു.
ധര്‍മ്മപുത്രര്‍:‘ഞാന്‍ അങ്ങയുടെ കല്‍പ്പനപോലെ ആദിത്യസേവ ചെയ്തു. അതില്‍ പ്രീതനായി ആദിത്യന്‍ പ്രത്യക്ഷപ്പെട്ട് ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുമത്രേ. പാഞ്ചാലിയുടെ ഭക്ഷണത്തോടെ എല്ലാം കഴിയുകയും ചെയ്യും. വനവാസം പന്ത്രണ്ടുവർഷക്കാലം ഈ പാത്രത്തിന് ഈ സിദ്ധിയുണ്ടാകുമത്രെ! ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ധൌമ്യന്‍:‘ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദി സകലജനങ്ങള്‍ക്കും ഭക്ഷണം വഴിപോലെ നൽകിയാലും.
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ ധൌമ്യനില്‍നിന്നും പാത്രമേറ്റുവാങ്ങി കുമ്പിട്ട് പിന്നോട്ട് മാറിതിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു. ഈ സമയത്ത് ധൌമ്യന്‍ നിഷ്ക്രമിക്കുകയും ഇടത്തുഭാഗത്തുകൂടി പാഞ്ചാലി പ്രവേശിക്കുകയും ചെയ്യുന്നു. ധര്‍മ്മപുത്രന്‍ പാഞ്ചാലീസമീപം ചെന്ന് സസന്തോഷം പാത്രം നല്‍കുന്നു.
ധര്‍മ്മപുത്രന്‍:‘പ്രിയേ,ആദിത്യദേവന്‍ പ്രത്യക്ഷനായി ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഭവതിയുടെ ഭക്ഷണത്തോടെ അവയെല്ലാം കഴിയുകയുംചെയ്യും. ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിക്കുകയും ചെയ്തു. ആകട്ടെ, (തൃപുടമേളം മുറുകുന്നു) ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദികള്‍ക്ക് വേണ്ടതുപോലെ ഭക്ഷണം നല്‍കിയാലും.’
പാഞ്ചാലി:‘ശരി’
പാത്രത്തോടുകൂടി പാഞ്ചാലി വണങ്ങി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രര്‍ പാഞ്ചാലിയെ അനുഗ്രഹിച്ചയയ്ച്ച് തിർഞ്ഞ് വീണ്ടും രംഗത്ത് പ്രവേശിച്ച്, ഇടത്തുഭാഗത്തായി ശ്രീകൃഷ്ണനെ സ്മരിച്ച് കൈകള്‍കൂപ്പി നില്‍ക്കുന്നു. തൃപുടമേളം കലാശിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ഇടശ്ലോകങ്ങള്‍*
1‌‌. +രാഗം:കേദാരഗൌള 
“പാത്രം തപസ്തനുഭുവേഥ വിതീര്യ യാതേ
 തിഗ്മദ്യുതൌ നിജമനോരഥലാഭ ഹൃഷ്ടാ:
 പാര്‍ത്ഥാ വനം വനിതയാ സമമധ്യവാത്സു-
 ര്‍ദൈത്യാരിസംസ്മരണരീണ സമസ്തപാപാ:”
{സൂര്യദേവന്‍ ധര്‍മ്മപുത്രര്‍ക്ക് അക്ഷയപാത്രം നല്‍കി മറഞ്ഞശേഷം തങ്ങളുടെ അഭിലാഷസിദ്ധിയില്‍ സന്തോഷം‌പൂണ്ട പാണ്ഡവര്‍ പത്നിയോടുകൂടി ശ്രീകൃഷ്ണനെ സ്മരിച്ച് സകലപാപങ്ങളേയും അകറ്റികൊണ്ട് വനത്തില്‍ വസിച്ചു.}

2. +രാഗം:കേദാരഗൌള
“ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം യദ്ധാര്‍ത്തരാഷ്ട്രൈ:കൃതം
 കൌന്തേയേഷു തദാത്മനിവ സഹസാമത്വാഥ കോപാന്ധധീ:
 മുദ്രാഹീന കുമുദ്വതീകളകളൈ: ക്ഷോണീമഥ ക്ഷോഭയന്‍
 പാര്‍ഥാനാശു കുശസ്ഥലീ പുരവരാദ്രഷ്ടും പ്രതസ്ഥേ ഹരി:”
{കൌരവര്‍ പാണ്ഡവരുടെ നേരെ ചെയ്ത അപമാനത്തെകേട്ട് കുപിതനായ ശ്രീക്യഷ്ണന്‍ കുമുദ്വതി എന്ന അതിരറ്റ സൈന്യത്തിന്റെ  കോലാഹലത്താല്‍ ഭൂമിയെ ഇളക്കിമറിച്ചുകൊണ്ട് പാണ്ഡവരെ കാണ്മാനായി ദ്വാരകയില്‍ നിന്നും പുറപ്പെട്ടു.}

[+ പഴയചിട്ടയനുസ്സരിച്ച് ഈ ആദ്യരണ്ടുശ്ലോകങ്ങളും ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ ഇങ്ങിനെ ആ‍ടുക പതിവുണ്ട്- ‘ബ്രാഹ്മണരെ മൃഷ്ടമായി ഭുജിപ്പിച്ചതുകൊണ്ടുള്ള ശ്രേയസ്സ് പുഷ്ടിയാകുന്ന അക്ഷയപാത്രം കിട്ടിയതിനാല്‍ ആദിത്യസേവാഫലം ഇപ്പോള്‍ ലഭിച്ചു. ഇനി കാനനവാസം ഹേതുവായുള്ള പാപത്തെ നശിപ്പിക്കുവാന്‍ ദേവദേവനായ വാസുദേവനെ ഹൃദയത്തില്‍ സ്മരിക്കുകതന്നെ. അല്ലയോ സ്വാമിന്‍, അവിടുന്ന് ഭക്തരക്ഷണാര്‍ത്ഥം ഏറ്റവും കരുണയോടെ തന്റെ കിങ്കരിയായ യോഗമായയെ സ്വീകരിച്ച് ബലഭദ്രസ്വാമിയോടും കൂടി ഞങ്ങളുടെ മാതുലഗേഹത്തില്‍ അവതരിച്ച്, എല്ലാ യാദവര്‍ക്കും വലിയഗുണങ്ങളെ വര്‍ദ്ധിപ്പിച്ച്, ദ്വാരകയില്‍ വസിക്കുന്നു. ഞങ്ങള്‍ ഇപ്രകാരം ദു:ഖത്തോടേയും അന്യാശ്രയമില്ലാതേയും ഭവിച്ചു. കഷ്ടം! ക്യഷ്ണാ, ഞങ്ങളെ ഉപേക്ഷിക്കുകയാണോ?’

ഈ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ
“ലാഭാദക്ഷയഭാജനസ്യ വസുധാദേവൌഘ സംഭോജന-
 ശേയ:പുഷ്ടികരസ്യ ദ്ദൃഷ്ടമധുനാ ദേവാംഘിസേവാഫലം
 കാന്താരാന്തരവാസഹേതുദുരിതപ്രദ്ധ്വംസനാര്‍ത്ഥം പരം
 ദേവാനാമപിദേവമാശു കലയേ ശ്രീവാസുദേവം ഹൃദി”,

“ഭക്താനാം‌ പാലനായ പ്രചുരകരുണയാ കിങ്കരീം യോഗമായാ-
 മംഗീകൃത്യാവതീര്‍ണ്ണസ്സഹ മുസലഭൃതാ മാതുലസ്യാലയേ യ:
 ഉദ്ധൃത്യോച്ചൈര്‍ഗുണാഢ്യം യദുകുലമഖിലം ത്വം വസന്‍ ദ്വാരകായാം
 അസ്മാനേവം വിഷണ്ണാന്‍ അനിതരശരണാന്‍ കൃഷ്ണ ഹാ കിം ജഹാസി” എന്നി ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

3. രാഗം:ശങ്കരാഭരണം
“മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി^
 മ്മുഹുര്‍മ്മുഹുരു ദഞ്ചിതസ്തദനു ശുശ്രുവേ പാണ്ഡവൈ:
 പ്രവൃദ്ധപുളകാംഗകാ: പ്രചുരഭക്തിമന്തസ്ത്വമീ
 പ്രയാതുമഭിമാധവം പ്രസഭമുത്സുകാശ്ചഭവന്‍”
{മുകുന്ദന്റെ മുഖപങ്കജത്തില്‍നിന്നും വീണ്ടും വീണ്ടും പുറപ്പെടുന്ന ശംഖദ്ധ്വനി കേട്ട് പരമഭക്തരായ പാണ്ഡവര്‍ പുളകമണിഞ്ഞുകൊണ്ട് മാധവനെ എതിരേല്‍ക്കാന്‍ ഉത്സുകരായി.}
[^മൂന്നാം ശ്ലോകത്തില്‍ ‘ശംഖദ്ധ്വനി’ എന്നതിനൊപ്പം ശംഖ്- വലന്തല നാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുകെട്ട് ധര്‍മ്മപുത്രന്‍ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി ശ്രദ്ധിക്കുന്നു. അത് ഭഗവാന്റെ പാഞ്ചജന്യമാണെന്ന് മനസ്സിലാക്കി സന്തോഷസംഭ്രമങ്ങളോടെ‘എവിടെ?,എവിടെ?’ എന്നു നോക്കുന്നു. ‘പുളകാംഗക’ എന്നിടത്ത് പുളകംനടിച്ചിട്ട് കൂടുതല്‍ ഭക്തിയോടെ കണ്ണുകളടച്ച് നില്‍ക്കുന്നു.]
-------------------
മൂന്നാം ശ്ലോകത്തെ തുടർന്ന് ശ്രീകൃഷ്ണൻ ബലഭദ്രർ,രേവതി,രുഗ്മിണിമാരോടൊപ്പം പകുതിപ്പുറപ്പാട് പണ്ട് പതിവുണ്ടായിരുന്നു. കഥാസന്ദർഭത്തിൽ അപ്രസക്തമായ ഇത് പില്ക്കാലത്ത് ഒഴിവാക്കപ്പെട്ടു. ഇപ്പോൾ കലാമണ്ഡലം ചിട്ടയിൽ 'പകുതിപുറപ്പാടിന്' ഈ നിലപ്പദം പാടുന്നു.
നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട [രംഗത്ത് പതിവില്ല]
“ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
 ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
 വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
 പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
 അവനീതന്മാരാകും അവനീശന്മാരെ വെന്നു
 അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ
 കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
 കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
 മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ
 വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
 പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
 അന്തികമാഗതരാകും കുന്തീതനൂജന്മാരെ
 ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
{ഭൂമിയുടെ ഭാരം തീർക്കുന്നതിനായി ഭൂമിയിൽ വന്നവതരിച്ചവരും, ഭുവനൈകനായകന്മാരും, വലിയകൃപാസമുദ്രങ്ങളായുള്ളവരും, ഇന്ദ്രനാലും പൂജിക്കപ്പെടുന്നവരും, കുട്ടികളായിരുന്നകാലത്ത് ഗോകുലത്തിലെ പുണ്യവതികളായ ഗോപികമാരുടെ ഭവനങ്ങൾതോറും നടന്ന് വെള്ളകവർന്നുണ്ടവരും, ദുഷ്ടന്മാരായ രാജാക്കന്മാരെ ജയിച്ച് രാജ്യത്തെ ഭംഗിയായി കാക്കുന്നവരും. ബാല്യകാലത്തിൽ കാലികളെമേച്ച് വനത്തിൽ നടന്നവരും, കാലിണകളെ ആശ്രയിപ്പോരുടെ മരണഭയത്തെ വേർപെടുത്തുന്നവരും, സുന്ദരിമാരുടെ മനസ്സിനെ അലിയിപ്പിക്കുന്നതായ മനോഹരമായ ശരീരശോഭയുള്ളവരുമായ രാമകൃഷ്ണന്മാർ കടൽനടുവിലെ ദ്വാരകാപുരിയിൽ പൗരജനങ്ങളുമായി സ്വൈരമായി വാഴുന്നകാലത്ത് സമീപത്തിൽ വന്നിട്ടുള്ളവരായ കുന്തീപുത്രന്മാരേ കാണുന്നതിനായി എഴുന്നള്ളി!}
---------------
മൂന്നാം ശ്ലോകത്തിന്റെ അന്ത്യത്തോടെ രംഗമദ്ധ്യത്തില്‍ അല്പം‌പിന്നിലായി പീഠത്തില്‍ പാഞ്ചജന്യധാരിയായി നിന്നുകൊണ്ട്, കോപഭാവത്തില്‍(തിരശ്ശീലതാഴത്തി) ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ധര്‍മ്മപുത്രന്‍ അത്ഭുതത്തോടെ‘തേജസ്സ്’ കണ്ട് തിരിഞ്ഞ് ശ്രീകൃഷ്ണനെ ദര്‍ശ്ശിക്കുന്നു. ഉടനെ ഓടിച്ചെന്ന് കുമ്പിട്ട്, ‘വരാം,ഇതാ ഇവിടെ ഇരിക്കാം’ എന്നു കാട്ടി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ എതിരേല്‍ക്കുന്നു. ധര്‍മ്മപുത്രനെ കണ്ട് കോപമടങ്ങിയ ശ്രീകൃഷ്ണന്‍ ചിരിച്ച് അനുഗ്രഹിച്ച് വന്ന് പീഠത്തില്‍ ഇരിക്കുന്നു. വലന്തലമേളം കലാശിപ്പിക്കുന്നു, ഗായകർ ശ്ലോകം ചൊല്ലുന്നു.
ധര്‍മ്മപുത്രന്‍(കലാ:ഗോപി) ശ്രീകൃഷ്ണനെ(കലാ:ശ്രീകുമാര്‍) എതിരേല്‍ക്കുന്നു
ശ്ലോകം^-രാഗം:കാമോദരി
“അഥ യുഥിഷ്ടിരമുഖ്യനൃപാത്മജൈ-
 ശ്ചിരനിരീക്ഷണസാശ്രുമുഖേന്ദുഭീ:
 ദ്രുതമുപേത്യ തദാ വസുദേവഭൂ-
 ര്‍ന്നിജഗദേ ജഗദേകനിവാസഭൂ:“
{വളരെനാള്‍ കൂടിയിട്ട് കണ്ടതിനാല്‍ സന്തോഷാശ്രു ഒഴുക്കിക്കൊണ്ടിരിക്കുന്ന യുധിഷ്ടിരാദികള്‍ അപ്പോള്‍ ഉടനെ അടുത്തുവന്ന, സകലലോകങ്ങള്‍ക്കും ഏകാവലബമായിരിക്കുന്ന ആ വാസുദേവനോട് ഇങ്ങിനെ പറഞ്ഞു.}

[^‘അഥ യുഥിഷ്ടിര’ എന്ന ശ്ലോകം ആരംഭിക്കുന്നതോടേ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ശ്രികൃഷ്ണനെ അടിമുടി നിരീക്ഷിക്കുന്നു. ‘സാശ്രുമുഖേന്ദുഭീ’ എന്നയിടത്ത് സന്തോഷാശ്രു പൊഴിച്ച് ധര്‍മ്മപുത്രന്‍ ഭക്തിപുരസരം തൊഴുന്നു.]

ധര്‍മ്മപുത്രന്‍ ശ്രികൃഷ്ണനെ കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
“പുണ്ഡരീകനയന ജയ ജയ
 പൂര്‍ണ്ണചന്ദ്രവദന ഹരേ കൃഷ്ണ”                                       [കലാശം]
അനുപല്ലവി:[രംഗത്ത് പതിവില്ല]
"ഗണ്ഡമണ്ഡല മണ്ഡിതകുണ്ഡല
 ചണ്ഡവൈരിഖണ്ഡന ഹരേകൃഷ്ണ"                                [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"പുണ്യപൂരുഷ വിഭോ ജയ ജഗദണ്ഡകാരണ വിധോ
 പാണ്ഡുപുത്രരാം ഞങ്ങൾ നീ മുകിൽ-
 വർണ്ണ കൈവെടിഞ്ഞിതോ ഹരേ കൃഷ്ണാ"                      [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ഖാണ്ഡവം ദഹിക്കുമ്പോൾ വിജയനാ-
 ഖണ്ഡലനെ വെന്നതും ഗാണ്ഡീവത്തെ ലഭിച്ചതും
 നിന്നുടെ ശൗണ്ഡതൈവ നിയതം ഹരേ കൃഷ്ണാ"             [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"ശക്രവൈരിയായിടും നരകനെ അക്രമങ്ങൾ ചെയ്കയാൽ
 ചക്രംകൊണ്ടു ഹനിച്ചതുമോർക്കിൽ നിൻ
 വിക്രമങ്ങളെളുതോ ഹരേ കൃഷ്ണാ"                                  [കലാശം]
ചരണം:4[രംഗത്ത് പതിവില്ല]
"ഉഗ്രസേനസുതനെ ഭവാൻ യുധി നിഗ്രഹിച്ചു ഭുവനേ
 വ്യഗ്രമാശുകളഞ്ഞു നികാമമനു-
 ഗ്രഹിച്ചതില്ലയോ ഹരേ കൃഷ്ണാ"                                     [കലാശം]
ചരണം:5
“നാഗകേതനന്‍ തന്റെ നികൃതിയാല്‍ നാടു
 ഉപേക്ഷിച്ചിവിടെ നാഥാ വാഴുന്ന
 ഞങ്ങളെകണ്ടോരു നാണമില്ലയോ^ തവ ഹരേ കൃഷ്ണ” [കലാശം]
{തമരകണ്ണാ,പൂര്‍ണ്ണചന്ദ്രവദനാ,ജയിച്ചാലും,ജയിച്ചാലും,ഹരേ ക്യഷ്ണാ. സ്നിഗ്ധമായ കവിൾത്തടങ്ങളിൽ പ്രതിബിംബിക്കുന്നതായ കുണ്ഡലങ്ങളോടുകൂടിയവനേ, ക്രൂരന്മാരായ ശത്രുക്കളെ നശിപ്പിക്കുന്നവനേ,ഹരേ കൃഷ്ണാ. പുണ്യപുരുഷാ, പ്രഭോ, സകലശ്രേയസ്സുകൾക്കും നിദാനമായുള്ളവനേ,ശത്രുനാശനാ, മേഘവർണ്ണാ,പാണ്ഡുപുത്രന്മാരായ ഞങ്ങളെ കൈവെടിഞ്ഞുവോ? ഖാണ്ഡവദഹനം നടന്നപ്പോൾ അർജ്ജുനൻ ഇന്ദ്രനെ ജയിച്ചതും, ഗാണ്ഡീവത്തെ ലഭിച്ചതും തീർച്ചയായും അവിടുത്തെ സാമർത്ഥ്യം കൊണ്ടുതന്നെ, ഹരേ കൃഷ്ണാ.  അക്രമങ്ങൾ ചെയ്ത ഇന്ദ്രശത്രുവായുള്ള നരകാസുരനെ ചക്രംകൊണ്ട് വധിച്ചതും ഓർത്താൽ അവിടുത്തെ പരാക്രമങ്ങൾ നിസാരങ്ങളാണോ,ഹരേ കൃഷ്ണാ. കംസനെ യുദ്ധത്തിൽ വധിച്ച് ഭവാൻ ലോകത്തിൽ ദുഃഖത്തെ കളഞ്ഞനുഗ്രഹിച്ചില്ലയോ,ഹരേ കൃഷ്ണാ. സുയോധനന്റെ ചതിയാല്‍ നാട് ഉപേക്ഷിച്ച് ഇവിടെ കഴിഞ്ഞുകൂടുന്ന ഞങ്ങളെ കണ്ട്, അല്ലയോ നാഥാ, അങ്ങേക്ക് അല്പംപോലും നാണം തോന്നുന്നില്ലെ? ഹരേ കൃഷ്ണാ.}

.[^‘നാണമില്ലയോ’ എന്ന ധര്‍മ്മപുത്രന്റെ പരിഭവം ശ്രവിക്കുന്നതോടെ ശ്രീകൃഷ്ണന്‍ വീണ്ടും ക്ഷുഭിതനായി ചാടി എഴുന്നേറ്റ് കോപാവേശം നടിക്കുന്നു.]
“നാണമില്ലയോ തവ“ ക്യഷ്ണനും(കോട്ട:കേശവന്‍) ധര്‍മ്മപുത്രനും(കലാ:ഗോപി)
ധർമ്മപുത്രൻ പദം കലാശിപ്പിക്കുന്നതോടെ ഗായകർ ശ്ലോകം ചൊല്ലുന്നു. ശ്രീകൃഷ്ണൻ ക്രോധഭാവത്തിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം-രാഗം:ബിലഹരി
“അഥ കേതുരരാതി വിപത് പശുനോ
 മുഖതോസ്യ വിഭോര്‍ദ്രുകുടീച്ഛലത:
 വചസാം ച സമുദ്ഗമ ആവിരഭൂത്
 സഹസാ സഹ സാത്യകിനാ ചലതാ”
{അപ്പോള്‍ ശത്രുക്കള്‍ക്ക് വരാനിരിക്കുന്ന വിപത്തിനെ സൂചിപ്പിക്കുന്ന ഒരു ധൂമകേതു വിറകൊണ്ട്, സാത്യകീസമേതനായ ശ്രീകൃഷ്ണന്റെ മുഖത്ത് വളഞ്ഞപുരികക്കൊടി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ടു. അതോടോപ്പം അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഏതാനം വാക്കുകളും പുറപ്പെട്ടു.}

ശ്രീകൃഷ്ണന്‍ ശ്ലോകം അവസാനിക്കുന്നതോടെ നാലാമിരട്ടി ചവുട്ടിയിട്ട് പദം ആടുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ബിലഹരി, താളം:മുറിയടന്ത(മുറുകിയകാലം)
പല്ലവി:
“കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍ ചെയ്തൊരു
 ദുഷ്ടത കേട്ടാലിതൊട്ടും സഹിക്കുമോ”        [വട്ടംവെച്ചുകലാശം]
ചരണം1:
“ദൃഷ്ടനാകുംധൃതരാഷ്ട്രസുതന്‍ വന്നു
 പുഷ്ടരുഷാ നിശികെട്ടിയതും വിഷ-
 ദുഷ്ടമാകുമന്നമൂട്ടിയതും പല
 നിഷ്ടുരങ്ങളവന്‍ കാട്ടിയതും അതി”            [മുറിക്കലാശം,തോങ്കാരം]
[തോങ്കാരശേഷം കലാശത്തിന് വട്ടംതട്ടിയാൽ ശ്രീകൃഷ്ണൻ "എടാ ദുഷ്ടന്മാരേ, നിങ്ങളുടെ നാശകാലം അടുത്തു, അതാണല്ലോ നിങ്ങളിങ്ങി എന്റെ ഭക്തരെ പീഡിപ്പിക്കുന്നത്" (ഒന്നാലോചിച്ചിട്ട്)" അല്ലെങ്കിൽ അവരെ എന്തിനു കുറ്റപ്പെടുത്തണം? ഞാൻ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദി" എന്നുകാട്ടി, വട്ടംവച്ചുകലാശം ചവുട്ടിയിട്ട്, രണ്ടാം ചരണം ആടുന്നു.
ചരണം2:
“പറ്റലരിലൊരു കുറ്റമില്ല അതി-
 നുറ്റവരില്‍ നാണം ചെറ്റുമില്ല എങ്കി-
 ലറ്റമില്ലാതൊരു കുറ്റമെങ്കല്‍ തന്നെ
 മുറ്റുമഹോ ബത പറ്റുമോര്‍ത്താലതി”         [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം3:
“ഒന്നല്ലവര്‍ ചെയ്തപരാധങ്ങളവ
 യെന്നും പിന്നെയിഹഞാന്‍ സഹിക്കില്‍ പുന-
 രന്നെന്നിയെ മമ വന്യാശനം ചെയ്‌വാന്‍
 വന്നുകൂടും കാലമിന്നുതന്നെ നൂനം അതി” [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം4:
["ചിന്തിച്ചു നീ പരിപന്ഥികളെ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ ശ്രീകൃഷ്ണൻ കോപാധിക്യത്തോടെ "ഇനി ഒട്ടും ക്ഷമിച്ചിരിക്കുക വയ്യ, ആ ദുഷ്ടരെ ഉടൻ നശിപ്പിക്കുകതന്നെ" എന്നു കാട്ടി, വട്ടംവെച്ചുകലാശം ചവുട്ടിയിട്ട്, ചരണം ആടുന്നു]
"ചിന്ദിച്ചു നീ പരിപന്ഥികളെ ഹൃദി
 സന്താപിപ്പാൻ കിമു ബന്ധമഹോ ഭവ-
 ദന്തികെ കാണാം സുദർശനമദ്യൈവ
 ഹന്തുമരീനവൻ തന്നെ മതി അതി"         [മുറിക്കലാശം,തോങ്കാരം]
{അഹോ! കഷ്ടം! കൌരവര്‍ചെയ്ത ദുഷ്ടതകള്‍ കെട്ടാല്‍ ഒട്ടും സഹിക്കുമൊ? തന്തോന്നിയായ ദുര്യോധനന്‍ രാത്രിയില്‍ കോപത്തോടെ വന്ന് കെട്ടിയിട്ടതും, വിഷം കലര്‍ന്ന ചോറ് ഊട്ടിയതും മാത്രമല്ല, അവന്‍ ചെയ്ത കടുംകൈകള്‍ പലതും മഹാ കഷ്ടം തന്നെ. അതിനെപറ്റി ബന്ധുക്കള്‍ക്ക് ഒട്ടും നാണംതോന്നുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് യാതൊരു കുറ്റവുമില്ല. ആലോചിച്ചാല്‍ അറ്റമില്ലാത്തകുറ്റങ്ങള്‍ എന്നില്‍ വന്നുചേരും. മഹാകഷ്ടം!അവര്‍ ചെയ്ത അപരാധങ്ങള്‍ ഒന്നല്ല, പലതാണ്. ഇവയൊക്കെ ഇനിയും ഞാന്‍ സഹിക്കുകയാണേങ്കില്‍ എനിക്കും താമസിയാതെ കായ്കനികള്‍ ഭക്ഷിച്ച് വനത്തില്‍ വസിക്കേണ്ടിവരും. അങ്ങയുടെ ശത്രുക്കളെ ഓര്‍ത്ത് സന്താപിക്കുന്നതെന്തിന്? സമീപത്ത് ഇപ്പോള്‍ തന്നെ സുദര്‍ശനത്തെ കാണാം. ശത്രുക്കളെ നിഗ്രഹിക്കുവാന്‍ അവന്‍ തന്നെ മതി.}

കൃഷ്ണന്‍ ‘എന്നാല്‍ ഇനി അങ്ങയുടെ ശത്രുക്കളുടെ നാശം കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിചവുട്ടി വലത്തുഭാഗത്തു പീഠത്തില്‍ കയറി നില്‍ക്കുന്നു.
സുദര്‍ശനത്തെ സ്മരിക്കുന്ന ശ്രീകൃഷ്ണന്‍(കോട്ട:കേശവന്‍)
ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
“താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
 ദ്യപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസ്യഗനുലിപ്താംഗ പിംഗീകൃതാശം
 കല്പാന്താനല്പദീപ്തി^ പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
 ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം”
{ഭഗവാന്‍ വിഷ്ണുവിന്റെ വലതുകരത്തെ അലങ്കരിക്കുന്നതും,ഗര്‍വ്വിഷ്ടരായ അസുരന്മാരുടെ കണ്ഠത്തില്‍ നിന്നൊഴുകുന്ന രക്തത്താല്‍ തുടുത്തതും, കല്പാന്തപ്രളയകാലത്തെ കത്തിക്കാളുന്ന കോടിസൂര്യന്മാരുടെ പ്രകാശത്തോടുകൂടിയതുമായ ചക്രായുധം അപ്പോള്‍ ശ്രീകൃഷ്ണസമീപംവന്ന് സ്തുതിച്ചു.}

[^‘കല്പാന്താനല്പദീപ്തി‘ എന്നുചൊല്ലുന്നതോടെ ധര്‍മ്മപുത്രന്‍ അമിതമായ തേജസ്സുകണ്ട് അമ്പരപ്പോടെ ശ്രീകൃഷ്ണന്റെ പിന്നിലേക്ക് മാറിനില്‍ക്കുന്നു.]

അലര്‍ച്ചക്കുശേഷം ഇടത്തുഭാഗത്ത് പിന്നിലായി പിടിച്ച തിരശ്ശീലനീക്കി ഇരുകൈകളിലും ജ്വലിക്കുന്ന പന്തങ്ങളേന്തി, കറങ്ങിക്കൊണ്ട് സുദര്‍ശനം പ്രവേശിക്കുന്നു. സുദര്‍ശനം ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചശേഷം പീഠത്തിലിരിക്കുന്നു. സുദര്‍ശ്ശനം നാലാമിരട്ടിചവുട്ടിയിട്ട് പദത്തിന് നൃത്തംവയ്ക്കുന്നു.

സുദര്‍ശനത്തിന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:മുറിയടന്ത(മുറുകിയ കാലം)
പല്ലവി:
“മാധവ ജയശൌരേ മഹാത്മന്‍
 മാധവ ജയശൌരെ”                   [വട്ടംവെച്ചുകലാശം]
ചരണം1:
“മാധവ മുരഹര മകരാകൃതിധര
 മന്ദരോദ്ധാരചതുര മഹീധര
 മഹിതസൂകരാവതാര
 മാന്യതര ഘോരനരമൃഗ ചാരു
 വടുവര ശൂരഭൃഗുസുത സൂരകുലനൃപഹരി
 കരധൃതസീര യദുവീര കല്ക്കി സുശരീരാ”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം2:
“നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
 എന്തോന്നസാദ്ധ്യമെന്നാല്‍
 ചിരന്തന ചിന്തിച്ചതെന്തിനു മാം
 ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
 വദ നരകാന്ത നരസുരകാന്താ
 ജലനിധിശാന്ത മുനികാന്ത മുക്തിതപദാന്ത”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം3:
"അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
 വദ്ധ്യനിന്നേവൻ മയാ ഭൃത്യമേനം
 സദ്യോ നിയോഗിക്ക മാം വേദവേദ്യ
 ഹൃദ്യേതര തമുപേത്യ
 പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
 സൗഹിത്യമതു സമ്പാദ്യ നിരവദ്യ വരുവനഹമദ്യ"
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം:4
[“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍" എന്നു ചൊല്ലിവട്ടംതട്ടിയാൽ സുദർശ്ശനം വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് ചരണംത്തിന് നൃത്തം വെയ്ക്കുന്നു]
“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
 ധരണീധരങ്ങളേയും
 ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
 കരുണപരിലസദരുണസരസിജ-
 മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ”
(“മാധവ ജയശൌരേ................”)
{മഹാത്മാവായ മാധവാ,ശൌരേ, ജയിക്ക. മാധവാ,മത്സ്യവേഷമെടുത്ത് മുരാസുരനെ കൊന്നവനെ, കൂര്‍മ്മമായി വന്ന് മന്ദരപര്‍വ്വതം ഉയര്‍ത്തിയവനേ, മഹിതമായ വരാഹാവതാരമെടുത്തവനേ, ഘോരമായ നരസിംഹമായും, സുന്ദരനായ വാമനനായും, ശൂരനായ ഭൃഗുരാമനായും, സൂര്യവംശരാജാവായ ശ്രീരാമനായും, കലപ്പധാരിയായ ബലരാമനായും‍, ശ്രീക്യഷ്ണനായും‍, കല്കിയായും അവതാരങ്ങളേടുക്കുന്നവനേ. നിത്യനായുള്ളവനേ, നിന്തുരുവടി നിയോഗിക്കുകായാണെങ്കില്‍ എന്താണ് എന്നാല്‍ അസാധ്യമായുള്ളത്? ജ്ഞാനാനന്ദസ്വരൂപാ, ഇപ്പോള്‍ എന്നെ വരുത്തിയതെന്തിനെന്ന് അരുളിയാലും. ഹോ! അസുരാന്തകാ, ദയാലോ, അനന്തവസ്തുവേ, നരകാസുരാന്തകാ, മനുഷ്യർക്കും ദേവന്മാർക്കും പ്രിയപ്പെട്ടവനേ, സമുദ്രവാസിയായുള്ളവനേ, മുനികൾക്ക് പ്രിയനായുള്ളവനേ, മോക്ഷപ്രദാനങ്ങളായ പാദങ്ങളോടുകൂടിയവനേ, പറഞ്ഞാലും. അത്യുഗ്രന്മാരായ അസുരന്മാരിൽ ഇന്ന് എന്നാൽ കൊല്ലപ്പെടേണ്ടവൻ ആരാണ്? ഭൃത്യനായ ഈ എന്നേ ഉടനെ നിയോഗിച്ചാലും. വേദവേദ്യാ, ഏറ്റവും പ്രിയമുള്ളവനേ, ഗുണപരിപൂർണ്ണാ, പെട്ടന്നുതന്നെ പോരിൽ അസുരരെ വധിച്ചിട്ട് ദേവകളുടെ സൗഹൃദം സമ്പാദിച്ച് ഞാനിപ്പോൾത്തന്നെ മടങ്ങിവരുന്നുണ്ട്.  ധന്യശീലാ, അങ്ങ് കല്പ്പിച്ചാല്‍ ഞാന്‍ ഇപ്പോള്‍തന്നെ കടലിനെ മരുഭൂമിയാക്കുകയൊ പർവ്വതങ്ങളെ ആകെ തകര്‍ക്കുകയൊ ചെയ്യാം. ബാലസൂര്യകിരണങ്ങളാൽ വികസിതമായ ചെന്താമരപ്പൂവിന്റെ തിളക്കവും മൃദുത്വവുമുള്ള ചരണങ്ങളെ വണങ്ങുന്നവർക്ക് രക്ഷനൽകുന്നവനേ, കൗസ്തുഭാഭരണാ, അവിടുത്തെ കരുണയെന്നിൽ ഉണ്ടെങ്കിൽ മതി.}

പദം കഴിഞ്ഞാൽ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് സുദര്‍ശനം ഇടതുഭാഗത്ത് നില്‍ക്കുന്നു. ഗായകർ ഇടശ്ലോകങ്ങൾ ആലപിക്കുന്നു.

