2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പത്താംരംഗം

രംഗത്ത്-ഭീമന്‍,ലളിത, ഘടോത്കചന്‍‍(കുട്ടിത്തരം കത്തി)

ശ്ലോകം-രാഗം:മദ്ധ്യമാവതി
“സ ജാതമാത്രസ്സജലാഭൂസപ്രഭ:
 സു ജാതവൃത്തായ തപീനദോര്‍ബല:
 പ്രോത്ഥായ സദ്യ: പ്രണിപത്യ പാണ്ഡവം
 പ്രോവാച വാചം പിതരം കൃതാഞ്ജലി:”
{കാര്‍മേഘതുല്യനും നീണ്ടുരുണ്ട് തടിച്ച കരങ്ങളോടുകൂടിയവനും ആയ ആ ബാലന്‍ ജനിച്ചയുടന്‍ തന്നെ എഴുന്നേറ്റുനിന്ന് പിതാവായ ഭീമനെ നമസ്ക്കരിച്ച് പറഞ്ഞു.‍}

ഘടോത്കചന്റെ തിരനോട്ടം-
തിരനോട്ടത്തിനുശേഷം തിരശ്ശീലമാറ്റുമ്പോള്‍ ഇടത്തുവശത്തുകൂടി എടുത്തുകലാശത്തോടെ ഘടോത്കചന്‍ പ്രവേശിച്ച് വലതുഭാഗത്തിരിക്കുന്ന ഭീമനേയും ഹിഡിംബിയേയും കെട്ടിച്ചാടിക്കുമ്പിടുന്നു. ഭീമന്‍ പുത്രനെ ആശ്ലേഷിക്കുന്നു.
ഘടോതകചന്‍:‘അല്ലയോ പിതാവേ, ഇനി ഞാന്‍ പറയുന്നത് വഴിപോലെ ശ്രവിച്ചാലും.’ ഘടോത്കചന്‍ നാലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.
ഘടോത്കചന്റെ പ്രവേശം-(ഭീമന്‍-കലാ:ഷണ്മുഖന്‍,
ലളിത-കലാ:വിജയന്‍,ഘടോതകചന്‍-കലാ:അരുണ്‍‌വാര്യര്‍)
ഘടോത്കചന്റെ പദം-രാഗം:മദ്ധ്യമാവതി,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“താത നിന്‍ കഴലിണകള്‍ കൈതൊഴുന്നേന്‍ മയി‍
 സാദരം കൃപയുണ്ടാകവേണമല്ലൊ”   [ഇരട്ടിക്കലാശം]
ചരണം1:
“കല്മഷമകന്നനുജ്ഞ ചെയ്തീടണം ഇന്നു
 നിര്‍മ്മലമാനസ പോവാനമ്മയോടും” [ഇരട്ടിക്കലാശം]
{അച്ഛാ,അവിടുത്തെ പാദങ്ങളില്‍ നമസ്ക്കരിക്കുന്നു. എന്നില്‍ ദയ വേണമേ. അമ്മയോടുകൂടി പോവാന്‍ സസന്തോഷം അനുവദിച്ചാലും.}

ഭീമന്റെ മറുപടിപദം-രാഗം:കല്യാണി,താളം:ചമ്പട(രണ്ടാം കാലം)
ചരണം1:
“സസ്തി ഭവതു തേ സൂനോ സ്വൈരമായിപോക
 ചിത്തശോകമകന്നു ജനനിയോടും‍”    [ഇരട്ടിക്കലാശം]
{മകനേ,നിനക്കു മംഗളം ഭവിക്കട്ടെ. മന:ക്ലേശമില്ലാതെ അമ്മയോടുകൂടി സ്വൈരമായി പൊയ്ക്കൊള്ളുക.} 

ഘടോത്കചന്‍:രാഗം:പന്തുവരാടി,താളം:മുറിയടന്ത(ദ്രുത കാലം)
ചരണം2:
[“സ്വാന്തമതില്‍ ചിന്തിക്കുന്നേരം" എന്ന് ചൊല്ലിവട്ടംതട്ടവെ വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]
“സ്വാന്തമതില്‍ ചിന്തിക്കുന്നേരം തന്നെ ഭവ-
 ദന്തികേ വന്നീടുവന്‍ ഞാന്‍ വൈകിടാതെ.”
{മനസ്സില്‍ വിചാരിക്കുന്ന സമയത്തുതന്നെ വൈകാതെ ഞാന്‍ ഭവാന്റെ മുന്നില്‍ വന്നുകൊള്ളാം}

ശേഷം ആട്ടം- 
ഭീമന്‍:(കെട്ടിച്ചാടിക്കുമ്പിട്ട പുത്രനെ അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ഉണ്ണീ, നീ ജനിച്ചപ്പോൾ തന്നെ ലോകത്തിൽ അജയ്യനായിക്കഴിഞ്ഞിരിക്കുന്നു. നിനക്ക് സർവ്വവിധസൗഭാഗ്യങ്ങളും ജീവിതവിജയങ്ങളും ഉണ്ടാവട്ടെ. എന്നാല്‍ ഇനി മാതാവോടുക്കൂടിപ്പോയ് സുഖമായി വസിച്ചാലും’
ഘടോതകചന്‍:‘അങ്ങിനെതന്നെ’
ഭീമന്‍:(ഹിഡിംബിയോടായി)'അല്ലയോ പ്രിയതമേ, നീ പുത്രനുമൊരുപിച്ച് പോയി സുഖമായി വസിച്ചാലും.'
ഭീമന്‍ ഹിഡിംബിയെ പുത്രനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ ഹിഡിംബിയെ ഇടതുവശത്തേക്കുനിര്‍ത്തി കുമ്പിടുന്നു. ഭീമനേയും കുമ്പിട്ട് യാത്രയാക്കി തിരിയുന്നു. ഭീമനും ഹിഡിംബിയും നിഷ്ക്രമിക്കുന്നു. ഘടോതകചന്‍ തിരിഞ്ഞുവന്ന്, നാലുഭാഗത്തേയ്ക്കും ഇരട്ടിവട്ടംവെച്ച് കെട്ടിച്ചാടി സൂചിക്കിരിക്കൽ ഉൾപ്പെടെയുള്ള എടുത്തുകലാമെടുത്തിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഘടോത്കചന്‍ അമ്മയുമൊത്ത് യാത്രയാവുന്നു.(ഭീമന്‍-കലാ:ഷണ്മുഖന്‍,
ലളിത-കലാ:വിജയന്‍,ഘടോതകചന്‍-കലാ:അരുണ്‍‌വാര്യര്‍)
ഇടശ്ലോകം-കേദാരഗൌളരാഗം. 
“ഗതവതി ച ഘടോത്കചേ സ്വമാത്രാ
 ദ്രുതമവലംബിത വിപ്രവര്യവേഷ:
 തദനു സമുപഗമ്യചൈകചക്രാം
കൃതമതയസ്സുഖമൂഷുരാത്തഭൈക്ഷാ:“
{ഘടോത്കചന്‍ അമ്മയുമൊത്ത് പോയതിനുശേഷം പെട്ടന്ന് പാണ്ഡവര്‍ ബ്രാഹ്മണവേഷം ധരിച്ച് ഏകചക്രയില്‍ ചെന്ന് ഭിക്ഷാവ്യത്തിയോടെ സസുഖം വസിച്ചു.}  

അഭിപ്രായങ്ങളൊന്നുമില്ല: