2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കിര്‍മ്മീരവധം ഒന്നാം രംഗം (ബാലേകേള്‍-പതിഞ്ഞപദം)

രംഗത്ത്-ധര്‍മ്മപുത്രന്‍‍(ഒന്നാംതരം പച്ചവേഷം), പാഞ്ചാലി(രണ്ടാംതരം സ്ത്രിവേഷം)

ശ്ലോകം-രാഗം:കാബോജി
“മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജഃപുഞ്ജേ ലലാടം തപ-
 ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
 വാതോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധര്‍മ്മാത്മജോ
 മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാംതാമബ്രവീദ് ദ്രൌപതീം“
{നട്ടുച്ചനേരത്ത് നഖം‌പോലും പൊള്ളിക്കുന്നവിധം ചുട്ടുപഴുത്ത, പൊടിനിറഞ്ഞ ആ കാട്ടുവഴിയില്‍, വേനല്‍കാലത്തെ നെറ്റിചുടുന്ന വെയിലേറ്റ് മുഖം വാടിയവളും, ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റേറ്റ് ഉയരുന്ന പൊടിപടലമേറ്റ് ദേഹകാന്തിമങ്ങിയവളും, ദു:ഖിതയുമായ പാഞ്ചാലിയെ കണ്ടിട്ട് ആ ധര്‍മ്മപുത്രന്‍ ആദരവോടെ പറഞ്ഞു.}

പാഞ്ചാലിയുടെ കൈകോര്‍ത്ത് തന്റെ ശരീരത്തോടണച്ചുപിടിച്ച് രംഗമധ്യത്തിലൂടെ പതിഞ്ഞ ‘കിടതകധിംതാ’മിനൊപ്പം ദൈന്യഭാവത്തില്‍ ധര്‍മ്മപുത്രന്‍ പ്രവേശിക്കുന്നു. സാവധാനം മുന്നോട്ടുവന്ന് അസഹ്യമായചൂട്,ദീര്‍ഘനിശ്വാസം,ശൂന്യത എന്നിവ നടിച്ച് പാഞ്ചാലിയെ ഇടത്തുനിര്‍ത്തി,* നോക്കിക്കണ്ടുകൊണ്ട് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
ധര്‍മ്മപുത്രന്റേയും(കലാ:രാമന്‍‌കുട്ടി നായര്‍) പാഞ്ചാലിയുടെയും (കലാ:കെ.ജി.വാസു) പ്രവേശം
ധര്‍മ്മപുത്രന്റെ പദം-രാഗം:കാബോജി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“ബാലേ കേള്‍ നീ മാമകവാണീ
 കല്യേ കല്യാണി”
[പല്ലവി കഴിഞ്ഞാല്‍ കലാശത്തിനുവട്ടംതട്ടി, ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ? ങ്ഹാ, ശിരസ്സിലെഴുത്ത് തന്നെ’ എന്നുകാട്ടി* വട്ടംവെച്ചു കലാശമെടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“മാമക വാണീ” (ധര്‍മ്മപുത്രര്‍-കീഴ്പ്പടം കുമാരന്‍ നായര്‍)
അനുപല്ലവി:
“പാലോലുമൊഴിമാര്‍കുലതിലകേ
 പാഞ്ചാലാധിപസുകൃത വിപാകേ”        [കലാശം]
ചരണം1
“കാളാംബുദരുചിതേടും വിപിനേ
 കാമിനി വന്നതിനാലതിഗഹനേ
 ഡോളായിതമിഹ മാമകഹൃദയം
 ലോകോത്തര ഗുണശാലിനി സദയം” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"തളരുന്നൂ ഗൃഹചംക്രമണേന
 തളിരോടിടയും തവ പദയുഗളം
 കളമൊഴിമാരണിയും മുടിമാലേ
 കഥമിവ സഹതേ കാനനചരണം"     [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"വികസതി ദിനകരകിരണൈരധികം
 വിരവൊടിതരസരോരുഹനിവഹം
 ശുകഭാഷിണി ബത തവ മുഖകമലം
 സുന്ദരി വാടീടുന്നതിവേലം"                  [കലാശം]
ചരണം4:
“മണിമയസദനേ മോഹനശയനേ
 മണമിയലുന്നവകുസുമാസ്തരണേ
 മദനരസേന രമിച്ചീടും നീ 
 മധുമൊഴി വാഴുന്നെങ്ങിനെ വിപിനെ”   [ഇരട്ടിക്കലാശം]

{മംഗളരൂപിണിയും സമര്‍ദ്ധയുമായ ബാലികേ,എന്റെ വാക്കുകള്‍ കേട്ടാലും. പാലോഴുകുന്നവാക്കുകളോടുകൂടിയ സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ടയായവളേ, പാഞ്ചാലാധിപന്റെ പുണ്യഫലമേ,കാര്‍മേഘസമാനമായി ഇരുണ്ടതും നിബിഡവുമായ വനത്തില്‍ വന്നതിനാല്‍ എന്റെ ഹൃദയം ഊഞ്ഞാലുപോലെ ആടുന്നു. കളമൊഴിമാരിൽ ശ്രേഷ്ഠേ, ഗൃഹത്തിൽ നടന്നാൽത്തന്നെ തളരുന്നവയായ നിന്റെ തളിരിനുസമമായ പാദങ്ങൾ കാനനസഞ്ചാരം എങ്ങിനെ സഹിക്കും? മറ്റുതാമരകൾ എല്ലാം സൂര്യപ്രകാശമേറ്റ് കൂടുതലായി വിടരുന്നു. കിളിമൊഴീ, സുന്ദരീ, കഷ്ടം! നിന്റെ മുഖത്താമരമാത്രം കൂടുതലായി വാടിക്കൊണ്ടിരിക്കുന്നു. രത്നമയമായ ഗൃഹത്തില്‍, നറുമണമുള്ള പൂക്കള്‍വിരിച്ച സുന്ദരമായ കിടക്കയില്‍, കാമരസത്തോടേ രമിച്ചിരുന്ന ഭവതി ഈ കാട്ടില്‍ എങ്ങിനെ വസിക്കും?}
"വാഴുന്നെങ്ങിനെ വിപിനെ”കലാ:രാമന്‍‌കുട്ടിനായര്‍ ധര്‍മ്മപുത്രരായി
ഇടശ്ലോകം-രാഗം:യദുകുലകാബോജി
“ദീനദൈന്യദമനം ദയിതാ
 സാശൃണ്വതീ സുമധുരം പ്രിയവാക്യം
 ഭാരതീമിതി നരേന്ദ്രമുദാര-
 മബ്രവീദ് ദ്രുപദരാജതനൂജാ”
{ദു:ഖിതര്‍ക്ക് ആശ്വാസമേകുന്ന പ്രിയതമന്റെ മധുരമായ വാക്കുകേട്ട് പാഞ്ചാലി അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു}

പാഞ്ചാലിയുടെ പദം-രാഗം:യദുകുലകാബോജി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
 സന്താപമിന്നിഹ മേ”                                           [കലാശം]
അനുപല്ലവി:
“ശാന്തമാനസ ശന്തനുകുലദീപ
 കിന്ത്വയാനവിദിതം കൃപാസിന്ധോ”                     [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"കുമതികൾ വരനാകും കുരുനൃപസഹജനാൽ
 ഗുരുജനസവിധേ കൃതമവമാനം
 കമനീയാംഗ നൃപ കമലവിലോചന
 കരുണാസാഗര കഥമിവ കഥയേ
 നരപതേ സൗമ്യതരമതേ ഭൂരി-
 കൃപാനിധേ ഖേദം നഹി ബത കിമു തേ"              [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
 മണിദീപിതമായുള്ള തവ പദയുഗളം
 മാർഗ്ഗമദ്ധ്യേ തപ്തമണലിലിതിങ്ങനെ മരുവീടുന്നതിനാൽ
 മനസി മേ ശോകം വളരുന്നു മേനി തളരുന്നു
 താപം കലരുന്നു ഹന്ത കിമിഹ ഞാൻ പറയുന്നു" [കലാശം]
ചരണം3:(മൂന്നാം കാലം)
“അതൊക്കവേ സഹിക്കിലുമകതാരിലൊരു ഖേദ-
 മധികമായ് വളരുന്നതധുനാ കേട്ടാലും
 അനശനേന പരമാബാലവൃദ്ധം
 അവനീദേവന്മാരും അഴലോടെ അടവിയില്‍
 വസിക്കുമൊ ദൂരന്നടക്കുമോ ചൂടു
 സഹിക്കുമോ കണ്ടാല്‍ ഇതു തവ പൊറുക്കുമോ”   [കലാശം]
{കാന്താ,വിചാരിച്ചാല്‍ ഇതിലെനിക്ക് അങ്ങയില്‍ കൂടുതലായി എന്തൊരുസങ്കടമാണുള്ളത്? ക്ഷമാശൈലനും ശന്തനുകുലത്തിന്റെ ദീപവുമായ ദയാവാരിധേ, അത് ഭവാനറിഞ്ഞുകൂടേ? സുന്ദരാ, രാജാവേ, താമരക്കണ്ണാ, കരുണാസാഗരാ, ദുഷ്ടാഗ്രഗണ്യനായ കൗരവനാൽ ഗുരുജനങ്ങളുടെമുന്നിൽ വെച്ച് ഉണ്ടായ അവമാനം ഞാനെങ്ങിനെ പറയും? രാജാവേ, ഏറ്റവും സൗമ്യബുദ്ധിയോടുകൂടിയവനേ, വളരേകൃപയ്ക്ക് ഇരിപ്പിടമായുള്ളവനേ, കഷ്ടം! അങ്ങേയ്ക്ക് ഇതിൽ അല്പവും ഖേദമില്ലേ? അതൊക്കെ സഹിക്കാമെങ്കിലും മനസ്സില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ദു:ഖത്തെ കേട്ടാലും. ബാലരും വ്യദ്ധരും അടക്കമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണമില്ലാതെ കാട്ടില്‍ വസിക്കാനാവുമൊ? ബഹുദൂരം നടക്കുവാന്‍ സാധിക്കുമൊ? ഇതുകണ്ടാല്‍ ഭവാന് സഹിക്കുമോ?}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)
“കണ്ടാല്‍ ഇതു തവ പൊറുക്കുമോ”ധര്‍മ്മപുത്രനും(കലാ:ക്യഷ്ണന്‍‌നായര്‍) പാഞ്ചാലിയും(മാര്‍ഗ്ഗി വിജയകുമാര്‍)
ശേഷം ആട്ടം-*
ധര്‍മ്മപുത്രന്‍:(പത്നിയുടെ വാക്കുകള്‍കേട്ടിട്ട് ആദരവോടെ അവളെ നോക്കിയിശേഷം, ആത്മഗതമായി) ‘ഇവളുടെ ബുദ്ധി ഏറ്റവും വൈഭവമുള്ളതുതന്നെ. ^ഇനി ഈ ദു:ഖം ഒഴിവാക്കാന്‍ മാര്‍ഗ്ഗം എന്ത്?‘ (ആലോചിച്ചിട്ട്) ‘ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാല്‍ എന്തെങ്കിലും ഉപായം ഉണ്ടാകും’ എഴുന്നേറ്റ് പാഞ്ചാലിയോടായി) ‘അല്ലയൊ പ്രിയേ,ഒട്ടും വ്യസനിക്കേണ്ട. നമ്മുടെ ദു:ഖം ഒഴിവാക്കാന്‍ ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാ‍ല്‍ ഉപായമുണ്ടാകും. അതിനാല്‍ ഈ കാര്യം ഗുരുനാഥനെ അറിയിക്കാം, അല്ലേ?’
പാഞ്ചാലി:‘അങ്ങിനെ തന്നെ’

[^മുന്‍പ് ഇവിടെ മനോധര്‍മ്മാനുസ്സരണം ‘നളായണീചരിതം’ ആടാറുണ്ട്.
നളായണീചരിതം-
പണ്ട് മാല്‍ഗല്യന്‍ എന്നുപേരായ ക്ഷിപ്രകോപിയായ ഒരു മുനിവര്യന്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു നളായണീ അഥവാ ഇന്ദ്രസേന. മാല്‍ഗല്യന്‍ വ്യദ്ധനും കുഷ്ഠരോഗബാധിതനും ആയിരുന്നു. നളായണിയാകട്ടെ യൌവനയുക്തയായ സുന്ദരിയും ഉത്തമപതിവ്രതാരത്നവും ആയിരുന്നു. കുഷ്ഠരോഗിയായിരുന്ന മുനി ഒരുദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ ഒരു വിരള്‍ അടര്‍ന്ന ഭക്ഷണത്തില്‍ വീണുപോയി. പതിവ്രതാരത്നമായ നളായണി ഭക്തിയോടുകൂടി ആ വിരള്‍ എടുത്തുമാറ്റിയിട്ട് പതിവുപോലെ ഭര്‍ത്താവിന്റെ ഉച്ചിഷ്ടത്തെ ഭക്ഷിച്ചു. ഇതില്‍ സന്തുഷ്ടനായ മുനിവര്യന്‍ നളായണിക്ക് ഇഷ്ടവരം നല്‍കുവാന്‍ തയ്യാറായി. മാല്‍ഗല്യന്‍ പഞ്ചശരീരനായി വന്ന് തന്നെ രമിപ്പിക്കണം എന്നായിരുന്നു നളായണിയുടെ ആഗ്രഹം. ഇതിന്‍പ്രകാരം മാല്‍ഗല്യന്‍ പഞ്ചശരീരനായി നളായണിയോടോന്നിച്ച് വളരെക്കാലം ലോകസഞ്ചാരം ചെയ്യുകയും അവളെ രമിപ്പിക്കുകയും ചെയ്തു. പിന്നീടോരിക്കല്‍ മുനി തന്റെ രതിജീവിതം മതിയാക്കി തപസ്സിലേയ്ക്ക് തുടരുവാന്‍ ഉറപ്പിച്ചു. ഇത് ഇഷ്ടപെടാഞ്ഞ നളായണി, തനിക്ക് ക്രീഡിച്ച് തൃപ്തിവന്നിട്ടില്ലായെന്നും, അതിനാല്‍ തന്നെ പിരിയരുതെന്നും പറഞ്ഞ് ഭര്‍ത്താവിനെ തടഞ്ഞു. തപോവിഘ്നത്തിനു മുതിര്‍ന്ന നളായണിയില്‍ കോപിഷ്ഠനായിതീര്‍ന്ന മുനിവര്യന്‍ ‘നീ അടുത്ത ജന്മത്തില്‍ പാഞ്ചാലരാജന്റെ പുത്രിയായിതീര്‍ന്ന് അഞ്ച് ഭര്‍ത്താക്കന്മാരോടുകൂടി കഴിയാന്‍ ഇടവരട്ടെ‘ എന്ന് അവളെ ശപിച്ചു. ആ നളായണിയുടെ പുനര്‍ജന്മമാണ് പാഞ്ചാലി.]
ധര്‍മ്മപുത്രന്‍ പ്രവേശനത്തിലെപോലെതന്നെ പാഞ്ചാലിയുടെ കൈകോര്‍ത്തുപിടിച്ച്, ചൂട്, ദീര്‍ഘനിശ്വാസം, ശൂന്യത ഇവകള്‍ നടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഈ രംഗത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള പ്രധാന വ്യതാസങ്ങള്‍
*ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ കൈവിട്ട് മാറി പദാഭിനയം തുടങ്ങും മുന്‍പായി ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ?’ എന്നുകാട്ടും. പല്ലവിക്കുശേഷം ‘ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ, ശിരസ്സിലെഴുത്തുതന്നെ’എന്നാണ് ആടുക.

*പദങ്ങള്‍ക്കുശേഷം ഇരുവരും അടുത്തടുത്ത് പീഠത്തിലിരുന്നാണ് ഇളകിയാട്ടം. ആട്ടം ഇങ്ങിനെയാണ്-
ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘ഇവള്‍ക്ക് ഇപ്രകാരം ബ്രാഹ്മണരില്‍ ഭക്തിയുണ്ടാവാനുള്ള കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ഓഹോ, മനസ്സിലായി. ഇവളുടെ വിവാഹകാലത്ത് വ്യാസമഹര്‍ഷി ഉപദേശിച്ചുട്ടള്ളതായ വ്യത്താന്തം ഓര്‍മ്മയില്‍ വരുന്നു. ഇനി എന്ത്?’ (പാഞ്ചാലിയോട്) ‘നമുക്ക് തല്ക്കാലമുള്ള ദു:ഖം പരിഹരിക്കുന്നതിനും, ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും എന്താണ്മാര്‍ഗ്ഗമെന്ന് കുലഗുരുവായ ധൌമ്യനോട് ചോദിക്കാം’.

4 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

മണീ,
നന്നായിരിക്കുന്നു.
‘കഠിന’മായ കഥയാണ് കിർമീരവധം എന്ന ആമുഖപ്രസ്താവം ശരിയാണോ?അനായാസത,കാഠിന്യം-ഇതൊക്കെ ആപേക്ഷികമായ കാര്യങ്ങളല്ലേ?അത്യന്തം നാട്യധർമ്മിതയാർന്നതും,സങ്കേതസൌന്ദര്യമാർന്നതും,...അങ്ങനെ എന്തും പറഞ്ഞോളൂ.കഠിനം വേണോ?
അക്ഷരപ്പിശാചുകൾ ശ്രദ്ധിക്കുമല്ലോ.
അവസ്ത-തെറ്റ്,അവസ്ഥ-ശരി
സ്തായി-തെറ്റ്,സ്ഥായി-ശരി.
ആശംസകൾ!

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ വികടശിരോമണി, ആശംസകള്‍ക്കും തെറ്റുകള്‍ ചൂണ്ടികാണിച്ചതിനും നന്ദി. ‘കഠിനം’ എന്ന് ഉദ്ദേശിച്ചത്. ‘ആട്ടകഥാസാഹിത്യ’ത്തെയാണ്, മറിച്ച് അതിന്റെ അവതരണത്തെ അല്ല.

Prof.Mohandas K P പറഞ്ഞു...

നല്ല വിശദീകരണം, നല്ല അപഗ്രഥനം. ചെറുപ്പകാലത്തു കിര്‍മ്മീരവധം കഥ കൃഷ്ണന്‍ നായര്‍ ആശാനും മറ്റും അഭിനയിച്ചു കണ്ടിട്ടുണ്ട്. ഓര്‍മ്മകള്‍ പുതുക്കാന്‍ അവസരം കിട്ടി,നന്ദി. കഥകളി കാര്യമായി ആസ്വദിക്കാന്‍ ഇത്തരം കുറിപ്പുകള്‍ പ്രയോജനപ്പെടും, തീര്‍ച്ച. നൂറരങ്ങുപോലെയുള്ള പരിപാടിയും. നൂറരങ്ങിനെപറ്റിയുള്ള കുറിപ്പ് ശ്രധ്തിക്കുക.
http://profkuttanadan.blogspot.com/2008/09/blog-post_22.html

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ Malathi and Mohandas,
ബ്ലോഗ് കണ്ടു. പൊതുവേ കഥകളിവിവരങ്ങള്‍ ബ്ലോഗുകളില്‍ വര്‍ദ്ധിച്ചുവരുന്നതില്‍ സന്തോഷം.
നൂറങ്ങ് ഉത്ഘാടനത്തെ പറ്റി ഞാനും ബ്ലോഗിയിരുന്നു ഇവിടെ-http://kalibhranthan.blogspot.com/2008/08/blog-post_27.html