ഇടശ്ലോകങ്ങൾ
1-രാഗം:കേദാരഗൗഡ[രംഗത്ത് പതിവില്ല]
"ഇതി വദതി സുദർശനേ തദാനീ-
 മധിഗതവേപഥുഗാത്രയഷ്ടയസ്തേ
 മുകുളിതനയനാ മൂരദ്വിഷാഗ്രേ
 ഭരതകുലാഭരണാ ബഭൂവുരേതേ"
{മുരവൈരിയായ ശ്രീകൃഷ്ണന്റെ മുന്നിൽ സുദർശനം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്ന നേരം ഭരതവംശാലങ്കാരങ്ങളായ പാണ്ഡവർ ഭയംകൊണ്ട് കണ്ണുകളടച്ചുനിന്നു.}

2^-രാഗം:ശങ്കരാഭരണം
“കുരുഭിരപകൃതോപി ധര്‍മ്മജന്മാ
 സ്വകുഅലഭുവാം നിധനാജ്ജുഗുപ്സമാന:
 ഹരിമവദദ സൌ ശമന്നിനീഷു:
 പരനികൃതൌ വിമുഖം സതാം ഹി ചേത:“
{കൌരവരുടെ ദ്രോഹങ്ങളെ സഹിച്ചിട്ടും തന്റെ കുലത്തില്‍‌പെട്ടവരായ അവരെ കൊല്ലുവാന്‍ മടിച്ച് സുദര്‍ശനത്തെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു. ’സജ്ജനങ്ങള്‍ അന്യരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കാറില്ലല്ലൊ!’}

[^ശ്ലോകം ആലപിക്കുന്നതോടെ അബദ്ധഭാവത്തോടെ രംഗമദ്ധ്യത്തിലേയ്ക്കു വരുന്ന ധര്‍മ്മപുത്രന്‍ ചിന്തിച്ച് ജാള്യത നടിക്കുന്നു. തുടര്‍ന്ന് ആശ്രയഭാവത്തില്‍ ശ്രീകൃഷ്ണനെ വന്ദിച്ച് നില്‍ക്കുന്ന ധര്‍മ്മപുത്രന്‍ ശ്ലോകം അവസാനിച്ചാല്‍ തുടര്‍ന്ന് പദം അഭിനയിക്കുന്നു.]

“നിധനാജ്ജുഗുപ്സമാന:”കൃഷ്ണനും(കോട്ട:കേശവന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)സുദര്‍ശനവും(കലാനിലയം മധുമോഹന്‍)
ധര്‍മ്മപുത്രരുടെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത
പല്ലവി:
“കൊണ്ടല്‍‌വര്‍ണ്ണ പഴുതേ ഭവാനിതു
 കൊണ്ടു കോപിക്കരുതേ”                  [കലാശം]
അനുപല്ലവി:
“ഉണ്ടുനിന്‍‌കൃപ എങ്കില്‍ മമ ബലം
 കണ്ടുകൊള്‍ക വിമതേ ജനാര്‍ദ്ദന”     [കലാശം]
ചരണം1:
“ശത്രുസൂദന വിഭോ ഭവദീയ
 ശസ്ത്രവഹ്നിയെ മുദാ
 സര്‍വ്വലോകം ദഹിക്കുന്നതിന്‍ മുമ്പെ
 സംഹരിക്കഭവന്‍ ഭഗവൻ ജനാര്‍ദ്ദന” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ലക്ഷ്മീനാഥ സമയം കഴിഞ്ഞുടൻ
 സാക്ഷിയായിട്ടു നീയും
 ദക്ഷനാകിയ ഫൽഗുണനനെക്കൊണ്ടു
 ശിക്ഷയാരിനിചയം ജനാർദ്ദന"          [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"അന്ധകാന്വയമണേ സരോരുഹ-
 ബന്ധുതാനുമരുണേ
 ഹന്ത നൈപുണ്യം നൽകുന്നിതന്വഹ-
 മന്ധകാരഹണേ ജനാർദ്ദന"              [കലാശം]
{മേഘവര്‍ണ്ണാ,വെറുതെ ഭാവാനിതുകൊണ്ട് കോപിക്കരുതേ. ഇവിടുത്തെ കൃപയുണ്ടെങ്കില്‍ ശത്രുക്കള്‍ക്കുനേരേയുള്ള എന്റെ ശക്തി കണ്ടുകൊള്‍ക ജനാർദ്ദനാ. ശത്രുസൂദനാ, പ്രഭോ, സര്‍വ്വലോകങ്ങളും ദഹിക്കുന്നതിനുമുന്‍പേ ഭഗവാനേ, അവിടുത്തെ ശസ്ത്രാഗ്നിയെ സന്തോഷത്തോടെ പിന്മടക്കണമെ, ജനാർദ്ദനാ. ലക്ഷ്മീനാഥാ, സത്യസമയം കഴിഞ്ഞയുടനെ അങ്ങ് സാക്ഷിയായിക്കൊണ്ട് സമർദ്ധനായ അർജ്ജുനനെക്കൊണ്ട് ശത്രുക്കളെ സംഹരിപ്പിച്ചാലും, ജനാർദ്ദനാ. സൂര്യസാമീപ്യംകൊണ്ടല്ലോ അരുണന് ഇരുളകറ്റാനുള്ള സാമർദ്ധ്യമുണ്ടാകുന്നത്, ജനാർദ്ദനാ.}
‘കൊണ്ടല്‍‌വര്‍ണ്ണ പഴുതേ‘ ധര്‍മ്മപുത്രന്‍(കീഴപ്പടം കുമാരന്‍‌നായര്‍)
പദാഭിനയം കഴിഞ്ഞ് ധര്‍മ്മപുത്രന്‍ വീണ്ടും വലത്തേക്കുമാറി നില്‍ക്കുന്നു. കൃഷ്ണന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:പന്തുവരാളി(സാവേരിയിലും കല്യാണിയിലും പാടാറുണ്ട്), താളം:അടന്ത
പല്ലവി:
“മാന്യസല്‍ഗുണനിധേ ഭവാദ്ദൃശ-
 നന്യനില്ല സുമതേ”                                                            [കലാശം]
ചരണം1:
“നിന്നിലുള്ള ദയാസത്യധര്‍മ്മങ്ങള്‍
 നന്നു നന്നു നൃപതേ തവ ദൈന്യമാശു കളവാന്‍
 സുദര്‍ശനമിന്നു ദര്‍ശിപ്പിച്ചു ഞാന്‍”                                     [കലാശം]
ചരണം2:(സുദര്‍ശനത്തോട്) രാഗം:സാരംഗം
["ഗാന്ധാരിതനയരെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം ചവുട്ടിയിട്ട് ശ്രീകൃഷ്ണൻ ചരണമാടുന്നു]
“ഗാന്ധാരിതനയരെക്കൊലചെയ്‌വാന്‍
 ചിന്തിചെയ്തു നിന്നെ ഞാന്‍
 കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു ഹന്ത" [മുറിക്കലാശം]
 അനുപല്ലവി:
 "സാന്ത്വിതോഹമമുനാ ഭജിക്ക നീ
 ശാന്തഭാവമധുനാ”
{മാന്യസല്‍ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ,അങ്ങേക്ക് തുല്യനായി മറ്റൊരാളില്ല. നിന്നിലുള്ള ദയ,സത്യം,ധര്‍മ്മം ഇവകള്‍ അതിവിശേഷം തന്നെ. രാജാവേ,അങ്ങയുടെ ദൈന്യം കളയുവാനാണ് ഞാനിപ്പോള്‍ സുദര്‍ശനത്തെ ദര്‍ശിപ്പിച്ചത്. ഗാന്ധാരീതനയരെ കൊലചെയ്യുവാനായിട്ടാണ് ഞാന്‍ നിന്നെ സ്മരിച്ചത്. അഹോ! കുന്തീപുത്രന്‍ തന്നെ അതിന് തടസമായിതീര്‍ന്നു. അദ്ദേഹം എന്നെ സമാധാനപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നീയിപ്പോള്‍ ശാന്തനാവുക.}

ശേഷം ആട്ടം-
ശ്രീകൃഷണന്‍ പീഠത്തിലിരിക്കുന്നു. സുദര്‍ശനം കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഇപ്പോള്‍ അടങ്ങിയാലും’
സുദര്‍ശനം സമ്മതിച്ച്, കുമ്പിട്ട് പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ആശ്വാസത്തോടെ ഇടത്തുഭാഗത്തേക്കുവന്ന് കൃഷ്ണനെ വണങ്ങുന്നു.
ധര്‍മ്മപുത്രന്‍:‘അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അങ്ങല്ലാതെ മറ്റൊരാശ്രയവും ഇല്ല. അല്ലയോ സ്വാമിന്‍, എന്റെ അവിവേകം കൊണ്ട് ചില ചപലവാക്കുകള്‍ ഉണര്‍ത്തിച്ചുപോയി. ഒന്നും മനസ്സില്‍ വിചാരിക്കരുതേ. ഞങ്ങള്‍ക്ക് അക്ഷയപാത്രം ലഭിച്ചതും അവിടുന്ന് ഇങ്ങോട്ടേഴുന്നള്ളിയതും ആ ദുര്‍മ്മതിയായ ദുര്യോധനന്‍ അറിഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുവാന്‍ ശ്രമിക്കും. ആ സമയത്തും അവിടുത്തെ കരുണതന്നെ ഞങ്ങള്‍ക്ക് ആശ്രയം.‘
ശ്രീകൃഷ്ണന്‍:‘അല്ലയോ ധര്‍മ്മപുത്രാ,മനുഷ്യനായി ജനിച്ചാല്‍ സുഖവും ദു:ഖവും മാറിമാറി വരും. അതിനാല്‍ ഒട്ടും ദു:ഖം വേണ്ട. ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘
ധര്‍മ്മപുത്രന്‍‘അങ്ങിനെ തന്നെ’
ശ്രീകൃഷ്ണന്‍:‘ഇപ്പോള്‍ ഞാന്‍ പോകുന്നു. താമസിയാതെ വീണ്ടും കാണാം.’
ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് കൃഷ്ണനെ യാത്രയാക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ച് പാഞ്ചജന്യധാരിയായിതന്നെ യാത്രയാവുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേദാരഗൌള
“ശര്‍വോപി വാ ശതമഖോപി ചതുര്‍മുഖോ വാ
 നിര്‍വാപണേ ന ഖലു യസ്യ പരം സമര്‍ഥാ:
 നിന്യേ യുധിഷ്ഠിര മുഖാംബുജമുക്തസൂക്തി-
 വരാ ശമം മുരഭിദുജ്ജ്വല കോപവഹ്നി:“
{ശിവനോ,ഇന്ദ്രനോ,ബ്രഹ്മാവിനോ കെടുത്താനാവാത്ത ശ്രീക്യഷ്ണന്റെ കോപാഗ്നി ധര്‍മ്മപുത്രരുടെ വാക്കുകളാല്‍ ശാന്തമായി.}

രണ്ടാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന മാറ്റങ്ങള്‍

*‘പാത്രം തപസ്തനു’ എന്ന ശ്ലോകം ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ പീഠത്തിലിരുന്നുകൊണ്ട് ഇങ്ങിനെ ആടുന്നു-‘ലോകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചുവോ? കുറച്ചുകാലമായി ഞങ്ങളെക്കുറിച്ച് കൃഷ്ണന് ഒരു വിചാരവുമില്ലല്ലൊ?’. തുടര്‍ന്ന് ശ്രീകൃഷ്ണനെ ധ്യാനിച്ച് ഇരിക്കുന്നു. രണ്ടാം ശോകത്തിന്റെ അന്ത്യത്തോടെ ശ്രീകൃഷ്ണന്‍ ദൂരേനിന്നും(സദസിനിടയിലൂടെ) പുറപ്പെടുന്നു. ‘മുകുന്ദ മുഖപങ്കജാകലിത’ എന്ന ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്റെ ശംഖധ്വനികേട്ട് ധ്യാനത്തില്‍ നിന്നുമുണരുന്ന ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനാണെന്നറിഞ്ഞ് രോമാഞ്ചംകൊള്ളുന്നു. ഓടി കൃഷ്ണസമീപം ചെന്ന് നമസ്ക്കരിച്ച് തിരിച്ചെത്തുന്ന ധര്‍മ്മപുത്രന്‍, ഇരിപ്പിടം തയ്യാറാക്കിയശേഷം വീണ്ടും കൃഷ്ണസമീപമെത്തി ആനയിച്ച് കൊണ്ടുവന്ന് പീഠത്തിലിരുത്തുന്നു. തുടര്‍ന്ന് ‘അഥ യുധിഷ്ടിരമുഖ്യ’ എന്ന ശ്ലോകം ആലപിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: