2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം ഒന്‍പതാംരംഗം.

രംഗത്ത്-ഭീമന്‍,ലളിത‍‍.

ശ്ലോകം-രാഗം:തോടി.
“സ്ത്യോക്തേ സത്യവത്യാസ്സുത ഇതിസമുപദിശ്യ മോദാല്‍ പ്രയാതേ
 ശാന്താസ്തേ ശാലിഹോത്രദ്വിജസദസി സദാ വന്യഭക്ഷാ ന്യവാത്സു:
 താവത്താമാത്തമോദാദുനുരഹസി തതോ മാരുതിര്‍മ്മാനയിത്വാ
 പ്രോചേ പ്രോദ്ദാമകാമാമമിതരസമമിത്രാന്തകാരീ ഹിഡിംബീം”
{സത്യവാദിയായ വേദവ്യാസമഹര്‍ഷി ഇങ്ങിനെ ഉപദേശിച്ച് പോയതിനുശേഷം സംശയങ്ങളെല്ലാം അകന്ന് മനസ്സമാധാനം കൈവന്ന പാണ്ഡവര്‍ ശാലിഹോത്രബ്രാഹ്മണരുടെ കൂട്ടത്തില്‍ കായ്‌കനികള്‍ ഭക്ഷിച്ചുകൊണ്ട് പാര്‍ത്തുവന്നു. അങ്ങിനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ഏകാന്തതയില്‍ കാമാവേശം‌പൂണ്ട ഹിഡിംബിയെ മാനിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു}

രംഗമദ്ധ്യത്തിലൂടെ ഹിഡിംബിയെ ആലിംഗനം ചെയ്തുകൊണ്ട്  പതിഞ്ഞ’കിടതകധീം,താ’മോടെ പ്രവേശിക്കുന്ന ഭീമന്‍ മുന്നോട്ടുവന്ന് ഹിഡിംബിയെ ഇടത്തുവശത്തുനിര്‍ത്തി, നോക്കിക്കണ്ടുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

ഭീമന്റെ സൃഗാരപദം-രാഗം:തോടി,താളം:ചമ്പട(ഒന്നാം കാലം)
പല്ലവി:
“ബാലേ വരികനീ ചാരുശീലേ മോഹന-
 കുന്തളജാലേ തിലകരാജിത ഫാലേ സുകപോലെ” [കലാശം]
ചരണം1:
“ചേണാര്‍ന്നീടും നിന്റെ മുഖം കാണുന്നാകിലിപ്പോള്‍
 ഏണാങ്കനും പാരമുള്ളില്‍ നാണം വളര്‍ന്നീടുന്നു.”    [ഇരട്ടിക്കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
 "നിന്നുടെ കുന്തളത്തോളം നന്നല്ലെന്നു നിജബാലം
 പിന്നിൽ ധരിച്ചീടുന്നല്ല്ലോ വന്യചമരികൾ"
ചരണം3:[രംഗത്ത് പതിവില്ല]
"വക്രമാകും കടാക്ഷവും വാർകുഴലുമെങ്കൽ
 അക്രമം ചെയ്തീടുന്നല്ലോ യുക്തമേവ നൂനം"
{ഗുണശീലയായ പെണ്‍കിടാവേ, അഴകെഴുന്ന തലമുടിയോടുകൂടിയവളേ, തിലകത്താല്‍ ശോഭിക്കുന്ന നെറ്റിതടത്തോടുകൂടിയവളേ, വരൂ. ഭവതിയുടെ ശോഭയേറും മുഖം കണ്ടാല്‍ ഇപ്പോള്‍ ചന്ദ്രന്‍പോലും വല്ലാതെ നാണിച്ചുപൊകും. നിന്നുടെ തലമുടിയോളം നന്നല്ലെന്നു കരുതി വന്യചമരികൾ പിന്നിൽ ധരിച്ചീടുന്നു നിജബാലർ. വക്രമായ കടാക്ഷവും, വാർകുഴലും എന്നിൽ ആക്രമം ചെയ്യ്ന്നു. തീർച്ചയായും ഇത് യുക്തം തന്നെ.}
"കുന്തളജാലേ..........”ഭീമനും(കലാ:ഗോപി)ലളിതയും(കലാ:ഷണ്മുഖന്‍)
ഹിഡിംബിയുടെ മറുപടിപദം-രാഗം:നീലാബരി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കോലാഹലമോടു നല്ല കോകിലാഗനമാരുടെ ആലാപം
 കേള്‍ക്കാകുന്നു പൂഞ്ചോലതന്നില്‍ കാന്താ”   [ഇരട്ടിക്കലാശം]
ചരണം1:
“മലയമാരുതലോലമാലതീകുഞ്ജങ്ങള്‍ കാണ്‍ക
 കാലോചിതമായുള്ളതും കാന്ത കല്പിച്ചാലും.” [ഇരട്ടിക്കലാശം]
{പ്രിയതമാ, പൂവാടിയില്‍നിന്നും ആഹ്ലാദം മുഴുത്ത പെണ്‍കുയിലുകളുടെ കളകൂജനം കേള്‍ക്കുന്നു. ചന്ദനകാറ്റേറ്റ് ആടുന്ന പിച്ചകവല്ലികുടിലുകള്‍ നോക്കു. ഈ സന്ദര്‍ഭത്തിന് ഉചിതമായുള്ളത് കല്‍പ്പിച്ചാലും.}
കാലോചിതമായുള്ളതും കാന്ത കല്പിച്ചാലും”ഭീമനും(കലാ:ഗോപി)ലളിതയും(കലാ:ഷണ്മുഖന്‍)
ഭീമന്‍: 
ചരണം2:രാഗം:പാടി
“ചെന്താര്‍ബാണ മണിച്ചെപ്പും
 ചേവടി പണിയും നിന്റെ
 പന്തൊക്കും കൊങ്കയെന്മാറില്‍
 പൈന്തെന്‍ വാണി ചേര്‍ക്ക”    [ഇരട്ടിക്കലാശം]
{പൂവമ്പന്റെ രത്നചെപ്പുപോലും വീണുകുമ്പിടുന്ന നിന്റെ പന്തിനുസമമായ കൊങ്കകള്‍ മധുമൊഴി, എന്റെ മാറിടത്തില്‍ ചേര്‍ത്താലും.}

പതിഞ്ഞഇരട്ടിക്കലാശം കഴിഞ്ഞ് രണ്ടാമിരട്ടിസമയം ഭീമന്‍ ഹിഡിംബിയെ ആ‍ലിംഗനംചെയ്തുകൊണ്ട് പ്രത്യേകതരം നൃത്തം വയ്ക്കുന്നു. അന്ത്യത്തിൽ വള്ളിക്കുടിലിലേക്കെന്നുള്ള നാട്യത്തില്‍ സാവധാനം ഇരുവരം നിഷ്ക്രമിക്കുന്നു.
-------(തിരശ്ശീല)--------

ഇടശ്ലോകം-കേദാരഗൌളരാഗം 
“മുനിവര്യഗിരാവിനിശ്ചിതാത്മാ
 മനുജേശാവരജോ മരുത്തനൂജ:
 തനയം ക്ഷണപൂര്‍ണ്ണയൌവനാഢ്യം
 ജനയാമാസ ഘടോത്കചം ഹിഡിംബ്യാം”
{വേദവ്യാസമഹര്‍ഷിയുടെ ഉപദേശത്താല്‍ സംശയമകന്ന് കര്‍ത്തവ്യബോധമുദിച്ച ഭീമന്‍ ഘടോതകചന്‍ എന്ന പുത്രനെ ജനിപ്പിച്ചു. അവന് ക്ഷണത്തില്‍ യൌവനപൂര്‍ത്തിയും വന്നു.‍} 

അഭിപ്രായങ്ങളൊന്നുമില്ല: