2008, ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം മൂന്നാം‌രംഗം

രംഗത്ത്- ശ്രീരാമന്‍, ലക്ഷ്മണൻ‍(മുടിവെച്ച പച്ചവേഷങ്ങള്‍), സീത(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാത
 സ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
 ശുദ്ധം പൊന്‍‌മൃഗമായി കളിച്ചു വിപിനേ മായാവി മാരീചനും
 ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ”
{രാവണന്‍ മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി മാരീചനാകട്ടെ പൊന്‍‌മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു. അതുകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.}

രാമന്‍‌ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി പ്രവേശിക്കുന്നു. മാനിനെ കണുന്നതായി നടിച്ചിട്ട് രാമന്‍ പദം അഭിനയിക്കുന്നു.

രാമന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
പല്ലവി:
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ”
അനുപല്ലവി:
“കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍”
ചരണം1:
“കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
 ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.”
(“വണ്ടാര്‍കുഴലിബാലേ.......)
{വണ്ടിന്‍‌നിറമുള്ള നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും മതിവരാത്തൊരു പൊന്‍‌മാന്‍! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍ മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.}
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ” (ശ്രീരാമന്‍-കലാ:ഗോപി, സീത-കലാ:രാജശേഘരന്‍)
സീതയുടെ മറുപടിപദം-രാഗം;ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
“എന്നാര്യപുത്ര മരതകമയം
 കണ്ഠംനന്ദികലരും ശൃഗം ശൃഗാരങ്ങളല്ലൊ”
ചരണം1:
“വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ
 ദേഹംതുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു”
ചരണം2:
“കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
 പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍”
{എന്റെ ആര്യപുതാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളം‌പുല്ലുകളും തിന്ന് തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത ആഗ്രഹത്തെ ജനിപ്പിക്കുന്നു.}

ശ്രീരാമന്‍:
ചരണം2:-രാഗം:കല്യാണി
“ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്
‍ കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ”
{സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു തരുന്നുണ്ട്}
കല്യാണി കൊണ്ടുവന്നു.......”
ശ്രീരാമനും(എഫ്.എ.സി.റ്റി.പത്മനാഭന്‍)സീതയും(കുടമാളൂര്‍ മുരളീക്യഷ്ണന്‍)
ചരണം3:(ലക്ഷ്മണനോട്)
“അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
 നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍”
{ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ നില്‍ക്കുക.}

ശേഷം ആട്ടം-
ശ്രീരാമന്‍:(ലക്ഷ്മണനോട്) ‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും’
സീതയേയും ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന് മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന് താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍ ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ ചെല്ലുന്നു.
‘മാന്‍പിടുത്തം-രണ്ടാം താളവട്ടം (ശ്രീരാമന്‍-കലാ:ഗോപി)
രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍ ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ 
പറിച്ചുകാട്ടിക്കൊണ്ട് മാനിനെ സമീപിക്കുന്നു. 
മാന്‍പിടുത്തം-മൂന്നാംതാളവട്ടം (ശ്രീരാമന്‍-കലാ:പ്രദീപ്)
മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.

ശ്രീരാമന്‍:‘ഇങ്ങിനെവരുവാന്‍ കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ,അറിയാം’ (വില്ലെടുത്ത് ഞാണ് മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’
രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു.+ ഉടനെ ഗായകര്‍ ശ്ലോകം ചൊല്ലുന്നു. ശ്രീരാമന്‍ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.

[+പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്തും ഒരു ഇടശ്ലോകം പതിവുണ്ട്.] 

ഇടശ്ലോകം-രാഗം:ഘണ്ടാരം
“അയ്യയ്യോ ജനകതനയേകനകമൃഗമായിവന്നു കൌണപന്‍ കാടതില്
‍ ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
 അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
 ജാനകി മല്‍‌പ്രിയേ നീയും വെടിഞ്ഞിതോ”
{അയ്യയ്യൊ,ജനകപുത്രി കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ? പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?}

രാമന്‍:( രാക്ഷസരോദനംകേട്ടിട്ട്) ‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ’.
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

3 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല കേമമായി വിശദീകരിച്ചിട്ടുണ്ടല്ലൊ.

ഉപകാരപ്രദമായി.

Haree പറഞ്ഞു...

"ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു." - ലക്ഷ്മണൻ ക്രുദ്ധനാവുന്നില്ല. അത്യധികം സങ്കടപ്പെടുകയും; രാമനെത്തേടി പോകുവാനും വയ്യ, പോവാതിരിക്കുവാനും വയ്യ എന്ന അവസ്ഥയിലെത്തുകയുമാണ് ചെയ്യുന്നത്.

അതു അകന്വനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.” - അങ്ങിനെയല്ലല്ലോ! സഹോദരിയുടെ അംഗങ്ങൾ വികൃതമാക്കിയ ലക്ഷ്മണനും, ജ്യേഷ്ഠനായ രാമനും, ജ്യേഷ്ഠപത്നിയായ സീതയും പഞ്ചവടിയിലെത്തിയിരിക്കുന്നു എന്നാണ് അകമ്പൻ അറിയിക്കുന്നത്. അതായത്, ശൂർപ്പണഖയുടെ കാര്യം രാവണൻ നേരത്തേ തന്നെ അറിഞ്ഞിട്ടുണ്ട്. പിന്നെ, ശൂർപ്പണഖയെ വധിക്കുന്നില്ലല്ലോ, അപ്പോൾ അവൾ നേരിട്ടു തന്നെ രാവണനെക്കണ്ട് ഈ വൃത്താന്തം അറിയിക്കുവാനാണല്ലോ സാധ്യത. (നരകാസുരവധം, കിർമ്മീരവധം തുടങ്ങിയവയിലേതു പോലെ.)

അക്ഷരത്തെറ്റുകൾ വളരെയധികം. പോസ്റ്റ് ചെയ്യുന്നതിനു മുൻപ് ഒന്നോ, രണ്ടോ വട്ടം വായിച്ചതിനു ശേഷം പോസ്റ്റ് ചെയ്യൂ. ‘മ്പ’ എന്നതിന് ‘ന്വ’ എന്നെഴുതുന്നതെന്തിനാണ്? mpa എന്നു ടൈപ്പ് ചെയ്താൽ മതി.

ഏതായാലും ഇത്രയും കുറച്ചത് വളരെ നന്നായെന്നു പറയണം. :-) അനവധി വേഷങ്ങളും, രംഗങ്ങളുമുണ്ടെങ്കിലും; സാഹിത്യഭംഗി ഒട്ടുമിക്കവാറും രംഗങ്ങൾക്കും കുറവായതിനാൽ ഒരു രസക്കുറവ് അനുഭവപ്പെടുന്നുണ്ട്. (സംഗീതത്തിനും കഥകളിയിൽ പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്ന ആസ്വാദകർക്കു മാത്രമേ, ഒരുപക്ഷെ ഇങ്ങിനെ തോന്നുകയുള്ളൂ...)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ഹരീ,
*“കാന്തനെ അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു വിചാരിക്കുന്നു?“ എന്നുള്ള സീതയുടെ കഠിനവചനങ്ങള്‍ കേട്ട് (താന്‍ മനസാപി ചിന്തിക്കുകപോലും ചെയ്യാത്ത വിഷയമാണല്ലൊ അത്)“കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം കൊണ്ട് ഭവതി കൈകേയി തന്നെ.“ എന്നു പറഞ്ഞ് സങ്കടം കലര്‍ന്ന ദേഷ്യത്തോടുകൂടിത്തന്നെയല്ലെ ലക്ഷ്മണന്‍ പോകുന്നത്?


*നരകാസുരവധം, കിർമ്മീരവധം തുടങ്ങിയവയിലേതു പോലെ ശൂര്‍പ്പണഖ നിണംനിഞ്ഞുവന്ന് കാര്യം അറിയിക്കുന്നത് ഖരനോടാണ്. രാവണനോടല്ല.
ശൂർപ്പണഖയുടെ കാര്യം രാവണൻ നേരത്തേ തന്നെ അറിഞ്ഞിട്ടുണ്ട്. അങ്ങിനെയാവാം മൂലകഥയില്‍, എന്നാല്‍ ആട്ടക്കഥയില്‍ അകന്വനന്‍ പറഞ്ഞാണ് രാവണന്‍ ഈ വിവരങ്ങള്‍ അറിയുന്നത്.“മൂലകഥയില്‍ നിന്നുള്ള വ്യതിയാനം“ എന്നുപറഞ്ഞാണല്ലൊ ഞാന്‍ ഇത് എഴുതിയിരിക്കുന്നതും.


*‘മ്പ‘ എഴുതുന്നതിന്റെ രീതിപറഞ്ഞുതന്നതിനു നന്ദി.